ADVERTISEMENT

തമിഴ് കറികളിലാകെ കായം, ചൈനീസ് കറികളിലോ കാപ്സിക്കം കൊണ്ടുള്ള കളി. ഏത് കറി രുചിച്ചാലും കായം അല്ലെങ്കിൽ കാപ്സിക്കം എന്നു ചിലരുടെ പരാതി. സാമ്പാറിലാകുന്നു കായത്തിന്റെ പെരുങ്കളിയാട്ടം. സാമ്പാറിന്റെ മണം തന്നെ കായത്തിൽ നിന്നാണ്. സാമ്പാറിലും രസത്തിലും പിന്നെ മുളക്–വാഴയ്ക്കാ ബജികളിലും മറ്റും കായം പൊടി ശകലമേ ഇടുന്നുള്ളുവെങ്കിലും അതിന്റെ കച്ചവടം ചില്ലറയല്ല. കായം സഞ്ചിയുമായി സാധനം വാങ്ങാൻ പോകുന്നത് തമിഴ്നാട്ടിൽ പഴയ കാഴ്ചയാണ്. എത്രയോ സിനിമകളിലും കണ്ടിരിക്കുന്നു. കായം സഞ്ചിയിൽ സർവസാധനങ്ങളും കുത്തി നിറച്ച് നാടൻ സ്യൂട്ട്കെയ്സായും ഉപയോഗിക്കും. 

എൻഎസ്–എൽജി കായം ബ്രാൻഡുകളുടെ സഞ്ചിയാണ് അങ്ങനെ പേരെടുത്തത്. കായം സഞ്ചി പിന്നെ പണ സഞ്ചിയായി. കായം സഞ്ചിയിൽ പണം ഇട്ടുവച്ചാൽ അഭിവൃദ്ധിയുമുണ്ടാകും, കൂടുതൽ പണം വരും എന്ന വിശ്വാസം തന്നെ ഉണ്ടായിരുന്നത്രേ. അതെന്തായാലും എസി നീൽസൺ എന്ന റീട്ടെയിൽ വിപണി ഗവേഷണ കമ്പനിക്കാര് കേരളത്തിൽ വർഷം 100 കോടിയുടെ കായം വിൽക്കുന്നുണ്ടെന്നു കണ്ടെത്തിയപ്പോഴാണ് വൻകിട കമ്പനിക്കാരുടെ പോലും കണ്ണുതള്ളിയത്. വമ്പൻ കറിപ്പൊടി–മസാല കമ്പനിക്കാരുടെ പോലും ശ്രദ്ധയിൽപ്പെടാതെ പമ്മിക്കിടക്കുകയായിരുന്നു കായം. 

അതോടെ ആ 100 കോടിയിൽ നിന്നു കുറച്ചു കോടികൾ നമ്മുടെ പെട്ടിയിലേക്കും വരുത്തണമെന്ന ചിന്ത പടർന്നു. അങ്ങനെ കായം ബിസിനസിലേക്ക് പലരും കാലെടുത്തു വച്ചിരിക്കുകയാണ്. പമ്മിക്കിടക്കുക എന്നതു വെറുതെ പറഞ്ഞതല്ല. കേരളത്തിൽ അങ്ങനെ ഒട്ടേറെ ബിസിനസുകൾ പമ്മിയിരിക്കുന്നുണ്ട്. ശ്...ശ്..ശ്... പബ്ലിസിറ്റി വേണ്ട! ജനം അറിഞ്ഞാൽ അസൂയക്കാരുണ്ടാവും, രാഷ്ട്രീയ പാർട്ടികൾ സംഭാവനയ്ക്കു വരും, ജീവനക്കാർ ബോണസ് കൂടുതൽ ചോദിക്കും... അങ്ങനെ പല തൊന്തരവുകൾ പേടിച്ച് മനഃപൂർവം ‘ലോ പ്രൊഫൈൽ’ സൂക്ഷിക്കുന്ന കമ്പനികളും അവരുടെ ഉടമകളായ വേന്ദ്രൻമാരുമുണ്ട്.

തമിഴ്നാട്ടിലും ‘പാവം’ അഭിനയിക്കുന്ന കമ്പനിക്കാർ ഒരുപാടുണ്ട്. വാർഷിക വിറ്റുവരവ് 100 കോടി, പക്ഷേ, മുതലാളിക്കു ചെറിയൊരു വീട്, അല്ലെങ്കിൽ ഓഫിസിന്റെ മുകളിലത്തെ നിലയിൽ താമസം, വെള്ള ഷർട്ടും മുണ്ടും കോട്ടൺ സാരിയും മറ്റും വേഷം, ഭക്ഷണം ഇഡ്ഡലി, സാമ്പാർ, തൈർ സാദം...! ഭയങ്കര ലാളിത്യം.! ഈസ്റ്റേൺ പോലെ പ്രമുഖ കമ്പനി കായം വിപണനം തുടങ്ങിയിട്ട് അധികനാളായിട്ടില്ലെങ്കിലും വർഷം ആറേഴ് കോടി വിറ്റുവരവായി. 25 കോടിയിലെത്തിക്കാം എന്നാണ് വിലയിരുത്തൽ. വേറെ പലരും അതു പോലെ കായം വച്ച് മനക്കോട്ടകൾ കെട്ടുന്നുണ്ടാവണം.

ഒടുവിലാൻ∙ എന്ത് വിജയിക്കുന്നു എന്നു കണ്ടാലും അതിലേക്കു കൂട്ടത്തോടെ എടുത്തു ചാടുന്ന മലയാളി സ്വഭാവം വച്ച് പലരും ഇനി കായത്തിലേക്ക് ചാടും. ഒടുവിൽ മുടക്കിയ കാശ് കടലിൽ കായം കലക്കിയ പോലെ ആകാതിരുന്നാൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com