ജിയോ 5ജി ഇന്നുമുതൽ കൊച്ചിയിലും
Mail This Article
ന്യൂഡൽഹി∙ റിലയൻസ് ജിയോയുടെ 5ജി സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിയിൽ ഇന്നു മുതൽ ഔദ്യോഗികമായി ലഭ്യമാകും. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നത് ജിയോ ആണ്. എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വർഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി. ജിയോ ട്രൂ 5ജിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 5.30ന് നിർവഹിക്കും.
സ്റ്റാൻഡ് എലോൺ പതിപ്പ്
സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്‍നൽ അയയ്ക്കുന്ന നോൺ–സ്റ്റാൻഡ് എലോൺ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂർണമായും കാര്യക്ഷമമല്ലാത്തതിനാൽ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് 'റിലയൻസ് ട്രൂ 5ജി'യിലുണ്ടാവുക.
എങ്ങനെ?
ജിയോ ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ സിം കാർഡ് മാറേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടായിരിക്കണം. പോസ്റ്റ്പെയ്ഡ് കണക‍്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. മൈ ജിയോ ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചുവെന്നർഥം. അതിൽ 'I'm interested' ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാം. ഫോണിന്റെ സെറ്റിങ്ങിങ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു തുറന്ന് ജിയോ സിം തിരഞ്ഞെടുക്കുക. ഇതിൽ 'പ്രിഫേർഡ് നെറ്റ്‍വർക് ടൈപ്പിൽ' 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളിൽ 5ജി ചിഹ്നം പ്രത്യക്ഷമാകും.