Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേകനൂർ മൗലവിയുടെ തിരോധാനത്തിന് കാൽനൂറ്റാണ്ട്; നിയമ പോരാട്ടത്തിനും

ചേകന്നൂര്‍ മൗലവി, പി.വി. ഹംസ ചേകന്നൂർ മൗലവി, വി.വി. ഹംസ

എടപ്പാൾ (മലപ്പുറം) ∙ 25 വർഷം മുൻപ് മഴ തൂങ്ങിനിൽക്കുന്ന രാത്രിയിലാണ് ഒരുസംഘം ആളുകൾ ചേകനൂർ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. മൗലവിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്താൻ വർഷങ്ങളുടെ അന്വേഷണം വേണ്ടിവന്നു. ആ കൂട്ടിക്കൊണ്ടുപോകലിന് 25 വർഷം പിന്നിടുമ്പോൾ മൃതദേഹംപോലും കിട്ടിയില്ലെന്ന വിഷമം മാത്രമല്ല കുടുംബത്തിന്. 25 വർഷത്തിനിപ്പുറവും പ്രതികൾക്കെല്ലാം ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള പോരാട്ടം തുടരുകയാണ് അവർ.

കോളിളക്കമുണ്ടാക്കിയ കേസിലെ ഒൻപതു പ്രതികളിൽ ഒരാളെ മാത്രം ഇരട്ടജീവപര്യന്തത്തിനു ശിക്ഷിച്ചു. മറ്റുള്ളവർക്കെതിരെ തെളിവുണ്ടായിരുന്നില്ല. ചേകനൂർ മൗലവി (58) എന്ന ചേകനൂർ പി.കെ.അബുൽ ഹസ്സൻ മൗലവിയുടെ മതപരമായ ആശയങ്ങളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് കേസ്. ഖുറാൻ സുന്നത്ത് സൊസൈറ്റിയുടെ സ്ഥാപകനായ ചേകന്നൂർ മൗലവി മതഗ്രന്ഥങ്ങളുടെ വേറിട്ട വ്യാഖ്യാനമാണു നടത്തിയത്. 

1993 ജൂലൈ 29ന് ആണ് എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽനിന്ന് ചേകനൂർ മൗലവിയെ രണ്ടുപേർ കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 31ന് മൗലവിയുടെ ഭാര്യ ഹവ്വാ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ പരാതി നൽകി. ഓഗസ്‌റ്റ് 16ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1996 ഓഗസ്‌റ്റ് രണ്ടിനു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബർ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരിൽനിന്ന് അറസ്‌റ്റ് ചെയ്‌തു. ഒൻപതു പ്രതികളുണ്ടായിരുന്ന കേസിൽ 2010 സെപ്റ്റംബർ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.

Salim Haji ചേകനൂർ മൗലവിയുടെ അമ്മാവൻ സാലിം ഹാജി.

ഇറക്കിക്കൊണ്ടുപോകൽ, കൊലപാതകം, മൃതദേഹം മറവുചെയ്യൽ, മറവുചെയ്തിടത്തുനിന്നു മാറ്റൽ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നെന്ന് സാലിം ഹാജി പറയുന്നു.

മതപഠന ക്ലാസിനെന്നു പറ‍ഞ്ഞ് മൗലവിയെ രണ്ടുപേർ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേർ കൂടി വാഹനത്തിൽ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കൽ ചുവന്നകുന്നിനോടു ചേർന്നുള്ള ആന്തിയൂർകുന്നിൽ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് കണ്ടെത്തൽ. കേസ് ഡയറി കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകൾ ൈകകാര്യം ചെയ്യുന്നിൽ വന്ന വീഴ്ച, വ്യക്തമായ സൂചനകൾ പോലും പ്രയോജനപ്പെടുത്താതിരുന്ന സിബിഐ നിലപാട്... ഇങ്ങനെ പല ഘടകങ്ങളും വിധി പ്രതികൾക്ക് അനുകൂലമാക്കിയെന്ന് കേസ് നടത്തിപ്പിനു വേണ്ടി ഓടിനടക്കുന്ന സാലിം ഹാജി പറഞ്ഞു.

വലിയ സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമായിരുന്നു അത്. ഉപ്പയുടെ മൃതദേഹം കണ്ടെടുക്കാത്തതിൽ വിഷമമുണ്ട്. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിൽ പങ്കാളികളായവർ നിയമത്തിന്റെ പിടിയിൽനിന്നു വഴുതിപ്പോയതും വലിയ വിഷമമാണ്. ഉപ്പയെ കാണാതാകുമ്പോൾ എനിക്ക് 25 വയസ്സാണ്. അത്രയും കാലം പിന്നെയും ജീവിച്ചിട്ടും കേസ് നടപടികൾ തുടരുകയാണ് – സൽമ ഇഖ്ബാൽ, ചേകനൂർ മൗലവിയുടെ മകൾ