തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ വേഗറെയിൽപാതയുടെ വഴിമുടക്കി വളവുകൾ. തിരുവനന്തപുരം മുതൽ കാസർകോട് വരെ 560 കിലോമീറ്റർ നീളത്തിലുള്ള നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായി മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന വേഗപാത നിർമിക്കണമെങ്കിൽ 627 വളവുകൾ നിവർത്തണമെന്നാണു പദ്ധതിയുടെ സാധ്യതാപഠനം നടത്തുന്ന ഫ്രഞ്ച് കമ്പനിയായ സിസ്ട്രയുടെ പ്രാഥമിക വിലയിരുത്തൽ. സാധ്യതാപഠന റിപ്പോർട്ട് അടുത്ത മാസവും വിശദമായ രൂപരേഖ മേയിലും സർക്കാരിനു കൈമാറും.
വേഗറെയിൽപ്പാതയിലെ വളവുകൾ 0.85 ഡിഗ്രിയിൽ കൂടാൻ പാടില്ല. നിലവിലുള്ള പാതയിൽ ഇതിൽക്കൂടുതൽ വളവുള്ള 627 ഭാഗങ്ങളുണ്ടെന്നാണു വിലയിരുത്തൽ. ഇതു നിവർത്തുന്ന രീതിയിലാണ് അലൈൻമെന്റ് നിശ്ചയിക്കേണ്ടത്. ഇതിന് ഇരുവശങ്ങളിലും ഭൂമി ഏറ്റെടുക്കേണ്ടിവരും. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണു പ്രാഥമികപഠനം . കെആർഡിസിൽ നടത്തിയ പഠനത്തിൽ 44000 കോടി രൂപയാണു ചെലവു കണക്കാക്കിയിരുന്നത്.
എന്നാൽ, നിർമാണച്ചെലവ് ഇനിയും കുറയ്ക്കണമെന്ന സർക്കാർ നിർദേശം പാലിക്കാനായി ആകാശപാതയും തുരങ്കങ്ങളും പരമാവധി കുറച്ചാണ് അലൈൻമെന്റ് തയാറാക്കുന്നത്. തൂണുകളിൽ നിർമിക്കുന്ന ആകാശപാതയ്ക്കു കിലോമീറ്ററിന് 90 കോടിയും തുരങ്കങ്ങൾക്കു കിലോമീറ്ററിന് 200 കോടിയും ചെലവുവരുമ്പോൾ നിലവിലുള്ള പാതയ്ക്കു സമാന്തരമായി പാത നിർമിക്കാൻ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കിലോമീറ്ററിന് 40 കോടി മാത്രമേ വേണ്ടിവരൂ.
അതിവേഗത്തിനു പകരം വേഗപാത
യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത അതിവേഗ റെയിൽപാത (ഹൈസ്പീഡ് റെയിൽ കോറിഡോർ) പ്രായോഗികമല്ലെന്നു വിലയിരുത്തിയാണു വേഗറെയിൽപാത (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) പദ്ധതിക്കു തുടക്കമിട്ടത്.
സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണു പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. സംസ്ഥാന സർക്കാരും റെയിൽവേയും ചെലവ് തുല്യമായി പങ്കിടുന്ന രീതിയിലാണു പദ്ധതി നടപ്പാക്കുക.
സാധ്യതാപഠന റിപ്പോർട്ട് ലഭിച്ചാൽ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. വേഗപാത യാഥാർഥ്യമായാൽ തിരുവനന്തപുരത്തു നിന്ന് 4 മണിക്കൂർകൊണ്ടു കാസർകോട്ടെത്താം.