തിരുവനന്തപുരം ∙ ഒന്നരക്കോടി വരെ വാർഷിക വിറ്റുവരവുള്ള അനുമാന നികുതി നൽകുന്ന വ്യാപാരികളെ ജിഎസ്ടിക്കു മേലുള്ള പ്രളയ സെസിൽനിന്ന് ഒഴിവാക്കും. ബജറ്റിലാണ് ഏതൊക്കെ ഉൽപന്നങ്ങൾക്കു മേൽ 1% പ്രളയ സെസ് ഏർപ്പെടുത്തണമെന്നു പ്രഖ്യാപിക്കുക. ഉപഭോക്താക്കാളിൽനിന്നു പിരിക്കുന്ന സെസ് സർക്കാരിനു കൈമാറേണ്ടത് ഉൽപാദകരാണോ വ്യാപാരികളാണോ ചില്ലറവിൽപനക്കാരാണോ എന്നതിലും തീരുമാനമായിട്ടില്ല. 40,000 വ്യാപാരികൾക്കെങ്കിലും സെസ് ഒഴിവാക്കുന്നതിലൂടെ ഗുണമുണ്ടാകുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ബജറ്റിൽ 1000 കോടിരൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലോട്ടറി വിൽപനയിൽ നിന്നുള്ള മുഴുവൻ പണവും ഇൻഷറൻസ് പദ്ധതിക്കായി നീക്കിവയ്ക്കാനാണ് ആലോചന. പിഴ ഒഴിവാക്കി വാറ്റ് കുടിശിക മുഴുവൻ പിരിച്ചെടുക്കും. ഇതിലൂടെ 3000 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ ചരക്കുനീക്കം എളുപ്പത്തിലാക്കാനായി മലയോര മേഖലയിലൂടെ നാലുവരിപ്പാതയ്ക്കും പദ്ധതിയുണ്ട്.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കിഫ്ബി വഴി ഈ വർഷം 10,000 കോടി രൂപ ചെലവിടും. പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തിൽ 30% വർധന ഉറപ്പാക്കണമെന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ബജറ്റ് ചർച്ചയിൽ മന്ത്രി നിർദേശിച്ചു. റിട്ടേൺ സമർപ്പിച്ചവരുടെ പട്ടിക പരിശോധിച്ച് നികുതി കുറച്ചു കാട്ടിയതും നികുതി വെട്ടിപ്പും കണ്ടെത്തണം. വാഹന പരിശോധനകൾ കർശനമാക്കണം. സംസ്ഥാനത്ത് വൻതോതിൽ നികുതി വെട്ടിപ്പു നടക്കുന്നുവെന്നും പരിശോധന കർശനമാക്കിയതോടെ നികുതി വരുമാനത്തിൽ വർധയുണ്ടായെന്നും മന്ത്രി പറഞ്ഞു.
ഇൗ മാസം 31നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റും. പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കണക്കുകൂട്ടൽ. എങ്കിൽ മാർച്ച് 31ന് മുൻപ് ബജറ്റ് പാസാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം നടക്കാനിടയില്ല. ഇൗ മാസം 25ന് നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി ഏഴിന് പിരിയും.
ഫെബ്രുവരി 26ന് വീണ്ടും സഭ ചേർന്ന് മാർച്ച് അവസാനത്തോടെ ബജറ്റ് പാസാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതു കാരണം സഭ ചേരാൻ കഴിയില്ല. ബജറ്റിലെ പണം ചെലവിടാനായി തൽക്കാലം വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയ ശേഷം പിന്നീട് ബജറ്റ് പാസാക്കാനാണ് ആലോചന.
ജിഎസ്ടി റജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കില്ല
നിർബന്ധമായി ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ട വ്യാപാരികളുടെ വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷം രൂപയാക്കി ഉയർത്തിയ ജിഎസ്ടി കൗൺസിൽ തീരുമാനം കേരളത്തിൽ നടപ്പാക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചു. ജിഎസ്ടി റജിസ്ട്രേഷനിൽനിന്നും റിട്ടേൺ ഫയലിങ്ങിൽനിന്നും കാൽ ലക്ഷത്തോളം വ്യാപാരികൾക്കു വിട്ടുനിൽക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്. പരിധി 40 ലക്ഷമാക്കി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്കാണ് ജിഎസ്ടി കൗൺസിൽ അധികാരം നൽകിയത്. 6 സംസ്ഥാനങ്ങൾ ഇതിനകം പരിധി വർധിപ്പിക്കുകയും ചെയ്തു.