വൈദ്യുതി നിരക്ക് കൂട്ടാൻ ഉത്തരവ് തയാർ; ഇറങ്ങാൻ വൈകും

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വർധിപ്പിച്ചു റഗുലേറ്ററി കമ്മിഷൻ ഉത്തരവു തയാറാക്കിയിട്ടു രണ്ടാഴ്ചയായെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ പ്രഖ്യാപനം വൈകുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതും തുടർന്നു ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതുമാണു വൈകാൻ കാരണം. തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഡിസംബർ 31 നു മുൻപ് നിരക്കു വർധിപ്പിച്ച് ഉത്തരവ് ഇറക്കണമെന്നാണു റഗുലേറ്ററി കമ്മിഷനോടു സർക്കാർ അനൗദ്യോഗികമായി നിർദേശിച്ചിരുന്നത്. ന്യായമായ നിരക്കു നിശ്ചയിക്കാനും അനുമതി നൽകി.

എന്നാൽ കമ്മിഷന്റെ ഹിയറിങ് ഉൾപ്പെടെ നടപടികൾ നീണ്ടുപോയി. അടുത്ത നാലു വർഷത്തെ നിരക്കു വർധന സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ 15 നാണ് തയാറായത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി എന്നിവരുടെ അഭിപ്രായം കമ്മിഷൻ ആരാഞ്ഞതു കഴിഞ്ഞയാഴ്ചയാണ്. അപ്പോഴേക്കും നിയമസഭാ സമ്മേളനം തുടങ്ങി. ഇനി 12 വരെ സമ്മേളനമുണ്ട്. മാർച്ച് ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കും. ഈ സാഹചര്യത്തിൽ നിരക്കു വർധന അടിച്ചേൽപിക്കാൻ സർക്കാരിനു താൽപര്യമില്ല. സർക്കാരിനെ അവഗണിച്ചു നിരക്കു വർധന പ്രഖ്യാപിക്കാൻ കമ്മിഷൻ തയാറാകുമോയെന്നും സംശയം.

നിരക്കു കൂട്ടാൻ വൈദ്യുതി ബോർഡ് ഒക്ടോബറിൽ റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നു. നവംബർ 30 വരെ നാലു കേന്ദ്രങ്ങളിൽ ഹിയറിങ് നടത്താനായിരുന്നു തീരുമാനം. എന്നാൽ ഹിയറിങ് ഡിസംബർ 10 വരെ നീണ്ടു. ഡിസംബറിൽ തന്നെ നിരക്കു വർധന പ്രഖ്യാപിക്കണമെന്നു പലതവണ സർക്കാർ ഓർമപ്പെടുത്തിയിരുന്നു. ഉത്തരവ് ഇറങ്ങുന്ന അന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും.

വൻ നിരക്കുവർധന ഉണ്ടായേക്കില്ല

വൻ നിരക്കുവർധന ഉണ്ടായേക്കില്ല ഗാർഹിക, വ്യവസായ ഉപയോക്താക്കളുടെ നിരക്ക് ഗണ്യമായി വർധിപ്പിക്കണമെന്നാണു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാൽ അതിനെക്കാൾ കുറഞ്ഞ നിരക്കാണു കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാരെ വലയ്ക്കുന്ന വൻനിരക്കു വർധന ഉണ്ടാവില്ലെന്ന് അറിയുന്നു. നടപ്പു സാമ്പത്തിക വർഷം 1100 കോടിയും 2020–21 വർഷം 750 കോടിയും ലഭിക്കുന്ന വിധത്തിലുള്ള വർധനയായിരുന്നു ബോർഡിന്റെ ആവശ്യം. 2019–20, 2021–22 വർഷങ്ങളിൽ വർധന ചോദിച്ചില്ല. 5600 കോടി രൂപ റവന്യു കമ്മി ബോർഡിനുള്ള സാഹചര്യത്തിൽ അതിന്റെ ഒരു ഭാഗം ഉപയോക്താക്കളിൽ നിന്നു പിരിച്ചെടുക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം.

മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 2.90 രൂപയിൽ നിന്ന് 3.50, 100 യൂണിറ്റ് വരെയുള്ളവരുടെ നിരക്ക് 3.40 രൂപയിൽ നിന്ന് 4.20 എന്നിങ്ങനെ ആക്കണമെന്നു നിർദേശിച്ചിരുന്നു. 40 യൂണിറ്റിൽ താഴെയുള്ളവരുടെ നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. സിംഗിൾ ഫേസിന് ആദ്യ 50 യൂണിറ്റിന് ഫിക്സഡ് നിരക്ക് 30 രൂപയിൽ നിന്നു 35 രൂപയും അതിനു മുകളിലുള്ളവർക്ക് 30 ൽ നിന്നു 40 രൂപയും ആക്കണമെന്നായിരുന്നു മറ്റൊരു നിർദേശം.