1200 പവൻ തട്ടാൻ വേണ്ടത്; അഞ്ചു രൂപയും രണ്ടാം ക്ലാസും

ഗിരിജയെ 2004ൽ തൃശൂർ പൊലീസ് പിടികൂടുമ്പോൾ കേസുകൾ 44. തട്ടിച്ചെടുത്ത സ്വർണം 1200 പവൻ!

രണ്ടാംക്ലാസ് മാത്രം വിദ്യാഭ്യാസം. ഒരു തട്ടിപ്പിനു മുടക്കുമുതൽ അഞ്ചുരൂപ. മന്ത്രവാദത്തിന്റെപേരിൽ കേരളത്തിൽ തട്ടിപ്പുനടത്തിയിട്ടുള്ള സ്ത്രീകളിൽ ഏറ്റവും കുപ്രസിദ്ധയാണ് ‘മന്ത്രവാദി ഗിരിജ’ എന്ന് പൊലീസ് വിളിക്കുന്ന തിരുവനന്തപുരം കള്ളിയൂർ വള്ളക്കോട് ഉണ്ണിനിവാസിൽ ഗിരിജ. അഞ്ചു പേരുകളിൽ പൊലീസിന് ഇവരെ അറിയാം – ഷീലാദേവി, മായാദേവി, ഉഷാദേവി, ബിന്ദുദേവി പിന്നെ ഗിരിജ. ഭക്തരാണ് ഉന്നം. അത്യാവശ്യം ആഭരണമൊക്കെ ധരിച്ചവരെ കാത്ത് വഴിയരികിൽ ഇരിപ്പുറപ്പിക്കും.

ചൂണ്ടയിൽ ഒരു ചോദ്യവുമുണ്ടാകും. ‘‘എന്തോ മനോവിഷമമുണ്ട്, അല്ലേ?’’ ലോകത്ത് ആരോടു ചോദിച്ചാലും, ഉണ്ട് എന്ന് ഉത്തരം കിട്ടുന്ന ചോദ്യമാണത്. ഉണ്ടെന്നു പറഞ്ഞാൽ പിന്നാലെ കഥ തുടങ്ങും. – ഇതാ ഒരു കവർ തരാം. വീട്ടിൽ കൊണ്ടുപോവുക. നാളെ എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിൽ രാവിലെ എട്ടിനു ഞാനീ സ്ഥലത്തുണ്ടാവും. കവറെടുത്ത് അതിൽ ‘ഇര’യെ കാണിച്ചുകൊണ്ടുതന്നെ അഞ്ചുരൂപ നോട്ട് ഇടും (2004ലായിരുന്നു അഞ്ചുരൂപ. ഇപ്പോൾ തുക കൂട്ടിക്കാണും). വീട്ടിൽ ചെന്നു നാളെ രാവിലെയേ തുറക്കാവൂ, പുരുഷന്മാരോട് ഇക്കാര്യം ചർച്ച ചെയ്തു ഫലസിദ്ധി നഷ്ടപ്പെടുത്തരുത് എന്നീ നിർദേശങ്ങൾ നൽകും. പിറ്റേന്ന് എട്ടുമണിക്ക് ഓടിപ്പാഞ്ഞ് ഇരയെത്തും. കാരണം അഞ്ചുരൂപയിട്ട കവറിൽനിന്നു കിട്ടുക രണ്ട് അഞ്ചുരൂപ നോട്ടുകൾ. അതോടെ ഭക്തി കൂടും. ഗിരിജ കാര്യത്തിലേക്കു കടക്കും. ‘‘സ്വർണത്തിലാണ് എനിക്കു ശരിക്കും ശക്തി. എത്ര സ്വർണവും കൊണ്ടുവരൂ. ഇരട്ടിപ്പിക്കാം.’’ അങ്ങനെ വീട്ടിൽ പുരുഷന്മാരില്ലാത്ത തക്കംനോക്കി ചെല്ലും.

ആദ്യം തന്നെ ദക്ഷിണ ആവശ്യപ്പെടും. വലിയ തുകകൾ കൊണ്ടുവന്നാൽ പറയും. എനിക്കെന്തിനു പണം? ഒരു രൂപ നാണയം തന്നാൽ മതി. അതും കാണിക്കയിടാനാണ്. അതോടെ ഇരയ്ക്കു വിശ്വാസമേറും‌. ഇരയെ മുഖാമുഖം ഇരുത്തി, മധ്യത്തിലായി വീട്ടിലെ സ്വർണം വയ്പ്പിക്കും. പൂങ്കുന്നത്തെ ഒരു വീട്ടമ്മ വീട്ടിലെ സ്വർണത്തിനു പുറമേ, ലോക്കറിലിരുന്നതുമടക്കമാണ് 53 പവൻ കൊടുത്തത്. വച്ച സ്വർണത്തിനുമീതേ പൂക്കളിട്ടുമൂടി. ഒരു ഗ്ലാസ് നെന്മണി കൊടുത്തു. കണ്ണടച്ച് ഓരോന്നായി പെറുക്കിയെടുത്തു തലയ്ക്കു മൂന്നുവട്ടം ഉഴിഞ്ഞു നേദിക്കാൻ പറഞ്ഞു. ഇതെല്ലാം അനുസരിച്ചുകഴിഞ്ഞു വീട്ടമ്മ കണ്ണുതുറന്നു നോക്കുമ്പോൾ സ്വർണത്തിനുമീതേവച്ച പൂക്കളെല്ലാം അവിടെത്തന്നെയുണ്ട്. ഗിരിജ മാത്രമില്ല. സ്വർണം അളവുനോക്കാനായി പൂക്കൾ മാറ്റിയപ്പോൾ കുറച്ചു ചപ്പാത്തി, ഇഡ്ഡലി, ബൺ ! തൃശൂർ പൊലീസ് തപ്പിച്ചെല്ലുമ്പോൾ വഞ്ചിയൂർ കോടതിക്കുള്ളിലായിരുന്നു പ്രതിയെന്ന് അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന പൊലീസുകാരൻ എൻ.ജി.സുവ്രതകുമാർ പറയുന്നു. മറ്റു ചില കേസുകളിൽ ജാമ്യമെടുക്കാൻ വന്നതാണ്. ആറു പ്രമുഖ വക്കീലന്മാരുടെ സേവനമാണു ഗിരിജയ്ക്കുണ്ടായിരുന്നത്.

മരണം വരുന്നു, സൂക്ഷിക്കുക

ഗിരിജ നടത്തിയതിൽ ഏറ്റവും ക്രൂരമായൊരു തട്ടിപ്പുകൂടിയുണ്ട്. ഒരു ചായക്കടയിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് ആ വീട്ടിൽ ഗിരിജയെത്തിയത്. രണ്ട് ആൺമക്കളിലൊരാൾ അപകടത്തിൽ മരിച്ച വീട്. സങ്കടപ്പെട്ടു കഴിയുന്ന അമ്മ. വീട്ടിലെത്തി ഗിരിജ പറഞ്ഞു: ഞാൻ ദൈവികദർശനം കിട്ടിയയാളാണ്. ഇതുവഴി ബസിൽ പോകുമ്പോൾ ഈ വീട്ടിലിറങ്ങാൻ വെളിപാടുണ്ടായി. ഇവിടെ ദുർമരണമുണ്ടായിട്ടുണ്ടോ? മകന്റെ മരണത്തിൽ ദുഃഖിച്ചിരുന്ന അമ്മ പറഞ്ഞു– ഉണ്ട്, മകൻ മരിച്ചുപോയി. ഒരു മകൻ കൂടി ഉണ്ടാവണമല്ലോ? അതോടെ അമ്മയ്ക്കു വിശ്വാസമായി. വീട്ടിൽ കയറ്റിയിരുത്തി. രണ്ടാമത്തെ മകനും അപകടത്തിൽ മരിക്കുമെന്നായി അടുത്ത പ്രവചനം. അതോടെ ആ അമ്മ കരച്ചിലും നിലവിളിയുമായി. പരിഹാരമുണ്ട്, സ്വർണപൂജ.

വീട്ടിലാകെ ഏഴു പവൻ. അതു പോരെന്ന് ആ അമ്മയോടു പറഞ്ഞു. കള്ളംപറഞ്ഞ് അയൽപക്കത്തെ വീടുകളിൽനിന്ന് അമ്മ കടംവാങ്ങിയെത്തിച്ചതു 35 പവൻ. അതും തട്ടിച്ചു ഗിരിജ കടന്നു; ആ അമ്മയെ കടത്തിലേക്കും ഭയത്തിലേക്കും തള്ളിവിട്ടുള്ള പോക്ക്! പേരാമംഗലത്തു നടന്ന തട്ടിപ്പുകേസിൽ തൃശൂർ ഷാഡോ പൊലീസ് 2015ൽ ഗിരിജയെ വീണ്ടും പിടിച്ചു. ഇതു നിർത്തിക്കൂടേയെന്നു പൊലീസ് ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: ‘ഞാനിതു തുടരും. എനിക്കൊരു ചായ കുടിക്കുന്ന കഷ്ടപ്പാടേയുള്ളൂ, നാട്ടുകാരെ പറ്റിക്കാൻ’

എല്ലാമേ ശീഘ്രം മുടിക്കിറേൻ..

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊലയോടെ, കൂടോത്ര– അന്ധവിശ്വാസങ്ങളുടെ ഭയപ്പെടുത്തുന്ന ‘കരുത്ത്’ ഒരിക്കൽക്കൂടി വെളിവാകുന്നു. ഗുരുവിന്റെ പക്കലുള്ള മന്ത്രശക്തി സ്വാംശീകരിക്കുന്നതിനാണ്, ശിഷ്യനായ അടിമാലി സ്വദേശി അനീഷും സുഹൃത്ത് ലിബീഷ് ബാബുവും ചേർന്നു കൃഷ്ണനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. 300 ഉഗ്രമൂർത്തികളുടെ ശക്തിയുള്ള കൃഷ്ണനെ കൊലപ്പെടുത്തി, ഏലസ് പൊട്ടിച്ചെറിഞ്ഞാൽ ഈയിടെ നഷ്ടപ്പെട്ടുപോയ മന്ത്രവാദശക്തി തന്നിൽ തിരിച്ചെത്തുമെന്ന് അനീഷ് ആത്മാർഥമായും വിശ്വസിച്ചിരുന്നു.
അന്ധവിശ്വാസത്തിന്റെ പേരിൽ പണ്ടും അരുംകൊലകൾ നടന്നിട്ടുള്ള ജില്ലയാണ് ഇടുക്കി. 1981 ഡിസംബറിൽ അടിമാലിക്കു സമീപം പനംകുട്ടി സ്വദേശിയായ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്നു ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണു ജില്ലയിൽനിന്ന് ആദ്യം പുറത്തറിഞ്ഞത്. നെടുങ്കണ്ടത്തിനു സമീപം രാമക്കൽമേട്ടിൽ നിധിയെടുക്കുന്നതിനായി 23 വർഷം മുൻപു നടന്നത് അതിക്രൂരമായ നരബലി. പിതാവും രണ്ടാനമ്മയും ചേർന്നു സ്കൂൾ വിദ്യാർഥിയെ തമിഴ്നാട്ടിൽനിന്നുവന്ന ആറു ദുർമന്ത്രവാദികൾക്കു വിട്ടുകൊടുത്തു. മന്ത്രവാദത്തിന്റെ മൂർധന്യത്തിൽ കുട്ടിയോടു കാട്ടിയതു പറയാൻപോലുമാകാത്ത ക്രൂരതകൾ. ബാലന്റെ വികൃതമായ ജഡമാണു നാട്ടുകാർ പിറ്റേന്നു കണ്ടത്. ഇതെല്ലാം ഇന്നും തുടർച്ചകളുള്ള പഴയ കഥകൾ.

1500 കൊല്ലമായി ആഗ്രഹം തീരാതെ...

മുപ്പത്തൊന്നു വയസ്സായിട്ടും വിവാഹത്തിനു സമ്മതിക്കാത്തതിന്റെ കാരണമറിയാനാണു യുവതിയെയും കൊണ്ട് വല്യമ്മ മന്ത്രവാദിയുടെ അടുത്തെത്തിയത്. മന്ത്രവാദി കണ്ടെത്തിയത് ഇങ്ങനെ–
‘‘1500 വർഷം മുൻപു യുവതി ഒരു സംസ്കൃത പണ്ഡിതയായിരുന്നു. അന്ന് അവൾ വേദം വായിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന കണക്കപ്പിള്ളയുമായി അടുപ്പത്തിലായെങ്കിലും ഒരുമിക്കാനായില്ല. ജന്മങ്ങളായി അവർ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണ്. ആ ആഗ്രഹം സാധിക്കാത്തതിനാൽ കഴിഞ്ഞ ജന്മങ്ങളിലൊന്നും യുവതി വിവാഹം കഴിച്ചിട്ടില്ല.’’

പരിഹാരവും നിർദേശിച്ചു– ‘‘പ്രത്യേകം തയാറാക്കുന്ന ഹോമകുണ്ഡശാലയിൽ യുവതി കഴിയണം.’’ അതിനുള്ള ഏർപ്പാടുകളെല്ലാം ചെയ്തു.
മൂന്നാം ദിവസം പ്രത്യേക കർമം വിധിച്ചു. ‘‘വസ്ത്രങ്ങളുപേക്ഷിച്ച് അഗ്നിക്കു സമീപം കിടക്കണം. രാത്രിയുടെ മൂന്നാം യാമത്തിനു മുൻപു കണക്കപ്പിള്ള വരും. സ്വപ്നത്തിലെന്ന പോലെ ചിലതു തോന്നുമെങ്കിലും യഥാർഥത്തിൽ ഒന്നും സംഭവിക്കില്ല. ഒച്ച വയ്ക്കരുത്–’ മന്ത്രവാദി പറഞ്ഞു.

രാത്രിയായപ്പോൾ ‘കണക്കപ്പിള്ള’ എത്തി. കഥകളിയിലെ കരിവേഷം പോലൊരാൾ. പൊതുവേ പുരുഷന്മാരെ പേടിയായിരുന്ന യുവതി ഞെട്ടിയുണർന്നു കരിവേഷത്തെ തള്ളിയിട്ടു പുറത്തേക്കോടി. ഹോമകുണ്ഡത്തിലേക്കു വീണ കരിവേഷത്തിനു പൊള്ളലേറ്റു. യുവതിയെ പിന്നീട് ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചു. കണക്കപ്പിള്ളയെയാണു താൻ തള്ളിയിട്ടത് എന്നുതന്നെയാണ് അവൾ അപ്പോഴും വിശ്വസിച്ചിരുന്നത്. യഥാർഥത്തിൽ പൊള്ളലേറ്റതു മന്ത്രവാദിക്കാണെന്നു വ്യക്തമാക്കിക്കൊടുക്കാൻ അൽപം പണിപ്പെട്ടു.

ഒബ്സസീവ് കംപൽസീവ് ഡിസോർഡർ (ഒസിഡി) ചെറിയതോതിൽ ഉണ്ടായിരുന്നതിനാലാണു യുവതി വിവാഹത്തിനു തയാറാവാതിരുന്നത്.
ശാസ്ത്രീയ ചികിൽസയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു പിന്നീടു വിവാഹിതയായി. ഇപ്പോൾ അധ്യാപികയായി ജോലിനോക്കുന്നു.


പട്ടിത്തോലിൽ പെയിന്റടിച്ച് കടുവത്തോലാക്കി മന്ത്രവാദിയെ പറ്റിച്ച ‘കിടുവ’കളുമുണ്ട്. ഒപ്പം മന്ത്രവാദ അനുബന്ധ ‘സംരംഭങ്ങൾ’ ഉപജീവനമാക്കിയവരും. അതേക്കുറിച്ച് നാളെ.

തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എ.എസ്.ഉല്ലാസ്, മുസ്തഫ കൂടല്ലൂർ 
സങ്കലനം: ഷെറിൻ മുഹമ്മദ്