കൊച്ചി ∙ സമ്പത്തും സ്വാധീനവുമില്ലാത്ത പാവങ്ങൾക്ക് നീതി ലഭിക്കുക എത്ര പ്രയാസമെന്നതിന്റെ സൂചനയാണ് ഒരിക്കൽ നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിന്റെ ബാക്കിപത്രം നൽകുന്നത്.
കേരളത്തെ നടുക്കിയ കൂട്ടക്കൊല; പ്രതികൾക്ക് വധമടക്കമുള്ള ശിക്ഷ
ഒരു ലക്ഷത്തിൽ അധികം ചിട്ടി നിക്ഷേപകരും 100 കോടി രൂപയുടെ സ്വത്തു വകകളുമുണ്ടായിരുന്ന ഹിമാലയ ഗ്രൂപ് കമ്പനികളുടെ ജനറൽ മാനേജർ സ്ഥാനം രാജിവച്ച് എവറസ്‌റ്റ് ചിട്ടി ഫണ്ട് തുടങ്ങിയ രമേഷ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവർ ആസൂത്രിത വാഹനാപകടത്തിൽ കൊല്ലപ്പെട്ടതു 2005 ജൂലൈ ഇരുപതിനാണ്. ഹിമാലയയുടെ നിലനിൽപിനു ഭീഷണിയാവുമെന്ന ചിന്തയായിരുന്നു കൊലയ്ക്കു കാരണം.
കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു രമേഷ് കൊച്ചിയിലേക്കു പോകുമ്പോൾ ദേശീയപാതയിൽ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് അരുംകൊല നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിപ്പിക്കുകയായിരുന്നു. കേസിലെ കുറ്റക്കാരെന്നു വിചാരണ കോടതി കണ്ടെത്തിയ ഹിമാലയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ ചെറായി നൊച്ചിക്കാട്ടു സജിത് (45), ചെറായി കളത്തിൽ ബിനീഷ് (46) എന്നിവരടക്കം അഞ്ചു പ്രതികൾക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ഒന്നാം പ്രതി ലോറി ഡ്രൈവർ ഉണ്ണിക്കു വധശിക്ഷയും വിധിച്ചു. ഇവരടക്കം കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഒൻപതു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഇവരിൽ മൂന്നു പേർ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി. 2008 മേയ് 17 നാണു കോടതി ശിക്ഷ വിധിച്ചത്. 2010 ഡിസംബർ രണ്ടിനു ഹിമാലയ ചിട്ടിക്കമ്പനി അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ ഭരണച്ചുമതല ഒഫീഷ്യൽ ലിക്വിഡേറ്റർ ഏറ്റെടുത്തു.
ഒരു രൂപയും തിരിച്ചു ലഭിക്കാതെ നിക്ഷേപകർ
അരുംകൊല നടന്നിട്ടു 13 വർഷം പൂർത്തിയാവുമ്പോൾ അറിയുക: ഇൗ ചിട്ടിക്കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് ഒന്നും ലഭിച്ചില്ല. മത്സ്യത്തൊഴിലാളികളും നിർമാണത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ ഒരു ലക്ഷത്തോളം ചിറ്റാളന്മാരാണു അവരുടെ ദിവസക്കൂലിയുടെ ഒരു വലിയ പങ്ക് ഹിമാലയയുടെ ചിട്ടികളിൽ ദിനംപ്രതി നിക്ഷേപിച്ചിരുന്നത്.
10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപവരെ നിക്ഷേപിച്ച ഇവർക്കാർക്കും ഇതുവരെ ചിട്ടിപ്പണം തിരികെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികൾ ഒളിവിലായിരുന്ന സമയം ഹിമാലയയുടെ ചെറായി, കായംകുളം ജ്വല്ലറികളിൽ നിന്നു മോഷ്ടിക്കപ്പെട്ട സ്വർണം ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. പ്രതികളെയും തിരിച്ചറിഞ്ഞിട്ടില്ല.

ഹിമാലയ കമ്പനിയുടെ 61 ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 1.46 കോടി രൂപ പ്രതികൾ അവരുടെ ഒളിവു ജീവിതകാലത്തു പിൻവലിച്ചു. ശേഷിക്കുന്ന 1.22 കോടി രൂപ റിസീവർ മരവിപ്പിച്ചു സൂക്ഷിച്ചിട്ടുണ്ട്.പരാതി നൽകിയ നിക്ഷേപകർക്കു മാത്രം കണ്ടെത്തി വിതരണം ചെയ്യാനുള്ളത് 14 കോടി രൂപയാണ്. പക്ഷേ, റിസീവർ പി. രാമകൃഷ്ണന് അരിച്ചു പെറുക്കിയിട്ടും കണ്ടെത്താൻ കഴിഞ്ഞത് അഞ്ചര കോടി രൂപയുടെ സ്വത്തുക്കൾ മാത്രം

∙ രമേഷിന്റെ മാതാവ് മണിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരം. മക്കൾക്കൊപ്പം അവരുടെ സമ്പാദ്യങ്ങളും ഇവർക്കു പൂർണമായി നഷ്ടപ്പെട്ടു.
∙ കൊല്ലപ്പെട്ട ഡ്രൈവർ ഷംസുദീന്റെ കുടുംബം ബന്ധുക്കളെ ആശ്രയിച്ചാണ് ഇപ്പോൾ കഴിയുന്നത്. ഷംസുദീന്റെ ഇൻഷുറൻസ് തുക പോലും ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
∙ രമേഷിന്റെ സഹോദരി ലതയുടെ ഭർത്തൃപിതാവ് വിജയധരൻ അന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും നട്ടെല്ലു തകർന്നു 12 വർഷത്തോളം കിടപ്പിലായി. അഞ്ചു മാസം മുൻപ് അദ്ദേഹം മരിച്ചു.
∙ കൊലപാതകം ആസൂത്രണം ചെയ്ത മൂന്നാം പ്രതി ചെറായി പള്ളിപ്പുറം കളത്തിൽത്തറ മൃഗം സാജു എന്ന സാജു (41) ജീവപര്യന്തം ശിക്ഷയ്ക്കിടയിൽ പരോളിലിറങ്ങി കാമുകിയെ വിവാഹം കഴിച്ചു.
∙ മുഖ്യപ്രതികളിൽ ഒരാളുടെ ഭാര്യ, പ്രതിക്കു ആദ്യ പരോൾ ലഭിച്ചതിന്റെ തലേന്നു സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുക്കളുമായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടി. (പ്രതിയുടെ ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുവകകൾ സംരക്ഷിക്കാൻ നടത്തിയ നാടകമെന്നാണ് ഇതേക്കുറിച്ചുള്ള ആരോപണം)
∙ കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ പിങ്കി, ജയിലിൽ കഴിയുന്ന പ്രതികളുടെ ഭീഷണിയെത്തുടർന്നു കൈക്കുഞ്ഞുമായി നാടും വീടും വിട്ടു. അതീവ രഹസ്യമായി ഇതരസംസ്ഥാനത്തു താമസമാക്കിയ അവർ അടുത്ത ബന്ധുക്കളുടെ സഹകരണത്തോടെ പുനർവിവാഹം കഴിച്ചു.