ഈ പിതാവ് നിരപരാധിയെങ്കിൽ?...; ജീവിതങ്ങൾകൊണ്ട് പന്താടരുത്

പോക്സോ കേസുകളിൽ പ്രതികൾക്ക് വഴിവിട്ടു സഹായം ലഭിക്കുന്ന സാഹചര്യം ഒരുവശത്ത്. ഇത്തരം കേസുകളിൽ ഇരകളും വ്യാജമായി പ്രതിചേർക്കപ്പെടുന്നവരും ഉരുകിത്തീരുന്ന ദുരവസ്ഥ മറുവശത്ത്. വ്യാജപരാതികളും ഒത്തുതീർപ്പുകളും പോക്സോ കേസുകളിൽ ഉണ്ടാക്കിയിരിക്കുന്നത് വലിയ വിശ്വാസത്തകർച്ച. 

ഈ പിതാവ് നിരപരാധിയെങ്കിൽ?

‘എന്റെ അച്ഛൻ 8 മാസമായി ജയിലിലാണ്. എന്നെ ഉപദ്രവിച്ചത് എന്റെ അച്ഛനല്ല. അച്ഛന്റെ പേര് ആരോടും പറഞ്ഞിട്ടില്ല. കേസ് അന്വേഷിച്ച സർക്കിൾ ഇൻസ്പെക്ടറും വനിതാ പൊലീസുകാരിയും ചേർന്നു വ്യാജമായി എഴുതിച്ചേർത്തതാണ്. മറ്റൊരാളാണ് എന്നെ പീഡിപ്പിച്ചത്’... പതിനാലുകാരി സുഹൃത്തിനോടു പറഞ്ഞ വാക്കുകൾ. 

പോക്സോ നിയമപ്രകാരം ഈ വർഷമാദ്യം വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നിരപരാധിയായ അച്ഛനെ പ്രതിയാക്കിയെന്ന ആരോപണം. ഈയിടെയാണു മകൾ അമ്മയോടു കാര്യങ്ങൾ വെളിപ്പെടുത്തിയത്. പുനരന്വേഷണം ആവശ്യപ്പെട്ട് അമ്മ റൂറൽ എസ്പിക്കു പരാതി നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകന് അന്വേഷണച്ചുമതല നൽകിയെന്നു റൂറൽ എസ്പി അശോക്‌കുമാർ പറഞ്ഞു. 

കേസിൽ ആദ്യം കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്ത പൊലീസ് ഡിഎൻഎ പരിശോധനയ്ക്കുപോലും വിധേയനാക്കാതെ കോടതിയിൽ കുറ്റപത്രം നൽകുകയായിരുന്നു. ഡിഎൻഎ പരിശോധന നടത്തിയപ്പോൾ അച്ഛനല്ല കുറ്റവാളിയെന്നു തെളിഞ്ഞതായി കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു. എന്നാൽ, ആ വിവരം ഇതുവരെ കോടതിയെ അറിയിച്ചിട്ടില്ലെന്നാണ് ആരോപണം. അദ്ദേഹം ഇപ്പോഴും ജാമ്യം കിട്ടാതെ പൂജപ്പുര സെൻട്രൽ ജയിലിലും.      

ഡിഎൻഎ പരിശോധന വേണം

പെൺകുട്ടിയുടെ അമ്മ എസ്പിക്കു നൽകിയ പരാതിയിൽ പറയുന്നത്: ‘കേസിലെ എതിർകക്ഷികൾ വെഞ്ഞാറമൂട് പൊലീസിനെ സ്വാധീനിച്ച് എന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി 8 മാസമായി ജയിലിലിട്ടിരിക്കുന്നു. 

വിദേശത്തുള്ള എതിർകക്ഷി കഴിഞ്ഞവർഷം നാട്ടിൽ വന്നപ്പോഴാണു മകളെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഭർത്താവിന്റെ ബന്ധുവാണ് ഇദ്ദേഹം. ആരാണ് ഉപദ്രവിച്ചതെന്നു പൊലീസ് മകളോടു ചോദിച്ചില്ല. പകരം കോടതിയിൽ ഹാജരാക്കിയപ്പോൾ വനിതാ പൊലീസ് പറഞ്ഞുകൊടുത്ത കാര്യങ്ങൾ അവിടെ പറയിക്കുകയായിരുന്നു. ഇതെല്ലാം മകൾ എന്നോട് ഇപ്പോഴാണു പറയുന്നത്. അതിനാൽ, മകളുടെ മൊഴി കൃത്യമായി എടുക്കണം. കുറ്റവാളിയെ ഡിഎൻഎ പരിശോധനയ്ക്കു വിധേയനാക്കണം. 

പ്രതിയെ സഹായിക്കാൻ അമ്മ

പന്തളത്തു നിന്നുള്ള ഇൗ കേസിൽ യഥാർഥ പ്രതി ശിക്ഷിക്കപ്പെട്ടത് പ്രോസിക്യൂട്ടറുടെയും ജഡ്ജിയുടെയും കൃത്യമായ ഇടപെടലിനാൽ. പച്ചക്കറി വാങ്ങാൻ വീട്ടില്‍നിന്ന് അയച്ചതാണ് പ്ലസ് വൺ വിദ്യാർഥിനിയെ. പച്ചക്കറി വാങ്ങിക്കഴിഞ്ഞപ്പോൾ തിരികെ വണ്ടിക്കൂലിക്കു പണം തികയാതായി. 

കുട്ടി വിഷമത്തോടെ നിൽക്കുമ്പോൾ പ്രായമുള്ളൊരാൾ പരിചയം നടിച്ചെത്തി. വണ്ടിക്കൂലിക്കു പണം കൊടുക്കാമെന്നു പറഞ്ഞ് തൊട്ടടുത്ത കടയ്ക്കു പിന്നിലെ ഒഴിഞ്ഞ സ്ഥലത്തു കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. വഴിയാത്രക്കാരനാണ് പ്രതിയെ കയ്യോടെ പൊലീസിൽ ഏൽപിച്ചത്. 

കേസ് കോടതിയിലെത്തിയപ്പോൾ അമ്മ തന്നെ പറയുന്നു, മകൾക്കു മാനസികപ്രശ്നങ്ങളുണ്ടെന്ന്. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറെയും ഹോസ്റ്റൽ വാർഡനെയുമൊക്കെ വിസ്തരിച്ചു. പ്രതി രക്ഷപ്പെടുമെന്ന അവസ്ഥ. 

പക്ഷേ, പ്രോസിക്യൂട്ടറുടെ ഒരു ചോദ്യം വഴിത്തിരിവായി. ഹോസ്റ്റലിൽ തന്നെക്കാണാൻ അനുമതിയുള്ളതായി പെൺകുട്ടി എഴുതി നൽകിയിരുന്നത് കുഞ്ഞമ്മയുടെ പേരായിരുന്നു. എന്തുകൊണ്ട് അമ്മയ്ക്ക് അനുമതിയില്ലെന്നു ചോദിച്ചപ്പോഴാണ് അമ്മയും അച്ഛനും തമ്മിൽ പിണക്കമാണെന്നും അമ്മയെക്കുറിച്ചു മറ്റു ചില പരാതികൾ ഉണ്ടെന്നും കുട്ടി പറഞ്ഞത്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ ചെയ്തു. 

പണി കൊടുക്കണം!

18 വയസ്സിനിടെ എട്ടാം തവണ പോക്സോ പരാതിയുമായി എത്തിയ പെൺകുട്ടിയോടു പൊലീസ് സംസാരിച്ചപ്പോൾ, അവൾ പറഞ്ഞതിങ്ങനെ: ‘2 മാസംകൂടി കഴിഞ്ഞാൽ 18 വയസ്സാകും. അതിനു മുൻപ് അവനൊരു പണികൊടുക്കണം.’ 

അച്ഛനും അമ്മയും ചേർന്നാണ് കുട്ടിയെ ഉപയോഗിച്ച് അയൽക്കാരനെതിരെ ആദ്യ പരാതി നൽകിയത്. പലവട്ടം ഇതാവർത്തിച്ചു. പിന്നീട് പെൺകുട്ടി സ്വയം ഒരാളെ കുടുക്കാനായി ഇത്തരത്തിൽ ചിന്തിച്ചതിൽ അദ്ഭുതമില്ലല്ലോ.

പാന്റിട്ടയാളുടെ സ്വാധീനം

പിതാവ് പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ വഴി പൊലീസിലെത്തിയ കേസാണ് പത്തനംതിട്ട ജില്ലയിലെ പെരുമ്പട്ടിയിലേത്. പിതാവ് 40 ദിവസം ജയിലിൽ കിടക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി, ആരോ പറഞ്ഞു പഠിപ്പിച്ചതു പോലെയാണെന്നു കോടതിക്കു സംശയം. 

ഒടുവിൽ ഒരു രഹസ്യം പറയാനുണ്ടെന്നു കുട്ടി ജഡ്ജിയോടു പറഞ്ഞു. അമ്മയെ കാണാനെത്തിയ പാന്റിട്ട ഒരാൾ തന്നോട് ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞുവെന്നാണ് കുട്ടി പറ‍ഞ്ഞത്. അതോടെ പിതാവ് കുറ്റക്കാരനല്ലെന്നു കോടതിക്കു ബോധ്യമായി.

വാശിയും വൈരാഗ്യവും

പോക്സോ കേസുകളിലുമുണ്ട് വ്യാജന്മാർ. നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കുന്നു ഇത്തരം വ്യാജപരാതികൾ. വിവാഹമോചന കേസുകളിലെ വാശിയും വൈരാഗ്യവും പെരുകുമ്പോഴാണ് ഹർജിക്കാരായ അമ്മമാർ പെൺമക്കളെക്കൊണ്ടു സ്വന്തം അച്ഛനും മുത്തച്ഛനും ഇളയച്ഛൻമാർക്കും എതിരെ വ്യാജ പരാതികൾ നൽകിക്കുന്നത്. ഇത്തരം വ്യാജ ആരോപണം നേരിട്ട പിതാവ് ആത്മഹത്യചെയ്ത സംഭവമുണ്ട്. 

മാസങ്ങൾക്കു മുൻപു കൊച്ചിയിലെ ഒരു കോടതിയിലുണ്ടായ രംഗം ഇതാണ്: അമ്മയുടെ നിർദേശ പ്രകാരം സ്വന്തം പിതാവിനും ഇളയച്ഛനുമെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെൺകുട്ടി, കോടതിയെ ഞെട്ടിച്ച് മുത്തച്ഛനെതിരെയും അതേ ആരോപണം ആവർത്തിച്ചു. പക്ഷേ, കുട്ടിയോടു കോടതി മുത്തച്ഛന്റെ പേരു ചോദിച്ചപ്പോൾ പറഞ്ഞത് അമ്മയുടെ അച്ഛന്റെ പേരായിപ്പോയി. 

അച്ഛനെതിരെ ഉന്നയിച്ച ആരോപണം അച്ഛന്റെ അച്ഛനെതിരെയും കോടതിയിൽ പറയണമെന്നാണ് 6 വയസ്സുകാരിയെ അമ്മ പറഞ്ഞു പഠിപ്പിച്ചത്. ഏതു മുത്തച്ഛനെക്കുറിച്ചാണു പറയേണ്ടതെന്നു പ്രത്യേകം പറഞ്ഞിരുന്നില്ല. മുത്തച്ഛന്റെ പേരു ചോദിച്ചപ്പോൾ കുട്ടിക്ക് ഓർമ വന്നത് അമ്മയുടെ അച്ഛന്റെ പേരായിപ്പോയി. അതോടെ കോടതിക്കു പുറത്തു കേസ് ഒത്തുതീർക്കാനുള്ള തത്രപ്പാടിലായി അമ്മ.

മൊഴിമാറ്റം സാധാരണം

കയ്യിലാകമാനം ബ്ലേഡ് കൊണ്ടു വരഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയെയും കൊണ്ടു ക്ലാസ് ടീച്ചർ സ്കൂളിലെ വനിതാ കൗൺസലറുടെ അടുത്തേക്കെത്തി. ഒൻപതാം ക്ലാസുകാരി പറഞ്ഞ കഥ, ഒരു പെൺകുട്ടിയുടെ അമ്മ കൂടിയായ കൗൺസലറുടെ കാതു പൊള്ളിച്ചു. 4 വർഷം മുൻപാണു സംഭവം. കൊല്ലം നഗരത്തിനു സമീപമാണു കുട്ടിയുടെ താമസം. പ്രദേശവാസിയായ ഓട്ടോഡ്രൈവറിൽ നിന്നു കുട്ടിയുടെ അമ്മയും അച്ഛനും പലപ്പോഴായി പണം കടം വാങ്ങിയിട്ടുണ്ട്. ഈ ബലത്തിൽ ഓട്ടോക്കാരൻ വീട്ടിലെ നിത്യസന്ദർശകനായി. സന്ധ്യയ്ക്ക് ഇയാൾ വീട്ടിലെത്തുമ്പോൾ കുട്ടിയുടെ അമ്മ അടുക്കളയിലേക്കു പോകും; അച്ഛൻ കടയിലേക്കെന്നു പറഞ്ഞു പുറത്തേക്കും. ഒരു വർഷത്തിലേറെ ക്രൂരമായ പീഡനങ്ങൾക്കു കുട്ടി വിധേയയായി. 

കൗൺസലർ കുട്ടിയെയും അധ്യാപികയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലേക്കു പോയി. അവർ പറയുന്നതൊന്നും കേൾക്കാൻ അമ്മ തയാറല്ല. പോരെങ്കിൽ അവരെ മർദിക്കുകയും ചെയ്തു. കൗൺസലർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഓട്ടോഡ്രൈവറെ കയ്യോടെ പൊക്കിയെങ്കിലും പരാതിക്കാരില്ല! ഒടുവിൽ ഓട്ടോഡ്രൈവർക്കും അമ്മയ്ക്കും അച്ഛനുമെതിരെ കൗൺസലർതന്നെ പരാതി എഴുതിക്കൊടുത്തു. സാക്ഷിയും കൗൺസലർ. പൊലീസ് കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റി. ഒരു വർഷമായപ്പോഴേക്കും കുട്ടി വീട്ടിലേക്കുതന്നെ മടങ്ങി.

കോടതിയിൽ കേസ് തുടരവേ, ഒരു ദിവസം കുട്ടിയുടെ ഫോൺ കൗൺസലർക്ക്. ‘എന്റെ കല്യാണം കഴിഞ്ഞു. ടീച്ചർ കോടതിയിൽ മൊഴി മാറ്റിപ്പറയണം...’ അമ്മയും അച്ഛനും കുട്ടിയും എല്ലാവരും അപ്പോഴേക്കും ഒറ്റക്കെട്ടായി. കൗൺസലർ മൊഴിമാറ്റിയില്ല. പക്ഷേ, കുട്ടി കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞു. വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ കൗൺസലറോടു ചോദിച്ചു. ‘ഈ കേസിൽ നിങ്ങൾ എന്തിനാണ് ഇടപെട്ടത്...?’ അതുതന്നെയാണ് കൗൺസലറും ഇപ്പോൾ ആലോചിക്കുന്നത്.

അട്ടിമറിക്കപ്പെടുന്ന പോക്സോ

പേ‍ാക്സേ‍ാ കേസുകളിൽ ഏറിയ പങ്കും ഒത്തുതീർപ്പാക്കുകയാണ്. കുട്ടികളുടെ, കുടുംബത്തിന്റെ ഭാവിയെക്കരുതിയാണ് മധ്യസ്ഥശ്രമം എന്നാണു പറച്ചിൽ. പ്രതിസ്ഥാനത്തു വരുന്നതു പലപ്പോഴും വേണ്ടപ്പെട്ടവ‌രായിരിക്കും. ചില കേസുകളിൽ അമ്മമാരാണു കൂട്ടുപ്രതികൾ. ഇര പ്രായപൂർത്തിയാകാത്ത ആളായതിനാൽ മുതിർന്നവരുടെ സമ്മർദം ഫലം കാണും. വീട്ടുകാരുടെ നിരന്തര അഭ്യർഥനയിൽ പെ‍ാലീസ് വീഴും. പ്രാദേശിക രാഷ്ട്രീയ ഇടപെടലുമുണ്ടാകും. 

വിവിധ തലങ്ങളിലെ ബേ‍ാധവൽക്കരണം, പോക്സോ കേസുകൾ കൂടുതൽ റിപ്പേ‍ാർട്ട് ചെയ്യപ്പെടാൻ സഹായിക്കുന്നുണ്ട്. എന്നാലും ഒത്തുതീർപ്പുകളുടെ പ്രവാഹം നിയമത്തിന്റെ അന്തഃസത്തയെ അട്ടിമറിക്കുന്നു. വ്യാജമായി ചമയ്ക്കപ്പെടുന്ന കേസുകൾ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുന്നു.

നാളെ: പരിഷ്കരണം തേടുന്ന പോക്സോ

എഴുത്ത്: ജിജോ ജോൺ പുത്തേഴത്ത്, സാക്കിർ ഹുസൈൻ, ജയചന്ദ്രൻ ഇലങ്കത്ത്, ജി.വിനോദ്,  എം.പി.സുകുമാരൻ, ആർ.കൃഷ്ണരാജ്, എസ്.വി.രാജേഷ്, എ.എസ്.ഉല്ലാസ്,  ജോജി സൈമൺ, മുസ്തഫ കൂടല്ലൂർ, എസ്.പി.ശരത്, ബേസിൽ ആലങ്ങാടൻ.

സങ്കലനം: അജീഷ് മുരളീധരൻ