Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാടിനെ വിറപ്പിച്ച ഓട്ടോ ശങ്കർ

auto-shankar

വർഷം 1988.

മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ മരണശേഷം ഗവർണർ ഭരണത്തിലായ തമിഴ്നാട്ടിൽ, ഗവർണറായ പി.സി. അലക്സാണ്ടറെ കാണാൻ ഒരു കൂട്ടം ഗ്രാമീണരെത്തി. മദ്രാസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ തിരുവാൻമിയൂരിൽനിന്നുള്ളവരായിരുന്നു അവർ. നിവേദനവും നിലവിളിയുമായി എത്തിയ അവരെ ജീവനക്കാർ ഗവർണറുടെ മുന്നിലെത്തിച്ചു.

തങ്ങളുടെ പെൺമക്കളെ കാണാനില്ലെന്ന പരാതിയായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. പലരെയും കാണാതായിട്ട് മാസങ്ങളായി. പൊലീസ് നടപടിയെടുക്കുന്നില്ല. പരാതി നൽകിയവരെ ആക്ഷേപിച്ച് തിരിച്ചയക്കുന്നു. ഡിഐജിയായിരുന്ന (ചെന്നൈ റേഞ്ച്) ജാഫർ അലിക്ക് ഗവർണർ അന്വേഷണത്തിന് നിർദേശം നൽകി. പുതിയ അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടു. ഇൻസ്പെക്ടർമാരായ തങ്കമണി, രംഗനാഥൻ(പല്ലവം സർക്കിൾ) സബ് ഇൻസ്പെക്ടർ സുബ്രമണ്യൻ, ശെങ്കനി, കോൺസ്റ്റബിൾമാരായ രാജൻ ബാബു, നടരാജൻ, ദേവദാസ്, പെരുമാൾ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

തിരുവാൻമിയൂരിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പെൺകുട്ടികളെ കാണാതായത് ജനങ്ങളിൽ ഭീതിപടർത്തിയിരുന്നു. ജനങ്ങൾ സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തിയെങ്കിലും ആരെക്കു‌റിച്ചും വിവരം ലഭിച്ചില്ല. പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നവരെ‌ക്കുറിച്ചോ, പെൺകുട്ടികളോടൊപ്പം അവസാനമായി കണ്ടവരെക്കുറിച്ചോ ഒരു സൂചനയും ലഭിച്ചില്ല. പ്രേതങ്ങളാണ് പെൺകുട്ടികളെ കൊന്നതെന്ന കഥ ഗ്രാമീണവാസികളുടെ ഭയം ഇരട്ടിയാക്കി.  

ഒടുവിൽ പരാതി പൊലീസിന് മുന്നിലെത്തി. പെൺകുട്ടികളെ വീട്ടുകാർ തന്നെ പെൺവാണിഭസംഘങ്ങൾക്ക് വിൽപ്പന നടത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. പക്ഷേ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. ഗ്രാമീണവാസികൾ പരാതിയുമായി സ്ഥിരമായി സ്റ്റേഷനിലെത്തിയതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി. അന്വേഷണം കാര്യമായി മുന്നേറിയില്ല. ഗവർണറു‌ടെ നിർദേശമനുസരിച്ച് പുതിയ സംഘമെത്തിയതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. ഇതിനിടെ ഭർത്താവിനെ കാണാനില്ലെന്നുകാട്ടി സമ്പത്തെന്ന യുവാവിന്റെ ഭാര്യയുടെ പരാതിയും 1988 ജൂൺ മാസം പൊലീസിന് ലഭിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

1988 ഡിസംബർ മാസത്തിൽ പൊലീസിന് ഒരു പുതിയ പരാതി ലഭിച്ചു. വൈൻ ഷോപ്പിനുമുന്നിൽ ഒരു ഓട്ടോൈഡ്രവർ തന്നെ തട്ടികൊണ്ടുപൊകാൻ ശ്രമിച്ചതായി ഒരു പെൺകുട്ടിയാണ് പരാതി നൽകിയത്. പരാതി ലഭിച്ചതോടെ പൊലീസ് ഉണർന്നു, തിരച്ചിൽ ആരംഭിച്ചു. പെൺകുട്ടികളെ കാണാതാകുന്നതുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സ്വാഭാവികമായും സംശയിച്ചു.

ഇന്നത്തെ‌ പോലെ വികസിത പ്രദേശമായിരുന്നില്ല തിരുവാൻമിയൂർ. മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്ന കടലോരഗ്രാമം. പൊട്ടിപൊളിഞ്ഞ ടാറിടാത്ത റോഡുകൾ. 1970കളിൽ മദ്യനിരോധനം വന്നതോടെ തിരുവാൻമിയൂർ വാറ്റിന്റെ കേന്ദ്രമായി. ചാരായവും കള്ളും സുലഭമായി ഒഴുകി. ചെന്നൈ നഗരപ്രാന്തത്തിൽ ഒരു വലിയ അധോലോക സംഘത്തിന്റെ വളർച്ച ആരംഭിക്കുകയായിരുന്നു.

മദ്യഷോപ്പിനു മുന്നിലാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വൈൻഷോപ്പുകളിലും അതിന്റെ പിന്നാമ്പുറങ്ങളിലും പൊലീസ് രഹസ്യമായി അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥർ മദ്യപൻമാരായി വേഷം മാറിയെത്തി വാർത്തകൾ ചോർത്തികൊണ്ടിരുന്നു. ആഴ്ച്ചകൾക്കുശേഷം ആദ്യമായി ആ പേര് പൊലീസുകാരുടെ കാതിലെത്തി-ഓട്ടോ ശങ്കർ.

ഗൗരി ശങ്കർ എന്നായിരുന്നു ഓട്ടോ ശങ്കറിന്റെ യഥാർഥ പേര്. 1955 ജനുവരി 21ന് ജനനം. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലക്കാരൻ. അച്ഛനും അമ്മയും വേർപിരിഞ്ഞശേഷം ജീവിതമാർഗം തേടിയാണ് ഓട്ടോ ശങ്കർ മദ്രാസ് നഗരത്തിലേക്കെത്തുന്നത്. ആദ്യം പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് റിക്ഷാതൊഴിലാളിയായി. മദ്യനിരോധനം വന്നതോടെ ചാരായം കടത്തലിന്റെ അനന്ത സാധ്യതകൾ ശങ്കറിന് മുന്നിൽ തെളിയുകയായിരുന്നു. സമാന ചിന്താഗതിക്കാരുമായി  കൂട്ടുചേർന്ന ശങ്കർ  തിരുവാൻമിയൂരിൽനിന്നും ചെന്നൈ നഗരത്തിലേക്ക് ചാരായമൊഴുകി. സാമ്പത്തിക നേട്ടമുണ്ടായപ്പോൾ ഓട്ടോയിൽ ചാരായം കടത്തൽ തുടങ്ങി.കച്ചവടം ലാഭകരമായതോടെ ഒരു അധോലോക സംഘത്തിന് രൂപം നൽകി അയാൾ സ്വയം രാജാവായി അവരോധിതനായി. 

അധോലോക നായകനായി വളർന്ന ശങ്കറിന് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒരു കാര്യം മനസിലായി. ചാരായ വിൽപ്പനയേക്കാൾ ലാഭം പെൺവാണിഭമാണ്. ഇതോടെ ശങ്കർ കളംമാറ്റിച്ചവിട്ടി. ഇളയസഹോദരൻ മോഹൻ, ബന്ധു എൽഡിൻ, ശിവജി, ജയവേലു, രാജരാമൻ, രവി, പളനി, പരമശിവം തുടങ്ങിയവരിലൂടെ സംഘം വളർന്നു. തിരുവാൻമിയൂരിലെ പെരിയാർ നഗറിൽ പെൺവാണിഭത്തിനായി നിരവധി കുടിലുകൾ ശങ്കർ സജ്ജീകരിച്ചു. മദ്രാസ് നഗരത്തിലെ പ്രധാന റോഡുകളിൽ ലോഡ്ജുകൾ, രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും പൊലീസുകാർക്കുമായി ഇടപാടുകൾ- 1980ൽ ശങ്കറിന്റെ വളർച്ച ആരംഭിച്ചു. 

ശങ്കറെന്ന വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതോടെ പൊലീസ് ജാഗ്രതയിലായി. ശങ്കറുമായി നേരത്തെ പരിചയം ഉണ്ടായിരുന്ന, ശങ്കറിന്റെ സ്വഭാവരീതികൾ അറിയാമായിരുന്ന ആരിയെന്ന പൊലീസുകാരെനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. ‘ശങ്കറിന്റെ സ്ഥലത്ത് ശങ്കറിനെ പിടികൂടുക പ്രയാസകരമാണ്’- ആരി മുന്നറിയിപ്പ് നൽകി. അന്വേഷണത്തിന്റെ  തുടക്കത്തിൽ തന്നെ ഇക്കാര്യം സത്യമാണെന്നു പൊലീസിന് മനസിലായി. തീരദേശമേഖലയിലേക്ക് ശങ്കറിെന അന്വേഷിച്ച് ചെല്ലാനാകില്ല. ശങ്കർ നൽകുന്ന മദ്യത്തിനും പെണ്ണിനും പണത്തിനും വിധേയരായി നിൽക്കുന്ന ഒരു വലിയ ജനത. വൈൻ ഷോപ്പുകളിലും മത്സ്യത്തൊഴിലാളികൾക്കിടയിലും എന്തിന് പൊലീസിൽപോലും ശങ്കറിന്റെ ചാരൻമാർ. സഹായത്തിന് വലിയ ഗുണ്ടാസംഘം. 

അന്വേഷണ സംഘത്തിലെ യുവാക്കളായ പൊലീസ് ഉദ്യോഗസ്ഥർ വെല്ലുവിളി ഏറ്റെടുത്ത് കടലോരമേഖലയിലേക്കിറങ്ങി. പെൺകുട്ടികളെ ആവശ്യമുണ്ടെന്ന വ്യാജേന അവർ തീരദേശമേഖലയിൽ കറങ്ങി. എന്നാൽ, ശങ്കർ അജ്‍ഞാതനായി നിന്നു. ഒടുവിൽ ആദിവസം വന്നെത്തി. മദ്യലഹരിയിലായിരുന്ന ശങ്കറിന്റെ അടുത്ത സുഹൃത്ത് ഒരു രഹസ്യ പൊലീസുകാരന്റെ വലയിലായി. പെൺകുട്ടിയെ വേണമെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം മദ്യലഹരിയിൽ ആയാൾ താൽപര്യപൂർവ്വം കേട്ടുനിന്നു, ഒടുവിൽ താവളത്തിലേക്ക് കൊണ്ടുപോയി.

‘ദുരൂഹത നിറഞ്ഞ, ദുർഗന്ധം വമിക്കുന്ന അന്തരീക്ഷം. എന്തൊക്കെയോ അരുതാത്തത് അവിടെ നടക്കുന്നു’ - തിരികെയെത്തിയ പൊലീസുകാകാരൻ താൻ നേരിൽ കണ്ട കാര്യങ്ങളുടെ വിവരണം പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. പിറ്റേദിവസം ശങ്കറിന്റെ സുഹൃത്ത് പൊലീസ് പിടിയിലായി. അയാൾ പ്രധാന ചില വിവരങ്ങൾ പൊലീസിന് കൈമാറി. പിന്നാലെ ഓട്ടോ ശങ്കറും സംഘവും പൊലീസിന്റെ വലയിലായി. ശങ്കർ ഒന്നും ഒളിച്ചില്ല. ചോദ്യം ചെയ്യലിൽ കൊലപാതകങ്ങളെക്കുറിച്ച് അയാൾ തുറന്നുപറഞ്ഞു.

വയലൻസ്, െസെക്സ് സിനിമകളോട് വല്ലാത്ത അഭിനിവേശമായിരുന്നു ശങ്കറിന്. പോലീസിനും നാട്ടുകാർക്കും അയാൾ കയ്യയച്ച് സഹായം നൽകിയിരുന്നു. ശങ്കറിന്റെ കാർ കടന്നുപോകുമ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകിയിരുന്നതായി അക്കാലത്ത് കഥകൾ പ്രചരിച്ചിരുന്നു. ശങ്കർ ഉപയോഗിച്ചിരുന്നത് മുൻ ഡിഐജിയുെട കാറായിരുന്നു. ആ കാറിലായിരുന്നു മദ്യക്കടത്തും. 

ശങ്കറിനെ വെളിപ്പെടുത്തലുകൾകേട്ട് പൊലീസ് ഞെട്ടി. പുറംലോകം ശങ്കറിന്റെ ക്രൂരതകളെക്കുറിച്ച് അറിഞ്ഞുതുടങ്ങി. ലതികയെന്ന പെൺകുട്ടിയായിരുന്നു ശങ്കറിന്റെ ആദ്യ ഇര. ശങ്കറിന്റെ പെൺവാണിഭ സംഘത്തിലുണ്ടായിരുന്ന ലതിക സംഘത്തിെലതന്നെ അംഗമായ ചുടലമുത്തുവുമായി ഒളിച്ചോടിയത് ശങ്കറിനെ പ്രകോപിപ്പിച്ചു. ഇവരെ തന്ത്രപൂർവ്വം വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു.

ജഗദീശ്വരി എന്ന യുവതിയെയാണ് ശങ്കർ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഗീത സുന്ദരിയെ വിവാഹം കഴിച്ചു. അവരുടെ ആത്മഹത്യയ്ക്കുശേഷമാണ് ലളിതയുമായി പരിചയപ്പെടുന്നത്. ലളിതയും തന്റെ സംഘാംഗമായ ചുടലയും സ്വന്തമായി പെൺവാണിഭ ബിസിനസ് ആരംഭിച്ചത് ശങ്കറിന് ഇഷ്ടപ്പെട്ടില്ല. തന്റെ സാമ്രാജ്യത്തിലേക്കുള്ള കടന്നുകയറ്റമായി ആയാളതിനെ കണ്ടു. ലളിതയെ കൊന്ന് ദിസവസങ്ങൾക്കുശേഷം സുഹൃത്തായ ചുടലയെ ഭക്ഷണം കഴിക്കാനായി ശങ്കർ  വീട്ടിലേക്ക് വിളിച്ചു. ലളിതയെ അന്വേഷിച്ച ചുടലയോട് ഒരു വിപിഐയുമായി ഇന്ത്യമൊത്തം ചുറ്റിക്കാണുന്നതിന് പോയെന്നാണ് ശങ്കർ കള്ളം പറഞ്ഞത്. 

പിണക്കം മാറാൻ ചുലടയ്ക്ക് ശങ്കർ ചാരായം പകർന്നു നൽകി. മദ്യലഹരിയിലായ ചുടലയെ പെട്രോൾ ഒഴിച്ചു കത്തിച്ച് ശരീരഭാഗങ്ങൾ കടലിൽ ഒഴുക്കി. തീയുടെ പാടുകൾ കാണാതിരിക്കാനായി മുറി പെയിന്റടിച്ചു. തറ സിമന്റ് ചെയ്തു. ദുർഗന്ധം എന്താണെന്ന് അന്വേഷിച്ച അയൽക്കാരോട് ആടിനെ പൊരിച്ച മണമെന്നാണ് ശങ്കർ പറഞ്ഞത്. നാട്ടുകാർ അത് വിശ്വസിച്ചു. എന്നാൽ ചുലടലയുടെ സുഹൃത്ത് രവി ഇത് വിശ്വസിക്കാൻ തയ്യാറായില്ല. ചോദ്യം ചെയ്ത രവിയെ ശങ്കർ കൊലപ്പെടുത്തി വീടിനു പുറകിൽ കുഴിച്ചിട്ടു. പിന്നീട് രവിയുടേതെന്നപേരിൽ ശങ്കർ എഴുതിയ ഒരു കത്ത് രവിയുടെ ഭാര്യയ്ക്ക് ലഭിച്ചു. ബോംബെയിൽ ജോലിതേടി പോകുകയാണെന്നായിരുന്നു കത്തിൽ. രവിയുടെ ഭാര്യ ഇതു വിശ്വസിച്ചു. പിന്നീട് പൊലിസ് വീട്ടിലെത്തുമ്പോഴാണ് ഭർത്താവ് കൊലചെയ്യപ്പെട്ടകാര്യം അവർ തിരിച്ചറിഞ്ഞത്.

ശങ്കർ കൊലപാതകങ്ങൾ തുടർന്നു. മൂന്നു യുവാക്കൾകൂടി ശങ്കറിന്റെ  ഇരയായി. മോഹൻ, സമ്പത്ത്, ഗോവിന്ദ് രാജ്. പെൺവാണിഭത്തിനായി ശങ്കർ ഉപയോഗിച്ചിരുന്ന എൽ.ബി ലോഡ്ജിലെ ഒരു പെൺകുട്ടിയുമായി യുവാക്കളിലൊരാൾ പ്രണയത്തിലായി. ഇതേച്ചൊല്ലിയുള്ള തർക്കം സംഘട്ടനത്തിലെത്തി. തന്റെ കച്ചവടം തകർക്കാൻ ശ്രമിച്ച മൂന്നുപേരെയും നയപരമായി വിളിച്ചുവരുത്തി, ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപെടുത്തുകയായിരുന്നു. പെരിയാർ നഗറിലെ ഒരു വീട്ടിൽ ഇവരെ അടക്കം ചെയ്തു. 

ശങ്കറിന്റെ വെളിപ്പെടുത്തലുകൾ തമിഴ്നാടിനെ ഞെട്ടിച്ചു. ശങ്കറിന് രാഷ്ട്രീയക്കാരുമായും പൊലീസുകാരുമായുമുള്ള ബന്ധത്തിന്റെ തെളിവുകൾ പുറത്തുവന്നു. നിരവധി പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അഞ്ചു മൃതദേഹങ്ങളു‌െട അവശിഷ്ടങ്ങൾ പലപ്പോഴായി കണ്ടെടുത്തു. 

കൊലപാതകങ്ങൾ ചെയ്യാൻ സിനിമയുടെ സ്വാധീനം ഉണ്ടായി എന്നാണ് ശങ്കർ പൊലീസിനോട് പറഞ്ഞത്. രാഷ്ട്രീയക്കാർക്ക് പെൺകുട്ടികളെ നൽകിയതായിയും അയാൾ കുറ്റസമ്മതം നടത്തി. ശങ്കറിന്റെ ആത്മകഥ നക്കീരൻ വാരിക പ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളുണ്ടായി. 

ചെന്നൈ സെൻട്രൽ ജയിലേക്ക് മാറ്റിയ ശങ്കറിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്. ശങ്കറിന്റെ ആജ്ഞകൾക്കായി ജയിൽ ഉദ്യോഗസ്ഥർ കാത്തുനിന്നു. 1992ൽ അധികൃതരെ ഞെട്ടിച്ച്, കൂട്ടാളികളായ നാലുപേർക്കൊപ്പം ശങ്കർ ജയിൽ ചാടി. മദ്രാസ് സെൻട്രൽ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരമൊരു ജയിൽചാട്ടം. പിന്നീട് ഒഡ‌ീഷയിൽനിന്ന് ശങ്കർ പിടിയിലായി. 1995 മാർച്ച് 9 ന് രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ ദയാഹർജി തള്ളിയതിനെത്തു‌ർന്നു 1995 ഏപ്രിൽ 27ന് സേലം ജയിലിൽ ‌ശങ്കറിനെ തൂക്കിലേറ്റി.

ജയിൽ ചാടിയതിൽ അവസാനകാലത്ത് ശങ്കർ പശ്ചാത്തപിച്ചിരുന്നതായി ജയിൽ ഉദ്യോഗസ്ഥർ പിന്നീട് വെളിപ്പെടുത്തി. ദയാഹർജി തള്ളാൻ ജയിൽചാട്ടം കാരണമായെന്നായിരുന്നു ശങ്കറിന്റെ വിശ്വാസം. ശങ്കറെ ജയിൽ ‍ചാടാൻ സഹായിച്ച മൂന്നു ജയിൽ വാർഡർമാരെ പിന്നീട് ആറുമാസം ശിക്ഷിച്ചു.

ഓട്ടോ ശങ്കർ

യഥാർഥപേര് - ഗൗരി ശങ്കർ

ജനനം - 1955 ജനുവരി 21

സ്വദേശം - തമിഴ്നാട്

ജോലി - ഓട്ടോറിക്ഷ ഡ്രൈവർ, കള്ളകടത്തുകാരൻ

നടത്തിയ കൊലപാതകങ്ങൾ - സർക്കാർ രേഖകൾ അനുസരിച്ച് ആറു കൊലപാതകങ്ങൾ

1995 ഏപ്രിൽ 27ന് സേലം ജയിലിൽ ‌ശങ്കറിനെ തൂക്കിലേറ്റി.

related stories