സ്വർണശേഖരം കൂട്ടി ഖത്തര്, യുഎഇ, തുർക്കി..; വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക്?
കേരളത്തിൽ സ്വർണവില വീണ്ടും പവന് 40,000 രൂപയിലേക്കു കുതിക്കുന്നു. പവന് 39,840 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽതന്നെ വില 40,000 കടന്നു മുന്നേറിയേക്കുമെന്നും ഇതേ നില തുടർന്നാൽ എക്കാലത്തെയും ഉയർന്ന നിരക്കായ 42,000 രൂപ മറികടന്നേക്കുമെന്നുമാണ് പ്രവചനങ്ങൾ.
കേരളത്തിൽ സ്വർണവില വീണ്ടും പവന് 40,000 രൂപയിലേക്കു കുതിക്കുന്നു. പവന് 39,840 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽതന്നെ വില 40,000 കടന്നു മുന്നേറിയേക്കുമെന്നും ഇതേ നില തുടർന്നാൽ എക്കാലത്തെയും ഉയർന്ന നിരക്കായ 42,000 രൂപ മറികടന്നേക്കുമെന്നുമാണ് പ്രവചനങ്ങൾ.
കേരളത്തിൽ സ്വർണവില വീണ്ടും പവന് 40,000 രൂപയിലേക്കു കുതിക്കുന്നു. പവന് 39,840 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽതന്നെ വില 40,000 കടന്നു മുന്നേറിയേക്കുമെന്നും ഇതേ നില തുടർന്നാൽ എക്കാലത്തെയും ഉയർന്ന നിരക്കായ 42,000 രൂപ മറികടന്നേക്കുമെന്നുമാണ് പ്രവചനങ്ങൾ.
കേരളത്തിൽ സ്വർണവില വീണ്ടും പവന് 40,000 രൂപയിലേക്കു കുതിക്കുന്നു. പവന് 39,840 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽതന്നെ വില 40,000 കടന്നു മുന്നേറിയേക്കുമെന്നും ഇതേ നില തുടർന്നാൽ എക്കാലത്തെയും ഉയർന്ന നിരക്കായ 42,000 രൂപ മറികടന്നേക്കുമെന്നുമാണ് പ്രവചനങ്ങൾ. കഴിഞ്ഞ ദിവസം 39,920 രൂപയിലേക്ക് വില ഉയർന്നിരുന്നു. ദേശീയ ബുള്യൻ വിപണിയിൽ 28 മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണ വില ഇപ്പോൾ. 55,560 രൂപയാണ് 10 ഗ്രാമിന്റെ വില. യുദ്ധസാഹചര്യങ്ങൾക്ക് അയവു വരാത്തതും ചൈനയിലെ കോവിഡ് സാഹചര്യങ്ങളും കേന്ദ്ര ബാങ്കുകളുടെ പലിശനിരക്കു വർധനയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളുമെല്ലാമാണ് സ്വർണവിലയെ വീണ്ടും റെക്കോർഡ് നിലവാരത്തിന് അടുത്തെത്തിക്കുന്നത്. കഴിഞ്ഞ മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് കേരളത്തിൽ ഇപ്പോൾ. രൂപയുടെ മൂല്യത്തകർച്ചയാണ് രാജ്യത്തെ സ്വർണവില വലിയ തോതിൽ ഉയരാൻ കാരണമാകുന്നത്. സ്വർണവില ഇനിയും ഉയർന്നാൽ എത്രവരെ പോകും? ഇപ്പോൾ സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ലാഭകരമാണോ? റെക്കോർഡ് നിലവാരത്തിന്റെ പരിസരത്തുനിന്ന് വില താഴാനുള്ള സാധ്യതകളുണ്ടോ? സ്വർണം വാങ്ങാനുള്ളവർ ഇപ്പോൾ വാങ്ങുന്നതാണോ സുരക്ഷിതം? വിൽക്കാനുള്ളവർ ഇനിയും കാത്തിരിക്കണോ? സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
∙ റെക്കോർഡ് തകർക്കാൻ സാധ്യത
കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് സ്വർണവില 2020 ഓഗസ്റ്റ് 7 ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിയത്. കേരളത്തിൽ ഓഗസ്റ്റ് 7 ന് പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമെത്തി. ദേശീയ ബുള്യൻ വിപണിയിൽ 58,000 രൂപയിലേക്ക് 10 ഗ്രാം തങ്കത്തിന്റെ വില ഉയർന്നു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2000 ഡോളർ മറികടക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധികൾക്ക് അയവുവന്നതോടെ വില സാവധാനം കുറഞ്ഞെങ്കിലും വലിയൊരിടിവ് വിലയിലുണ്ടായില്ലെന്നതാണു യാഥാർഥ്യം.
30,000– 40,000 നിലവാരത്തിലാണ് 2 വർഷത്തിനു മുകളിലായി കേരളത്തിൽ സ്വർണവില. ഇതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധം വന്നപ്പോൾ വീണ്ടും വില ഉയർന്നെങ്കിലും കോവിഡ് പ്രതിസന്ധിക്കാലത്തേതുപോലുള്ള വർധനവുണ്ടായില്ല. 40,000 നിലവാരത്തിനു തൊട്ടടുത്തെത്തിയ വില പിന്നീട് 37,000–38,000 രൂപയുടെ പരിസരങ്ങളിലായിരുന്നു. യുദ്ധം അവസാനിക്കാത്തതിനാൽത്തന്നെ വില ഒരു പരിധിവിട്ട് താഴേക്ക് പോയില്ല. എന്നാൽ രണ്ടാഴ്ചയായി സ്വർണവില പടിപടിയായി ഉയരുകയാണ്. 160 രൂപ കൂടി പവന് ഉയർന്നാൽ കേരളത്തിൽ വില വീണ്ടും 40000 കടക്കും.
വിവാഹസീസണിൽ സ്വർണവില ഉയരുന്നത് ആശങ്കയോടെയാണ് ഉപയോക്താക്കൾ കാണുന്നത്. റെക്കോർഡ് മറികടന്നേക്കുമെന്നുള്ള പ്രവചനങ്ങളാണ് വിപണി വിദഗ്ധർ പങ്കുവയ്ക്കുന്നതും. ആഗോള സാമ്പത്തിക സാഹചര്യം വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളെ സ്വർണശേഖരം കൂട്ടാൻ പ്രേരിപ്പിക്കുന്നുണ്ട്. കേന്ദ്രബാങ്കുകൾ വാങ്ങുന്ന സ്വർണത്തിന്റെ അളവു കൂട്ടിയത് ആഗോള തലത്തിൽ സ്വർണ ഡിമാൻഡ് ഉയർത്തുകയാണ്. വിലപ്പെരുപ്പമടക്കം ആഗോളവിപണിയിലെ പ്രതിസന്ധികൾ അവസാനിക്കാത്ത സാഹചര്യത്തിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയാനിടയില്ലെന്നു കരുതുന്നവരേറെയാണ്.
യുദ്ധനടപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്ന റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ വാക്കുകളും സ്വർണവിലയെ കഴിഞ്ഞയാഴ്ച സ്വാധീനിച്ചു. യുക്രെയ്ന്റെ ചില ഭാഗങ്ങളിൽ റഷ്യ കഴിഞ്ഞയാഴ്ച നടത്തിയ കനത്ത ഷെൽ ആക്രമണങ്ങളും ഇതിനു കാരണമായി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കാൻ യുദ്ധസാഹചര്യങ്ങൾ മുറുകുന്നത് നിക്ഷേപകരെ വീണ്ടും പ്രേരിപ്പിക്കും. 1815 ഡോളർ വരെ കഴിഞ്ഞയാഴ്ച സ്വർണവില ഉയർന്നു. 1821 ഡോളർ എന്ന നിലവാരം മറികടന്നാൽ സ്വർണവില വീണ്ടും വലിയ കുതിപ്പുനടത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ രാജ്യാന്തര വില ഉയർന്നാൽ ആനുപാതികമായ ഉയർച്ച നമ്മുടെ വിപണിയിലുമുണ്ടാകും.
∙ ചൈനയും കോവിഡും സ്വർണവും
ചൈനയുടെ സീറോ കോവിഡ് നയം ആഗോള വിപണിയിൽ കാര്യമായ സ്വാധീനമുണ്ടാക്കിയിരുന്നു. ഒരു കോവിഡ് കേസുപോലും ഇല്ലാത്ത തരത്തിൽ, കോവിഡ് ഭീഷണി ഇല്ലാതാകുന്നതുവരെ നഗരങ്ങൾ അടച്ചിടാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തീരുമാനം ആഗോള വിതരണ ശൃംഖലകളെ വീണ്ടും താറുമാറാക്കി. എന്നാൽ ആളുകളുടെ പ്രതിഷേധം മുറുകിയതോടെ നിയന്ത്രണങ്ങൾ നീക്കി വിപണികൾ തുറന്നുകൊടുക്കാനുള്ള തീരുമാനമെടുത്തു ചൈന. ചൈനീസ് വിപണികൾ ഉണരുന്നത് സ്വർണവിലയെ നിർണായകമായി സ്വാധീനിക്കും. സ്വർണത്തിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ചൈന. വലിയ ഇറക്കുമതിക്കാരും. ചൈനീസ് വിപണികളിൽനിന്നുള്ള ഡിമാൻഡ് ഉയർന്നാൽ സ്വർണത്തിന്റെയും മറ്റു മൂല്യമേറിയ ലോഹങ്ങളുടെയും വില ഉയരും. ചൈനയിലെ ദീർഘകാല സ്വർണനിക്ഷേപകരും കൂടുതൽ സ്വർണം വാങ്ങിക്കൂട്ടിയേക്കും.
∙ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുമ്പോൾ
പ്രബല രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണശേഖരം ഉയർത്തുകയാണ്. കഴിഞ്ഞ നവംബർ വരെയുള്ള കണക്കു പരിശോധിച്ചാൽ 63.67 മില്യൻ (1 മില്യൻ= 10 ലക്ഷം) ഔൺസിന്റെ വർധന ചൈനയുടെ കരുതൽ സ്വർണ ശേഖരത്തിലുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ മാത്രം 31 ടൺ സ്വർണം കേന്ദ്ര ബാങ്കുകൾ വാങ്ങിയതായി വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ പക്കലുള്ള സ്വർണശേഖരത്തിന്റെ അളവ് 1974നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലാണ്. സെൻട്രൽ ബാങ്ക് ഓഫ് യുഎഇ കഴിഞ്ഞ ഒക്ടോബറിൽ വാങ്ങിയത് 9 ടൺ സ്വർണമാണ്. സെൻട്രൽ ബാങ്ക് ഓഫ് തുർക്കി ഈ വർഷം ഒക്ടോബർ വരെ വാങ്ങിയത് 103 ടൺ സ്വർണം.
ഉസ്ബെക്കിസ്ഥാൻ, കസഖ്സ്ഥാൻ, ഖത്തർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളൊക്കെ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിൽ സ്വർണം വാങ്ങി. സ്വർണശേഖരത്തിന്റെ കാര്യത്തിൽ ലോകത്ത് ഒൻപതാം സ്ഥാനത്താണ് ഇന്ത്യ. 781 ടൺ സ്വർണം കരുതൽ ശേഖരത്തിലുണ്ട്. 2021 ൽ കേന്ദ്ര ബാങ്കുകൾ 463 ടൺ സ്വർണമാണു വാങ്ങിയതെങ്കിൽ 2022 ലെ മൂന്നാം പാദത്തിൽ മാത്രം ബാങ്കുകൾ 400 ടൺ സ്വർണം വാങ്ങി. നാലാം പാദത്തിലും ഇതേതരത്തിലുള്ള വാങ്ങൽ തുടരുകയുമാണ്. കേന്ദ്രബാങ്കുകളിൽ നിന്നുള്ള ഇത്തരം വാങ്ങലുകൾ ആഗോള തലത്തിൽ സ്വർണ ഡിമാൻഡും അതുവഴി വിലയും കൂടാൻ കാരണമാകുന്നുണ്ട്.
∙ വില കുറയാൻ സാധ്യതകളുണ്ടോ?
വില കുറയാനുള്ള സാഹചര്യങ്ങളും സാധ്യതകളും വിപണിയിൽ അതേസമയം നിലനിൽക്കുന്നുമുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയങ്ങളാണ് സ്വർണവിലയിൽ അടുത്ത ദിവസങ്ങളിൽ കാര്യമായ ചലനമുണ്ടാക്കുക. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പണനയങ്ങൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിലപ്പെരുപ്പം നിയന്ത്രിക്കാനായി തുടർച്ചയായി പലിശ നിരക്ക് ഉയർത്തുന്ന അമേരിക്ക നിരക്കു വർധനയുടെ വേഗം കുറയ്ക്കുമെന്ന് കഴിഞ്ഞ തവണത്തെ പണനയ അവലോകനത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ മുക്കാൽ ശതമാനം നിരക്കു വർധന (75 ബേസിസ് പോയിന്റ്) എന്നതിൽനിന്നു മാറി അര ശതമാനം വർധന (50 ബേസിസ് പോയിന്റ്) എന്ന നിലപാടായിരിക്കും അമേരിക്ക ഇത്തവണ സ്വീകരിക്കുകയെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പക്കണക്കുകളിൽ നേരിയ ആശ്വാസമെങ്കിലും ഉണ്ടായെങ്കിൽ മാത്രമേ ഈ ഇളവ് അമേരിക്കൻ ഫെഡ് റിസർവിൽ നിന്നു പ്രതീക്ഷിക്കേണ്ടതുള്ളു. ചില്ലറവിലപ്പെരുപ്പ കണക്കുകൾ ഇന്നു രാത്രിയോടെ പുറത്തുവരും. നിരക്കു വർധിപ്പിച്ചാൽ സാധാരണയായി സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും അതുവഴി വിലകുറയുകയുമായിരുന്നു പതിവെങ്കിൽ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ വില കുറയാനുള്ള സാധ്യതകളില്ല. ഡോളർ കഴിഞ്ഞയാഴ്ചകളിൽ ദുർബലവുമായിരുന്നു. പലിശ നിരക്ക് വർധന അതിവേഗമെങ്കിൽ സ്വർണവില ഉയരാനാണു സാധ്യത. വിപണിക്ക് അനുകൂല ഘടകങ്ങളില്ല എന്ന അനുമാനത്തിൽ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാണ് പലിശ വർധനയുടെ വേഗം അമേരിക്ക കൂട്ടുക. അതിനാൽത്തന്നെ 75 ബേസിസ് പോയിന്റാണ് പലിശ ഉയർത്തുകയെങ്കിൽ സ്വർണവിലയും ഉയർന്നേക്കും.
അതേസമയം തുടർച്ചയായ പലിശവർധനയുടെ ഭാഗമായി പണപ്പെരുപ്പത്തിൽ കുറവു വരാനുള്ള സാധ്യതയുണ്ട്. പണപ്പെരുപ്പത്തോത് കുറഞ്ഞാൽ പലിശ ഉയർത്തലിൽ നേരിയ അയവുണ്ടാകും. അങ്ങനെയെങ്കിൽ സ്വർണവിലയിലും ചെറിയ ഇടിവുണ്ടാകും. കൂടാതെ സ്വർണവില 1830 ഡോളറിലെത്തിയാൽ വലിയ വിൽപനാ സമ്മർദം നേരിട്ട് വില 1775–1750 ഡോളർ നിലവാരത്തിലേക്കു താഴുമെന്നു വിലയിരുത്തുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ ആനുപാതിക വിലക്കുറവ് നമ്മുടെ ചില്ലറ വിപണിയിലുമുണ്ടാകും. കൂടാതെ ഓഹരി വിപണികളിലുണ്ടാകുന്ന ഉണർവും സ്വർണവില കുറയാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞദിവസം 1815 ഡോളർ വരെ ഉയർന്ന രാജ്യാന്തര നിരക്ക് 1785 ഡോളർ പരിസരത്തേക്ക് കുറഞ്ഞിട്ടുണ്ട്.
∙ യുദ്ധത്തിൽ സ്വർണം സുരക്ഷിതം
രാജ്യാന്തര തലത്തിൽ യുദ്ധമോ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്കു കൂടുമാറുന്നത് പതിവാണ്. എന്നാൽ യുക്രെയ്ൻ–റഷ്യ യുദ്ധം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സ്വർണവില റെക്കോർഡ് തകർത്തു മുന്നേറിയില്ല. സ്വർണവില ഉയർന്നെങ്കിലും ഇടയ്ക്ക് നിക്ഷേപകർ ഓഹരിയിലേക്കും ഡോളറിലേക്കും നിക്ഷേപം മാറ്റിയതോടെ വില കുറഞ്ഞിരുന്നു. ഓഹരി വിപണികളിലെയും മറ്റും നിക്ഷേപം യുദ്ധകാലത്തു സുരക്ഷിതമല്ലെന്നാണ് വൻകിട നിക്ഷേപകരുടെ വിശ്വാസം. ഇപ്പോൾ വീണ്ടും യുദ്ധം രൂക്ഷമാകുന്നെന്ന സൂചന ലഭിക്കുന്നതാണ് സ്വർണവില കൂട്ടാനിടയാക്കുന്നത്. സ്വർണത്തോടൊപ്പം മറ്റു വിലയേറിയ ലോഹങ്ങളുടെയും വില ഉയരുകയാണ്. വെള്ളിവിലയിലും വലിയ വർധനവുണ്ടാകുന്നുണ്ട്. അതേസമയം യുദ്ധത്തിന്റെ തുടക്കകാലങ്ങളിൽ 1970 ഡോളർ വരെ രാജ്യാന്തര തലത്തിൽ സ്വർണവില ഉയർന്നിരുന്നു. ഇപ്പോൾ 1780–1790 ഡോളറാണ് വില.
∙ രൂപയുടെ നഷ്ടം, സ്വർണത്തിനു തിളക്കം
യുദ്ധം രാജ്യാന്തര വിപണിയിലുണ്ടാക്കുന്ന പ്രതിസന്ധി ഇന്ത്യൻ കറൻസിയെയും രൂക്ഷമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ രൂപ 10 ശതമാനമാണ് ഈ വർഷം ഇടിവു നേരിട്ടത്. ഓഹരി വിപണിയിലേക്കു വീണ്ടും വലിയ തോതിൽ വിദേശ നിക്ഷേപമെത്തിയതിനെത്തുടർന്ന് സ്ഥിതി അൽപം മെച്ചപ്പെട്ടങ്കിലും ഡോളറിനെതിരെ 82.70 നിലവാരത്തിലാണ് രൂപയുടെ മൂല്യം. രാജ്യത്തെ സ്വർണവില നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകമാണ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം. രാജ്യത്തേക്ക് ആവശ്യമായതിന്റെ ഭൂരിഭാഗം സ്വർണവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണു രൂപയുടെ മൂല്യം സ്വർണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. സ്വർണവിലയിൽ കാര്യമായ കുറവുണ്ടാകണമെങ്കിൽ രൂപയുടെ മൂല്യവും മെച്ചപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ സ്വർണത്തിന്മേലുള്ള ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വത്തിൽ കാര്യമായ ഇടിവുണ്ടാകണം.
∙ കച്ചവടം കുറഞ്ഞു, വിൽപന കൂടി
വില ഉയർന്നതോടെ കേരളത്തിൽ സ്വർണാഭരണ വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. വില കൂടിയതോടെ സ്വർണം വിൽക്കാനെത്തിയവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവാഹാവശ്യത്തിനും മറ്റു ചടങ്ങുകൾക്കുമായി സ്വർണം വാങ്ങാനുള്ളവരാണ് ഇപ്പോൾ കടകളിലെത്തുന്നത്. സ്വർണത്തിനൊപ്പം വജ്രാഭരണങ്ങളുടെ വില ഉയർന്നതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. വെള്ളി വിലയിലും സാരമായ വർധനയുണ്ട്. കിലോഗ്രാമിന് 73,000 രൂപയാണു വില. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 4115 രൂപയായി ഉയർന്നിട്ടുണ്ട്. നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ 43000 രൂപയ്ക്കു മുകളിൽ ചെലവു വരുന്നുണ്ട്.
English Summary: Gold Price to Touch Record Price Yet Again?