ന്യൂഡൽഹി ∙ നികുതിക്കു മേൽ നികുതി ഒഴിവാക്കുന്ന ‘ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്’(ഐടിസി) ദുരുപയോഗം ചെയ്യപ്പെടുന്നതായി വിവരം. ഇതേക്കുറിച്ചു വിശദമായി പരിശോധനയ്ക്കു തയാറെടുക്കുകയാണ് നികുതി മന്ത്രാലയം. ചരക്ക്, സേവന നികുതിയിൽ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച രീതിയിൽ ഉയരാത്തതു കൂടി പരിഗണിച്ചാണു നീക്കം. പല സംസ്ഥാനങ്ങളിലും നികുതി വരുമാനത്തിൽ വലിയ ഇടിവുണ്ടാകുന്നതു കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നികുതി തട്ടിപ്പിന്റെ വിവിധ കാരണങ്ങളെക്കുറിച്ചു പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടർച്ചയാണിത്.ഉൽപ്പന്ന നിർമാണത്തിനായി വാങ്ങിയ സാധനങ്ങൾക്കു നൽകിയ നികുതി(ഇൻപുട് ടാക്സ്) കഴിച്ച ശേഷമുള്ള തുക, വിൽപ്പന നികുതിയായി നൽകുന്നതാണ് ഇൻപുട് ടാക്സ് ക്രെഡിറ്റ്. യഥാർഥ വിൽപ്പനയിൽ ഇത് ആവശ്യപ്പെട്ടതു കൊണ്ട് നികുതി വരുമാനം കുറയില്ലെന്നാണ് സർക്കാർ പക്ഷം. എന്നാൽ, വ്യാജ ഇൻവോയിസുകളിലൂടെ തട്ടിപ്പു നടക്കുകയും ഐടിസി ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പ്രശ്നം. നികുതിയടവിൽ ഏറിയ പങ്കും ഐടിസിയിലൂടെയാണെന്നും കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.നടപ്പുസാമ്പത്തിക വർഷം ശരാശരി 96,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം. ഇതു പ്രതിമാസം ഒരു ലക്ഷം കോടി രൂപ കടക്കാതെ ജിഎസ്ടി വരുമാനം സ്ഥിരത കൈവരിക്കില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.