പ്ലാച്ചിമടയിൽ സിഎസ്ആർ പദ്ധതിക്ക് കേ‍ാക്ക കേ‍ാള

coca-cola
SHARE

പാലക്കാട്∙ കോക്ക കോള പെരുമാട്ടിയിലെ പ്ലാച്ചിമടയിൽ അടച്ചുപൂട്ടിയ ഫാക്ടറിയുടെ സ്ഥലത്തു സേവന പദ്ധതികൾ സജീവമായി പരിഗണിക്കുന്നു. സ്ഥലത്ത് ഇനി ശീതളപാനീയ ഫാക്ടറി ആരംഭിക്കില്ലെന്നു കമ്പനി കഴിഞ്ഞ വർഷം സുപ്രീം കേ‍ാടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കോക്ക കോളയുടെ സാമുഹിക പ്രതിബദ്ധതാ പദ്ധതിയിൽ (സിഎസ്ആർ) പിന്നാക്ക പ്രദേശമായ പെരുമാട്ടിയെ ഉൾപ്പെടുത്താനാണ് ആലോചന.

വിദ്യാഭ്യാസം, ആരേ‍ാഗ്യം, കൃഷി എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങളാണു ലക്ഷ്യം. പ്രദേശത്തും പരിസര പഞ്ചായത്തിലുമുള്ളവർക്കായി ഉപജീവന പദ്ധതിയുമുണ്ടാകും. യുവാക്കൾക്കു വിവിധ വിഷയങ്ങളിൽ നൈപുണ്യ പരിശീലനം നൽകാനും തയാറാണ്. ആദിവാസികൾ അടക്കമുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾ സംബന്ധിച്ചു തദ്ദേശ സ്ഥാപനത്തിന്റെ സഹായത്തേ‍ാടെ പ്രാഥമിക പഠനം നടത്തിയെന്നാണ് അറിയുന്നത്.

വാണിജ്യ സ്ഥാപനത്തിന് ഇവിടെ ഇനി സാഹചര്യമില്ലെന്നാണു വിലയിരുത്തൽ. കേ‍ാക്ക കേ‍ാളയുടെ മറ്റു ഫാക്ടറികളേ‍ാട് അനുബന്ധിച്ചുള്ള മാതൃകാ വില്ലേജുകളുടെ രീതിയിലാണു പ്ലാച്ചിമടയിൽ സേവന പദ്ധതി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ഇവിടെയുള്ള 35 ഏക്കർ ഭൂമിയിൽ നാളികേര, പഴ സംസ്കരണ പദ്ധതി ആരംഭിക്കാൻ നേരത്തെ സർക്കാർ തലത്തിൽ നീക്കം നടത്തിയെങ്കിലും അതു പ്രായേ‍ാഗികമാവില്ലെന്നായിരുന്നു വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA