മറ്റുള്ളവരുടെ പാത്രത്തിൽ നോക്കുന്നതു തെറ്റാണെന്നാണു നമ്മൾ ചെറുപ്പം മുതലേ പഠിക്കുന്നത്. എന്നാൽ, റെയിൽവേ വികസനകാര്യത്തിൽ തമിഴ്നാടിന് എന്തു കിട്ടി, കേരളത്തിന് എന്തു കിട്ടിയില്ല എന്ന് അന്വേഷിക്കേണ്ടിവരുന്നതു രണ്ടും ദക്ഷിണ റെയിൽവേയുടെ കീഴിലായതുകൊണ്ടാണ്.
വികസനത്തിനു റെയിൽവേയുമായി കരാർ ഒപ്പുവച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണു കേരളം. കരാർ ഒപ്പിടാത്ത തമിഴ്നാട്ടിൽ വേഗത്തിലും ഒപ്പിട്ട കേരളത്തിൽ ഒച്ചിഴയും വേഗത്തിലുമാണു പദ്ധതികൾ പുരോഗമിക്കുന്നത്. കേരളത്തിലേക്കു ട്രെയിനോടിക്കാൻ മറ്റു ഡിവിഷനുകൾ അനുമതി ചോദിക്കുമ്പോൾ പ്ലാറ്റ്ഫോമില്ലാത്തതിനാൽ ട്രെയിൻ വേണ്ടെന്നു പറയുന്ന ദക്ഷിണ റെയിൽവേ കേരളത്തിന് എന്താണ് തന്നത്?
മെമു ട്രെയിനുകൾ
∙ കേരളം : തിരുവനന്തപുരം ഡിവിഷനിലോടുന്ന മെമു ട്രെയിനുകൾ പ്രതിദിനമാക്കാൻ ഒരു മെമു റേക്ക് നാലുകൊല്ലമായി കേരളം ചോദിക്കുന്നു. അനുവദിച്ച ആറു മെമു റേക്കുകൾ കേരളത്തിൽ എത്തിയില്ല. മലബാർ മേഖലയിൽ മെമു സർവീസില്ല. വൈദ്യുതീകരിക്കാത്ത ഷൊർണൂർ-നിലമ്പൂർ, കൊല്ലം-പുനലൂർ, പാലക്കാട്-പൊള്ളാച്ചി റൂട്ടുകളിൽ ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ഓടിക്കാമെങ്കിലും തരാൻ തയാറാകുന്നില്ല.
∙ തമിഴ്നാട് : ആരും ചോദിക്കാത്ത സ്ഥലങ്ങളിൽപോലും ഡെമു ട്രെയിനുകൾ. തിരുച്ചിറപ്പള്ളി ഡിവിഷനിൽ സ്െപഷൽ ട്രെയിനുകളായി വരെ ഡെമു ഓടുന്നു. മെമുവിനു പകരം ഉയരം കൂടിയ ഇഎംയു ട്രെയിനുകളാണു ചെന്നൈയിലുള്ളത്. മുൻപു കേരളത്തിന് അനുവദിച്ച ഒരു മെമു ട്രെയിൻ ചെന്നൈ-തിരുപ്പതി സെക്ടറിൽ ഓടുന്നു.
ട്രെയിനുകൾ
∙ കേരളം : 2014ലെ ബജറ്റിൽ അനുവദിച്ച തിരുവനന്തപുരം-ബെംഗളൂരു ദ്വൈവാര ട്രെയിൻ (22657/22658) സർവീസ് ആരംഭിച്ചിട്ടില്ല. കേരളത്തിൽനിന്നു ബെംഗളൂരുവിലേക്കു പ്രതിദിനം 600ൽ അധികം സ്വകാര്യ ബസ് സർവീസുകളുണ്ട്. കോച്ച് ക്ഷാമവും രൂക്ഷം. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസിൽ സെക്കൻഡ് എസി ബുക്ക് ചെയ്യുന്നവർക്കു പലപ്പോഴും തേഡ് എസിയിലാണു സീറ്റ് കിട്ടുന്നത്. ജനശതാബ്ദിയിലും സ്ഥിതി വ്യത്യസ്തമല്ല. യഥാർഥ ശതാബ്ദി ട്രെയിനും പുതിയ ട്രെയിനുകളായ തേജസും ഹംസഫറും ഡബിൾഡെക്കറും കേരളത്തിൽ ഇല്ല.
∙ തമിഴ്നാട് : ബെംഗളൂരു ട്രെയിനിനായി കേരളത്തിന് അനുവദിച്ച റേക്ക് ചെന്നൈയിലേക്കു കൊണ്ടുപോയി. അവിടെ അനുവദിക്കുന്നതെല്ലാം പുതിയ പ്രതിദിന ട്രെയിനുകൾ. ഹംസഫർ, ഡബിൾ ഡെക്കർ, ശതാബ്ദി എന്നിവ ആദ്യം തന്നെ ലഭിച്ചു. കോയമ്പത്തൂരിൽനിന്നു പുതിയ ബെംഗളൂരു സർവീസ് ആരംഭിച്ചു. ഡബിൾ ഡെക്കർ ഉദയ് ട്രെയിനും വൈകാതെ ലഭിക്കും.
ഗേജ് മാറ്റം
∙ കേരളം : 450 കോടി രൂപ ചെലവിൽ ഗേജ് മാറ്റം പൂർത്തിയാക്കിയ പാലക്കാട് പൊള്ളാച്ചി പാത മൂന്നു വർഷം മുൻപാണു ഗതാഗതത്തിനു തുറന്നത്. മീറ്റർ ഗേജ് കാലത്ത് ഓടിയിരുന്ന ട്രെയിനുകൾപോലും ഈ പാതയിൽ പുനഃസ്ഥാപിച്ചിട്ടില്ല. ഷൊർണൂരിൽനിന്നു പൊള്ളാച്ചി ഭാഗത്തേക്കുള്ള ട്രെയിനുകൾക്കു പാലക്കാട് ജംക്‌ഷനിലെ എൻജിൻ മാറ്റം ഒഴിവാക്കാൻ നിർദേശിക്കപ്പെട്ട പറളി-പാലക്കാട് ടൗൺ ബൈപാസ് ലൈനിനുള്ള ശുപാർശ നടപ്പായില്ല. പുനലൂർ ചെങ്കോട്ട ഗേജ് മാറ്റം ഇഴഞ്ഞുനീങ്ങുന്നു. തുടർച്ചയായി പാളം തെറ്റുന്ന സംഭവങ്ങൾ നിർമാണത്തിലെ അപാകതമൂലമെന്ന് ആക്ഷേപം. സുരക്ഷാ നടപടികൾ വൈകുന്നു.
∙ തമിഴ്നാട് : പൊള്ളാച്ചിയിൽനിന്നു കോയമ്പത്തൂരിലേക്കുള്ള ഗേജ് മാറ്റം ഒരു വർഷം മുൻപാണു തീർന്നത്. കോയമ്പത്തൂർ -പൊള്ളാച്ചി റൂട്ടിൽ ട്രെയിനുകളോടിക്കാൻ കാലതാമസം ഉണ്ടായില്ല. വൈകാതെ കൂടുതൽ ട്രെയിനുകൾ അതുവഴി ഓടും. കോയമ്പത്തൂർ-രാമേശ്വരം, കോയമ്പത്തൂർ-മധുര ട്രെയിനുകൾ വൈകാതെ സർവീസ് ആരംഭിക്കും.പുനലൂർ-ചെങ്കോട്ട പാതയിൽ തമിഴ്നാട് ഭാഗത്തെ നിർമാണം നേരത്തെതന്നെ തീർന്നിരുന്നു.
കോച്ചുകൾ, ഇലക്ട്രിക് എൻജിനുകൾ
∙ കേരളം : തിരുവനന്തപുരം റെയിൽവേ ഡിവിഷൻ 1800 കോച്ചുകളാണു കൈകാര്യം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യയിൽ നിർമിച്ച എൽഎച്ച്ബി (ലിങ്ക് ഫോഫ്മാൻ ബുഷ്) കോച്ചുകൾ ആഴ്ചയിൽ ഒരിക്കലുള്ള കൊച്ചുവേളി-ബിക്കാനീർ എക്സ്പ്രസിനു മാത്രം. 2016ൽ കണ്ടം ചെയ്ത 30 കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ ഒന്നും നൽകിയിട്ടില്ല. 2014ൽ അഞ്ചും 2015ൽ മൂന്നും പുതിയകോച്ചുകളാണു ലഭിച്ചത്. വാർഷിക കോച്ച് അറ്റകുറ്റപ്പണിക്കുള്ള സംവിധാനം കേരളത്തിൽ ഇല്ല. 90 ശതമാനം വൈദ്യുതീകരിച്ച പാത വന്നിട്ടും ഇലക്ട്രിക് ലോക്കോ ഷെഡ് ഇല്ല. എറണാകുളം ഡീസൽ ഷെഡാണ് ആകെയുള്ളത്.
∙ തമിഴ്നാട് : കോച്ചുകളുടെ വാർഷിക അറ്റകുറ്റപ്പണിക്കുള്ള കാരിയേജ് വർക്ക് ഷോപ്പ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളിയിലുമുണ്ട്. കേരളത്തിലെ ട്രെയിനുകളിൽനിന്നുള്ള നല്ല കോച്ചുകൾ അഴിച്ചെടുക്കുകയും പഴയതു കയറ്റിവിടുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ ആർക്കോണം, റോയാപ്പുരം, ഈറോഡ് ഷെഡുകളിൽനിന്നുള്ള വൈദ്യുതി എൻജിനുകളെ ആശ്രയിച്ചാണു കേരളത്തിൽ ട്രെയിനോടുന്നത്. മൂന്നു ഡീസൽ ലോക്കോ ഷെഡും മൂന്ന് ഇലക്ട്രിക് ലോക്കോ ഷെഡും തമിഴ്നാട്ടിലുണ്ട്.
പാത ഇരട്ടിപ്പിക്കൽ
∙ കേരളം : 2003ൽ ആരംഭിച്ച കായംകുളം-എറണാകുളം (കോട്ടയം വഴി) പാത ഇരട്ടിപ്പിക്കൽ ഇഴയുന്നു. 117 കിലോമീറ്റർ പാത തീരാൻ 2020 ആകും. ആലപ്പുഴ വഴിയിൽ അമ്പലപ്പുഴ-തുറവൂർ, തുറവൂർ-എറണാകുളം സെക്‌ഷനുകൾക്കു പാത ഇരട്ടിപ്പിക്കലിന് അനുമതി ഇല്ല. എറണാകുളം-അമ്പലപ്പുഴ (73 കിലോമീറ്റർ) പാത ഇരട്ടിപ്പിക്കലിന് ഇത്തവണ 125 കോടി രൂപ അനുവദിച്ചെങ്കിലും എസ്റ്റിമേറ്റിന് അംഗീകാരമില്ല. പണം ചെലവാക്കാൻ കഴിയില്ല. ഷൊർണൂരിൽനിന്നു തൃശൂർ ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ഒരു കിലോമീറ്റർ ദൂരം ഇപ്പോഴും ഒറ്റവരി പാതയാണ്. ട്രെയിനുകൾ ഏറെനേരം വള്ളത്തോൾ നഗർ, മാന്നനൂർ സ്റ്റേഷനുകളിൽ പിടിച്ചിടുകയാണ്.
∙ തമിഴ്നാട് : മിക്ക പാത ഇരട്ടിപ്പിക്കൽ പദ്ധതിക്കും റെയിൽവേ ബോർഡിന്റെ അംഗീകാരം. കന്യാകുമാരി- തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിനു ടെൻഡർ നടപടി ആരംഭിച്ചു. തിരുച്ചിറപ്പള്ളി- ഡിണ്ടിഗൽ പാത ഇരട്ടിപ്പിക്കൽ പുരോഗമിക്കുന്നു. ഇനി 20 കിലോമീറ്റർ മാത്രം. ഇതോടെ ചെന്നൈ-മധുര ഇരട്ടപ്പാത പൂർണമാകും. ഷൊർണൂരിൽ ഇരട്ടപ്പാതയില്ലെങ്കിലും ഒന്നര കിലോമീറ്റർ മാത്രം ഒറ്റവരിയായിരുന്ന നേത്രാവതി മുതൽ മംഗളൂരു സെൻട്രൽ വരെയുള്ള പാത ഇരട്ടിപ്പിക്കാൻ റെയിൽവേ മന്ത്രി ഓഗസ്റ്റിൽ തറക്കല്ലിട്ടു. അതിന് 28 കോടി രൂപ അനുവദിക്കാനും ദക്ഷിണ റെയിൽവേയ്ക്കു മടിയുണ്ടായില്ല.
ചീഫ് ഫിനാൻഷ്യൽ അഡ്വൈസറുടെ നിയമനം
∙ കേരളം : എറണാകുളം ചീഫ് കൺസ്ട്രക്‌ഷൻ ഓഫിസിൽ ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കാമെന്നു നൽകിയ ഉറപ്പുകൾ പാലിക്കാൻ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല. ഓരോതവണയും ചെന്നൈയിൽ ഫയലുമായി ചെന്നു കാത്തുകിടക്കേണ്ട അവസ്ഥയാണു കേരളത്തിലെ ഓഫിസിനുള്ളത്.
∙ തമിഴ്നാട് : ചെന്നൈ കൺസ്ട്രക്‌ഷൻ ഓഫിസിൽ മൂന്നു ചീഫ് ഫിനാൻഷ്യൽ അഡ്വൈസർമാരുള്ളപ്പോഴാണു കേരളത്തിൽ ആകെയുള്ള തസ്തിക ഒഴിഞ്ഞുകിടക്കുന്നത്.
പുതിയ ടെർമിനലുകൾ
∙ കേരളം : സർവീസുകൾ ആരംഭിക്കാൻ സൗകര്യമുള്ള ടെർമിനൽ സ്റ്റേഷനുകളുടെ കുറവുകൊണ്ടാണു കേരളത്തിനു പുതിയ ട്രെയിനുകൾ നൽകാത്തതെന്നാണു റെയിൽവേ വാദം. 2008 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച നേമം, കോട്ടയം ടെർമിനലുകൾ ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. മലബാർ മേഖലയിൽ 2010ൽ പ്രഖ്യാപിച്ച കണ്ണൂർ പിറ്റ്‌ലൈൻ ഇനിയും വന്നിട്ടില്ല. 2005ൽ തുറന്ന കൊച്ചുവേളി സ്റ്റേഷനിൽ 12 കൊല്ലം കഴിഞ്ഞിട്ടും മൂന്നാമത്തെ പ്ലാറ്റ്ഫോമിനു താഴെ പാളമില്ല.
∙ തമിഴ്നാട് : കേരളത്തിന് ഏഴു ടെർമിനലുകൾ മാത്രമുള്ളപ്പോൾ ചെറുതും വലുതുമായ 22 ടെർമിനലുകളാണ് തമിഴ്നാടിനുള്ളത്. ഇതിൽ അഞ്ചെണ്ണം പത്തു വർഷത്തിനുള്ളിൽ വന്നത്. നേമത്തിനുശേഷം പ്രഖ്യാപിച്ച ചെന്നൈ താംബരം ടെർമിനലിന്റെ നിർമാണം പൂർത്തിയായി; ഓഗസ്റ്റ് മുതൽ അവിടെനിന്നു ട്രെയിനുകൾ ഓടിത്തുടങ്ങി.
പ്രധാന സ്റ്റേഷനുകൾ
∙ കേരളം : കൊല്ലം, ഷൊർണൂർ, പാലക്കാട്, തൃശൂർ, കോട്ടയം, കോഴിക്കോട് എന്നീ പ്രധാന സ്റ്റേഷനുകളിൽനിന്നു ദീർഘദൂര സർവീസുകൾ ഇല്ല. ഇവിടങ്ങളിൽ അറ്റകുറ്റപ്പണി സൗകര്യമില്ലത്രേ.
∙ തമിഴ്നാട് : പ്രധാന സ്റ്റേഷനുകൾക്കു പുറമേ തിരുച്ചിറപ്പള്ളിയിൽനിന്നു 93 കിലോമീറ്റർ അകലെ മൂന്നു പ്ലാറ്റ്ഫോമുകൾ മാത്രമുള്ള, അറ്റകുറ്റപ്പണി സൗകര്യങ്ങളൊന്നുമില്ലാത്ത മന്നാർഗുഡി സ്റ്റേഷനിൽനിന്ന് ആറു ട്രെയിനുകൾ. മറ്റ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടത്തിയാണു പ്ലാറ്റ്ഫോം ടേൺ എറൗണ്ട് വ്യവസ്ഥയിൽ മന്നാർഗുഡിയിൽനിന്നു ട്രെയിനോടിക്കുന്നത്.