ദീർഘകാലത്തേക്കു നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ തിരഞ്ഞെടുക്കുന്ന അടിസ്ഥാന നിക്ഷേപമായി ഇക്വിറ്റി (ഓഹരി) മാറിയിരിക്കുന്നു. 8 മുതൽ 10 വർഷം വരെയുളള ദീർഘമായ കാലാവധി മൂലം ഇക്വിറ്റിയിലെ പ്രതികൂല ഘടകങ്ങൾ വളരെ കുറവായിരിക്കും. നിങ്ങളുടെ ഇക്വിറ്റി പോർട്ട്‌ഫോളിയോ ഗുണനിലവാരമുള്ളതായിരിക്കണമെന്നു മാത്രം.
സെൻസെക്സിന്റെ പോക്ക് എങ്ങനെ
1979 ൽ തുടക്കം കുറിക്കുമ്പോൾ 100 ലായിരുന്നു ബിഎസ്ഇ സെൻസെക്‌സ്. കഴിഞ്ഞ 39 ലധികം വർഷങ്ങളായി സെൻസെക്‌സ് 100ൽനിന്ന് 38,000നു മുകളിലെത്തി. അതായത്; 1979ൽ 100 രൂപ സെൻസെക്‌സിൽ ഇട്ട ഒരാൾ അത് മറന്നിരിക്കാം, പക്ഷേ ഇന്ന് അത് 38,000 രൂപ ആയിട്ടുണ്ടാകും. ഓരോ വർഷവും 16.45% കോംപൗണ്ടഡ് ആനുവൽ ഗ്രോത്ത് റേറ്റ് (സിഎജിആർ) ലഭിക്കുമെന്നർഥം. ഓഹരിയിൽ നിന്നുള്ള ലാഭവിഹിതം ഇതിൽ കൂട്ടിയിട്ടില്ല. ഇത് ഏകദേശം 1.50% വരും. അതായത് സെൻസെക്‌സിൽ നിന്നുള്ള ആകെ സിഎജിആർ റിട്ടേൺ പ്രതിവർഷം 18.95% ആയി ഉയരും. അതെ, അതാണ് സെൻസെക്‌സ് നൽകുന്ന വാർഷിക റിട്ടേൺ. ദീർഘകാലയളവിൽ ഇന്ത്യയിലെ മറ്റ് ആസ്തി വിഭാഗങ്ങളെ ഇതു പിന്തള്ളുന്നു. കഴിഞ്ഞ 20 വർഷമായി ഇക്വിറ്റി എന്ന ആസ്തി വിഭാഗമാണ് നാണ്യപ്പെരുപ്പത്തെ അതിജീവിച്ചത്.
ആഗോളതലത്തിലും ഈ വാദം നിലനിൽക്കുമോ? അമേരിക്കൻ വിപണിയിലെ ആസ്തി വിഭാഗങ്ങളുടെ ചാർട്ട് പരിശോധിച്ചാൽ കഴിഞ്ഞ ഇരുനൂറിലധികം വർഷങ്ങളായി ഏറ്റവും മികച്ച റിട്ടേണുകൾ നൽകുന്നത് ഇക്വിറ്റികളാണെന്നു വ്യക്തമാകും. യഥാർഥത്തിൽ അതേ 200 വർഷ കാലയളവിൽ വാർഷികാടിസ്ഥാനത്തിൽ ഇക്വിറ്റിക്കു ലഭിക്കുന്ന റിട്ടേണുകൾ ബോണ്ടുകളെക്കാൾ ഇരട്ടിയാണ്.
ചുരുക്കത്തിൽ, ഇക്വിറ്റി മറ്റേതൊരു സംഘടിത ആസ്തി വിഭാഗത്തെക്കാളും കൂടുതൽ സമ്പത്തു സൃഷ്ടിക്കുന്നു.വെറുതെ ഇൻഡെക്‌സിൽ നിക്ഷേപിക്കുകയും അതിനെക്കുറിച്ച് മറന്നു കളയുകയും ചെയ്യുന്നതിനെക്കുറിച്ചാണിപ്പോൾ പറയുന്നത്. കൃത്യമായ സ്റ്റോക്ക് തിരഞ്ഞെടുക്കുകയും ഇൻഡെക്‌സിനെ മറികടക്കുംവിധം കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്റ്റോക്ക് വിദഗ്ധരും ഫണ്ട് മാനേജർമാരും ഉണ്ട് എന്ന വസ്തുത കൂടി കൂട്ടിച്ചേർക്കുമ്പോൾ സമ്പത്ത് സൃഷ്ടിക്കുന്നതിൽ ഇക്വിറ്റി വളരെ ആകർഷകമായി കാണപ്പെടും.
5 കാരണങ്ങൾ
ദീർഘകാലയളവിൽ സമ്പത്ത് സൃഷ്ടിക്കുന്നതിന് ഇക്വിറ്റികൾ ഏറ്റവും മികച്ചതാകുന്നതെങ്ങനെ? യഥാർഥത്തിൽ അഞ്ച് കാരണങ്ങളാണ് ഇതിനുള്ളത്.ഇക്വിറ്റികൾ കമ്പനി ഉടമസ്ഥതയുടെ ഓഹരിയെ പ്രതിനിധീകരിക്കുകയും അതിനാൽ വളർച്ചയിൽ പങ്കാളികളാകുകയും ചെയ്യുന്നു.ഓഹരി ഉടമ എന്ന നിലയിൽ നിങ്ങളും കമ്പനിയുടെ ഭാഗിക ഉടമയാകുന്നു.ഇക്വിറ്റികളിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകന് അനുകൂലമായി കോംപൗണ്ടിങ് പ്രവർത്തിക്കുന്നതിന്റെ ശക്തി ഇക്വിറ്റി നിക്ഷേപം ഉറപ്പാക്കുന്നു. ദീർഘകാലത്തേക്ക് ഇക്വിറ്റികളിൽ നിക്ഷേപിക്കുമ്പോൾ, ഇക്വിറ്റിക്കുമേൽ ഇടയ്ക്കിടെ ലഭിക്കുന്ന റിട്ടേണുകളും അതേ സ്റ്റോക്കിൽ തന്നെ പുനർനിക്ഷേപിക്കപ്പെടുന്നു.
വിപണി ഉയർന്നുനിൽക്കുകയോ താഴ്ന്നുനിൽക്കുകയോ ചെയ്യുന്നുവെന്നത് ഇക്വിറ്റികളുടെ കാര്യത്തിൽ കാര്യമാക്കേണ്ടതില്ല. ഗുണനിലവാരമുള്ള ഇക്വിറ്റികളിൽ അച്ചടക്കത്തോടെ തുടർച്ചയായി നിക്ഷേപം നടത്തുന്നിടത്തോളം ഇക്വിറ്റികളിൽനിന്നു സമ്പത്ത് ഉത്പാദിപ്പിക്കുന്നതിനു സാധ്യതയേറെയാണ്.
അടിസ്ഥാനപരമായി കോംപൗണ്ടിങ്ങിന്റെ കരുത്തിനൊപ്പം പണച്ചെലവു ശരാശരി സംയോജിപ്പിക്കുകയാണ് നിങ്ങൾ.ഉയർന്ന ജിഡിപി വളർച്ചയും സർക്കാർ നടപ്പാക്കുന്ന നാണ്യപ്പെരുപ്പ നിയന്ത്രണ നടപടികളും ഇക്വിറ്റി ഓഹരി ഉടമകൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.ഇക്വിറ്റികൾ ഡെറ്റിനെക്കാൾ കൂടുതൽ റിസ്‌ക്കുള്ളവയാണ്. എന്നാൽ റിസ്‌ക്കിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനാകും എന്നതാണു മികച്ച കാര്യം.
സ്റ്റോക്കുകൾ, സെക്ടറുകൾ, തീമുകൾ എന്നിവയിലുടനീളം വൈവിധ്യം പുലർത്തി ഇക്വിറ്റികളിലെ റിസ്‌ക്ക് കുറയ്ക്കാൻ നിക്ഷേപകർക്കു കഴിയും.കൈവശമുള്ള സ്റ്റോക്കുകളെക്കുറിച്ചു പഠനം നടത്തിയും നിരന്തരമായി വിലയിരുത്തിയും നിക്ഷേപകർക്ക് റിസ്‌ക്ക് കുറയ്ക്കാൻ കഴിയും.ഇക്വിറ്റികളെ ദൈനംദിനാടിസ്ഥാനത്തിൽ പിന്തുടരാനുള്ള സമയവും ശേഷിയുമില്ലാത്ത നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് ലഭ്യമാണ്.
(അഭിപ്രായങ്ങൾ വ്യക്തിപരം)