ബെൻസ് കാറുകൾ കൊല്ലത്ത് കുതിച്ചു പാഞ്ഞ കാലം; കശുവണ്ടിക്കച്ചവടം കണ്ടുപഠിച്ച് ഹിറ്റാക്കി വിയറ്റ്നാം, കേരളമോ?
ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് തിന്നുന്ന രാജ്യം ഏതെന്ന ക്വിസ് ചോദ്യം ചോദിച്ചാൽ, ഇന്ത്യ എന്നു ധൈര്യപൂർവം ഉത്തരം പറയാം. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം ടണ്ണാണത്രെ വർഷം തിന്നുതീർക്കുന്ന കശുവണ്ടി. മൊത്തവില വിപണിയിൽ പോലും 20,000 കോടി വില വരുന്ന മുതലാണിത്. അമേരിക്കയിൽ പോലും 2 ലക്ഷം ടണ്ണിൽ താഴെയാണ് കശുവണ്ടി ഉപഭോഗം.
ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് തിന്നുന്ന രാജ്യം ഏതെന്ന ക്വിസ് ചോദ്യം ചോദിച്ചാൽ, ഇന്ത്യ എന്നു ധൈര്യപൂർവം ഉത്തരം പറയാം. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം ടണ്ണാണത്രെ വർഷം തിന്നുതീർക്കുന്ന കശുവണ്ടി. മൊത്തവില വിപണിയിൽ പോലും 20,000 കോടി വില വരുന്ന മുതലാണിത്. അമേരിക്കയിൽ പോലും 2 ലക്ഷം ടണ്ണിൽ താഴെയാണ് കശുവണ്ടി ഉപഭോഗം.
ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് തിന്നുന്ന രാജ്യം ഏതെന്ന ക്വിസ് ചോദ്യം ചോദിച്ചാൽ, ഇന്ത്യ എന്നു ധൈര്യപൂർവം ഉത്തരം പറയാം. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം ടണ്ണാണത്രെ വർഷം തിന്നുതീർക്കുന്ന കശുവണ്ടി. മൊത്തവില വിപണിയിൽ പോലും 20,000 കോടി വില വരുന്ന മുതലാണിത്. അമേരിക്കയിൽ പോലും 2 ലക്ഷം ടണ്ണിൽ താഴെയാണ് കശുവണ്ടി ഉപഭോഗം.
ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടിപ്പരിപ്പ് തിന്നുന്ന രാജ്യം ഏതെന്ന ക്വിസ് ചോദ്യം ചോദിച്ചാൽ, ഇന്ത്യ എന്നു ധൈര്യപൂർവം ഉത്തരം പറയാം. ഇന്ത്യയിൽ ഏകദേശം 3 ലക്ഷം ടണ്ണാണത്രെ വർഷം തിന്നുതീർക്കുന്ന കശുവണ്ടി. മൊത്തവില വിപണിയിൽ പോലും 20,000 കോടി വില വരുന്ന മുതലാണിത്. അമേരിക്കയിൽ പോലും 2 ലക്ഷം ടണ്ണിൽ താഴെയാണ് കശുവണ്ടി ഉപഭോഗം. കേരളത്തിലാകെ ഡ്രൈഫ്രൂട്ട്സ് കടകൾ കൂണുപോലെ മുളയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടോ? ഇതിന്റെ കടകളായി ബ്രാൻഡുകളും വന്നു കഴിഞ്ഞു. ഏതു വീട്ടിൽ ചെന്നാലും കശുവണ്ടിയും ബദാമും പിസ്തയുമുണ്ട്. ഗൾഫ് പരിചയത്തിൽ നിന്നാണിതു തുടക്കത്തിൽ വന്നത്. ഗൾഫിൽ പോയി വരുന്നവർ ബദാമും പിസ്തയും മറ്റും കൊണ്ടുവരും. അതു ശീലിച്ചതുകൊണ്ടു മാത്രമല്ല കയ്യിൽ കാശുള്ളതു കൊണ്ടുകൂടിയാണല്ലോ ഇതൊക്കെ തിന്നുന്നത്. അല്ലാതെ കിലോ 1000 രൂപയ്ക്കടുത്തു വില വരുന്ന സാധനം വാങ്ങി കപ്പലണ്ടി പോലെ ചുമ്മാ കൊറിക്കാൻ കഴിയില്ലല്ലോ...
∙ കൊല്ലം കാഷ്യുവിന്റെ ‘പൊളപ്പൻ’ കാലം
ഇന്ത്യയുടെ കാഷ്യു തലസ്ഥാനമായിരുന്നു ഒരു കാലത്ത് കൊല്ലം നഗരവും നഗരപ്രാന്തങ്ങളും. കാഷ്യുവിന്റെ ലോക തലസ്ഥാനം എന്നും പഴയ കാലത്ത് പേരുണ്ടായിരുന്നു. കാരണം ഒരു ചെറു പട്ടണത്തിൽ ഇത്രയധികം കശുവണ്ടി സംസ്ക്കരണവും കയറ്റുമതിയും വേറെങ്ങും ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കശുവണ്ടി കയറ്റുമതിയുടെ 80% കൊല്ലത്തുനിന്നായിരുന്നു. രണ്ടു പതിറ്റാണ്ടു മുൻപു വരെ. അണ്ടിയാപ്പീസ് എന്നു വിളിക്കുന്ന കശുവണ്ടി സംസ്ക്കരണ ഫാക്ടറികൾ കൊല്ലത്ത് എമ്പാടും. ചുട്ട തോട്ടണ്ടി ചെറിയൊരു തടിച്ചുറ്റികകൊണ്ടു തട്ടി പരിപ്പ് എടുക്കുന്ന വിദഗ്ധ സ്ത്രീ തൊഴിലാളികൾ. അവരുടെ കൈകളിൽ കശുവണ്ടി ചുട്ടുതല്ലിയതിന്റെ വടുക്കൾ. അങ്ങനെ കാഷ്യു ഫാക്ടറികളിൽ 30–40 വർഷം പണിയെടുത്തു ജീവനോപാധി നേടിയ തലമുറകളെത്ര! രണ്ടു ലക്ഷം സ്ത്രീ തൊഴിലാളികളുണ്ടായിരുന്നു ഒരു കാലത്ത്. എത്ര കിലോ വീതം ദിവസവും സംസ്ക്കരിക്കുന്നു എന്നതനുസരിച്ച് ദിവസം 500 രൂപ വരെ കൂലി കിട്ടിയിരുന്നു.
കയറ്റുമതിക്കാരായ അനേകം സ്വകാര്യ മുതലാളിമാർ. ലക്ഷക്കണക്കിനു തൊഴിലാളികൾ. കൊല്ലത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ പഴയ കാലത്ത് കശുവണ്ടി വ്യവസായത്തെ ചുറ്റിപ്പറ്റിയായിരുന്നു. അതിലൊരു കൗതുകവുമുണ്ട്. മലയാളികൾ പഴയ കാലത്തു കഴിക്കാത്ത 2 സാധനങ്ങൾ കയറ്റുമതി ചെയ്തിരുന്ന നാടായിരുന്നു കൊല്ലം. കശുവണ്ടിയുടെ വില നോക്കുമ്പോൾ സാധാരണ മലയാളികൾ കഴിച്ചിരുന്നില്ല. വലിയ കൊഞ്ച് ഇനങ്ങളും കയറ്റുമതിക്കാർക്കു മാത്രമായിരുന്നു. ചന്തകളിൽ ചെറിയ ചെമ്മീൻ മാത്രം വരും. അതാണ് നാം കഴിക്കാത്ത 2 സാധനങ്ങൾ ഉണ്ടാക്കിയിരുന്ന നാട് എന്ന പ്രത്യേകത കൊല്ലത്തിനു വന്നത്.
അക്കാലം കൊല്ലം ആയിരുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ ബെൻസ് കാറുകൾ പുളച്ചു നടന്നിരുന്ന നഗരം. കൊച്ചിയും മറ്റെല്ലാ നഗരങ്ങളും പിന്നിൽ. കൊല്ലത്തിന്റെ കൊഞ്ച്– കശുവണ്ടി പെരുമയ്ക്കു പിന്നിൽ അനേകം കുടുംബ വ്യവസായികളുണ്ടായിരുന്നു. വെണ്ടർ ഗ്രൂപ്പ്, പൊയിലക്കട, വിജയലക്ഷ്മി കാഷ്യു, മുൻ മന്ത്രി ബേബി ജോണിന്റെ കിങ് ഫിഷറീസ്... ആ പെരുമകളൊന്നും ഇന്നില്ല. രാജൻപിള്ള, രവീന്ദ്രനാഥൻ നായർ എന്ന അച്ചാണി രവി (കൊല്ലംകാർ സ്നേഹപൂർവം വിളിക്കുന്ന രവി മുതലാളി), തങ്ങൾ കുഞ്ഞ് മുസലിയാർ, കെ.പരമേശ്വരൻ പിള്ള... പഴയ തലമുറയിൽ കാഷ്യു കിങ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നവരാണ് ഇവരൊക്കെ!
∙ തകർച്ചയിലേക്ക്...
എഴുപതുകളിലെ തൊഴിലാളി സമരങ്ങൾ കശുവണ്ടി ഫാക്ടറികളുടെ മരണമണിയായി. പതിയെ സംസ്ക്കരണ കേന്ദ്രങ്ങൾ കൊല്ലം വിടാൻ തുടങ്ങി. അതിർത്തി കടന്ന് തമിഴ്നാട്ടിലേക്കായിരുന്നു ആദ്യം പ്രയാണം. എങ്കിലും ഇവിടെയും സംസ്ക്കരണം തുടർന്നിരുന്നു. അത്തരം സംസ്ക്കരണ കേന്ദ്രങ്ങൾ ഓരോന്നായി പൂട്ടി. എൺപതുകളിൽ ഒന്നേകാൽ ലക്ഷം ടൺ കശുവണ്ടി വരെ സംസ്ക്കരിച്ചിരുന്ന നാട്ടിൽ ഇന്ന് കഷ്ടിച്ച് 20,000 ടൺ ഉണ്ടെങ്കിലായി. ബിസിനസ് കുടുംബങ്ങളിലെ പുതുതലമുറയ്ക്ക് കൊല്ലത്ത് ഈ ബിസിനസിൽ താൽപ്പര്യമില്ലാതായി. അങ്ങനെ പൊളിഞ്ഞ കശുവണ്ടി വ്യവസായികൾ ഇപ്പോഴും ആഡംബരത്തിൽ തന്നെ ജീവിക്കാൻ അന്നത്തെ അണ്ടിയാപ്പീസ് പറമ്പുകൾ സഹായിക്കുന്നുണ്ട്. അവ ഒന്നാന്തരം റിയൽ എസ്റ്റേറ്റായി. ബൈപാസ് റോഡിന്റെ വരവ് അതിനു കാര്യമായി സഹായിച്ചു. പഴയ കാലത്ത് ആയിരങ്ങളോ ലക്ഷങ്ങളോ മാത്രം കൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ 10% കൊടുത്താൽ ഇന്ന് കോടികൾ കിട്ടുമെന്ന സ്ഥിതിയായി. കശുവണ്ടി, സമുദ്രോൽപ്പന്ന വ്യവസായങ്ങൾ തകർന്നതോടെ കൊല്ലം നഗരവും ക്ഷീണിച്ചു. പക്ഷേ അപ്പോഴേക്ക് കശുവണ്ടി മംഗലാപുരത്ത് ചേക്കേറുകയായിരുന്നു.
∙ സർക്കാർ താലോലിക്കൽ നിലയ്ക്കുന്നു
പ്രധാനമായും കൊല്ലം ഉൾപ്പടെ, കേരളത്തിൽ കാഷ്യു സ്പെഷൽ ഓഫിസർ റജിസ്ട്രേഷൻ നൽകിയ 862 കശുവണ്ടി കമ്പനികളുണ്ടെന്നു പറഞ്ഞാൽ ഇന്നു വിശ്വാസം വരില്ല. മിക്കതും പൂട്ടിപ്പോയവ. അതിൽ വലുതും ചെറുതുമുണ്ട്. നിലവിൽ സ്വകാര്യ മേഖലയിൽ സജീവമായിട്ടുള്ളത് 60 എണ്ണം മാത്രമാണ്. ലാഭം ഉണ്ടായിരുന്നെങ്കിൽ ബാക്കിയുള്ളവ പൂട്ടുമായിരുന്നോ എന്നു ചോദിക്കുന്നവരേറെ. കശുവണ്ടി പരിപ്പ് വ്യവസായത്തിലേക്കിറങ്ങി കുത്തുപാളയെടുത്തവരുമുണ്ട്. കടം കയറി ആത്മഹത്യ ചെയ്തവരും അനേകം.
ലാഭ മാർജിൻ കുറഞ്ഞുവെന്നതാണു വസ്തുത. ഇവിടുത്തെ സംസ്ക്കരണ ചെലവും വിയറ്റ്നാമിൽ നിന്നുള്ള മൽസരവും സർക്കാരിന്റെ നിഷേധാത്മക നയവും നികുതികളും തോട്ടണ്ടി ഇറക്കുമതി ചുങ്കവുമെല്ലാം ചേർന്ന് കശുവണ്ടി വ്യവസായത്തെ അട്ടിമറിച്ചു. തോട്ടണ്ടി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഘാന, ടാൻസാനിയ, ഐവറി കോസ്റ്റ്... തോട്ടണ്ടി സംസ്ക്കരിച്ചാൽ പരമാവധി 25% പരിപ്പ് മാത്രമേ കിട്ടൂ. പക്ഷേ തോട്ടണ്ടിക്ക് ഇറക്കുമതിച്ചുങ്കം വന്നതോടെ വിദേശത്തെ മൽസരത്തെ അതിജീവിക്കാൻ കഴിയാതായി.
കപ്പലിലൂടെ കയറ്റുമതിക്ക് 5% കയറ്റുമതിച്ചുങ്കവും വന്നു. ബാങ്ക് വായ്പാ പലിശയിൽ ഡിസ്ക്കൗണ്ട് ലഭിക്കുന്ന ആനുകൂല്യവും നിലച്ചു. ഇന്നു കൊല്ലത്തെ കശുവണ്ടി വ്യവസായികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് അനേകം ബിസിനസുകളിലേക്കും മാറിയിരിക്കുന്നു. അങ്ങനെ മാറാൻ കഴിയാത്തവർ പാപ്പരായി. പഴയ പ്രതാപം മാത്രം പറഞ്ഞിരിക്കുന്നവരുമുണ്ട്. മംഗലാപുരത്ത് യന്ത്രവൽകൃത സംസ്ക്കരണം നടക്കുന്ന അനേകം നവീന ഫാക്ടറികളും കൂടി എത്തിയതോടെ കൊല്ലത്തിന്റെ കാഷ്യു കഥ കഴിഞ്ഞു.
∙ വിയറ്റ്നാമിന്റെ വരവ്
അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം വരുന്നല്ലോ, അത് കശുവണ്ടി വ്യവസായത്തെ ബാധിക്കുമോ എന്നു ചോദിച്ചാൽ? അതിന് കേരളത്തിൽനിന്ന് യുഎസിലേക്കും യൂറോപ്പിലേക്കും കശുവണ്ടി കയറ്റുമതി ഉണ്ടായിട്ടു വേണ്ടേ എന്നാണു മറുപടി. വിയറ്റ്നാമിൽ നിന്നാണ് അവിടങ്ങളിലേക്കു കശുവണ്ടിയുടെ വരവ്. ഇവിടെ കശുവണ്ടി കിലോ 650 രൂപയ്ക്കു കയറ്റുമതി ചെയ്യുമ്പോൾ വിയറ്റ്നാം 457 രൂപയ്ക്ക് ചെയ്യുന്നു. അവിടെ സർവ സർക്കാർ ആനുകൂല്യങ്ങളും കിട്ടുന്നു. തോട്ടണ്ടിക്ക് വിയറ്റ്നാമിൽ ഇറക്കുമതിച്ചുങ്കവുമില്ല. പോരെങ്കിൽ, കോവിഡ്കാലത്ത് സർവ കശുവണ്ടി ഫാക്ടറികളും അടയ്ക്കാൻ നിർബന്ധിതമായപ്പോൾ വിയറ്റ്നാമിൽ അവ തുറന്നിരുന്നു. കയറ്റുമതി വ്യവസായത്തെ അവർ കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നമ്മളാകട്ടെ 2020 മാർച്ച് മുതൽ അടച്ചിട്ടു. അതോടെ പല വിദേശ വിപണികളും നഷ്ടമായി.
ഇന്ത്യൻ കശുവണ്ടിക്ക് ജപ്പാൻ ഇപ്പോൾ പ്രധാന വിപണിയാണ്. വിയറ്റ്നാം കശുവണ്ടി കുറേശ്ശെ ജപ്പാനിലേക്ക് എത്തുന്നുണ്ട്. ഇനി അതും വിയറ്റ്നാം കൊണ്ടു പോകുമോ എന്നാണ് ആശങ്ക. ഗൾഫ് രാജ്യങ്ങളാണ് നമ്മുടെ കശുവണ്ടിയുടെ മറ്റൊരു പ്രധാന വിപണി. വിയറ്റ്നാമിൽനിന്ന് നമ്മൾ കശുവണ്ടി ഇറക്കുമതി ചെയ്തിരുന്ന കാലമുണ്ടായിരുന്നു. എൺപതുകളിൽ വിയറ്റ്നാമിൽനിന്നു വന്ന കയറ്റുമതി ഏജന്റുമാർ ഇവിടെ അണ്ടിയാപ്പീസുകളിൽ പോയി കണ്ടു പഠിച്ച് അവിടെ തുടങ്ങി. ഒടുവിൽ അവർ നമ്മളെ കവച്ചു വച്ച് ലോകത്തെ ഒന്നാം നമ്പർ കയറ്റുമതിക്കാരായി.
പറങ്കികളാണ് (പോർച്ചുഗീസുകാർ) ബ്രസീലിൽനിന്ന് ആദ്യമായി കശുവണ്ടി ഇന്ത്യയിലെത്തിച്ചത്. ആദ്യം ഗോവയിലും പിന്നെ മലബാർ തീരത്തും. 1920കളിൽ കൊല്ലത്തു കുടിയേറിയ റോച്ച വിക്ടോറിയ എന്ന ശ്രീലങ്കക്കാരനാണത്രെ കശുവണ്ടി സംസ്ക്കരണം ആദ്യമായി ആരംഭിച്ചത്. ഡബ്ല്യു.ടി. ആൻഡേഴ്സൺ എന്ന ബ്രിട്ടിഷ് കമ്പനി അതിനു ശേഷംവന്നു. അവരാണ് ആദ്യം കയറ്റുമതി തുടങ്ങിയത്. അവരെ കണ്ടു പഠിച്ചാണ് കൊല്ലമാകെ കാഷ്യു പടർന്നത്.
∙ ഉൽപാദനമെത്ര, തീറ്റയെത്ര?
ഇനി ആദ്യം പറഞ്ഞ പോയിന്റിലേക്കു വരാം. ഇന്ത്യയാണോ ലോകത്ത് ഏറ്റവും കൂടുതൽ കശുവണ്ടി തിന്നുന്ന രാജ്യം? ഇന്ത്യയിലേക്ക് ഏകദേശം 12 ലക്ഷം മുതൽ 15 ലക്ഷം ടൺ വരെ തോട്ടണ്ടിയാണ് ഇറക്കുമതി. 12 ലക്ഷം ടൺ തോട്ടണ്ടി എന്നു കണക്കാക്കുക. സംസ്ക്കരിക്കുമ്പോൾ കുറഞ്ഞത് 20% പരിപ്പ് കിട്ടുന്നു. അപ്പോൾ 2.4 ലക്ഷം ടൺ പരിപ്പ്. ആന്ധ്രയിലും കർണാടകയിലും ഗോവയിലും മറ്റും കശുമാവ് കൃഷിയുണ്ട്. ഏകദേശം 5 ലക്ഷം ടൺ തോട്ടണ്ടി കിട്ടുമായിരിക്കും. അതു സംസ്ക്കരിച്ചാൽ 1 ലക്ഷം ടൺ പരിപ്പ്. അങ്ങനെ ആകെ ഉത്പാദനം 3.4 ലക്ഷം ടൺ പരിപ്പ്.
പക്ഷേ ഇന്ത്യയുടെ കശുവണ്ടിപ്പരിപ്പ് കയറ്റുമതി 32,000 ടൺ മാത്രം. ഏകദേശം 2000 കോടി രൂപയുടെ. ബാക്കി 3 ലക്ഷം ടണ്ണിലേറെ കശുവണ്ടി എവിടെ പോകുന്നു? ഇന്ത്യാക്കാരുടെ വയറ്റിലേക്ക് പോകുന്നു. വർഷം 20,000 കോടിയുടെ കശുവണ്ടിയാണു തിന്നു തീർക്കുന്നത്!!! നമുക്ക് പായസത്തിനും ലഡുവിനും മധുരപലഹാരങ്ങൾക്കും ബിസ്ക്കറ്റിനും ഇറച്ചിക്കറിക്കുമെല്ലാം കശുവണ്ടി വേണമല്ലോ. ഉത്തരേന്ത്യൻ വിഭവങ്ങളിലും കശുവണ്ടി പ്രധാനമാണ്. അങ്ങനെ ഇവിടുത്തെ ആഭ്യന്തര വിപണി വളരെ വലുതാണ്. 140 കോടി ജനം ഉള്ളതിനാൽ അതിൽ അദ്ഭുതവുമില്ല. ഇന്ത്യ തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന രാജ്യവും. രണ്ടാം സ്ഥാനം വിയറ്റ്നാം. അവർക്ക് സ്വന്തം രാജ്യത്ത് ഉത്പാദനം കൂടുതലാണ്.
∙ പൊതുമേഖലയിൽ വെറും പടം
കശുവണ്ടി വികസനകോർപ്പറേഷനും കാപ്പക്സിനും കൂടി നാൽപ്പതോളം ഫാക്ടറികളുണ്ട്. കോർപ്പറേഷൻ ഫാക്ടറികളിൽ 10,000 പേരും കാപ്പക്സിൽ 5000 പേരും ഉൾപ്പടെ 15,000 തൊഴിലാളികൾ. നിലനിൽക്കുന്നത് സർക്കാർ ഫണ്ട്കൊണ്ട് മാത്രം. തോട്ടണ്ടി ഇറക്കുമതിക്ക് സർക്കാർ നൽകുന്ന കോടികൾ വൻതോതിൽ വെട്ടിച്ചതിന് സിബിഐ കേസുണ്ട്. പിരിഞ്ഞു പോകുന്നവരുടെ ആനുകൂല്യങ്ങൾക്കും സർക്കാർ പണം നൽകണം. അങ്ങനെ എത്രനാൾ നിലനിൽക്കും? യന്ത്രവൽക്കരണമില്ല, കശുമാവ് കൃഷി കുറയുന്നു, ട്രേഡ് യൂണിയനുകൾ സഹായകരമല്ല, സർക്കാരിന്റെ അമിത ഇടപെടൽ... എല്ലാം ചേർന്ന് കശുവണ്ടി വ്യവസായത്തെ തകർത്തു. കേന്ദ്ര സർക്കാരിനാകട്ടെ ഇങ്ങനെയൊരു വ്യവസായം ഇവിടെയുണ്ടെന്ന പരിഗണന പോലുമില്ല. കയർ പോലെ കശുവണ്ടിയും പരമ്പരാഗത വ്യവസായം എന്ന പേരും ഗതകാല പ്രതാപവും മാത്രം ബാക്കിയാക്കി പതിയെ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്.
English Summary: How Kollam Lost its Cashew Capital Status?