ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 377ാം വകുപ്പിലെ വ്യവസ്ഥകളൊന്നും ഭരണഘടനാവിരുദ്ധമല്ലെന്ന് 2013ൽ വിധിക്കുമ്പോൾ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞത്, ആവശ്യമെങ്കിൽ പാർലമെന്റിനു ചട്ടം തിരുത്താമെന്നാണ്. സർക്കാർ അതിനു നടപടിയെടുത്തില്ലെന്നു മാത്രമല്ല, പ്രശ്നത്തിൽനിന്നു പരമാവധി അകലം പാലിക്കാൻ ശ്രമിക്കുകയും ചെയ്തു. 377ാം വകുപ്പ് അഞ്ചംഗ ബെഞ്ച് പരിഗണിച്ചപ്പോൾ, തങ്ങൾക്കു പ്രത്യേകിച്ചൊരു നിലപാടില്ലെന്നും വിഷയം കോടതിയുടെ വിവേകത്തിനു വിടുന്നുവെന്നുമാണ് കേന്ദ്ര സർക്കാർ പറഞ്ഞത്.
ഒന്നര നൂറ്റാണ്ടായി നിലവിലുള്ള വ്യവസ്ഥ തിരുത്താൻ പാർലമെന്റിനു വീണ്ടും അവസരം നൽകാതെ സ്വയം അതു ചെയ്ത കോടതി നടപടിക്കു മേൽപറഞ്ഞ കാര്യങ്ങൾ മതിയായ ന്യായീകരണമാവും. കഴിഞ്ഞ ദിവസം കോടതിതന്നെ പറഞ്ഞു: ഭൂരിപക്ഷ സർക്കാരുകളുടെ നടപടിക്കായി കാത്തിരിക്കാൻ തങ്ങൾക്കാവില്ല. കാരണം, വിഷയം ഒരുവിഭാഗം പൗരൻമാരുടെ മൗലികാവകാശ ലംഘനമാണ്. ഒറ്റയൊരാളുടെയാണെങ്കിൽപോലും, മൗലികാവകാശ ലംഘനമുണ്ടായാൽ തങ്ങൾ ഇടപെടും. അവിടെ ഭൂരിപക്ഷാഭിപ്രായം, സാമൂഹിക സദാചാരം, സംസ്കാരം തുടങ്ങിയവയൊന്നുമല്ല, ഭരണഘടനാ തത്വങ്ങൾ മാത്രമാണു പ്രസക്തം.
377ന്റെ പിഴവുതിരുത്തൽ പ്രക്രിയയിൽ പാർലമെന്റും സർക്കാരും പാലിച്ച അകലത്തോടു പ്രായോഗിക സമീപനം സ്വീകരിക്കാൻ കോടതി തയാറായെന്നതും ശ്രദ്ധേയമാണ്. അതിനായി, കഴിഞ്ഞ ദിവസത്തെ വിധിന്യായത്തിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, യുകെ സുപ്രീം കോടതിയിലെ ന്യൂബെർജർ പ്രഭുവിന്റെ വാക്കുകൾ കടമെടുത്തു. അതിങ്ങനെയാണ്: ‘പാർലമെന്റിനുള്ള ജനാധിപത്യപരമായ സാധുതയ്ക്കു നേട്ടവും കോട്ടവുമുണ്ട്. വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യപ്പെടുന്നവർക്കു ശരിയായതെങ്കിലും ജനപ്രിയമല്ലാത്ത തീരുമാനങ്ങളെടുക്കുക എളുപ്പമല്ല. താൽക്കാലിക ജനസമ്മതിയെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലാത്ത വ്യക്തികളുടേതായ സ്വതന്ത്ര സംവിധാനമെന്നതു ചിലപ്പോഴൊക്കെ നേട്ടമാണ്.’
എൽജിബിടിക്കാരുടെ ഭാവി
പീഡനത്തിന്റെയും സാമൂഹികമായ ഒറ്റപ്പെടുത്തലിന്റെയും കാലത്തിൽനിന്ന്, തുല്യാവകാശങ്ങളുടെ പുതിയ കാലത്തിലേക്ക് എൽജിബിടി വ്യക്തികൾക്കു ചുവടുവയ്ക്കാമെന്ന പ്രതീക്ഷയാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം മുന്നോട്ടുവച്ചത്. എന്നാൽ, ഈ വിധികൊണ്ടുമാത്രം എൽജിബിടിക്കു വേണ്ടതെല്ലാമായി എന്നൊരു വിലയിരുത്തൽ പിഴവായിരിക്കും. കഴിഞ്ഞ ദിവസത്തെ വിധിയെ, എൽജിബിടി വ്യക്തികളുടെ അവകാശവഴിയിലെ ആദ്യ ചുവടുകളെന്നു വിലയിരുത്തുന്നതാവും ഉചിതം. സർക്കാരുകളുടെയും സമുദായങ്ങളുടെയും സമീപനം കണക്കിലെടുക്കുമ്പോൾ, ഇന്നലത്തെ വിധി എത്രത്തോളം മാറ്റം കൊണ്ടുവരുമെന്ന ആശങ്കയും നിലനിൽക്കുന്നു. വിധിക്കു പരമാവധി പ്രചാരം നൽകാൻ സർക്കാരും മാധ്യമങ്ങളും ശ്രമിക്കണമെന്നു ജസ്റ്റിസ് ആർ.എഫ്.നരിമാന്റെ വിധിന്യായത്തിലെ പരാമർശം ഈ ആശങ്കയാണു വ്യക്തമാക്കുന്നത്.
അത്തരമൊരു ആശങ്ക അസ്ഥാനത്തല്ലെന്നു ബോധ്യം തരുന്നതാണു ട്രാൻസ്ജെൻഡറുകളുടെ അവകാശം സംബന്ധിച്ചു 2014ൽ നാൽസ കേസിൽ സുപ്രീം കോടതി നൽകിയ വിധി. താൻ ഏതു ലിംഗത്തിൽപെടുന്നയാളെന്നു തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്കാണെന്നും ട്രാൻസ്ജെൻഡറുകളെ പുരുഷൻ, സ്ത്രീ എന്നതിൽ ഏതെങ്കിലുമൊന്നിൽ ഒതുക്കാതെ മൂന്നാമതൊരു ഗണമായി കണക്കാക്കണമെന്നുമാണ് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ട്രാൻസ്ജെൻഡറുകളെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമെന്നു കണക്കാക്കി ശാക്തീകരണ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അതിനുശേഷം, ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾ സംബന്ധിച്ചു ഡിഎംകെയിലെ തിരുച്ചി ശിവയുടെ സ്വകാര്യ ബിൽ രാജ്യസഭ പാസാക്കി. അതിനെ മറികടക്കാനെന്നുതന്നെ പറയാം, സർക്കാർ മറ്റൊരു ബിൽ കൊണ്ടുവന്നു ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ടു ബില്ലുകളും ലോക്സഭയിലുണ്ട്. അതിനിടെയാണ്, 377ാം വകുപ്പിലെ കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ട വ്യവസ്ഥകൾക്കെതിരെ ശശി തരൂർ ലോക്സഭയിൽ രണ്ടുതവണ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സുപ്രീം കോടതിയിൽ, തങ്ങൾക്കു പ്രത്യേകിച്ചൊരു നിലപാടില്ലെന്നാണു സർക്കാർ പറഞ്ഞതെങ്കിലും തരൂരിന്റെ ബിൽ പരാജയപ്പെട്ടു.
ലൈംഗിക കാര്യങ്ങൾ മാത്രം
എൽജിബിടി വ്യക്തികളുടെ ലൈംഗിക രീതി താൽപര്യം സംബന്ധിച്ചതുമാത്രമാണു കഴിഞ്ഞ ദിവസത്തെ വിധി. സ്വവർഗ വിവാഹം, സ്വവർഗ പങ്കാളികൾക്കു കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്താനുള്ള അവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയവ കോടതിയുടെ പരിഗണനയിലില്ലായിരുന്നു. മാത്രമല്ല, വാദത്തിനിടെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു മുന്നറിയിപ്പുമുണ്ടായിരുന്നു. കോടതിയുടെ പരിശോധന 377ാം വകുപ്പിന്റെ സാധുതയിൽ ഒതുങ്ങണമെന്നും സിവിൽ അവകാശങ്ങൾ, സ്വത്ത് അവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടരുതെന്നുമാണ് അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്. എന്നാൽ, 377ാം വകുപ്പ് വ്യവസ്ഥകൾ റദ്ദാക്കാൻ തീരുമാനിച്ചാൽ അതുമായി ബന്ധപ്പെട്ട മറ്റ് അയോഗ്യതകളും ഒഴിവാക്കപ്പെടുമെന്നായിരുന്നു കോടതിയുടെ മറുപടി.
എങ്കിലും, കോടതി മറ്റു വിഷയങ്ങളിലേക്കൊന്നും കടന്നില്ല, വിഷയം എൽജിബിടി വ്യക്തികളുടെ ലൈംഗിക സ്വാതന്ത്ര്യത്തിൽ മാത്രമൊതുക്കി. മറ്റ് സിവിൽ അവകാശങ്ങളുമായോ വ്യക്തിനിയമങ്ങളുമായോ ബന്ധപ്പെടുത്തിയല്ല തുല്യത, വേർതിരിവില്ലായ്മ, സ്വകാര്യത, അന്തസ്സോടെയുള്ള ജീവിതം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങൾ എടുത്തുപറഞ്ഞുള്ളതാണു വിധി. എന്നാൽ, തുല്യത, വേർതിരിവില്ലായ്മ, അന്തസ്സോടെയുള്ള ജീവിതം എന്നീ മൗലികാവകാശങ്ങളുടെതന്നെ പിൻബലത്തിൽ മറ്റ് സിവിൽ അവകാശങ്ങൾക്കായും എൽജിബിടി വ്യക്തികൾക്ക് ഇനി വാദിക്കാനാവും.
പുരോഗമനപരമായും പ്രായോഗികമായും ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണു കോടതി കഴിഞ്ഞ ദിവസവും പറഞ്ഞത്. 158 വർഷമായി നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ മാറ്റാൻ സർക്കാരോ പാർലമെന്റോ ധൈര്യപ്പെട്ടില്ല. തങ്ങളുടെ അഞ്ചു വർഷം മാത്രം പഴക്കമുള്ള വിധി തെറ്റാണെന്നും അതു തിരുത്തി, എൽജിബിടി വ്യക്തികൾക്കു മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകുകയാണെന്നും പറയാൻ സുപ്രീം കോടതിക്കു സാധിച്ചു. സ്വാഭാവികമായും, എൽജിബിടി വ്യക്തികൾ നീതി പ്രതീക്ഷിക്കുക കോടതിയിൽനിന്നാണ്.