കൊച്ചി ∙ ഇടക്കാല ബജറ്റ് പ്രധാനമായും കർഷക ബജറ്റാകാൻ സാധ്യത. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) യെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ച ‘ഋതു ബന്ധു’ പദ്ധതിയുടെ മാതൃകയിൽ ബൃഹത്തായ കർഷക രക്ഷാപദ്ധതി പ്രഖ്യാപിക്കാനാണു മോദി സർക്കാർ ആലോചിക്കുന്നതെന്നു സൂചനകൾ. പദ്ധതി പ്രഖ്യാപിച്ചാൽ അതു സാർവത്രിക അടിസ്‌ഥാന വരുമാന പദ്ധതിക്കു മുന്നോടിയായിരിക്കും. രാജസ്‌ഥാൻ, മധ്യ പ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേരിട്ട പരാജയത്തിനു പ്രധാന കാരണം കർഷക രോഷമാണെന്നാണു പൊതുവിലയിരുത്തൽ. ഈ സാഹചര്യത്തിലാണു കർഷകോന്മുഖ നിർദേശങ്ങൾക്ക് ഇടക്കാല ബജറ്റിൽ കൂടുതൽ സ്‌ഥാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്.
ഏക്കറൊന്നിനു 4000 രൂപ എല്ലാ കർഷകർക്കും പണമായി നൽകുന്ന ‘ഋതു ബന്ധു’ പദ്ധതിക്കു സമാനമായ പദ്ധതി ഒഡീഷ, ജാർഖണ്ഡ് സർക്കാരുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവയുടെ മാതൃകയിൽ ഏക്കറൊന്നിനു നിശ്‌ചിത തുക വാഗ്‌ദാനം ചെയ്യുന്നതായിരിക്കാം ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. എന്നാൽ എല്ലാ കർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ചെറുകിട, നാമമാത്ര കർഷകർക്കായിരിക്കും തുടക്കത്തിലെ വാഗ്‌ദാനമെന്നു കരുതുന്നു. കൃഷി വായ്‌പകൾ എഴുതിത്തള്ളുന്നതിനോടു കേന്ദ്ര സർക്കാരിനു യോജിപ്പില്ലെന്നു വ്യക്‌തമാക്കപ്പെട്ടിട്ടുള്ളതാണ്. അതിനാലാണു കർഷകർക്കു നേരിട്ടു പണം നൽകുന്ന പദ്ധതിയായിരിക്കും സർക്കാർ സ്വീകരിക്കുക എന്നു കരുതാൻ കാരണം.
കൃഷി മേഖലയുടെ ബജറ്റ് പ്രതീക്ഷകളിൽ ഇവയും
∙ എല്ലാ വിളകൾക്കും കുറഞ്ഞ താങ്ങുവില
∙മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാൻ പ്രോത്സാഹനം
∙സംരംഭകത്വ പരിപാടികൾക്കു സാങ്കേതിക സഹായം
∙ കൃഷി മേഖലയ്‌ക്ക് 12 ലക്ഷം കോടി രൂപയുടെ വായ്‌പ
∙ മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കൃഷി വായ്‌പയ്‌ക്കു
∙രണ്ടു ശതമാനം പലിശ സബ്‌സിഡി
∙കൃഷി ഇൻഷുറൻസിന്റെ പ്രീമിയത്തിനു കുറഞ്ഞ നിരക്ക്
∙ഹോർട്ടിക്കൾച്ചർ മേഖലയ്‌ക്കു പ്‌ളാന്റേഷനുകൾക്കു തുല്യമായ പദവി
∙ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്ക് ഇളവുകൾ സാധ്യമാക്കുന്ന വിധത്തിൽ
∙അവശ്യ സാധന നിയമത്തിൽ ഭേദഗതി
∙വിത്ത്, വളം, കൃഷിപ്പണിക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ തുടങ്ങിയവ
∙ വാങ്ങാൻ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ