ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചി മറൈൻ ഡ്രൈവിനു സമീപം മാത്രം 1800 കോടി വിലമതിക്കുന്ന ഭൂമിയുണ്ടായിട്ടും ഹൗസിങ് ബോർഡിന്റെ ആകെ ആസ്തിമൂല്യം രേഖകളിൽ ഇപ്പോഴും 900 കോടി മാത്രം! ഹൗസിങ് ബോർഡ് ഭൂമിയിലെ പദ്ധതികൾക്കു വായ്പാ വാഗ്ദാനവുമായി വൻകിട ബാങ്കുകൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ സ്വത്തുവകകളുടെ പുനർമൂല്യനിർണയം നടത്താൻ ബോർഡ് തീരുമാനിച്ചു. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ജില്ലകളിലുമായി 180 ഏക്കറോളം സ്ഥലവും 16 ലക്ഷം ചതുരശ്രയടി കെട്ടിടവുമുണ്ടെന്നാണ് ഏകദേശ കണക്ക്. കൃത്യമായ കണക്കെടുപ്പിനും പുനർമൂല്യനിർണയത്തിനുമായി ഏജൻസിയെ കണ്ടെത്തി.  ഇരുപതു വർഷം മുൻപാണ് ഒടുവിൽ മൂല്യനിർണയം നടത്തിയത്.

ഈ വർഷം മാത്രം 100 കോടിയോളം രൂപ ചെലവുള്ള 10 ഹൗസിങ് പദ്ധതികൾക്കു ബോർഡ് തുടക്കമിട്ടു. മുന്നൂറോളം സർക്കാർ പദ്ധതികളും ഏറ്റെടുത്തു. ഇതിനു പുറമേയാണു മറൈൻ ഡ്രൈവിലെ 17.9 ഏക്കർ സ്ഥലത്തു രാജ്യാന്തര പ്രദർശനകേന്ദ്രം, വാണിജ്യ–പാർപ്പിട സമുച്ചയം എന്നിവയുൾപ്പെടുന്ന ബൃഹദ് പദ്ധതി. ബോർഡിനു പണച്ചെലവില്ലാത്ത പദ്ധതിയിൽ, ടെൻഡറിലൂടെ കണ്ടെത്തുന്ന ഡവലപ്പർ ഇവിടെ കെട്ടിടം നിർമിക്കും. ബോർഡിന് ഏകദേശം 3500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. 

മറൈൻ ഡ്രൈവ് പദ്ധതി യോഗ്യരായ ഡവലപ്പറെ കണ്ടെത്തി പൂർത്തിയാക്കുന്നതിന് നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനു(എൻബിസിസി)മായി ഹൗസിങ് ബോർഡ് ധാരണാപത്രം ഒപ്പിട്ടു. കെട്ടിടങ്ങൾ ഒഴിച്ചുള്ള ഭൂമിയുടെ പൂർണമായ ഉടമസ്ഥാവകാശം ബോർഡിനായിരിക്കും. പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസിയായ എൻബിസിസിക്കു പദ്ധതിത്തുകയുടെ 5.5 ശതമാനമാണു കൺസൽട്ടൻസി ഫീസ്. പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ സാന്നിധ്യത്തിൽ എൻബിസിസി ചീഫ് ജനറൽ മാനേജർ പ്രദീപ് ശർമ, ഹൗസിങ് ബോർഡ് സെക്രട്ടറി ബി.അബ്ദുൽ നാസർ എന്നിവരാണ് ഒപ്പിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com