മാർക്സ്, മാർഗദർശി

കാലഘട്ടങ്ങളും കടന്ന് ഇന്നും കാലികമായി നിലനിൽക്കുന്ന ദർശനങ്ങളും നിരീക്ഷണങ്ങളുമുണ്ടെങ്കിൽ അത് കാൾ മാർക്സിന്റേതു മാത്രമാണ്. അതാണ് അദ്ദേഹത്തെ മറ്റു സൈദ്ധാന്തികരിൽനിന്നു വ്യത്യസ്തനാക്കുന്നതും. മറ്റു പല ചിന്തകരുടെയും സാമ്പത്തിക വിദഗ്ധരുടെയും നിരീക്ഷണങ്ങളുടെ പ്രസക്തി അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ മാത്രമായി ഒതുങ്ങിനിന്നു. ഒരു വ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം മാർക്സിനും അദ്ദേഹത്തിന്റെ വിശകലനങ്ങൾക്കും പ്രസക്തിയുണ്ട്. മുതലാളിത്തത്തെക്കുറിച്ചാണ് മാർക്സ് ഏറ്റവുമധികം എഴുതിയിട്ടുള്ളത്. ഇപ്പോഴും ശക്തമായി മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുന്നു. അതിനാൽ, ഇന്നും നമുക്ക് കാൾ മാർക്സ് ഒരു വഴികാട്ടി തന്നെയാണ്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം ഒട്ടേറെ രാജ്യങ്ങളിൽ മാർക്സിസ്റ്റുകൾ പിൻവലിയുകയും സംഘടനകൾ ഇല്ലാതാകുകയും ഇറ്റലിയിൽ കമ്യൂണിസ്റ്റ് പാർട്ടിതന്നെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി ദുർബലമായി. എന്നാൽ, അതിൽനിന്ന് അൽപം വ്യത്യസ്തമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. കമ്യൂണിസം കൂടുതൽ ശക്തിയാർജിക്കുകയും മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കുകയും ചെയ്യുന്നതിനാൽ മാർക്സിയൻ സിദ്ധാന്തങ്ങളിലേക്കു സമൂഹം മടങ്ങുകയാണ്. 

എല്ലാം നടപ്പായോ ?

കാൾ മാർക്സ് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ നടപ്പായില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. അവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. മാർക്സ് ഒരു വിശകലന പദ്ധതി ആവിഷ്കരിക്കുകയും ചില നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അതിൽനിന്നു വളർന്നുവരേണ്ട ചില മാറ്റങ്ങളും അദ്ദേഹം നിർദേശിച്ചു. അതിലപ്പുറം ഒരു ലക്ഷ്യം കൈവരിക്കാനുള്ള ബ്ലൂപ്രിന്റൊന്നും അദ്ദേഹം തയാറാക്കിയിട്ടില്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു പാർട്ടി പരിപാടി അദ്ദേഹം നിർദേശിച്ചിട്ടില്ല. പകരം പാർട്ടി പരിപാടികളെക്കുറിച്ചു പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തി. അതിന് അദ്ദേഹം പറഞ്ഞ പ്രധാന കാരണം, ഓരോ പ്രദേശത്തെയും സവിശേഷതകളനുസരിച്ച് അതതു പ്രദേശത്തെ തൊഴിലാളി വർഗവും ജനങ്ങളുമാണ് വിപ്ലവപാത തീരുമാനിക്കേണ്ടത്.

റഷ്യയിൽ ഒരു വിപ്ലവം നടക്കുമെന്ന് മരണത്തോടടുക്കുന്ന കാലത്തു മാർക്സ് സൂചിപ്പിച്ചിരുന്നു. ആ വിപ്ലവം സംഭവിച്ചു. അതാണു മാർക്സിന്റെ ദീർഘവീക്ഷണം. അടിമത്തം എന്നതു വംശീയത കൂടിയാണെന്ന് എടുത്തു പറഞ്ഞതു മാർക്സാണ്. സാമൂഹിക മുന്നേറ്റങ്ങളെ ഒന്നിപ്പിക്കാൻ മാർക്സിയൻ തിയറിയല്ലാതെ ഇന്നു മറ്റൊന്നില്ല. അതാണു ലാറ്റിൻ അമേരിക്ക പോലുള്ള പ്രദേശങ്ങളിലെ പല മുന്നേറ്റങ്ങളും മാർക്സിസ്റ്റ് എന്ന പേരിൽത്തന്നെ ഉയർന്നു വരുന്നത്. 

(ചിത്രം –1) മാർക്സ് ലൈറ്റ്: കാൾ മാർക്സിന്റെ ജന്മനാടായ ജർമനിയിലെ ട്രിയെറിൽ പ്രധാന നിരത്തുകളിലൊന്നിലെ ട്രാഫിക് ജംക്‌ഷനിൽ കാൽനട യാത്രക്കാർക്കുള്ള സിഗ്നലിൽ തെളിയുന്ന മാർക്സിന്റെ രൂപം. മാർക്സിന്റെ 200–ാം ജൻമവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ട്രാഫിക് സിഗ്നലിൽ മാർക്സിനെ കൊണ്ടുവന്നത്. ചിത്രം: എഎഫ്പി. (ചിത്രം –2) കാൾ മാർക്സ്

സാർവലൗകിക പ്രസക്തി

മാർക്സിനെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുള്ളത്, അദ്ദേഹം യൂറോപ്പിനെ മാത്രം വിശകലനം ചെയ്തു എന്നതാണ്. 19-ാം നൂറ്റാണ്ടിലെ ചില സാഹചര്യങ്ങൾക്കനുസരിച്ചു പറഞ്ഞുവെന്നല്ലാതെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്കു സാർവലൗകിക പ്രസക്തി ഇല്ലെന്നു വാദിക്കുന്നവരുമുണ്ട്. മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലുള്ള സംഘർഷമാണ് സാമൂഹിക വിപ്ലവത്തിന്റെ ചാലകശക്തിയായി മാർക്സ് കണ്ടത്. ഓരോ സമൂഹത്തിന്റെയും പ്രത്യേകതകൾക്കുള്ളിൽ നിന്നു വേണം വിപ്ലവപാത തിരഞ്ഞെടുക്കാനെന്ന് അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങളും കത്തുകളും വായിച്ചാൽ അതു ബോധ്യമാകും.

കാൾ മാർക്സ് ഭാര്യ ജെന്നിയുമൊത്ത്.

റഷ്യയെക്കുറിച്ച് എഴുതിയ ലേഖനങ്ങളിൽ പ്രകടമായി അദ്ദേഹം പറയുന്നത് അവിടെ വിപ്ലവം നടക്കുമെന്നു തന്നെയാണ്. ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിനെതിരായി നടക്കുന്നത് ദേശീയ കലാപമാണെന്നും മാർക്സ് വിലയിരുത്തി. വിപ്ലവമല്ല, പകരം ദേശത്തെ വീണ്ടെടുക്കുന്നതിനുള്ള സമരമാണ് ഇന്ത്യയിലെന്നു മാർക്സിനു വിലയിരുത്താനായതു ചെറിയ കാര്യമല്ല. എന്നാൽ, 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ എല്ലാ നിരീക്ഷണങ്ങളും ശരിയായിക്കൊള്ളണമെന്നു നമുക്കു വാശിപിടിക്കാനാവില്ല. കാരണം, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പഠനം മൂലധനത്തെക്കുറിച്ചായിരുന്നു. അതു പൂർത്തിയാക്കാൻ മാർക്സിനു കഴിഞ്ഞില്ല. ആ അപൂർണത നമുക്ക് ആ കൃതിയിൽ കാണാം. ഭരണകൂടത്തെയും നിയമ വ്യവസ്ഥയെയും കൃത്യമായി നിർവചിക്കാൻ മാർക്സിനു കഴിഞ്ഞില്ല. അതിനാൽ, പിന്നീടു വന്ന മാർക്സിസ്റ്റ് ചിന്തകർക്കും മറ്റും ഒട്ടേറെ ചെയ്യാനുണ്ടായിരുന്നു. ലിംഗസമത്വത്തെക്കുറിച്ചും മാർക്സ് എഴുതിയിട്ടില്ലെന്നു വിമർശിക്കുന്നവരുണ്ട്. ആ വിഷയം മാത്രമായി അദ്ദേഹം എഴുതിയിട്ടില്ലെന്നേയുള്ളൂ. പല ലേഖനങ്ങളിലായി ലിംഗസമത്വത്തെക്കുറിച്ചുള്ള നിലപാടുകൾ ചിതറിക്കിടക്കുന്നുണ്ട്. മതത്തെക്കുറിച്ചുള്ള മാർക്സിന്റെ വ്യാഖ്യാനങ്ങളും പഠനങ്ങളും കുറഞ്ഞു പോയിരിക്കാം. കാരണം, എല്ലാം ഒരാളിൽനിന്നു നമ്മൾ പ്രതീക്ഷിക്കരുത്. 

(മാർക്സിസ്റ്റ് സൈദ്ധാന്തികനും ഇഎംഎസ് അക്കാദമി ഡയറക്ടറുമാണ് ലേഖകൻ)

ജീവിതവഴിയിൽ മാർക്സ്

∙ 1818 മേയ് അഞ്ച്: ജർമനിയിലെ ട്രിയെറിൽ ജനനം.

∙ പിതാവ്: ഹെൻറിച്ച് മാർക്സ്, മാതാവ്: ഹെൻറീറ്റ

∙ 1841 ഏപ്രിൽ 15: യൂണിവേഴ്സിറ്റി ഓഫ് ജിനയിൽ നിന്ന്

∙ തത്വശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.

∙ 1843 ജൂൺ 19: ജെന്നി വോൺ വെസ്റ്റ്ഫാലെനെ ജീവിതസഖിയാക്കി.

∙ 1848 ഫെബ്രുവരി: ഫ്രെഡറിക് ഏംഗൽസിനൊപ്പം എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ജർമൻ ഭാഷയിലായിരുന്നു ഇത്.

∙ 1867 സെപ്റ്റംബർ 14: ദാസ് ക്യാപിറ്റലിന്റെ (മൂലധനം) ആദ്യ വാല്യം പുറത്തിറങ്ങി.

∙ 1881 ഡിസംബർ രണ്ട്: ഭാര്യ ജെന്നി നിര്യാതയായി.

∙ 1883 മാർച്ച് 14: ലണ്ടനിൽ മരണം