ശരീരം തളർന്ന ബാബു സഹായം തേടുന്നു
Mail This Article
കലവൂർ ∙ അപകടത്തിൽ ശരീരം തളർന്ന ബാബു വേലഞ്ചിറ (59) ചലനശേഷി നഷ്ടപ്പെട്ടവരുടെ സംഘടനയുമായി മുന്നോട്ട് പോകവേ ബാബുവിനെ കിടപ്പിലാക്കി മറ്റൊരു രോഗവും, ചികിത്സ ചെലവിന് പോലും മാർഗമില്ലാതെ വിഷമിക്കുന്നു. ആര്യാട് പഞ്ചായത്ത് 16ാം വാർഡ് തുമ്പോളി വേലംപറമ്പിൽ ബാബു 37 വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ സ്വകാര്യ നിർമാണ കമ്പനിയിൽ ജോലി ചെയ്യവേ കെട്ടിടത്തിന് മുകളിൽ നിന്നു വീണാണ് അരയ്ക്ക് താഴെ തളർന്നത്. തുടർന്ന് നാട്ടിലെത്തി തുമ്പോളിയിൽ ടെലിഫോൺ ബൂത്ത് നടത്തി പരാശ്രയം കൂടാതെ ജീവിക്കുകയും ഒപ്പം ചലനശേഷി നഷ്ടപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതിന് രൂപീകരിച്ച സിദ്ധ എന്ന സംഘടനയുടെ സെക്രട്ടറിയുമായി പ്രവർത്തിക്കുകയായിരുന്നു.
സംഘടനയിലൂടെ നിരവധി ഭിന്നശേഷിക്കാർക്ക് വിവിധ സഹായഉപകരണങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലായതിനാൽ നെഞ്ചിന് താഴോട്ട് അണുബാധയുണ്ടാവുകയും പഴുക്കുകയും ചെയ്തു. വേദന അറിയാത്തതിനാൽ ഏറെ വൈകിയാണ് ഇത് മനസ്സിലാക്കിയത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും രണ്ട് പ്രധാന ശസ്ത്രക്രിയകളും നടത്തി.
ഇപ്പോൾ കമിഴ്ന്ന് മാത്രമേ കിടക്കാനാവൂ. ദിവസവും ആയിരം രൂപയോളം മരുന്നുകൾക്ക് ആവശ്യമാണ്. ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കാം. അനാഥനായ ബാബു അവിവാഹിതനാണ്. നേരത്തെ പൂങ്കാവിൽ ഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ് കടയും ഉണ്ടായിരുന്നു. എന്നാൽ ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതോടെ കട നഷ്ടമായി. ഇപ്പോൾ വരുമാന മാർഗങ്ങളൊന്നുമില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നത്. ഭാരിച്ച ചികിത്സ ചെലവിന് വഴി കാണാതെ വിഷമിക്കുന്ന ബാബുവിനെ സഹായിക്കുവാൻ നാട്ടുകാർ ചേർന്ന് ചികിത്സ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകൾക്ക് ബാബുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാം.
അക്കൗണ്ട് നമ്പർ 33033827835.
ഐഎഫ്എസ്‌സി കോഡ്–എസ്ബിഐഎൻ0008187.
എസ്ബിഐ, കൊമ്മാടി ശാഖ.
ഫോൺ: 9961040326.