തകര്‍ച്ചയെ നയിച്ചത് അദാനിക്ക് കടം നല്‍കിയ ബാങ്കുകൾ; ഇനി ബജറ്റ്,യുഎസ് ഫെഡ്..; ചങ്കിടിച്ച് ഓഹരി വിപണി
കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുന്ന ആഴ്ച ഓഹരിവിപണിയുടെ ശ്രദ്ധ അതിനുമപ്പുറമുളള ആശങ്കകളിലേക്ക് തിരിയുന്ന സാഹചര്യം അപൂര്‍വമാണ്. അദാനി ഗ്രൂപ്പിനെതിരെ, അമേരിക്കയിലെ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് പൊട്ടിച്ച വെടിയുടെ പുക അടങ്ങിയിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗ് തൊടുത്തുവിട്ട 106 പേജ് ആരോപണങ്ങള്‍ക്ക് അദാനിയുടെ മറുപടിയും അദാനി കമ്പനികളുടെ ഓഹരിവില പോലെത്തന്നെയാണ്– 413 പേജ്. എന്നാല്‍ തങ്ങളുടെ മുഖ്യ ആരോപണങ്ങള്‍ക്കൊന്നും അദാനി മറുപടി നല്‍കിയിട്ടില്ലെന്ന് ഹിന്‍ഡര്‍ബര്‍ഗ് പറയുന്നു. ഈ യുദ്ധം നീണ്ടു പോകുന്നത് ഏതായാലും ഇന്ത്യന്‍ വിപണിക്കു നല്ലതല്ല. കേന്ദ്ര ബജറ്റിനു പുറമെ, യുഎസ്, യുകെ, യൂറോ മേഖല എന്നിവിടങ്ങളിലെ പലിശനിരക്കു പ്രഖ്യാപനം, ഇന്ത്യയും ചൈനയുമുള്‍പ്പെടെ പല രാജ്യങ്ങളിലെയും മാനുഫാക്ചറിങ്, സേവന മേഖലകളുടെ പിഎംഐ ഡേറ്റ, എസ്ബിഐ, എച്ച്ഡിഎഫ്സി, എൽ&ടി, ബജാജ് ഫിൻസെർവ് തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ എന്നിവയെല്ലാം ഈ വാരത്തെ സംഭവബഹുലമാക്കും. അതിനിടെ, ഒട്ടേറെ പ്രതിസന്ധികള്‍ക്കു നടുവിൽനിന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എപ്രകാരമുള്ളതായിരിക്കും എന്ന ചോദ്യം ബാക്കി. എന്താണ് ഇന്ത്യൻ ഓഹരി വിപണിയിലെ അവസ്ഥ? എന്തെല്ലാമാണ് അവിടെനിന്നുള്ള പ്രതീക്ഷകള്‍? വിശദമായി പരിശോധിക്കാം...

∙ ബജറ്റ് ജനപ്രിയമോ, വിപണിപ്രിയമോ?
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്‍പ് നിലവിലെ മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാനത്തെ പൂര്‍ണ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കാണുന്നത്. എന്നാല്‍ പൊതുജനം ബജറ്റിനെ കാണുന്നതും ഓഹരിവിപണി കാണുന്നതും പലപ്പോഴും ഏറെക്കുറെ പരസ്പരവിരുദ്ധ ദിശയിലാണ്. തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ജനപ്രിയ ബജറ്റ് പക്ഷേ ഓഹരിവിപണിക്ക് ഇഷ്ടമല്ല. സബ്സിഡികള്‍ കൂടുതലായി നല്‍കുന്നത് ഒട്ടും പഥ്യവുമല്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മാന്ദ്യം, വിലക്കയറ്റം, യുദ്ധം മൂലമുള്ള പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രതിസന്ധികള്‍ക്കു നടുവിലാണ് പുതിയ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഉറപ്പാക്കുകയും അതേസമയം വിലക്കയറ്റവും മറ്റും മൂലം ജനം നേരിടുന്ന പ്രയാസങ്ങള്‍ക്കു പരിഹാരം കാണുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്തമാണ് ധനമന്ത്രിക്കു മുന്നിലുള്ളത്.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ഇക്കണോമിക് സര്‍വ റിപ്പോര്‍ട്ട് ജനുവരി 31ന് പുറത്തുവരുമ്പോള്‍ ചിത്രം കുറച്ചുകൂടി വ്യക്തമാകും. ജിഡിപി വളര്‍ച്ച, ധനക്കമ്മി (fiscal deficit) എന്നിവ സംബന്ധിച്ച കണക്കുകള്‍ വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. ജിഡിപി വളര്‍ച്ചാ അനുമാനം 2023–24ല്‍ 6 ശതമാനത്തിനും 6.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് കരുതുന്നത്. ഭക്ഷ്യ, വളം സബ്സിഡി ഇനത്തില്‍ ചെലവു കുതിച്ചുയര്‍ന്നെങ്കിലും പ്രത്യക്ഷനികുതിയിനത്തിലും ജിഎസ്ടി വഴിയുമുള്ള വരുമാനം പ്രതീക്ഷിച്ചതിലും ഏറെ ലഭിച്ചതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി, ബജറ്റ് ലക്ഷ്യമായ 6.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ സൂചിപ്പിക്കുന്ന ധനക്കമ്മി ലക്ഷ്യം എത്രയായിരിക്കുമെന്നത് വിപണിയെ സ്വാധീനിക്കും. ഇത് 5.5–6% പരിധിയിലാകുമെന്നാണ് പൊതുവെ വിലയിരുത്തല്‍. എത്ര കുറയുന്നോ അത്രയും നല്ലത്. പൊതുമേഖല ബാങ്കുകളുടെ മൂലധന പര്യാപ്തത നിലവില്‍ നല്ല നിലയിലായതിനാല്‍ ഇത്തവണ പുനര്‍മൂലധനവല്‍ക്കരണത്തിനായി കൂടുതല്‍ തുക (capital infusion) ബജറ്റില്‍ നീക്കിവയ്ക്കേണ്ടിവരില്ലെന്നാണ് കരുതുന്നത്. 2023ല്‍ ഭക്ഷ്യസുരക്ഷയ്ക്കായുള്ള സബ്സിഡിയിനത്തില്‍ 2 ലക്ഷം കോടി രൂപ നീക്കിവയ്ക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നതിനാല്‍ പുതിയ സബ്സിഡി ഉണ്ടാകാനിടയില്ലെന്നും കരുതുന്നുണ്ട്.
വ്യക്തിഗത ആദായനികുതിയില്‍ ഇളവു നല്‍കുന്നത് ശമ്പളവരുമാനക്കാരുടെയും മറ്റും പണം കൂടുതലായി വിപണിയിലിറക്കുമെന്നതിനാല്‍ അത്തരം തീരുമാനം വിപണിക്ക് അനുകൂലമാണ്. എന്നാല്‍, സര്‍ക്കാരിന് ഏറ്റവും എളുപ്പത്തില്‍ പിരിച്ചെടുക്കാവുന്നതും ഉറപ്പുള്ളതുമായ ഈ വരുമാനത്തില്‍ വലിയ കുറവു വരുന്ന തീരുമാനം ധനമന്ത്രി സ്വീകരിക്കുമെന്നു വലിയ പ്രതീക്ഷ വയ്ക്കാത്തതാവും നല്ലത്. നടപ്പുവര്‍ഷം ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാരിനെ രക്ഷിച്ചത് ആദായനികുതിയില്‍ പ്രതീക്ഷിച്ചതിലേറെ വരുമാനം ലഭിച്ചതുമൂലമാണെന്നും ഓര്‍ക്കണം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട രീതിയില്‍ നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ ആദായനികുതിയിനത്തിലെ വലിയ വരുമാനവും നികുതി കുറയ്ക്കാതെ ഇന്ധനവില ഉയരത്തില്‍ നിലനിര്‍ത്തുന്നതു വഴിയുള്ള വരുമാനവും മൂലമാണ്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ശമ്പളവരുമാനക്കാരുള്‍പ്പെടെയുള്ള മധ്യവര്‍ഗത്തിന്റെ പ്രധാന്യം ഓരോ ബജറ്റിലും ധനമമന്ത്രി നിര്‍മല സീതാരാമന്‍ പ്രകീര്‍ത്തിക്കാറുണ്ടെന്നല്ലാതെ ഇളവുകള്‍ നല്‍കാറില്ല. ആദായനികുതി റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നത് കൂടുതല്‍ ലളിതമാക്കാനെന്ന പേരില്‍ ഇളവുകള്‍ എടുത്തുകളയുകയാണ് ഓരോ തവണയും ചെയ്യാറുള്ളത്. റിട്ടേണ്‍ ഫയലിങ് കൂടുതല്‍ ലളിതമാക്കുന്നു എന്നു കേട്ടാല്‍ നികുതിദായകര്‍ ഭയക്കുന്ന അവസ്ഥയാണിപ്പോള്‍.
2014ല്‍, മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ ബജറ്റില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ക്കു ശേഷം 8 വര്‍ഷമായി വ്യക്തിഗത ആദായനികുതിദായകര്‍ക്ക് ഇളവുകളൊന്നും ലഭിച്ചിട്ടില്ല. ഫലത്തില്‍ 9 വര്‍ഷത്തിനിടെ ശമ്പളവരുമാനക്കാരന്റെ വരുമാനം (വര്‍ഷം 8% വര്‍ധന വച്ച് കണക്കാക്കിയാല്‍) കഷ്ടിച്ച് ഒരു മടങ്ങ് വര്‍ധിച്ചിരിക്കാമെങ്കില്‍ അതിനുള്ള ആദായനികുതിയില്‍ വന്ന വര്‍ധനവ് പല മടങ്ങായിരിക്കും. 80 സി പ്രകാരമുള്ള ഇളവ് 2014ല്‍ ഒന്നര ലക്ഷം രൂപയായി ഉയര്‍ത്തിയ ശേഷം ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. അടിസ്ഥാന കിഴിവ് (standard deduction) എന്ന പേരില്‍ 50,000 രൂപ ഇളവു കൊണ്ടുവന്നെങ്കിലും ഇതിനു പകരം യാത്രാബത്തയിനത്തിലും (9600 രൂപ) മെഡിക്കല്‍ റീ ഇംപേഴ്സമെന്റ് ഇനത്തിലും (15,000) ലഭ്യമായിരുന്ന ഇളവുകള്‍ എടുത്തുകളഞ്ഞിരുന്നു. നികുതി നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള പുതിയ സ്കീം കൊണ്ടുവന്നെങ്കിലും അത് തിരഞ്ഞെടുക്കുന്നവര്‍ക്ക് 80 സിയും ഭവനവായ്പാ പലിശയുമുള്‍പ്പെടെയുള്ള ഇളവുകളൊന്നും ലഭിക്കില്ല എന്നതിനാല്‍ അത് ഭൂരിഭാഗം പേരും സ്വീകരിച്ചുമില്ല. ഇക്കാരണത്താല്‍ ഈ പുതിയ സ്കീം ആകര്‍ഷകമാക്കാന്‍ നടപടികളുണ്ടാകുമെന്നു പൊതുവെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 5 ലക്ഷം വരെയുള്ള വരുമാനത്തിന് പൂര്‍ണമായി നികുതി ഒഴിവാക്കണമെന്നും 30% നികുതി 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിനു മാത്രമാക്കണമെന്നും 80സി പ്രകാരമുള്ള ഇളവുകള്‍ രണ്ടര ലക്ഷം വരെയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ധനമന്ത്രിക്കു മുന്നിലുണ്ട്. ഇത്തരത്തിലുള്ള നീക്കമുണ്ടായാല്‍ ഓഹരിവിപണി അനുകൂലമായി പ്രതികരിക്കും. മൂലധന നേട്ടത്തിനുള്ള നികുതിയുടെ കാര്യത്തില്‍ അനുകൂല തീരുമാനങ്ങളുണ്ടായാലും വിപണി ആഘോഷമാക്കും.
∙ അദാനിയിലൊതുങ്ങാത്ത വിവാദം
കഴിഞ്ഞ വര്‍ഷമാണ് മൂല്യത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ പിന്തള്ളി ഇന്ത്യന്‍ ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് രണ്ടാം സ്ഥാനത്തെത്തിയത്. 2021ൽ 9.62 ലക്ഷം കോടി രൂപയായിരുന്ന അദാനി ഗ്രൂപ്പിന്റെ ആകെ വിപണിമൂല്യം 2022 അവസാനിച്ചപ്പോൾ 19.66 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. മുന്നിലുണ്ടായിരുന്നത് ടാറ്റാ ഗ്രൂപ്പ് മാത്രം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് കഴിഞ്ഞ ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. 2 ട്രേഡിങ് ദിനങ്ങള്‍ കഴിഞ്ഞ് ആഴ്ച അവസാനിച്ചപ്പോള്‍ അത് 15 ലക്ഷം കോടി രൂപയിലേക്ക് വീണു. ഈ ആഴ്ചയിലെ മൊത്തം കൂട്ടലും കിഴിക്കലും കഴിയുമ്പോള്‍ ഇതെവിടെച്ചെന്നു നില്‍ക്കുമെന്നു കണ്ടറിയണം.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ എത്രയോ ഉയരെയാണെന്ന കാര്യം ഹിന്‍ഡന്‍ബര്‍ഗ് പറയാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളുടെ ഓഹരിവില എപ്പോഴും അവയുടെ അപ്പോഴുള്ള യഥാര്‍ഥ മൂല്യത്തേക്കാള്‍ ഉയരത്തിലായിരിക്കും. ഭാവിയില്‍ പ്രതീക്ഷിക്കുന്ന മൂല്യമാണ് എപ്പോഴും ഓഹരിവിലയില്‍ പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ അദാനിയുടെ കമ്പനികള്‍ക്ക് വന്‍ വളര്‍ച്ചാസാധ്യതയുണ്ടെന്ന് നിക്ഷേപകന്‍ കരുതിയാല്‍ ഓഹരിവില കൂടുതലാണെന്ന വാദത്തിന് ഒരു പരിധിക്കപ്പുറം പ്രസക്തിയില്ലാതാകും. എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങള്‍ ഇതിലൊതുങ്ങുന്നതല്ല. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വസനീയമായ വിധം ഉത്തരം നല്‍കാന്‍ അദാനിക്ക് കഴിയുന്നില്ലെങ്കില്‍ അത് അദാനി ഗ്രൂപ്പ് കമ്പനികളെയോ അവര്‍ക്കു കടം നല്‍കിയ ബാങ്കുകളെയോ മാത്രം ബാധിക്കുന്ന പ്രശനമല്ല. ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെയും അവയെ നിയന്ത്രിക്കുന്ന സെബി പോലുള്ള പ്രസ്ഥാനങ്ങളുടെയും വിശാസ്യതയാണ് ചോദ്യം ചെയ്യപ്പെടുക. ഇക്കാരണത്താലാണ് ഓഹരി സൂചികകളില്‍ മൊത്തത്തില്‍ ഇടിവു പ്രകടമാകുന്നത്.
30 കമ്പനികളുടെ മാത്രം സൂചികയായ സെന്‍സെക്സില്‍ അദാനി ഗ്രൂപ്പ് കമ്പനികളൊന്നുമില്ല. അദാനി കമ്പനിയുടെ മാത്രം വിലയിടിഞ്ഞാല്‍ സെന്‍സെക്സില്‍ പ്രതിഫലിക്കില്ലെന്നര്‍ഥം. 50 കമ്പനികളുടെ സൂചികയായ നിഫ്റ്റിയില്‍ അദാനി ഗ്രൂപ്പില്‍നിന്ന് അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്സും മാത്രമേയുള്ളൂ. എന്നിട്ടും ഓഹരിസൂചികകള്‍ മൊത്തത്തില്‍ ഇടിഞ്ഞത് കോര്‍പറേറ്റ് മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്നമായതിനാലാണ്. അദാനി ഗ്രൂപ്പിന് കടം നല്‍കിയ ബാങ്കുകളാണ് തകര്‍ച്ചയെ നയിച്ചത്. അദാനി പവര്‍ (32,328 കോടി രൂപ), അദാനി ഗ്രീന്‍ (20,664 കോടി രൂപ), അദാനി എന്റര്‍പ്രൈസസ് (17,945 കോടി രൂപ), അദാനി പോര്‍ട്സ് (5,183 കോടി രൂപ), അദാനി ട്രാന്‍സ്മിഷന്‍(5,155 കോടി രൂപ) എന്നീ കമ്പനികള്‍ക്കായി 81,305 കോടി രൂപയാണ് ബാങ്കുകള്‍ കടം നല്‍കിയിരിക്കുന്നത്. കൂടുതലും നല്‍കിയതാവട്ടെ എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും. എല്‍ഐസി 30,127 കോടി രൂപ അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തെ വിലയിടിവിനു മുന്‍പ് ഇതിന്റെ മൂല്യം 75,000 കോടി രൂപയോളമായിരുന്നു. വെള്ളിയാഴ്ചത്തെ ക്ലോസിങ് പ്രൈസില്‍ ഇത് 56,142 കോടി രൂപവരും. അപ്പോഴും എല്‍ഐസിയുടെ നിക്ഷേപം 26,015 കോടി രൂപ(86.35%) ലാഭത്തിലാണ്. വരുംദിനങ്ങളില്‍ ഇതെവിടെയെത്തുമെന്ന് പറയാനാകില്ല. എന്തായാലും അദാനി വിവാദം സംബന്ധിച്ച വെള്ളം കലങ്ങിത്തെളിയുന്നതുവരെ നിക്ഷേപകര്‍ കരുതലോടെയിരിക്കുന്നതാവും ഉചിതം, ചുരുങ്ങിയത് ഈയാഴ്ചയെങ്കിലും.
∙ അദാനി എഫ്പിഒയ്ക്ക് എന്തു സംഭവിക്കും
അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒയ്ക്ക് (ഫോളോ ഓണ്‍ പബ്ലിക് ഓഫറിങ്) അപേക്ഷിക്കാനുള്ള സമയം ജനുവരി 31നു കഴിയുകയാണ്. ഇതിനു 3112–3276 എന്ന വിലപരിധി നിശ്ചയിക്കുമ്പോള്‍ വിപണിയില്‍ ട്രേഡിങ് നടന്നുകൊണ്ടിരുന്ന ഓഹരിയുടെ വില ഇതിലും 10 ശതമാനത്തിലേറെ മുകളിലായിരുന്നു. എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ തകര്‍ന്ന അദാനി എന്റര്‍പ്രൈസസിന്റെ വില വെള്ളിയാഴ്ച (ജനുവരി 27) ക്ലോസ് ചെയ്തത് (2671.45) എഫ്പിഒയ്ക്ക് നിശ്ചയിച്ച താഴ്ന്ന വിലപരിധിയിലും 351 രൂപ താഴെയാണ്. 13 ശതമാനത്തോളം കുറവ്. ഇത്രയെങ്കിലും തുകയുടെ വര്‍ധന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവിലയില്‍ വരാത്ത പക്ഷം എഫ്പിഒയ്ക്ക് അപേക്ഷകരില്ലാതെ പരാജയപ്പെട്ടേക്കാം. പുതിയ സാഹചര്യത്തിലും എഫ്പിഒ വിലപരിധി താഴ്ത്തില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
∙ വിൽപന തുടർന്ന് വിദേശ നിക്ഷേപകർ
ഈ വര്‍ഷം ജനുവരിയില്‍ കഴിഞ്ഞയാഴ്ച വരെ വിദേശ നിക്ഷേപകർ (എഫ്ഐഐ) 29,232.29 കോടി രൂപയുടെ ഓഹരികള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 5977.86 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഇന്ത്യന്‍ വിപണി നേട്ടമുണ്ടാക്കിയ ദിനങ്ങളിലും അവര്‍ വില്‍പനക്കാരുടെ റോളിലായിരുന്നു. ഇന്ത്യന്‍ വിപണിക്കു വില കൂടുതലാണെന്ന വാദത്തിനു പുറമെ ചൈനീസ് വിപണി ആകര്‍ഷകമാകുന്നതും ഇതിനു കാരണമാകാം. എങ്കിലും ഹിന്‍ഡന്‍ബര്‍ഗ് പൊട്ടിക്കാനിരിക്കുന്ന വെടിയെ സംബന്ധിച്ച് വിദേശ നിക്ഷേപകര്‍ക്കു നേരത്തേ സൂചനയുണ്ടായിരുന്നോ എന്നു സംശയം തോന്നിയാലും തെറ്റുപറയാനാകില്ല.
∙ പലിശവര്‍ധനവില്‍ ലാഭം കൊയ്ത് ബാങ്കുകള്‍
കഴിഞ്ഞയാഴ്ച ഓഹരിവിപണി തകര്‍ന്നടിയുന്നതിനിടയിലും ഒട്ടേറെ കമ്പനികള്‍ മികച്ച മൂന്നാം പാദ പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവച്ചു. ഒട്ടു മിക്ക ബാങ്കുകളും വന്‍ ലാഭമാണ് നേടിയത്. ആര്‍ബിഐ പലിശനിരക്കുയര്‍ത്തിയതാണ് ബാങ്കുകളുടെ ലാഭത്തില്‍ കുതിപ്പുണ്ടാക്കിയത്. വായ്പകളുടെ പലിശയില്‍ വരുത്തിയ അതേ അനുപാതത്തില്‍ ഒരു ബാങ്കും നിക്ഷേപത്തിനു പലിശ വര്‍ധിപ്പിച്ചിരുന്നില്ലെന്നതാണ് കാരണം. ആക്സിസ് ബാങ്കിന്റെ മൂന്നാം പാദ അറ്റാദായം 62% വര്‍ധിച്ച് 5,853 കോടി രൂപയായി. പലിശ വരുമാനത്തില്‍ 32% വര്‍ധനയുണ്ട്. കാനറാ ബാങ്കിന്റെ ലാഭം 92% കൂടി. പലിശവരുമാനത്തിലെ വര്‍ധന 24% ആണ്. ഐഡിബിഐ ബാങ്കിന്റെ ലാഭം 60% വര്‍ധിച്ച് 927 കോടി രൂപയായി. പലിശവരുമാനത്തില്‍ 23% വര്‍ധനയുണ്ട്. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പാദഫലമാണിത്. യുകോ ബാങ്കിന്റെ അറ്റാദായം 110% കൂടി. ഇന്ത്യന്‍ ബാങ്കിന്റെ ലാഭം 102% വര്‍ധിച്ച് 1,396 കോടി രൂപയായി. എസ്ബിഐ കാര്‍ഡിന് 32% ലാഭവര്‍ധനയുണ്ട്. എന്നാല്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ലാഭത്തില്‍ 44% ഇടിവാണുണ്ടായത്.
രാജ്യത്തെ ഏറ്റവും വലിയ ഓട്ടമൊബീല്‍ കമ്പനിയായ മാരുതിയുടെ അറ്റാദായം 129.7% വര്‍ധിച്ച് 2391 കോടി രൂപയായി. കാറുകളുടെ വില വര്‍ധിച്ചതും അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതുമാണ് വലിയ നേട്ടത്തിലേക്കു നയിച്ചത്. തുടര്‍ച്ചയായ 7 പാദങ്ങളിലെ നഷ്ടത്തിനു ശേഷം ടാറ്റാ മോട്ടോഴ്സ് ഡിസംബര്‍ പാദത്തില്‍ 3,043 കോടി രൂപ ലാഭത്തിലായി. ബജാജ് ഓട്ടോയുടെ ലാഭം 3% വര്‍ധിച്ച് 1473 കോടി രൂപയായി. കയറ്റുമതിയില്‍ 50 ശതമാനത്തോളം ഇടിവുണ്ടായതാണ് വലിയ നേട്ടമുണ്ടാകാതെ പോയതിനു കാരണം.
മാസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സിന്റെ ലാഭം 68.7% വര്‍ധിച്ചു. ഡിഎല്‍എഫിന്റെ ലാഭം 36.8% വര്‍ധിച്ച് 519.21 കോടി രൂപയായി. എന്നാല്‍, ആകെ വരുമാനത്തില്‍ 1,560 കോടിയുടെ ഇടിവാണുണ്ടായത്. ഡോ. റെഡ്ഡീസ് ലാബിന്റെ അറ്റാദായം 77% വര്‍ധിച്ചപ്പോള്‍ സിപ്ല 10 ശതമാനവും ടോറന്റ് ഫാര്‍മ 14ശതമാനവും ലാഭമുണ്ടാക്കി. ഈയാഴ്ച പുറത്തുവരാനിരിക്കുന്ന പ്രവര്‍ത്തനഫലങ്ങളില്‍ എച്ച്ഡിഎഫ്സി, എസ്ബിഐ, എൽ&ടി, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്സ്, ബിപിസിഎൽ, സിഎസ്ബി ബാങ്ക്, എക്സൈഡ്, ഗെയിൽ, ലോറസ് ലാബ്സ്, എസിസി, ബ്ലൂസ്റ്റാർ, കാർബോറൻഡം, കോൾ ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, ഗോദ്റേജ് കൺസ്യൂമർ, ഇന്ത്യൻ ഹോട്ടൽ, ഐഒസി, ജിൻഡാൽ സ്റ്റീൽ, പവർഗ്രിഡ്, സൺ ഫാർമ, ടിടികെ പ്രസ്റ്റീജ്, അശോക് ലെയ്‌ലാൻഡ്, ബ്രിട്ടാനിയ, ജൂബിലന്റ് ഫൂഡ്, ടാറ്റാ കെമിക്കൽസ്, അപ്പോളോ ടയേഴ്സ്, ബെർജർ പെയിന്റ്സ്, ഡാബർ, ദീപക് ഫെർട്ടിലൈസേഴ്സ്, ജിഐസി ഹൗസിങ്, ഗോദ്റെജ് പ്രോപ്പർട്ടീസ്, ടാറ്റാ കൺസ്യൂമർ, ബാങ്ക് ഓഫ് ബറോഡ, ഡിവിസ് ലാബ്, ഐടിസി, കാൻസാസ് നെറോലാക്, മണപ്പുറം, മാരികോ, ടാറ്റാ പവർ തുടങ്ങിയവ ഉള്‍പ്പെടും.
∙ പത്തില്‍ 9 പേര്‍ക്കും ട്രേഡിങ്ങില്‍ നഷ്ടമെന്ന് സെബി
∙ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍ വിഭാഗത്തില്‍ ട്രേഡിങ് നടത്തിയ വ്യക്തിഗത നിക്ഷപകരില്‍ 90% പേര്‍ക്കും നഷ്ടമാണ് സംഭവിച്ചതെന്ന് സെബി റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് ട്രേഡിങ്ങിലെ റിസ്ക് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളും മുന്നറിയിപ്പുകളും നല്‍കുന്നതിന് ബ്രോക്കിങ് ഏജന്‍സികള്‍ക്കും എക്സ്ചേഞ്ചുകള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുമെന്നും സെബി വ്യക്തമാക്കി. 2019 മുതല്‍ 22 വരെയുള്ള വ്യക്തികളുടെ ട്രേഡിങ് സംബന്ധിച്ച് മറ്റൊരു സ്ഥാപനത്തിന്റെ സഹായത്തോടെ സെബി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
∙ 2023 കലണ്ടര്‍ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നേരത്തേ കണക്കാക്കിയിരുന്ന 6 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറയുമെന്ന് യൂണൈറ്റഡ് നേഷന്‍സ് റിപ്പോര്‍ട്ട്. ഉയര്‍ന്ന പലിശനിരക്ക്, വികസിതരാജ്യങ്ങളിലെ മാന്ദ്യം എന്നിവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, 2023–24 സാമ്പത്തിക വര്‍ഷം വളര്‍ച്ച 6% ആയി തുടരുമെന്നും പറയുന്നു.
∙ ഇന്ത്യന്‍ ഓഹരിവിപണി ടി+2 സെറ്റില്‍മെന്റ് സംവിധാനത്തില്‍നിന്ന് ടി+1 സംവിധാനത്തിലേക്ക് മാറി. ഇതോടെ ട്രേഡിങ് നടക്കുന്നതിന്റെ തൊട്ടടുത്ത ദിവസം ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ രേഖപ്പെടുത്തും. നേരത്തേ, ഓഹരിവാങ്ങിയതിന്റെ മൂന്നാം ദിനമായിരുന്നു അത് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നത്. ഇനി ഓഹരി വില്‍പന നടത്തിയാല്‍ 24 മണിക്കൂറിനകം പണം അക്കൗണ്ടിലെത്തിക്കാം. ടി+1 സെറ്റില്‍മെന്റ് നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യ.
∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനില്‍, രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) വായ്പ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഞായറാഴ്ച പെട്രോളിന് 35 രൂപ കൂട്ടിയതോടെ പെട്രോള്‍ വില 249.80 രൂപയായി. ഡീസലിനും മണ്ണെണ്ണയ്ക്കുമെല്ലാം ആനുപാതികമായി വില കൂട്ടിയിട്ടുണ്ട്. പലിശ നിരക്കിലും വര്‍ധന വരുത്തിയിരുന്നു. 24 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ് പാക്കിസ്ഥാനിലെ പലിശനിരക്കുകള്‍. ഐഎംഎഫിന്റെ വായ്പ വ്യവസ്ഥകള്‍ പാലിക്കാനായി കടുത്ത നടപടികളാണ് അവിടെ നടക്കുന്നത്. 2019ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരാണ് 600 കോടി ഡോളറിന്റെ ഐഎംഎഫ് വായ്പ പദ്ധതിക്കു തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം അത് 700 കോടി ഡോളറായി ഉര്‍ത്തി. ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ഐഎംഎഫ് സംഘം സാമ്പത്തിക പിന്തുണ പാക്കേജ് വ്യവസ്ഥകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനിലുണ്ടാകും.
∙ യുഎസ് പലിശനയം മയപ്പെടുമോ?
യുഎസ്, യുകെ, യൂറോ മേഖലകളിലെ പലിശനിരക്കു വര്‍ധന സംബന്ധിച്ച തീരുമാനം ഈയാഴ്ച വരാനിരിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും 0.5% പലിശ വര്‍ധിപ്പിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. യുഎസിലെ പലിശനിരക്കു വര്‍ധന 0.25 ശതമാനത്തിലേക്ക് ഒതുങ്ങുമോ എന്ന നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ ചില ഗവര്‍ണര്‍മാര്‍ കഴിഞ്ഞ മാസം ഇത്തരം സൂചനകള്‍ നല്‍കിയിരുന്നു. തുടർച്ചയായി 4 തവണ മുക്കാൽ ശതമാനം വീതം പലിശ ഉയർത്തിയ ശേഷം കഴിഞ്ഞ തവണ വർധന അര ശതമാനത്തിലൊതുക്കിയിരുന്നു. നിലവിൽ 4.5 ശതമാനത്തിലെത്തി നിൽക്കുന്ന പലിശനിരക്ക് 2023ൽ 5 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ നാലാം പാദത്തില്‍ യുഎസ് ജിഡിപി 2.9% വളര്‍ച്ച രേഖപ്പെടത്തി. ഇത് 206% ആയി കുറഞ്ഞേക്കുമെന്നു വിലയിരുത്തലുണ്ടായിരുന്നു. മൂന്നാം പാദത്തില്‍ 3.2% ആയിരുന്നു ജിഡിപി വളര്‍ച്ച.
∙ ടെക്നിക്കൽ നിലവാരങ്ങൾ
കഴിഞ്ഞയാഴ്ച ആഗോള വിപണികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നപ്പോഴാണ് ഇന്ത്യന്‍ വിപണികള്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. ബജറ്റിനു മുന്നോടിയായുള്ള നേരിയ ആശങ്കകള്‍ക്കു പുറമേ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കൂടിയായതോടെ തകര്‍ച്ച പൂര്‍ണമാകുകയായിരുന്നു. ഒരു മാസത്തിലേറെക്കാലം സംരക്ഷിക്കപ്പെട്ട 17,750 നിലവാരം നിഫ്റ്റി സൂചികയില്‍ ഭേദിക്കപ്പെട്ടതോടെ 17,800–18,000 നിലവാരം കടുത്ത സമ്മര്‍ദ മേഖലയായി മാറും. ബജറ്റ് തീരുമാനങ്ങളാകും വിപണിയുടെ അടുത്ത ദിശ തീരുമാനിക്കുന്നതിലെ മുഖ്യ ഘടകം. അദാനി വിവാദത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരുന്ന ഓരോ നീക്കവും വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. ബുധനാഴ്ച ബജറ്റ് അവതരണം കഴിഞ്ഞാലും വ്യാഴാഴ്ച യുഎസ് ഫെഡ് പണനയ തീരുമാനം വരാനിരിക്കുന്നത് വിപണിക്കു ചങ്കിടിപ്പുണ്ടാക്കും.
നിഫ്റ്റിയുടെ അടുത്ത ശക്തമായ പിന്തുണമേഖലയായ 17,400 തിങ്കളാഴ്ച (ജനുവരി 30ന്) സംരക്ഷിക്കപ്പെട്ടത് പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും 17,400നു താഴെ ഒരു ദിനമെങ്കിലും നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചാല്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ 17,300– 17,100 നിലവാരത്തിലേക്കും 17000ത്തിനു താഴേക്കും വരെ നിഫ്റ്റി ഇറങ്ങാനുള്ള സാധ്യത മുന്നില്‍ കാണണം. വിപണിയില്‍ ബജറ്റ് ശക്തമായ അനുകൂല തരംഗമുണ്ടാക്കിയാല്‍ മാത്രമേ 18,000ത്തിനു മുകളിലേക്കുള്ള നീക്കം പ്രതീക്ഷിക്കാനാകുകയുള്ളൂ. ബജറ്റ് ദിനത്തില്‍ പലപ്പോഴും വന്‍ ചാഞ്ചാട്ടം പതിവുള്ളതാണ്. ഇത്തവണ ബജറ്റിനു പുറമേ വിപണിയെ വലിയ രീതിയില്‍ സ്വാധീനിക്കാവുന്ന മറ്റു ഘടകങ്ങള്‍ കൂടിയുള്ളതിനാല്‍ വലിയ പൊസിഷനുകള്‍ സൃഷ്ടിക്കാതിരിക്കുന്നതാകും സുരക്ഷിതം.
(ലേഖകന്റെ ഇമെയിൽ: sunilkumark@mm.co.in)
English Summary: Adani Controversy, Union Budget, US Policy...; What to Expect in Indian and World Stock Markets this Week