ഡൽഹി അശോകാ റോഡിലെ ഹൗസ് നമ്പര്‍ 44- പ്രേതബാധയുള്ളതിനാൽ മന്ത്രിമാരും എംഎൽഎമാരും താമസിക്കാൻ മടിക്കുന്ന ഒരു പ്രേത ബംഗ്ളാവ്. ചമ്പല്‍ക്കാടുകളെ വിറപ്പിച്ച കൊള്ളക്കാരിയിൽനിന്ന് രാഷ്ട്രീയക്കാരിയായിമാറി ഒടുവില്‍ 2001 ജൂലായ് 25ന് വെടിയേറ്റു മരിച്ച സാക്ഷാൽ ഫൂലൻ ദേവിയുടെ പ്രേതമാണ് ഇവിടെയുള്ളതെന്നാണ് കഥകൾ. സത്യത്തിൽ ഇവിടെ പ്രേതമുണ്ടോ?,
മരിച്ചിട്ടും ലോകം വിട്ടുപോകാത്തവരുടെ ആത്മാക്കളാണ് പ്രേതമെങ്കിൽ ഫൂലൻ ദേവിയുടെ പ്രേതം ഇവിടെയുണ്ട്. കാരണം ചമ്പൽ റാണിയുടെ മരണത്തെ ചൂഴ്ന്ന് ഇപ്പോഴും ദുരൂഹതയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. തന്റെ വംശത്തിൽപ്പെട്ടവരെ വെടിവെച്ച് വീഴ്ത്തിയ കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ഷേര്‍ സിംഗ് റാണ എന്ന രജപുത്രന്‍ നല്‍കിയ വധശിക്ഷയായിരുന്നുവോ ആ മരണം? അതോ മറ്റുവല്ല രാഷ്ട്രീയക്കളികളും സ്വത്തിനും പദവിക്കും വേണ്ടിയുള്ള ചരടുവലികളും ആ മരണത്തിനു പിന്നിലുണ്ടോ?
'ഗ്രേറ്റ് ലെജൻഡറി ഹീറോ ഷേർസിംഗ് റാണ' രജപുത്രരുടെ ഒരു ബ്ലോഗിലെ വാക്കുകളാണിത്. 1981ല്‍ ഫൂലന്‍ ബെഹ്‌മായികളെ വധിച്ചതിനുള്ള പ്രതികാരമായിട്ടാണ് താന്‍ ഫൂലന്‍റെ ജീവനെടുത്തതെന്ന് ഷേര്‍സിംഗ് റാണ പറഞ്ഞതായി ഉത്തരാഞ്ചല്‍ പൊലീസ് വെളിപ്പെടുത്തി. കൃത്യം നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി ഷേര്‍സിംഗ് റാണ സമ്മതിച്ചു. അതില്‍ ഒരാള്‍ മീററ്റുകാരനായ ബന്ധു രവീന്ദര്‍ സിംഗ് ആണെന്നും അയാള്‍ പറഞ്ഞു.
22 ബെഹ്മായികളെ ഫൂലന്‍ദേവിയും സംഘവും കൊലപ്പെടുത്തുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും റാണ പറഞ്ഞു. തനിക്ക് ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു - ഒന്ന് ഫൂലന്‍ ദേവിയെ വധിക്കുക, രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുക.
ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍സിംഗ് റാണ തന്റെ മൊഴി പിന്നീട് മാറ്റിപ്പറഞ്ഞു. ബെഹ്മായികളെ ഫൂലന്‍ വധിച്ചതിനുള്ള പ്രതികാരമായല്ല താന്‍ കൊല ചെയ്തതെന്നും തന്നെ വഴിവിട്ട് സഹായിക്കാന്‍ തയ്യാറാവാഞ്ഞത് മൂലമാണെന്നുമാണ് റാണ പിന്നീട് നല്‍കിയ മൊഴി. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി താന്‍ ഫൂലന് വന്‍തുക നല്‍കിയെങ്കിലും അവരതിന് തയ്യാറാവാഞ്ഞത് മൂലമാണ് ഫൂലനെ കൊല്ലാന്‍ താന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു.
ഷേര്‍സിംഗ് റാണ അധികം വൈകാതെ തീഹാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. സിനിമാ സ്റ്റൈലിലാണ് റാണ ജയിലില്‍ നിന്ന് പുറത്തുചാടിയത്. ഉത്തരാഞ്ചല്‍ പൊലീസാണെന്ന് പറഞ്ഞെത്തിയ ഷേര്‍സിംഗ് റാണയുടെ കൂട്ടാളികള്‍ റാണയെ ജയിലിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഉത്തരാഞ്ചല്‍ കോടതിയിലേക്ക് കൊണ്ടുപോവുന്നതിനായി ഉത്തരാഞ്ചലില്‍ നിന്നും പൊലീസുകാരെത്തിയപ്പോഴാണ് റാണ രക്ഷപ്പെട്ടതായി കണ്ടെത്തിയത്. വീണ്ടും റാണ പിടിയിലായി, കോടതി ജീവപര്യന്തം ശിക്ഷ നൽകുകയും ചെയ്തു.
ഫൂലനെ വെടിവച്ച തോക്ക് ഫോറന്‍സിക് പരിശോധനയ്ക്കു മുന്‍പ് എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി? സംശയമുണര്‍ത്തുന്ന നിരവധി ചോദ്യങ്ങള്‍ ഇന്നും ഉയര്‍ന്നുകേള്‍ക്കുന്നു. നവാസുദ്ദീൻ സിദ്ദിഖി റാണയുടെ ആത്മകഥയെ അടിസ്ഥാനമാക്കി സിനിമ ചെയ്യാനെത്തിയിരുന്നു. റാണയെ ഇതിനായി തിഹാർ ജെയിലിൽ കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ അജ്‍ഞാതമായ കാരണങ്ങളാൽ ആ ചിത്രം മുടങ്ങിപ്പോയി.