യുപിഐ വഴി വായ്പ ഉടൻ

Mail This Article
ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏപ്രിലിലെ ആർബിഐ പണനയസമിതിക്കു പിന്നാലെ നടത്തിയ പ്രഖ്യാപനം സംബന്ധിച്ചാണ് ഇന്നലെ വിജ്ഞാപനമിറക്കിയത്. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ നമ്മുടെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. യുപിഐ വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി, കാലാവധി അടക്കമുള്ളവ ബാങ്കുകൾക്ക് നിശ്ചയിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
എങ്ങനെ?
നിലവിൽ ബാങ്ക് അക്കൗണ്ടുമായോ റുപേയ് ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ചോ ആണ് യുപിഐ ഇടപാടുകൾ. ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനു പകരം ഇനി യുപിഐ തന്നെ ഒരു വെർച്വൽ ക്രെഡിറ്റ് കാർഡായി പ്രവർത്തിക്കും. അതായത് ബാങ്ക് നൽകുന്ന വായ്പ യുപിഐ വഴി നമുക്ക് ലഭിക്കും. കാർഡ് ഉപയോഗിക്കുന്നതിനു പകരം ക്രെഡിറ്റ് തുക യുപിഐ വഴി വിനിമയം ചെയ്യാം.
ഗുണം?
ഒട്ടേറെ കാർഡ് കൊണ്ടുനടക്കുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല, കാർഡ് സ്വൈപ് ചെയ്യാൻ സൗകര്യമില്ലാത്തയിടങ്ങളിലും വായ്പയായി ലഭിച്ച തുക എളുപ്പത്തിൽ ഉപയോഗിക്കാം. ധനകാര്യ സ്ഥാപനങ്ങൾക്ക് കാർഡുമായി ബന്ധപ്പെട്ട സാങ്കേതികസംവിധാനങ്ങൾ പരിപാലിക്കുന്നതിനുള്ള ചെലവും കുറയും. കാർഡ് ഇഷ്യു ചെയ്യുന്ന വീസ, മാസ്റ്റർകാർഡ് തുടങ്ങിയ കമ്പനികളിന്മേലുള്ള ആശ്രയത്വം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.