പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ് കേന്ദ്രം സമാഹരിക്കുന്ന നികുതി, നികുതിയിതര വരുമാനങ്ങൾ എങ്ങനെ സംസ്ഥാനങ്ങളുമായി പങ്കിടാം എന്നത്. 1971ലെ സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പങ്കിടലാണു കഴിഞ്ഞ 14 ധനകാര്യ കമ്മിഷനുകളും പിന്തുടർന്നത്. എന്നാൽ, 2014ലെ ജനസംഖ്യ ആധാരമാക്കി വേണം വിഹിതം നിശ്ചയിക്കാനെന്ന തുഗ്ലക് നിർദേശമാണ് 15-ാം ധനകാര്യ കമ്മിഷനു കേന്ദ്രം നൽകിയിരിക്കുന്നത്. ഇതു രാജ്യത്തെ ഫെഡറൽ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതാണ്.
2014 സെൻസസ് കണക്കാക്കിയാണു വിഹിതം നിശ്ചയിക്കുന്നതെങ്കിൽ നേട്ടങ്ങളിൽ മുന്നിലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു കനത്ത തിരിച്ചടിയാകും. കേന്ദ്ര സർക്കാരിന്റെ ജനസംഖ്യാനയം പിന്തുടർന്നു മികച്ച ലക്ഷ്യം കൈവരിച്ചു എന്ന ഒറ്റക്കാരണത്താൽ കേരളത്തിനു തിരികെ ലഭിക്കുന്നതോ, അവഗണന മാത്രം. സ്വതന്ത്ര ഭാരതം തുടക്കം മുതൽ പിന്തുടരുന്ന ഒരു ജനസംഖ്യാ നയമുണ്ട്. അതിങ്ങനെയാണ്: ഓരോ ദമ്പതിമാർക്കും ഓരോ കുഞ്ഞു വീതം ഉണ്ടാകുക. നിത്യബ്രഹ്മചാരികളും സന്താനഭാഗ്യം ഇല്ലാത്തവരും കാരണം കുട്ടികളുടെ എണ്ണത്തിൽ കുറവു വരും. ഇതു നികത്തുന്നതിനായി ചിലർക്കു രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുക.
ഇൗ ദേശീയ ജനസംഖ്യാ നയം സ്വാഗതം ചെയ്യുകയും ആരോഗ്യ രംഗത്തു നിരന്തര ഇടപെടലുകൾ നടത്തി ലക്ഷ്യം കൈവരിക്കുകയും ചെയ്ത ഏതാനും സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം. കേന്ദ്രവിഹിതം വീതിക്കുന്നതിൽ 2011ലെ ജനസംഖ്യ മാനദണ്ഡമാക്കിയാൽ കേരളത്തിനു ലഭ്യമാകുന്ന വിഹിതത്തിൽ വൻ കുറവുണ്ടാകും. അഞ്ചു പതിറ്റാണ്ടായി പിന്തുടരുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ സംസ്ഥാനങ്ങളോടു ചർച്ച ചെയ്യാൻ പോലും സർക്കാർ തയാറായില്ലെന്നത് അനീതിയാണ്. ഇപ്പോഴത്തെ തീരുമാനം ഒരു തരത്തിലും ശാസ്ത്രീയവുമല്ല. കേരളത്തിന്റെ കാര്യമെടുക്കാം. 1971ലെ സെൻസസ് ആധാരമാക്കുമ്പോൾ കേരളത്തിലെ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 3.80% ആയിരുന്നു. എന്നാൽ, 2011ലെ ജനസംഖ്യയാണ് എടുക്കുന്നതെങ്കിൽ കേരളത്തിന്റെ ജനസംഖ്യ ഇന്ത്യയുടേതിന്റെ 2.76% ആയി കുറഞ്ഞിരിക്കുന്നതു കാണാം.
ഇതുകാരണം കേരളത്തിനു ലഭ്യമാകുന്ന കേന്ദ്രവിഹിതത്തിൽ വൻകുറവ് സംഭവിക്കുമെന്നുറപ്പാണ്. മറിച്ച്, ജനസംഖ്യാ നയം പിന്തുടരുന്നതിൽ പരാജയപ്പെട്ട ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളാകട്ടെ ജനസംഖ്യാ വിസ്ഫോടനത്തിലാണിപ്പോൾ. രാജ്യത്തെ ജനസംഖ്യയുടെ 16.5% ആണ് അവിടെയുള്ളത്. ഫലത്തിൽ, ജനസംഖ്യാ നയം തുടരുന്നതിൽ അലംഭാവം കാട്ടിയ ഉത്തർപ്രദേശിന് കേരളത്തിനു ലഭിക്കുന്നതിനെക്കാൾ പലമടങ്ങു കേന്ദ്രവിഹിതം ലഭിക്കുമെന്നർഥം. ന്യായങ്ങൾ എന്തു നിരത്തിയാലും, മര്യാദരാമനെ കാട്ടിലേക്ക് അയച്ച അതേ കാട്ടുനീതിയാണിവിടെ. 1971ലെ ജനസംഖ്യ തന്നെ മാനദണ്ഡമാക്കി തുടരുന്നതിനു കടുത്ത സമ്മർദ്ദം ഉണ്ടായേ തീരൂ.
ധനകാര്യ കമ്മിഷൻ പരിഗണിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ജനസംഖ്യാനയം വിജയിപ്പിച്ച കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു മുതിർന്ന പൗരൻമാരുടെ സാമൂഹിക സുരക്ഷ അധികഭാരമാണിപ്പോൾ. 1961ൽ കേരള ജനസംഖ്യയിൽ മുതിർന്ന പൗരൻമാരുടെ അനുപാതം ആറു ശതമാനം മാത്രമായിരുന്നു. 2011 ആയപ്പോൾ ഇതു 13% ആയി ഉയർന്നു. 2020ൽ 18% ആകുമെന്നാണു പഠനങ്ങൾ. മുതിർന്ന പൗരൻമാർക്ക് ആഹ്ലാദകരമായ വാർധക്യം ഉറപ്പുവരുത്താൻ സാമൂഹികസുരക്ഷാ മേഖലയിൽ കേരളം വൻ മുതൽമുടക്കു നടത്തേണ്ടതുണ്ട്. മുതിർന്ന പൗരൻമാർക്കായി ഒരു പ്രത്യേക വകുപ്പും മന്ത്രിയും തന്നെ വേണ്ടിവന്നേക്കാം.
2011ലെ സെൻസസ് പ്രകാരം 1000 പുരുഷൻമാർക്ക് 1084 സ്ത്രീകളാണ്. സ്ത്രീ ആസ്തിയാണ്, ബാധ്യതയല്ല എന്നു കേരളം അംഗീകരിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലുമാണ്. മാതൃ-ശിശു മരണനിരക്ക്, പോഷകാഹാര ദാരിദ്ര്യം മൂലം ശിശുക്കളിലെയും മുതിർന്നവരിലെയും വൈകല്യങ്ങൾ എന്നിവയെ അതിജീവിക്കുന്ന കാര്യത്തിലും കേരളം വൻനേട്ടം കൊയ്തിരിക്കുന്നു. എന്നാൽ, ആൺ–പെൺ തൊഴിലില്ലായ്മ നിരക്ക് കേന്ദ്രത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണു കേരളത്തിൽ.
ഇതു കണക്കിലെടുത്ത്, ആയുർദൈർഘ്യം കൂടുകയും മുതിർന്ന പൗരൻമാരുടെ അനുപാതം വർധിക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്കു പ്രത്യേക ധനസഹായം നൽകുകയാണു ധനകാര്യ കമ്മിഷൻ ചെയ്യേണ്ടത്. ആരോഗ്യകരമായ സ്ത്രീ പുരുഷാനുപാതം നേടിയെടുത്ത സംസ്ഥാനങ്ങൾക്ക് അതുമൂലമുണ്ടായ സ്ത്രീകളുടെ ഉയർന്ന തൊഴിലില്ലായ്മ നിരക്കു പരിഹരിക്കാൻ നൈപുണ്യ വികസനം, സംരംഭ വികസനം എന്നിവയ്ക്കായി പ്രത്യേക തുക കൈമാറാൻ നിർദേശിക്കണം. ഇത്തരം തീരുമാനങ്ങൾ ഭാവിയിൽ മറ്റു സംസ്ഥാനങ്ങൾക്കു കേരളത്തിന്റെ പാത പിൻതുടരുന്നതിനു പ്രചോദനമാകും. 15-ാം ധനകാര്യ കമ്മിഷൻ തീരുമാനങ്ങൾ ഏറ്റവും ശാസ്ത്രീയവും സ്ത്രീശാക്തീകരണത്തിന് ഉപകരിക്കുന്നതുമാണെന്നു വിലയിരുത്തപ്പെടുകയും ചെയ്യും.
(പ്രമുഖ സാമ്പത്തിക വിദഗ്ധയാണു ലേഖിക)