ത്രെഡ്സ് ആപ്പ് കോപ്പിയടി: നിയമയുദ്ധത്തിന് ട്വിറ്റർ
Mail This Article
ത്രെഡ്സ് ആപ്പ് ട്വിറ്ററിന്റെ വ്യാപാരരഹസ്യങ്ങൾ മോഷ്ടിച്ചെന്ന ആരോപണവുമായി നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. അടിമുടി ട്വിറ്ററിനെ അനുകരിക്കുന്ന മെറ്റയുടെ ത്രെഡ്സ് ഇന്നലെ പുറത്തിറങ്ങി ഒരു മണിക്കൂർ കൊണ്ട് 10 ലക്ഷം ഉപയോക്താക്കളെ നേടിയിരുന്നു. ഇതിനോടകം 5 കോടിപ്പേർ ത്രെഡ്സിൽ അംഗങ്ങളായി.
ട്വിറ്ററിലെ മുൻ ജീവനക്കാരുടെ സഹായത്തോടെ കമ്പനിയുടെ വ്യാപാരരഹസ്യങ്ങൾ ത്രെഡ്സ് വികസിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് നിയമലംഘനമാണെന്നും കാണിച്ച് ട്വിറ്റർ അഭിഭാഷകൻ അലക്സ് സ്പിറോയാണ് മെറ്റ മേധാവി മാർക്ക് സക്കർബർഗിനു കത്തയച്ചത്. മെറ്റ ട്വിറ്ററിൽ നിന്നു ഉപയോക്താക്കളുടെ വിവരങ്ങളും ട്വീറ്റുകളും വൻതോതിൽ പകർത്തിയതായും കത്തിൽ ആരോപണമുണ്ട്. അതേ സമയം, ട്വിറ്റർ പലവട്ടം അനുകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ട്വിറ്ററിനു പകരമാകാൻ ആർക്കും കഴിയില്ലെന്ന് ട്വിറ്റർ സിഇഒ ലിൻഡ യാകരിനോ ട്വീറ്റ് ചെയ്തു. ഇന്നലെ ട്വിറ്റർ ട്രെൻഡിങ് പട്ടികയിൽ ഒന്നാമത് #Threads ആയിരുന്നു എന്നതും കൗതുകമായി.