പുതിയ പദ്ധതികളും ബ്രാൻഡിങ്ങുമായി അസറ്റ് ഹോംസ്

മാനേജിങ് ഡയറക്ടർ വി.സുനിൽ കുമാർ അസറ്റ് ഹോംസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നു. ഡയറക്ടർ എൻ.മോഹനൻ, ചീഫ് ടെക്നിക്കൽ ഓഫിസർ മഹേഷ്, ചീഫ് മാർക്കറ്റിങ് ഓഫിസർ സജെം എസ്., ചീഫ് ഫിനാൻഷ്യൽ ഓഫിസർ ദീപക് തോമസ്, ചീഫ് സെയിൽസ് ഓഫിസർ മുഹമ്മദ് ഫറൂഖ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സേവിയർ പി.പി., അസറ്റ് ഡിലൈറ്റ് ഹെഡ് അഞ്ജു വേണുഗോപാൽ, കൊച്ചി ബ്രാഞ്ച് ഹെഡ് സുനിൽദാസ് എന്നവർ സമീപം.

കൊച്ചി∙ കേരളത്തിലെ പ്രമുഖ ബിൽഡർമാരിലൊന്നായ അസറ്റ് ഹോംസ് മുതിർന്ന പൗരന്മാർക്കും യുവാക്കൾക്കുമായി പ്രത്യേക ഭവനനിർമാണ പദ്ധതികളുൾപ്പെടെ നാല് പുതിയ ആശയങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ ഭവനനിർമ്മാണ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാനുതകുന്ന പദ്ധതികളാണ് ഇതിലൂടെ അസറ്റ് ഹോംസ് അവതരിപ്പിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ വി. സുനിൽകുമാർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ഉപഭോക്താക്കളുടെ ജീവിതസംബന്ധിയായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള തികച്ചും നവീനമായ ആശയങ്ങളാണ് ഇവ. മുതിർന്ന പൗരന്മാർക്കായി വിഭാവനം ചെയ്യുന്ന ‘അസിസ്റ്റഡ് ലിവിങ്ങിന്റെ' ലോകോത്തര മാതൃകകൾ, ആദ്യജോലി നേടുമ്പോൾ തന്നെ സ്വന്തമായൊരു ഭവനം എന്ന യുവാക്കളുടെ സങ്കൽപ്പം സാക്ഷാത്കരിക്കുവാനായി നൂറ് ചതുരശ്ര അടിയിൽ ഒതുങ്ങുന്ന സെൽഫ് കണ്ടെയിൻഡ് സെൽഫീ അപ്പാർട്മെന്റുകൾ, ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിൽ അഫോർഡബിൾ ഹൗസിങ് പ്രോജക്ടുകൾ, ഒൗറ, ലക്ഷൂറിയ, എക്സോട്ടിക, അസറ്റ് പ്ലസ് എന്നിങ്ങനെ നാല് വിഭിന്ന ശ്രേണികളിൽ കേരളത്തിലെ 14 സുപ്രധാന നഗരങ്ങളിലായി ഇരുപതോളം ഭവനപദ്ധതികൾ എന്നിവയാണ് വരും സാമ്പത്തിക വർഷത്തിലേക്കായി അസറ്റ് ഹോംസ് ആസൂത്രണം ചെയ്യുന്നത്.

യുവതലമുറയ്ക്കായി 96 ചതുരശ്ര അടിയുള്ള 10 ലക്ഷത്തിൽ താഴെവിലവരുന്ന സെൽഫി അപ്പാർട്മെന്റുകൾ കൊച്ചി, ബെംഗളൂരു, പുണെ എന്നീ നഗരങ്ങളിലാണ് ആസൂത്രണം ചെയ്യുന്നത്. സീനിയർ ലിവിങ്ങിന്റെ മാതൃകകൾ തിരുവല്ല, വൈക്കം, വടക്കാഞ്ചേരി, മൈസൂർ എന്നീ നഗരങ്ങളിലാണ് വരുന്നത്. തിരുവല്ലയിലാണ് അസിസ്റ്റഡ് ലിവിങ്ങിന്റെ ആദ്യ പദ്ധതി. സീനിയർ ലിവിങ് വീടുകൾ നിർമിക്കുന്നതിന് അന്താരാഷ്ട്ര ആർക്കിടെക്ച്ചർ കമ്പനിയായ പെർകിൻസ് ഇൗസ്റ്റ്മാനുമായി അസറ്റ് ഹോംസ് കരാർ ഒപ്പുവെച്ചിട്ടുണ്ട്. കനേഡിയൻ കമ്പനിയായ ബെയ്ക്രെസ്റ്റ് സെന്ററിനാണ് ഇൗ പ്രോജക്ടുകളുടെ മെയിന്റനൻസ് ചുമതല.

തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളിലാണ് അഫോർഡബിൾ ഹൗസിംഗ് പ്രോജക്ടുകൾ നിർമിക്കുക. കോയമ്പത്തൂർ, ഇൗറോഡ്, തിരുനെൽവേലി, ട്രിച്ചി, വിജയവാഡ, വിശാഖപട്ടണം, ഹോസൂർ, ഹൂഗ്ലി, ബെൽഗാം, മംഗലാപുരം എന്നിവിടങ്ങളിലാണ് യൂണിറ്റിന് 25 ലക്ഷം രൂപ വില വരുന്ന അഫോർഡബിൾ ഹൗസിങ് പദ്ധതികൾ ആരംഭിക്കുന്നത്.

ഒരു കേരള റിയൽ എസ്റ്റേറ്റ് ബ്രാൻഡ് എന്ന നിലയിൽനിന്ന് ഒരു ദേശീയ കോർപ്പറേറ്റ് ബ്രാൻഡ് എന്ന വളർച്ചയിലേക്കുള്ള കുതിപ്പിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത അസറ്റിന്റെ പുതിയ ലോഗോയും സുനിൽകുമാർ അവതരിപ്പിച്ചു. പദ്ധതികൾ കൃത്യസമയത്ത് പൂർത്തീകരിച്ച് കൈമാറുക, ഉന്നതമായ ഗുണനിലവാരം കാത്തുസൂക്ഷിക്കുക, ഉപഭോക്താവിന്റെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുക, സമൂഹത്തോടും പ്രകൃതിയോടും നിയമവ്യവസ്ഥകളോടുമുള്ള പ്രതിബദ്ധത പുലർത്തുക എന്നീ നാല് വിശ്വാസ പ്രമാണങ്ങളാണ് അസറ്റ് എന്ന ബ്രാൻഡിന്റെ അടിസ്ഥാന ശിലകൾ. ഇൗ മൂല്യങ്ങളിലൂടെ അസറ്റ് പ്രതിനിധാനം ചെയ്യുന്നത് പ്രതിബദ്ധതയുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

റെഡ്, ഗോൾഡ് എന്നീ നിറങ്ങളിലുള്ള പുതിയ ലോഗോയിലെ താക്കോൽ സുരക്ഷിതത്വത്തെ കുറിക്കുന്നു. കൃത്യതയാർന്ന ഡെലിവറിയും ഗുണമേന്മയും ബ്രാൻഡിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമേകുന്നു എന്ന ആശയമാണ് ഇതിലൂടെ വിനിമയം ചെയ്യുന്നത്. ലോഗോയിലെ പടർന്നു നിൽക്കുന്ന മരം തണൽ, ആശ്രയം, സുസ്ഥിരത എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയും സാമൂഹ്യ ഉത്തരവാദിത്തങ്ങളിലൂടെയും ഉപഭോക്താവിന്റെയും പ്രകൃതിയുടെയും വരും തലമുറകളുടെയും താൽപര്യങ്ങളെ ബ്രാൻഡ് സംരക്ഷിക്കുന്നു എന്നാണത് അർഥമാക്കുന്നതെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.