ഗോളാകുമോ ഗോയലിന്റെ ബജറ്റ്

ഏതു വമ്പൻ ബഹുരാഷ്ട്ര കമ്പനി കണ്ടാലും സിഇഒ സ്ഥാനത്തേക്ക് കൊത്തിക്കൊണ്ടുപോകുന്ന തരം യോഗ്യതകളും കാര്യശേഷിയും. ടാർഗറ്റ് നിശ്ചയിച്ചാൽ നടത്തിയിരിക്കും. ഏൽപ്പിച്ച പണി അതിസമർഥമായി നിർവഹിച്ച ചരിത്രമേയുള്ളൂ. പേരാണെങ്കിലോ തീർഥം എന്നർഥം വരുന്ന പീയൂഷ്.

നിർജീവമായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അമൃത പീയൂഷമാകുമോ ധനമന്ത്രിയുടെ ചുമതല ലഭിച്ച റയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ ബജറ്റ് എന്നാണ് സർവരും ഉറ്റുനോക്കുന്നത്.സിഎ പരീക്ഷയിലും ബോംബെ സർവകലാശാലയിൽ എൽഎൽബിക്കും പീയൂഷിന് രണ്ടാം റാങ്കാണ്. അതുപോരാഞ്ഞ് അമേരിക്കയിലെ എണ്ണം പറഞ്ഞ ഐവി ലീഗ് സർവകലാശാലകളായ യേൽ, പ്രിൻസ്റ്റൻ, ഹാർവഡ് എന്നിവിടങ്ങളിൽ നേതൃത്വപരിശീലന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.

മക്കളായ ധ്രുവ് ഗോയലും രാധിക ഗോയലും ഹാർവഡിൽ നിന്നാണു ബിരുദമെടുത്തത്. പീയുഷീന്റെ വരാൻ പോകുന്ന ബജറ്റ് നിർദ്ദേശങ്ങളുടെ വൈജ്ഞാനിക–വികാര പരിസരം ഇതിൽ നിന്നൂഹിക്കാം. പീയൂഷിനെ കാഴ്ചയിൽത്തന്നെ ശരാശരി ഇന്ത്യൻ രാഷ്ട്രീയ നേതാവെന്നല്ല, ബഹുരാഷ്ട്ര കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് എന്നേ തോന്നൂ.സാമ്പത്തിക വിഷയത്തിൽ അഗ്രഗണ്യനായതുകൊണ്ടാകണമല്ലോ ബിജെപി അഖിലേന്ത്യാ ട്രഷററായി പീയൂഷിനെ നിയോഗിച്ചത്.

ആ പദവി ഔദ്യോഗികമായിട്ടല്ലെങ്കിലും ഇപ്പോഴും തുടരുന്നുമുണ്ട്. മോദി അധികാരത്തിൽ വരുമ്പോൾ പീയൂഷ്  വൈദ്യുതി,പാരമ്പര്യേതര ഊർജ, കൽക്കരി വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2017ലാണ് കാബിനറ്റ് മന്ത്രിയായി പ്രമോഷനോടെ റയിൽവേയുടെ ചുമതല ലഭിച്ചത്.

ഗ്രാമീണ വൈദ്യുതീകരണം പീയൂഷ് വിദേശ രാജ്യങ്ങളുടെ പ്രശംസ നേടുംവിധം ഭംഗിയായി നടപ്പാക്കി. സൗരോർജ വൈദ്യുതി ഉത്പാദനത്തിൽ കുതിച്ചുചാട്ടം നടത്തി. ഇലക്‌ഷൻ അടുത്തപ്പോൾ റയിൽവേയിൽ 2.3 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുകയാണെന്നു പ്രഖ്യാപിച്ചു.

റയിൽവേയ്ക്ക് അനുവദിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം 15 ലക്ഷമെങ്കിൽ നിലവിൽ 12.7 ലക്ഷം പേർ മാത്രമേയുള്ളു. ഇക്കൊല്ലവും അടുത്തകൊല്ലവുമായി ഒരു ലക്ഷത്തോളം പേർ വിരമിക്കുകയും ചെയ്യുന്നു. അങ്ങനെ ആദ്യഘട്ടമായി 1.3 ലക്ഷം പേരെ ഫെബ്രുവരി മുതൽ റിക്രൂട്ട് ചെയ്യുകയാണെന്നു പ്രഖ്യാപിച്ചു.

അതിൽ 10% അഥവാ 13000 പേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക ജാതിക്കാരിൽ നിന്നായിരിക്കും. ബിജെപിയുടെ വോട്ട് ബാങ്കായ ഇത്തരേന്ത്യയിലെ മുന്നാക്കജാതിക്കാർക്കു കർണപീയൂഷമായിരുന്നു ഈ പ്രഖ്യാപനം. വാജ്പേയി മന്ത്രിസഭയിൽ ഷിപ്പിങ് മന്ത്രിയായിരുന്ന വേദ് പ്രകാശ് ഗോയലിന്റെയും മഹാരാഷ്ട്രയിൽ മൂന്നു തവണ എംഎൽഎയായിരുന്ന ചന്ദ്രകാന്തയൂടേയും മകനായ പീയൂഷിനെ (55) സാമ്പത്തിക നയങ്ങളുടെ രാഷ്ട്രീയ വശം ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ 18000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചെങ്കിൽ പാർലമെന്റ് ഇലക്‌ഷനു മുമ്പുള്ള ചുരുങ്ങിയ കാലത്തിനിടെ പീയൂഷിന്റെ ബജറ്റ് വിദ്യുൽ പ്രവാഹം സമ്പദ് വ്യവസ്ഥയ്ക്കു നൽകിയേക്കാം. കിട്ടിയ പാസുകളൊക്കെ ഗോളാക്കി മാറ്റിയ പാരമ്പര്യമുണ്ട് ഈ ഗോയലിന്.