കീറാമുട്ടിയാകുന്ന രണ്ട് ഒഴിവുകൾ

മന്ത്രിസ്ഥാനമോ രാജ്യസഭാംഗത്വമോ ഒഴിവു വന്നാൽ അതു നികത്താൻ എൽഡിഎഫിനോ യുഡിഎഫിനോ പൊതുവെ ഒരു പ്രയാസവുമില്ല. അതേ പാർട്ടിയിലെ തന്നെ മറ്റൊരാളോ മുന്നണിയിലെ ധാരണപ്രകാരം വേറൊരു കക്ഷിയുടെ അംഗമോ ആ പദവിയിലെത്തും. പക്ഷേ, എൻസിപിയുടെ ഒഴിവുവന്ന മന്ത്രിപദം ദഹിക്കാത്ത ഭക്ഷണം പോലെ എൽഡിഎഫിന് അസ്വസ്ഥത ഉണ്ടാക്കുന്നു. ആ പാർട്ടിക്കു മറ്റൊരാളെ മന്ത്രിയാക്കാനില്ല. മറ്റേതെങ്കിലും പാർട്ടിക്കാരന്റെ പരകായപ്രവേശമാകട്ടെ എന്നുവച്ചാൽ, മൂന്നു നേതാക്കൾക്കു നാലഭിപ്രായം എന്നതാണ് എ‍ൻസിപിയിലെ സ്ഥിതി.

രാജ്യസഭാംഗത്വത്തിന്റെ കാര്യത്തിലോ? നിതീഷ് കുമാറിൽ കാവിനിറം പുരണ്ടതോടെ രാജ്യസഭാസീറ്റ് രാജിവച്ചു തിരികെ യുഡിഎഫിനു കൊടുത്തുവെന്നാണ് എം.പി. വീരേന്ദ്രകുമാർ അവകാശപ്പെടുന്നതെങ്കിലും ഇനി ജയിക്കുന്നത് എൽഡിഎഫ് സ്ഥാനാർഥിയായിരിക്കും. അപ്പോൾ ഒറ്റ എംഎൽഎപോലുമില്ലാത്ത ജനതാദളിനു (യു) നൽകിയാൽ അതു പുതിയ കീഴ്‌വഴക്കമാകുമോ? രണ്ടു രാജികൾ നികത്തുന്നതെങ്ങനെയെന്ന പ്രശ്നം ഇടതുമുന്നണിയെ പൊറുതിമുട്ടിക്കുന്നുവെന്നു ചുരുക്കം. 

തർക്കിച്ച് എൻസിപി

തോമസ് ചാണ്ടി രാജിവച്ചതോടെ ഇന്ത്യയിൽ തന്നെ ഇന്ന് എൻസിപിക്കു മന്ത്രിയില്ല. പ്രചരിപ്പിക്കുന്നതുപോലെ കോവൂർ കുഞ്ഞുമോന് ആ പദവി ലഭിച്ചാൽ അദ്ദേഹം രാജ്യത്തെ ഏക എൻസിപി മന്ത്രിയാകും. ഇന്നലെ‌വരെ ആർഎസ്പി ലെനിനിസ്റ്റായിരുന്ന കുഞ്ഞുമോന് ആ സൗഭാഗ്യം നൽകണമോയെന്നു ചോദിച്ചാൽ തോമസ് ചാണ്ടിക്ക് എതിർപ്പില്ല. പക്ഷേ, സംഘടനാതിരഞ്ഞെടുപ്പെന്ന ഒരു കാര്യം എൻസിപിയിൽ നടക്കുന്നതിനിടയിൽ ഇതൊന്നും വേണ്ടെന്നാണു ടി.പി. പിതാംബരനും എ.കെ. ശശീന്ദ്രനും ചൂണ്ടിക്കാട്ടുന്നത്. മുംബൈയിൽ തന്നെ വന്നുകണ്ട ശശീന്ദ്രനടക്കമുള്ളവരോടു ശരദ് പവാർ ചോദിച്ചതു മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണ്ടേ എന്നായിരുന്നു. ഇനിയും നീണ്ടാൽ മന്ത്രിസഭയിലെ മറ്റൊരാളെ ഏൽപിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി അറിയിച്ചതായും ചൂണ്ടിക്കാട്ടി. പക്ഷേ, കുഞ്ഞുമോനോ ഗണേഷ് കുമാറോ എന്നതിൽ പാർട്ടിയിൽ ഏകാഭിപ്രായമില്ല.

എൻസിപി ആ കുരുക്കഴിക്കാൻ ഇനിയും കാത്തിരിക്കണമോയെന്നു തീരുമാനിക്കേണ്ടതു സിപിഎമ്മാണ്. ജില്ലാസമ്മേളനങ്ങളിൽ ചാണ്ടി പ്രശ്നത്തിൽ സിപിഎം നേതൃത്വം പഴികേൾക്കുന്നുണ്ട്. കേസുകളിൽപെട്ട അവരുടെ രണ്ടു മന്ത്രിമാർ മുന്നണിയെ പരുവക്കേടിലാക്കിയതിന്റെ അമർഷം പാർട്ടിയിലാകെയുണ്ട്. ചാണ്ടിയുടെ കുട്ടനാടു മണ്ഡലം സിപിഎം തിരിച്ചെടുക്കുമെന്ന് ആലപ്പുഴ സിപിഎം നേതൃത്വം തുറന്നടിച്ചത് ആ പശ്ചാത്തലത്തിലുമാണ്.

വേണമെങ്കിൽ നിലവിലെ ഒഴിവ് ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പഴുതാക്കാം. വകുപ്പുകളിൽ ചില മാറ്റങ്ങൾ വേണ്ടിവന്നേക്കുമെന്നു മാത്രം. പക്ഷേ, ആ സൂചന സിപിഎം നേതാക്കൾ നൽകുന്നില്ല. പാർട്ടിസമ്മേളനങ്ങൾ തീരാതെ  സിപിഎമ്മുമായി ബന്ധപ്പെട്ട മന്ത്രിസഭാ അഴിച്ചുപണിക്കു സാധ്യതയില്ല. ഗതാഗതവകുപ്പ് സിപിഎമ്മോ സിപിഐയോ ഏറ്റെടുക്കാതെ നേരത്തേ അതു കൈകാര്യം ചെയ്തിട്ടുള്ള മാത്യു ടി. തോമസിനോ വകുപ്പുകളുടെ ഭാരമില്ലാത്ത രാമചന്ദ്രൻ കടന്നപ്പള്ളിക്കോ നൽകുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ എൻസിപി നേതാക്കൾ. 

ശങ്കയിൽ ദൾ (യു)

എം.പി. വീരേന്ദ്രകുമാർ രാജിവച്ചതുമൂലമുള്ള രാജ്യസഭാ ഒഴിവ് അദ്ദേഹത്തിനുതന്നെ അവകാശപ്പെട്ടതല്ലേയെന്ന ചോദ്യത്തിൽ യുക്തിയുണ്ട്. പക്ഷേ, രാജ്യസഭാതിരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതെപ്പോഴായിരിക്കും എന്നതടക്കം ഇക്കാര്യത്തിൽ‍ നിർണായകമാണ്. അതിനുള്ളിൽ അവർ എൽഡിഎഫിലെ ഘടകകക്ഷിയായി മാറിക്കഴിയുമോയെന്നതാണ് ഒരു പ്രശ്നം. അതു സംഭവിച്ചാൽത്തന്നെ പുതിയ ഒഴിവ് ആർക്കെന്ന ചർച്ചയിലേക്കു വരുമ്പോൾ നിയമസഭാപ്രാതിനിധ്യമില്ലാത്ത, ഈയിടെ മാത്രം തിരിച്ചുവന്ന ഒരു കക്ഷിക്കു രാജ്യസഭാ സീറ്റ് കൊടുക്കണമോയെന്നു ജനതാദൾ (എസ്) നേതാക്കളെങ്കിലും ചോദിക്കും. നിയമസഭയിലെ അംഗബലമാണു രാജ്യസഭാ സീറ്റ് ആർക്കെന്നതിനു മുന്നണികൾ മാനദണ്ഡമാക്കുന്നത്.

ഈ സാഹചര്യം ജനതാദൾ (യു) മുന്നിൽ കാണുന്നു. അതുകൊണ്ട് ഉടൻ വരുന്ന ഒഴിവിനായി അവകാശവാദം ഉന്നയിക്കേണ്ടെന്ന അഭിപ്രായം അവരിൽ ശക്തവുമാണ്. അതു സിപിഎമ്മോ സിപിഐയോ എടുത്തോട്ടെ. ജൂലൈയിൽ മൂന്ന് ഒഴിവ് ഒരുമിച്ചുവരുമ്പോൾ എൽഡിഎഫിനു കിട്ടുന്ന രണ്ടിൽ ഒന്നിനുവേണ്ടി പിടിച്ചാലോയെന്നാണു ചിന്ത. പക്ഷേ, ഉടൻ വരുന്നതു വീരേന്ദ്രകുമാർ രാജിവച്ചതിനെത്തുടർന്നുള്ള ഒഴിവായതിനാൽ പകരക്കാരനായി വരുന്നയാൾക്ക് അവശേഷിക്കുന്ന നാലരവർഷമേ ലഭിക്കൂ. കാലാവധി ചുരുങ്ങിയ ഒരു രാജ്യസഭാ സീറ്റ് ഇപ്പോൾ തങ്ങളെടുക്കുക വഴി സമ്പൂർണകാലാവധിയുള്ള ഒരു സീറ്റ് എന്തിനു നഷ്ടപ്പെടുത്തണമെന്നു സിപിഎമ്മോ സിപിഐയോ ചിന്തിച്ചാൽ അതിശയിക്കാനില്ല. ജൂലൈയിലെ രണ്ട് ഒഴിവുകൾ സിപിഎമ്മും സിപിഐയും പങ്കിടാനിരിക്കെയാണ് അപ്രതീക്ഷിതമായി വന്ന രാജ്യസഭാസീറ്റ് കീറാമുട്ടിയാകുന്നത്.

ദൾ (യു) കൂടി എൽഡിഎഫിലേക്കായതോടെ ജനതാപുനരേകീകരണം സോഷ്യലിസ്റ്റുകൾ പലരും വീണ്ടും ഇവിടെ സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. പക്ഷേ, വെറും 19 എംപിമാരെ കയ്യിൽവച്ച് ദേവെഗൗഡ 1996 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ എന്നെങ്കിലും താനും അങ്ങനെ പ്രധാനമന്ത്രിയാകുമെന്നാണത്രെ ജനതാപരിവാറിന്റെ ദേശീയ നേതാക്കളുടെ ഉള്ളിലിരിപ്പ്. ഈ ചിന്ത സജീവമായിരിക്കുന്നിടത്തോളം കാലം ജനതകളുടെ ഏകീകരണവും എളുപ്പമല്ല. എൻസിപിയുമായി ബന്ധപ്പെട്ടു നടക്കുന്നതുപോലെ എംഎൽഎമാരില്ലാത്ത ജനതാദൾ (യു) വിൽ ചേർന്നു മന്ത്രിയാകാമെന്നു കെ. കൃഷ്ണൻകുട്ടിയോ സി.കെ. നാണുവോ വിചാരിച്ചാൽ ഗൗഡ അയോഗ്യതയുടെ വാളുമെടുക്കും.