രോഗിക്കു വില കൽപ്പിക്കാത്ത ആശുപത്രികളും ഡോക്ടർമാരും ഏറെ

മുറുകെപ്പിടിക്കണം മൂല്യങ്ങൾ

ഡോ. തോമസ് ജോൺ കോളാകോട്ട്

പാർട് ടൈമായി ആശുപത്രിയിലെത്തുന്ന ന്യൂറോ സർജൻ അലംഭാവത്തോടെ നടത്തിയ ശസ്ത്രക്രിയ, ഐസിയു സ്റ്റാഫിന്റെ അശ്രദ്ധ മൂലം വീണു കാലിനുണ്ടായ ഒടിവ്, ചികിൽസാ നിർണയം മുതൽ തുടങ്ങിയ പിഴവുകൾ – ഒരു സ്വകാര്യ ആശുപത്രിയിൽ എന്റെ സഹോദരൻ മാത്യു ജോൺ കോളാകോട്ടിന്റെ (63) ജീവൻ അപഹരിച്ചത് ഇതെല്ലാമാണ്. ചികിൽസാ പിഴവാണെന്നു വ്യക്തമായ തെളിവുകളുണ്ടായിട്ടും ഖേദം പ്രകടിപ്പിക്കാൻ പോലും അധികൃതർ തയാറായില്ല. കണക്കുപറഞ്ഞ് 5.3 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

എന്റെ സഹോദരനെ ശരീരഭാരം കുറയലും തലകറക്കവും ക്ഷീണവുമായി കഴിഞ്ഞവർഷം ഓഗസ്റ്റ് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിടി സ്കാനിങ്ങിൽ ഹൈഡ്രോസെഫാലസ് (മസ്തിഷ്കത്തിൽ സെറിബ്രോ സ്പൈനൽ ദ്രവം നിറഞ്ഞ് മർദമുണ്ടാകുന്ന രോഗം) എന്ന അവസ്ഥയുണ്ടെന്നു മനസ്സിലായത്. ജന്മനാ ഉള്ള ഈ അവസ്ഥ കൊണ്ടാകാം സഹോദരൻ ഓട്ടിസം ബാധിതനായിരുന്നു. തുടർന്ന് ഷന്റ് ഇംപ്ലാന്റ് നടത്താൻ ന്യൂറോ സർജൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം സെപ്റ്റംബർ 13ന് ആശുപത്രി വിട്ടു; 1.3 ലക്ഷമായിരുന്നു ചെലവ്.

എന്നാൽ പിന്നീട് എന്തുകഴിച്ചാലും ഛർദിക്കാൻ തുടങ്ങി. സിടി സ്കാൻ ചെയ്തപ്പോൾ ഓട്ടമാറ്റിക്കായി പ്രവർത്തിക്കാത്ത ഷന്റ് (വില 9000 രൂപ) ഘടിപ്പിച്ചതു മൂലമുള്ള പ്രശ്നങ്ങളാണെന്നു കണ്ടെത്തി. 1.3 ലക്ഷം വാങ്ങിയിട്ടും നല്ല ഷന്റ് ഘടിപ്പിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഉത്തരമില്ല. എന്തായാലും പഴയ ഉപകരണം നീക്കി 50,000 രൂപയുടെ ഓട്ടമാറ്റിക് ഷന്റ് ഘടിപ്പിച്ചു. ശസ്ത്രക്രിയ വിജയമാണെന്നു പറഞ്ഞ് ഒരാഴ്ചത്തെ ഐസിയു വാസത്തിനു ശേഷം വാർഡിലേക്കു മാറ്റി. സഹോദരൻ അപ്പോഴേക്കും തീരെ അവശനായിരുന്നു.

ഫിസിയോതെറപ്പിസ്റ്റ് നോക്കിയപ്പോൾ കാൽമുട്ടിൽ നീരും മുറിവുകളും ഓയിൻമെന്റ് കൂടുതൽ പുരട്ടിയതിനെ തുടർന്നു പൊള്ളിയതുപോലെയുള്ള പാടുകളും കണ്ടു. തുടർന്നുള്ള സ്കാനിങ്ങിൽ കാലിൽ ഒടിവു കണ്ടെത്തി. തനിയെ ശുചിമുറിയിൽ പോകുകയും നടക്കുകയുമെല്ലാം ചെയ്തിരുന്ന വ്യക്തിക്ക് ഈ അത്യാഹിതം സംഭവിച്ചത് ഐസിയുവിൽ വച്ചാകാം. തൊട്ടടുത്ത ദിവസങ്ങളിലാണ് ഒടിവുണ്ടായതെന്ന് അസ്ഥിരോഗ വിദഗ്ധൻ സ്ഥിരീകരിക്കുകയും ചെയ്തു. കയ്യബദ്ധം പറ്റിയതാകാം. കാലിലും ശസ്ത്രക്രിയ വേണ്ടിവന്നു.

ആശുപത്രിയിലെ സമ്മർദങ്ങൾക്കിടയിൽ അപസ്മാരമുണ്ടായി. മരുന്നു കൊടുക്കരുതെന്നു കെയർ ടേക്കർ ആവുന്നതു പറഞ്ഞിട്ടും നഴ്സുമാർ കേട്ടില്ല. മരുന്നു കുത്തിവച്ചതോടെ മാത്യു അബോധാവസ്ഥയിലായി. വീണ്ടും ഐസിയുവിലെ പീഡനങ്ങളിലേക്ക്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിട്ടും ഫീഡിങ് ട്യൂബിട്ടു. അതിന്റെ ആഘാതത്തിലുണ്ടായ കടുത്ത പനിയിൽ ബ്ലാങ്കറ്റ് പോലുമില്ലാതെ മാത്യു ഐസിയുവിൽ കിടന്നു വിറച്ചു. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോഴാണു ശരീരം മുഴുവൻ മൂടും വിധത്തിൽ വലുപ്പമുള്ള ബ്ലാങ്കറ്റ് അനുവദിച്ചത്.

വിവിധ വകുപ്പുകളുടെ ഏകോപനം ചികിൽസയിൽ വേണ്ടിയിരുന്നെങ്കിലും ഡോക്ടർമാരുടെ ‘ഈഗോ’ പ്രശ്നങ്ങൾ കാരണം അതും ശരിയായി നടന്നില്ല. തലയിലെ ശസ്ത്രക്രിയയ്ക്കുവേണ്ടി കഴുത്തിലുണ്ടാക്കിയ ദ്വാരമാകട്ടെ, അപ്പോഴേക്കും പഴുത്തു വീർത്തിരുന്നു. വീട്ടിൽ പോകണമെന്ന മാത്യുവിന്റെ ആഗ്രഹം മനസ്സിലാക്കിയ ഞങ്ങൾ ഡിസംബർ രണ്ടിന് ആശുപത്രിവിട്ടു, ആറിന് അദ്ദേഹം മരിച്ചു.

ചികിൽസാ പിഴവിന്റെ വിവരങ്ങളെല്ലാം കൃത്യമായി വിശദീകരിച്ച് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും തികച്ചും മോശമായിരുന്നു പ്രതികരണം. ഞാൻ ഇക്കാര്യങ്ങൾ തുറന്നെഴുതുന്നത് അതുപോലെയുള്ള ഒട്ടേറെ കുടുംബങ്ങളുടെ കൂടി ശബ്ദമാകാനാണ്.

ചില നിർദേശങ്ങൾ: സ്വകാര്യമേഖലയിലെ ആശുപത്രികളെ നിയന്ത്രിക്കാൻ കർശന നിയമം നടപ്പാക്കുക, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും മൂല്യബോധനം നൽകുക, രോഗികളെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളിൽ എല്ലാ വർഷവും പരിശീലനം കൊടുക്കുക, ഐസിയുകളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുക, രോഗിയുടെ മാനസികവും ശാരീരികവുമായ നില മനസ്സിലാക്കി അവരുടെ ബന്ധുക്കളെ ഐസിയുവിൽ അനുവദിക്കുക, പുരുഷ രോഗികളെ എടുത്തുയർത്താനും നടത്താനും മറ്റുമായി കൂടുതൽ പുരുഷ നഴ്സുമാരെ നിയമിക്കുക, ചികിൽസ നിർണയിക്കാനാകുന്നില്ലെങ്കിൽ മറ്റ് ആശുപത്രികളിലേക്കു റഫർ ചെയ്യു, ഡോക്ടർമാർക്കു കമ്മിഷൻ കൊടുക്കുന്നത് അവസാനിപ്പിക്കുക, ചികിൽസയിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക. 

(പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനായ ലേഖകൻ യുഎസിലെ ജോൺസൺ മാത്തേ കെമിക്കൽ കമ്പനിയുടെ ഗ്ലോബൽ റിസർച് ആൻഡ് ഡവലപ്മെന്റ് മാനേജരും ടെക്നിക്കൽ ഫെലോയുമാണ്)

രോഗികൾക്കുമുണ്ട് അവകാശങ്ങൾ

ഡോ. ഫൗസിയ ഷെർ‌സാദ്

എന്റെ ഉപ്പയുടെ മരണം തീർത്ത വേദനയും ദുഃഖവും ഇന്നും ഞങ്ങളുടെയെല്ലാം ഹൃദയത്തിൽ നീറിനീറിക്കൊണ്ടിരിക്കുകയാണ്. ഉപ്പ ജീവനോടെയുണ്ടെന്ന പ്രതീക്ഷയിൽ ഡൽഹിയിലേക്ക് ഓടിയെത്തിയ ആ രാത്രി, സ്വന്തം പിതാവിനെ കാണാൻ ആശുപത്രിക്കു മുന്നിൽ അർധരാത്രി കാത്തിരിക്കേണ്ടി വരുന്ന മക്കൾ, കേണപേക്ഷിച്ചിട്ടും തുറക്കാത്ത വാതിലുകൾ, ഉപ്പയുടെ സ്ഥിതി എന്തെന്നോ എന്തു ചികിൽസയാണു നൽകുന്നതെന്നോ ആരാണു ചികിൽസിക്കുന്നതെന്നോ അറിയാത്ത അവസ്ഥ... മരണത്തിലൂടെ ഉപ്പ എന്തു സന്ദേശമാണു നൽകിയതെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. അതു രോഗികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലായിരുന്നു.

അതീവഗുരുതരാവസ്ഥയിലുള്ള രോഗികളുടെ മക്കൾ ഐസിയുകൾക്കു മുന്നിൽ അഗാധവേദന പ്രതിഫലിക്കുന്ന കണ്ണുകളുമായി കാത്തിരിക്കുന്നത് ആശുപത്രികളിലെ നിത്യകാഴ്ചയാണ്. രോഗിയുടെ യഥാർഥ സ്ഥിതിയെന്തെന്നു പലരും അറിയുന്നില്ല. ഇടയ്ക്കെപ്പോഴോ തുറക്കുന്ന ഐസിയു വാതിലിനുള്ളിൽനിന്നു നീട്ടിനൽകുന്ന ചീട്ടുകൾ പ്രകാരം മരുന്നു വാങ്ങി നൽകുകയും ഭക്ഷണം കൈമാറുകയും മാത്രമാണോ ബന്ധുക്കൾക്കുള്ള അവകാശം? മരുന്നുകളും ചികിൽസയും ഇനി വിഫലമെന്നു വ്യക്തമാകുന്ന നിമിഷം അത് അറിയാനുള്ള അവകാശം രോഗിക്കും ബന്ധുക്കൾക്കുമുണ്ട്. രോഗിക്കു ബോധം നശിച്ചിട്ടില്ലെങ്കിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ. ജീവിതാവസാനത്തിൽ ലഭിക്കുന്ന ചികിൽസയെക്കുറിച്ചുള്ള തീരുമാനത്തിൽ രോഗിക്കും ബന്ധുക്കൾക്കും പങ്കാളിത്തം നൽകണം. ഒരു പ്രതീക്ഷയുമില്ലാത്ത ഘട്ടത്തിലാണെങ്കിൽ അവസാനനിമിഷം രോഗിക്കൊപ്പം ചെലവഴിക്കാൻ ബന്ധുക്കളെ അനുവദിക്കണം.

പക്ഷേ, ഇന്നു നാം കാണുന്നതെന്താണ്? രോഗം ഭേദമാകുമോ ഇല്ലയോ എന്നതു പരിഗണിക്കാതെ, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെയെല്ലാം വെന്റിലേറ്ററിലേക്കു മാറ്റുകയാണ്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഏതൊക്കെയെന്നു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുഖ്യ അവയവങ്ങളെല്ലാം പ്രവർത്തനരഹിതമായിട്ടും ഓക്‌സിജൻ കടത്തിവിടുന്നതു വൈദ്യശാസ്ത്രത്തിന്റെ ധാർമികതയ്ക്കു നിരക്കാത്തതാണ്. മാന്യമായി ജീവിക്കാൻ മാത്രമല്ല, മാന്യമായി മരിക്കാനുമുള്ള അവകാശവും ഓരോ മനുഷ്യനുമുണ്ട്.

രാജ്യാന്തര തലത്തിൽ പല രാജ്യങ്ങളും രോഗികളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ചില വ്യവസ്ഥകളല്ലാതെ, രോഗികളുടെ അവകാശത്തിനായി പ്രത്യേക നിയമമില്ല.

രോഗികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ ഒരു കരടുരൂപം കൂടി ഇവിടെ സമർപ്പിക്കുന്നു. 

1. ചികിൽസയ്ക്കുള്ള അവകാശം: മികച്ചതും അംഗീകൃത നിലവാരത്തിലുള്ളതുമായ ചികിൽസ ലഭിക്കാൻ അവകാശം. ഏതെങ്കിലും പ്രത്യേക ചികിൽസ നിരസിക്കാനുള്ള അവകാശവും വേണം.

2. സ്വകാര്യത: രോഗവും ചികിൽസയും സംബന്ധിച്ച വിവരങ്ങൾ, രഹസ്യമായി സൂക്ഷിക്കാൻ രോഗിക്കുള്ള അവകാശം. ജീവൻ അപകടത്തിലാവുന്ന ഘട്ടത്തിൽ ഇത് ഏറ്റവും അടുത്ത ബന്ധുക്കളെ അറിയിക്കണം. 

3. ചികിൽസിക്കുന്നതാര്: ചികിൽസിക്കുന്ന ഡോക്ടർ ആര്, യോഗ്യത, പരിചയം, മികവ് തുടങ്ങിയവ അറിയാനുള്ള അവകാശം. 

4. ചികിൽസയുടെ വിശദവിവരങ്ങൾ: രോഗനിർണയം, ചികിൽസ, നടപടിക്രമങ്ങൾ, രോഗപൂർവ നിരൂപണം തുടങ്ങിയവ സംബന്ധിച്ചു രോഗിയെ വിശദമായി ധരിപ്പിക്കണം. അതു രോഗിയോടു പറയുന്നതു വൈദ്യശാസ്ത്രപരമായി ആശാവഹമല്ലെങ്കിൽ ബന്ധുക്കളെ ധരിപ്പിക്കണം. ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുകയാണെങ്കിൽ അതിന്റെ വിജയ/പരാജയ സാധ്യതകൾ ബന്ധുക്കളെ അറിയിക്കണം. 

5. ചെലവ് എത്ര, എങ്ങനെയൊക്കെ: ആശുപത്രിയിൽ പരിശോധന, ചികിൽസ, ആശുപത്രിവാസം, സർജറി തുടങ്ങിയവയ്ക്ക് ഇനം തിരിച്ചു ബിൽ ലഭിക്കാനുള്ള അവകാശം. 

6. ഗവേഷണം: ഗവേഷണ പദ്ധതികൾക്കു വിധേയമാകുന്നതു നിരസിക്കാനുള്ള അവകാശം രോഗികൾക്കുണ്ടാകണം. 

7. പരാതിപരിഹാരം: രോഗികൾക്കു പരാതി നൽകാനുള്ള അവകാശം. പരാതി പരിഹാര സംവിധാനം, തന്റെ പരാതി സംബന്ധിച്ച വിലയിരുത്തൽ, പരിഹാര നടപടികൾ തുടങ്ങിയവ അറിയാനുള്ള അവകാശം. 

8. രക്ഷിതാക്കളുടെ അവകാശം: രോഗികൾ കുട്ടികളാണെങ്കിൽ രോഗിക്കുള്ള എല്ലാ അവകാശങ്ങളും മാതാപിതാക്കൾക്ക് /നിയമപ്രകാരമുള്ള രക്ഷിതാക്കൾക്ക് ലഭ്യമാക്കണം. 

9. അവകാശങ്ങളെക്കുറിച്ച് അറിയുക: രോഗിക്കുള്ള അവകാശങ്ങൾ സംബന്ധിച്ച് ആശുപത്രികളിൽ ലിഖിതമായ നയരേഖ വേണം. 

(അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് ഇ. അഹമ്മദിന്റെ മകളായ ലേഖിക, ദുബായ് മെഡിക്കൽ കോളജിലെ അസോഷ്യേറ്റ് പ്രഫസറും ഇൻസ്റ്റിറ്റ്യൂഷനൽ ഇഫക്‌ടീവ്‌നെസ് ഡയറക്‌ടറുമാണ്)