വേണ്ടത് ജാഗ്രത; നെൽവയൽ - തണ്ണീർത്തട നിയമം കുറ്റമറ്റു നടപ്പാക്കണം

നെൽവയൽ സംരക്ഷണവും തരിശുഭൂമി കൃഷിയോഗ്യമാക്കലും മുൻനിർത്തി, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ നിയമസഭ പാസാക്കിയിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ പൊതുവികസനം ലക്ഷ്യമാക്കി അതിലുൾപ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകൾ നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്താൻ വഴിയൊരുക്കിയേക്കാമെന്നു ചില പരിസ്ഥിതിസ്നേഹികളും മറ്റും ആശങ്ക ഉയർത്തുന്നു.

പൊതു ആവശ്യത്തിനു നികത്താമെന്ന വ്യവസ്ഥയിൽ ‘സർക്കാർ ആവശ്യത്തിനായി മാത്രം നികത്താം’ എന്ന് എടുത്തുപറയാത്തതുമൂലം ഭേദഗതി ദുരുപയോഗിക്കപ്പെടുമോ എന്നതാണു മുഖ്യ ആശങ്ക. സർക്കാർ പറയുന്നതുപോലെ, ഗെയ്ൽ പൈപ്‌‌ലൈൻ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർഥ്യമാക്കാൻ നിയമം ഗുണം ചെയ്യുമെങ്കിൽ സ്വാഗതാർഹംതന്നെ. അതേസമയം, പൊതു ആവശ്യം എന്ന പ്രയോഗത്തിൽ തൽപരകക്ഷികൾക്കുവേണ്ടിയുള്ള ചില പഴുതുകൾ കാണുന്നവരുമുണ്ട്. പൊതു ആവശ്യം എന്ന നിർവചനത്തിന് എത്രത്തോളം വ്യാപ്തിയുണ്ടെന്ന ചിന്തയിലാണ് അവരുടെ ആശങ്ക. ‘മറ്റു പദ്ധതികൾക്കായി വയലുകളും തണ്ണീർത്തടങ്ങളും നികത്താം’ എന്ന വ്യവസ്ഥയ്ക്കു പകരം, ‘മറ്റു സർക്കാർ പദ്ധതികൾക്കായി നികത്താം’ എന്നാക്കി മാറ്റണമെന്നു സിപിഐ അംഗങ്ങൾതന്നെ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ബിൽ വോട്ടിനിട്ടപ്പോൾ അവർ നിലപാടു മാറ്റുകയായിരുന്നു.

സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയിൽ അഞ്ചു ശതമാനം മാത്രമായി ശേഷിക്കുന്ന നെൽവയലുകളും തണ്ണീർ‌ത്തടങ്ങളും സ്വകാര്യ മുതലാളിമാർക്കായി നികത്തുകയാണു സർക്കാർ ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞു സഭ ബഹിഷ്കരിച്ചു. റിയൽ എസ്റ്റേറ്റ് ലോബിക്കു വഴങ്ങി നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ആരാച്ചാരാകുകയാണു സർക്കാരെന്നാണ് അവരുടെ ആരോപണം. വയൽ, തണ്ണീർത്തടം, കരഭൂമി എന്നിവയ്ക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന വിഭാഗംകൂടി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡേറ്റാ ബാങ്ക് മിക്ക തദ്ദേശ സ്ഥാപനങ്ങളും വിജ്ഞാപനം ചെയ്തിട്ടില്ല. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുക ഭേദഗതിയുടെ ലക്ഷ്യമാണെന്ന് ആരോപിക്കുന്നവരുണ്ട്.

ഭൂമി തരിശിട്ടാൽ തദ്ദേശ സ്ഥാപനങ്ങളോ പാടശേഖര സമിതികളോ അവിടെ കൃഷിയിറക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. സർക്കാർ പ്രഖ്യാപിച്ച നെൽവയൽ, നീർത്തട ഡേറ്റാ ബാങ്ക് എങ്ങുമെത്തിയില്ലെന്നതു മറ്റൊരു യാഥാർഥ്യം. അധികാരത്തിൽ വന്നാൽ ഒരു വർഷത്തിനകം ഡേറ്റാ ബാങ്ക് പൂർണരൂപത്തിൽ വിജ്ഞാപനം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനമെങ്കിലും, കുറച്ചു പഞ്ചായത്തുകളിൽ മാത്രമാണ് ഉപഗ്രഹ ചിത്രങ്ങളുമായുള്ള ഒത്തുനോക്കൽ പൂർത്തിയായത്. കൃഷി, റവന്യു വകുപ്പുകൾ ഇതിനു മുൻഗണന നൽകിയിട്ടില്ലെന്നു മാത്രമല്ല, മന്ത്രിമാരുടെയും വകുപ്പുകളുടെയും ഒരുമിച്ചുള്ള പരിശ്രമവും ഇതിനായി ഉണ്ടായിട്ടില്ലെന്നാണു പരാതി. അനധികൃത നികത്തലാകട്ടെ, വ്യാപകമായി തുടരുകയാണുതാനും.

പുതിയ ബില്ലിന്റെ വരവ് സമ്മിശ്ര വികാരങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 2008ൽ ഇടതു സർക്കാരാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനായി നിയമം കൊണ്ടുവന്നത്. ഇപ്പോഴത്തെ ഭേദഗതി ബിൽ പ്രകാരം, 2008നു മുൻപ് വീടു വയ്ക്കാൻ അഞ്ച്, പത്ത് സെന്റ് ഭൂമി നികത്തിയതു ക്രമപ്പെടുത്തുന്നതു ചെറുകിട ഭൂവുടമകൾക്ക് ഏറെ സഹായകമാവും. 2008നു മുൻപു നികത്തിയ ഭൂമി കരഭൂമിയായി അംഗീകരിക്കുന്നതിനുള്ള ന്യായമായ അപേക്ഷകൾപോലും ഡേറ്റാ ബാങ്ക് പൂർത്തിയാകാത്തതിനാൽ പലയിടത്തും പരിഗണിക്കുന്നില്ലെന്നതു മറ്റൊരു വസ്തുത.

അതേസമയം, സ്വകാര്യ താൽപര്യമുള്ള വൻകിടക്കാർക്കു നിയമത്തിലെ ഭേദഗതികൾ ദുരുപയോഗിക്കാമെന്ന പരിസ്ഥിതിസ്നേഹികളുടെയും മറ്റും ആശങ്കയും കാണാതിരുന്നുകൂടാ. അതുകൊണ്ടുതന്നെ, കാർഷിക കേരളത്തെ സംബന്ധിച്ചും നമ്മുടെ പരിസ്ഥിതി സംബന്ധിച്ചും അതീവ നിർണായകമായ ഈ നിയമം കുറ്റമറ്റവിധം നടപ്പാക്കാൻ സർക്കാർ ജാഗരൂകമായേതീരൂ. പഴുതുകളുള്ള വകുപ്പുകൾ ചേർത്തു നിയമം വരുമ്പോൾ അതു ഭൂമിക്കു ചരമഗീതമായിക്കൂടാ.