എക്സ്ചേഞ്ച് ഓഫറിന് ശേഷമെന്ത്...?

എന്തും ഏതിനോടും എക്സ്ചേഞ്ച്. ഗൃഹോപകരണ വിപണിയിലെ പുതിയ ട്രെൻഡ്. വർഷങ്ങളായി ഉപയോഗിക്കുന്ന റഫ്രിജറേറ്ററും ടെലിവിഷനും വാഷിങ് മെഷീനും എന്തിന് നോൺ സ്റ്റിക് പാത്രങ്ങളും പ്രഷർ കുക്കറും വരെ എക്സ്ചേഞ്ച് ചെയ്ത് പുതിയവ വാങ്ങാം.
എന്നാൽ സാധാരണ കരുതുന്നതുപോലെ ഇവയ്ക്കൊന്നും പുനരുപയോഗമില്ല. ഇതെല്ലാം ചെന്നെത്തുന്നത് ആക്രിക്കച്ചവടക്കാരുടെ പക്കൽ.

ഓരോ ഉൽപന്നത്തിലുമുള്ള മെറ്റലും ഇരുമ്പും ചെമ്പും വേർതിരിച്ചെടുക്കുന്നതിലാണ് ഈ കച്ചവടത്തിന്റെ ലാഭം. മുൻപ് എക്സ്ചേഞ്ചായി ലഭിച്ചിരുന്ന ടെലിവിഷനും റഫ്രിജറേറ്ററും വാഷിങ് മെഷീനുമൊക്കെ എത്തിയിരുന്നത് തമിഴ്നാട്ടിലാണ്. കേടുപാടുകൾ തീർത്ത് ഉപയോഗിക്കാവുന്ന രൂപത്തിലാക്കി വീണ്ടും ഇവ വിപണിയിലെത്തിയിരുന്നു.

എന്നാൽ ഇത്തരം വ്യാപാരത്തിനുള്ള സാധ്യത മങ്ങിയതോടെയാണ് ഇതെല്ലാം ആക്രി സാധനങ്ങളായി മാറിയത്. തമിഴ്നാട്ടിൽ വില കുറച്ച് ടിവിയും റഫ്രിജറേറ്ററും സർക്കാർ വിൽപന നടത്തിയതാണ് ഈ ഉൽപന്നങ്ങളുടെ ‘രണ്ടാം വിപണി’ സാധ്യതയ്ക്ക് മങ്ങലേൽപിച്ചത്. പുതിയ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ, പഴയവ ബാധ്യതയായി മാറുമെന്നതാണ് എക്സ്ചേഞ്ച് ഓഫറിന്റെ സാധ്യത കൂട്ടുന്നത്.

വൈദ്യുതി ഉപയോഗം കുറവുള്ള ഉൽപന്നങ്ങൾ വിപണി കീഴടക്കിയതും പഴയകാല ഉൽപന്നങ്ങൾ കയ്യൊഴിയാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതായി ഗൃഹോപകരണ വിതരണക്കാരായ ബിസ്മിയുടെ എംഡി അജ്മൽ പറയുന്നു. എന്നാൽ അധികം കേടുപാടുകൾ ഇല്ലാത്ത ഉൽപന്നങ്ങൾ പുതുമയുള്ളതാക്കി സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾ എന്ന പേരിൽത്തന്നെ കച്ചവടം നടത്തുന്നവരും ഉണ്ട്. ഗ്രാമപ്രദേശങ്ങളിൽ തവണ വ്യവസ്ഥയിലാണ് ഇതു വിറ്റഴിക്കുന്നത്.

എൽഇഡി ടിവി, മ്യൂസിക് സിസ്റ്റം തുടങ്ങി എന്റർടെയ്ൻമെന്റ് ഉൽപന്നങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽ ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് വൈറ്റ് മാർട്ട് എംഡി ജെറി മാത്യു പറയുന്നു. സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾ എന്ന പേരിൽത്തന്നെ ഉൾനാടൻ ഗ്രാമങ്ങളിലാണ് ഇവ അധികം വിറ്റഴിയുന്നത്.

എക്സ്ചേഞ്ച് ഉൽപന്നങ്ങളിൽനിന്ന് സ്പെയർ പാർട്ടുകൾ വേർതിരിച്ചെടുത്ത് വിൽപന നടത്തുന്നതാണ് മറ്റൊരു രീതി. പഴയ റഫ്രിജറേറ്ററുകൾ ഐസ് ബോക്സാക്കി മാറ്റുന്ന മൽസ്യ വ്യാപാരികളുമുണ്ട്. എക്സ്ചേഞ്ച് വിപണിയുടെ പ്രാധാന്യം കണ്ട്, ഇപ്പോൾ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന എക്സ്ചേഞ്ച് ഓഫറാണ് മിക്ക വിതരണക്കാരും നൽകുന്നത്.