അണ്ടർ–19 ക്രിക്കറ്റ്: ഇന്ത്യ ഫൈനലിൽ

കൊൽക്കത്ത ∙ സുന്ദർ വാഷിങ്ടണിന്റെ ഓൾറൗണ്ട് മികവിൽ ബംഗ്ലദേശിനെതിരെ നാലു വിക്കറ്റ് ജയം നേടിയ ഇന്ത്യ അണ്ടർ–19 ത്രിരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഫൈനൽ ഉറപ്പാക്കി. ജയിക്കാൻ 223 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 48.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സുന്ദർ പിന്നീട് 50 റൺസെടുത്തു ബാറ്റിങ്ങിലും തിളങ്ങി. ഉജ്വല തുടക്കമായിരുന്നു ഇന്ത്യയുടേത്.

ഓപ്പണർ റിഷാഭ് പന്ത് 26 പന്തുകളിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സറുമായി 51 റൺസെടുത്തു. ഇഷാൻ കിഷൻ 14 പന്തുകളിൽ 24 റൺസ് നേടി. രണ്ടു പേരും ചേർന്നു 33 പന്തുകളിൽ 67 റൺസെടുത്തു. എന്നാൽ പിന്നീട് നാലു വിക്കറ്റിന് 116 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട ഇന്ത്യൻ ടീമിനെ സുന്ദറും അമൻദീപ് ഖാരെയും(41) ചേർന്നാണ് രക്ഷപ്പെടുത്തിയത്.