കേരളത്തിന്റെ സ്വന്തം ബെയിലി

കേരളത്തിൽ മലയാളം അച്ചടിക്കും പുസ്തകപ്രസാധനത്തിനും ഇംഗ്ലിഷ് ഭാഷാധ്യാപനത്തിനും ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിനും പ്രാരംഭം കുറിച്ച ബെഞ്ചമിൻ ബെയിലി കോട്ടയത്ത് എത്തിയിട്ട് ഇന്നു രണ്ടു നൂറ്റാണ്ടു തികയുന്നു. 1817 മാർച്ച് 25: അന്നു ബെഞ്ചമിൻ ബെയിലിയും ഭാര്യ ഏലിസബത്ത് എല്ലയും കോട്ടയത്തെത്തി. തിരുവിതാംകൂർ ദിവാനും ബ്രിട്ടിഷ് റസിഡന്റുമായിരുന്ന ജോൺ മൺറോയുടെ താൽപര്യപ്രകാരം അദ്ദേഹം ‘കോട്ടയം കോളജി’ന്റെ ചുമതല ഏറ്റെടുത്തു. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ ‘പ്രിൻസിപ്പലായി’.

ബെഞ്ചമിൻ ബെയിലി 1817 മേയ് മാസത്തിൽ കോട്ടയം (സിഎംഎസ്) കോളജിൽ ഇംഗ്ലിഷ് ഭാഷ പഠിപ്പിച്ചു തുടങ്ങി. വിവിധ ഭാഷകൾ, ആധുനികശാസ്ത്രം, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾകൂടി ചേർത്ത് അതുവരെ നിലവിലിരുന്ന സുറിയാനിഭാഷാധിഷ്ഠിതമായ പാഠ്യക്രമം പുനഃസംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. താഴത്തങ്ങാടിയുടെ ‘കോട്ടയ്ക്കകം’ എന്ന പേരു സായിപ്പിന്റെ വായിൽ ‘കോട്യം’ എന്നും പിന്നീട് ‘കോട്ടയം’ എന്നുമായി. ‘കോട്ടയം കോളജ്’ കാലക്രമേണ നട്ടുവളർത്തിയ ഒരു പട്ടണമായി കോട്ടയം വളരുകയായിരുന്നു. കോട്ടയം കോളജ് സ്ഥാപിക്കപ്പെട്ട് അധികം കഴിയുംമുമ്പേ, തെക്കേ ഇന്ത്യയിലെ ഒരു ശ്രദ്ധാകേന്ദ്രമായിത്തീർന്നു കോട്ടയം.

കോളജ് ഉന്നത വിദ്യാഭ്യാസ കേന്ദ്രമായിത്തീർന്ന് അധികം കഴിയുംമുമ്പേ, ‘കലയും സാഹസികതയും’ എന്നു ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ട അച്ചടി സാങ്കേതികവിദ്യ കോട്ടയത്തിനു സ്വന്തമായി. 1821ൽ കോട്ടയം കോളജിൽ നിന്നു കഷ്ടിച്ച് മുക്കാൽ കിലോമീറ്റർ കിഴക്കുമാറി, ബെഞ്ചമിൻ ബെയിലി സിഎംഎസ് പ്രസ് സ്ഥാപിച്ചു. അതോടെ കോട്ടയം ‘കോട്ടയം കോളജി’ൽ നിന്ന് അത്രയും ദൂരം വളർന്നു.

ദക്ഷിണേന്ത്യയുടെ ആകെ ശ്രദ്ധ നേടിയ ഉന്നത വിദ്യാഭ്യാസകേന്ദ്രമായിരുന്നു കോട്ടയം സിഎംഎസ് കോളജ് എങ്കിൽ അതിനേക്കാൾ ദേശശ്രദ്ധ നേടിയ കേന്ദ്രമായിരുന്നു ബെയിലിയുടെ അച്ചടിശാല – ആധുനികതയുടെ ഒഴിവാക്കാനാവാത്ത രണ്ടു സ്ഥാപനങ്ങൾ. ആധുനിക വിദ്യാഭ്യാസം, അച്ചടി, അച്ചടിയുടെ രണ്ടു ധാരകളായിരുന്ന പുസ്തകപ്രസാധനവും പത്രമാസികാ പ്രചാരണവും. ഇവ സൃഷ്ടിച്ച വിജ്ഞാന വിസ്ഫോടനമായിരുന്നു കേരളസമൂഹത്തിന്റെ ആധുനികീകരണത്തിന്റെയും അതുവഴി നവോത്ഥാനത്തിന്റെയും അടിസ്ഥാന പ്രേരണകൾ. അതായിരുന്നു അടിമത്തത്തിനും ജാതീയതയ്ക്കും അനാചാരങ്ങൾക്കുമെതിരെ പിന്നീട് ഉയർന്നുവന്ന സമരമുഖങ്ങൾക്കടിസ്ഥാനം. വിദ്യാഭ്യാസ പ്രബുദ്ധതയ്ക്കുവേണ്ടി മുന്നിട്ടു പ്രവർത്തിക്കുവാൻ വിവിധ സമുദായങ്ങളെയും സമുദായപരിഷ്കർത്താക്കളെയും പ്രേരിപ്പിച്ചതും അതുതന്നെയായിരുന്നു. അച്ചടിയും ആധുനിക വിദ്യാഭ്യാസവും സൃഷ്ടിച്ച ഈ പ്രഭാപൂരത്തിലേക്കാണ് ഇന്നു നാം നവോത്ഥാന നായകൻമാരായി എണ്ണുന്ന എല്ലാ സമുദായ പരിഷ്കർത്താക്കളും പിറന്നുവീണത്.

1838ൽ ബെഞ്ചമിൻ ബെയിലിയുടെ അച്ചടിശാല നിൽക്കുന്ന കുന്നിന്റെ തൊട്ടുകിഴക്കേ കുന്നിലേക്ക് (അണ്ണാൻകുന്ന്) കോട്ടയം കോളജിന്റെ ക്യാംപസ് മാറ്റി. മുമ്പേതന്നെ പ്രിൻസിപ്പലിന്റെ ബംഗ്ലാവ് അവിടെയായിരുന്നു. 1842ൽ ബെഞ്ചമിൻ ബെയിലി അച്ചടിശാലയ്ക്കു സമീപത്തായി ഗോഥിക് ശൈലിയിൽ വലിയൊരു പള്ളി പണിതു. അങ്ങനെ അപൂർവവും ആധുനികതയുടെ പ്രതിനിധാനങ്ങളുമായ പല പല സ്ഥാപനങ്ങളിലൂടെ കോട്ടയം ഒരു ആധുനിക ടൗൺഷിപ്പായി പരിണമിക്കുകയായിരുന്നു.

കോട്ടയം പട്ടണത്തിന്റെ വികാസത്തിലും കേരളീയ ആധുനികതയുടെ പ്രതിഷ്ഠാപനത്തിലും ബെഞ്ചമിൻ ബെയിലി വഹിച്ച സുവിദിതമായ പങ്കിനൊപ്പം എടുത്തു പറയേണ്ടതാണ് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ വലിയ സംഭാവനകൾ. കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകമായ ‘ചെറുപൈതങ്ങൾക്കുപകരാർഥം ഇംക്ലീശിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകളു’ടെ (1824) പരിഭാഷകനും പ്രസാധകനും അദ്ദേഹമായിരുന്നു. ആധുനിക നിഘണ്ടു നിർമാണത്തിന്റെ തത്വങ്ങൾ പാലിച്ചുകൊണ്ട് അദ്ദേഹം രചിച്ച മലയാളം– ഇംഗ്ലിഷ് നിഘണ്ടു (1846), ഇംഗ്ലിഷ് – മലയാളം നിഘണ്ടു (1849) എന്നിവയാണു മലയാളത്തിലെ ആദ്യ നിഘണ്ടുക്കൾ. തികച്ചും ശാസ്ത്രീയമായി രചിക്കപ്പെട്ട ബെയിലീ നിഘണ്ടു പുറത്തുവന്ന് 26 വർഷങ്ങൾക്കു ശേഷമാണ് മറ്റൊരു മലയാളം– ഇംഗ്ലിഷ് നിഘണ്ടു (1872, ഡോ. ഹെർമൻ ഗുണ്ടർട്ട്) മലയാളത്തിലുണ്ടായത്.

കേരളത്തിന്റെ ആധുനികീകരണത്തിനും നവോത്ഥാനത്തിനും മറക്കാനോ മറയ്ക്കാനോ ആകാത്ത സംഭാവനകൾ നൽകിയ ബെയിലിയുടെ മനുഷ്യസ്നേഹത്തെക്കുറിച്ചുകൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ കഴിയില്ല. 1835 മാർച്ച് എട്ടിന് അദ്ദേഹം (ജോസഫ് പീറ്റിനൊപ്പം) മൺറോതുരുത്തിലെ അടിമകളെ മോചിപ്പിച്ചപ്പോൾ അത് കേരളത്തിലെ ആദ്യ അടിമവിമോചനം എന്ന നിലയിൽ ചരിത്രത്തിലെ അപൂർവ സംഭവമായി. ജീവിതാന്ത്യം വരെ ഈ നൻമ അദ്ദേഹം കെടാതെ സൂക്ഷിച്ചു. ബെയിലി മരിച്ചപ്പോൾ വിയോഗദുഃഖം താങ്ങാനാകാതെ അദ്ദേഹത്തിന്റെ കുതിരക്കാരൻ ആത്മഹത്യ ചെയ്യുകയുണ്ടായി. 

(എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രഫസറും ഡീനുമാണ് ലേഖകൻ)