ADVERTISEMENT


കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി ചെങ്ങൽത്തോടിനു മുകളിൽ സ്ഥാപിച്ചിരുന്ന സോളർ പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നു. 2018ൽ വിമാനത്താവളത്തിനു പിന്നിലെ പ്രദേശങ്ങളിൽ ഉണ്ടായ കനത്ത പ്രളയത്തിന്, കനാലിൽ പ്ലാന്റ് സ്ഥാപിച്ചതും കാരണമായെന്ന നാട്ടുകാരുടെ ആശങ്ക അകറ്റാനായാണ് പ്ലാന്റ് പൂർണമായും കമ്പനി മാറ്റി സ്ഥാപിക്കുന്നത്.ചെങ്ങൽത്തോട്ടിൽ 4 കിലോമീറ്റർ ദൈർഘ്യത്തിൽ സ്ഥാപിച്ചിരുന്ന പ്ലാന്റ് ആണ് വിമാനത്താവളത്തിനു സമീപത്തെ ട്രേഡ് ഫെയർ സെന്ററിനു മുൻവശത്തായി കാടുപിടിച്ചു കിടന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുന്നത്. 12 ഏക്കർ വിസ്തൃതിയിൽ സ്ഥലമുണ്ടിവിടെ. ഒരു മാസം കൊണ്ട് പദ്ധതി പൂർത്തിയാകും.

2018ലെ പ്രളയത്തിൽ വിമാനത്താവളത്തിനു പിറകിലെ തുറവുങ്കര, വട്ടത്തറ, ചെങ്ങൽ പ്രദേശങ്ങൾ പൂർണമായും മുങ്ങിയിരുന്നു. അവിടെ നിന്ന് വെള്ളം വിമാനത്താവളത്തിലേക്കും കയറിയതിനെത്തുടർന്ന് രണ്ടാഴ്ചയോളം വിമാനത്താവളം അടച്ചിടേണ്ടിയും വന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തുറവുങ്കരയിലും വട്ടത്തറയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. ചെങ്ങൽത്തോടിൽ പില്ലറുകൾ സ്ഥാപിച്ച് അതിൻമേൽ സൗരോർജപാനലുകൾ സ്ഥാപിച്ചതു മൂലം തോട് ഇടുങ്ങിയെന്നും മാലിന്യങ്ങൾ പില്ലറുകളിൽ അടിഞ്ഞുകൂടി വെള്ളം ശരിയായ വിധത്തിൽ ഒഴുകിപ്പോയില്ലെന്നുമായിരുന്നു നാട്ടുകാരുടെ പരാതി.

ഐഐടിയിൽ നിന്നുള്ള വിദഗ്ധരുടെ വിശദമായ പഠനങ്ങൾക്കു ശേഷം തോട്ടത്തിലെ വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടില്ല എന്ന ഉറപ്പിലാണ് സിയാൽ തോട്ടിൽ പ്ലാന്റ് സ്ഥാപിച്ചത്. തോടിന്റെ ഇരു ഭാഗത്തും ഉയർത്തിയ കോൺക്രീറ്റ് പില്ലറുകളിലാണ് സൗരോർജ പാനലുകൾ ഉറപ്പിച്ചിരുന്നത്. സൗരോർജ പാനലുകൾ പുതിയ സ്ഥലത്ത് ഉറപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. മാറ്റി സ്ഥാപിക്കുന്നതിന് പരമാവധി 1.5 കോടി രൂപയാണു ചെലവു വരുക.

∙ദിശമാറി പാനലുകൾ


പുതിയ സ്ഥലത്ത് സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത് കിഴക്കു പടിഞ്ഞാറു ദിശയിൽ. നേരത്തെയുള്ള പ്ലാന്റുകളെല്ലാം തെക്കു വടക്കു ദിശയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറെ നാളത്തെ പരീക്ഷണ, നിരീക്ഷണങ്ങൾക്കു ശേഷമാണ് കിഴക്കു പടിഞ്ഞാറു ദിശയിൽ പാനലുകൾ‌ സ്ഥാപിക്കുന്നത് കൂടുതൽ ഊർജോൽപാദനത്തിനു സഹായകമാകുമെന്ന് സിയാൽ കണ്ടെത്തിയത്.
സ്ഥലം കുറച്ചു മതിയെന്ന മേന്മയുമുണ്ടിതിന്. സാധാരണഗതിയിൽ തെക്കുവടക്കു ദിശയിൽ ഒരേക്കർ സ്ഥലത്ത് 8000 വരെ പാനലുകളേ സ്ഥാപിക്കാൻ കഴിയൂ. എന്നാൽ ദിശ മാറ്റിയതോടെ 9000 പാനലുകൾ വരെ സ്ഥാപിക്കാനും അതുവഴി കൂടുതൽ സൗരോർജം ഉൽപാദിപ്പിക്കാനുമാകും. പദ്ധതി പൂർത്തിയാകുന്നതോടെ സിയാലിന്റെ സ്ഥാപിതസൗരോർജശേഷി 40 മെഗാവാട്ട് ആകും.

∙1.6 ലക്ഷം

സിയാലിന്റെ പ്രതിദിന സൗരോർജോൽപാദനം 1.6 ലക്ഷം യൂണിറ്റ്. സിയാലിന്റെ ആവശ്യം പ്രതിദിനം 1.3 ലക്ഷം മുതൽ 1.4 ലക്ഷം യൂണിറ്റ് വരെ. ബാക്കി വൈദ്യുതി സിയാൽ കെഎസ്ഇബിക്കു നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com