ഇരകളായ കുട്ടികൾക്ക് നീതി ലഭിക്കാൻ തടസ്സങ്ങളൊന്നും പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ‘പോക്സോ’ നിയമം തയാറാക്കിയിരിക്കുന്നത്. പക്ഷേ, കേസിന്റെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത് സമാനതകളില്ലാത്ത, വിവരിക്കാനാകാത്ത മാനസികസംഘർഷങ്ങള്‍
പ്രതി ബന്ധുവെങ്കിൽ കുട്ടിക്കു സമ്മർദം
അച്ഛൻ ഗൾഫിൽ. രോഗിയായ അമ്മയും 2 പെൺകുട്ടികളും മാത്രം വീട്ടിൽ. മൂത്ത കുട്ടി ഒൻപതിൽ പഠിക്കുമ്പോഴാണു സംഭവം. തൊട്ടടുത്ത വീട്ടിലാണ് അച്ഛന്റെ ജ്യേഷ്ഠനും കുടുംബവും താമസം.
അച്ഛൻ നാട്ടിലില്ലാത്തതിനാൽ വല്യച്ഛനെ അച്ഛനെപ്പോലെയാണു കണ്ടിരുന്നത്. എന്നാൽ, മൂത്തകുട്ടി മാത്രം വീട്ടിലുള്ളപ്പോൾ വല്യച്ഛനെത്തി ആക്രമിച്ചു. കേസായി, തെളിവുകളെല്ലാം പ്രതിക്കെതിരായി. ശിക്ഷിക്കപ്പെടുമെന്നുറപ്പ്.
വിചാരണഘട്ടത്തിൽ കുട്ടിയുടെ അമ്മ മരിച്ചു. അച്ഛൻ ജോലിയുപേക്ഷിച്ചു നാട്ടിലെത്തി. മാനസികമായി തകർന്ന പെൺകുട്ടിക്കു മുന്നിൽ വല്യമ്മയും മറ്റു ബന്ധുക്കളും യാചനയുമായെത്തി. സ്വന്തം ജ്യേഷ്ഠനല്ലേ, അച്ഛന്റെയും മനസ്സു മാറി. അങ്ങനെ സ്വന്തം കുടുംബത്തിൽനിന്നുപോലും പിന്തുണ കിട്ടില്ലെന്നുറപ്പായപ്പോൾ പീഡിപ്പിച്ചതു വല്യച്ഛനല്ലെന്നും പ്രതിയുടെ മുഖം ഓർമയില്ലെന്നും കുട്ടി കോടതിയിൽ മൊഴിനൽകി. പ്രതിയെ വിട്ടയച്ചു. 3 മാസം മുൻപാണു മേൽപറഞ്ഞ സംഭവം.
ഇന്ന് ഈ മൊഴി വച്ചാണെങ്കിൽ കേസ് തീരില്ല. പ്രതിക്കെതിരെ പ്രബലമായ മറ്റു തെളിവുകൾ ഉണ്ടെങ്കിൽ, ഇര പ്രതിക്ക് അനുകൂലമായി മൊഴിനൽകിയാലും ശിക്ഷിക്കപ്പെടാമെന്ന റൂളിങ് ഈയിടെ സുപ്രീം കോടതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഇരകൾ പലതരം സാഹചര്യങ്ങളിൽപെട്ടു മൊഴിമാറ്റാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ സുപ്രധാന റൂളിങ്.
കോടതിവരാന്തകളിൽ നുള്ളും പിച്ചും
പോക്സോ കേസുകളിൽ ഇരയായ കുട്ടികളുമായി പ്രോസിക്യൂട്ടർമാർക്കു സ്വകാര്യമായി സംസാരിക്കാനുള്ള സൗകര്യം പോലും പല കോടതികളിലുമുണ്ടാവാറില്ല. പലപ്പോഴും അടുത്ത ബന്ധുക്കൾ പറഞ്ഞു പഠിപ്പിക്കുന്ന വിവരങ്ങളാണു കുട്ടികൾ കോടതി മുൻപാകെ പറയുന്നത്. ഇതു കുട്ടികൾ മുൻപ് ചൈൽഡ് ലൈൻ, പൊലീസ്, മജിസ്ട്രേട്ട് എന്നിവർക്കു നൽകിയ മൊഴികൾക്കു വിരുദ്ധമായിരിക്കും. പ്രതിഭാഗത്തിനു കേസ് പരാജയപ്പെടുത്താൻ ഇതിൽക്കൂടുതൽ ഒന്നും വേണ്ടല്ലോ.
കുട്ടിയിൽ പേടിയും വിഷമവും ഉണ്ടാകാതിരിക്കാൻ കേസിന്റെ വിചാരണവേളയിൽ ഇരയും പ്രതിയും കോടതിപരിസരത്തു പരസ്പരം കാണുന്നതുപോലും തടയുന്ന ശക്തമായ വ്യവസ്ഥകളാണു പോക്സോയിലുള്ളതെങ്കിലും, സംസ്ഥാനത്തെ ഭൂരിഭാഗം കോടതികളിലും അതിനു സംവിധാനമില്ല. പലപ്പോഴും വിചാരണയ്ക്കു മുൻപ് ഇവിടെവച്ചാണ് ഇരയ്ക്കു പ്രധാന ഭീഷണിയുണ്ടാവുന്നത്. കോടതിയിലേക്കുള്ള ഇടനാഴിയിൽ ഇരയും പ്രതിയും തമ്മിൽ കണ്ടുമുട്ടുന്നതോടെ, കുട്ടിയിൽ വീണ്ടും ഭീതി ജനിക്കും.
ആംഗ്യങ്ങളിലൂടെയും മുഖഭാവത്തിലൂടെയുമാണു തനിക്കെതിരെ മൊഴികൊടുത്താൽ ‘ശരിയാക്കുമെന്ന’ സന്ദേശം നൽകുക. സമീപമുള്ള രക്ഷിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തും. ചില കോടതികളിൽ അടുത്ത ബന്ധമുള്ള പ്രതികൾ, ഇരയായ കുട്ടികളെ നുള്ളുകയും പിച്ചുകയുംവരെ ചെയ്യും. എതിരായി മൊഴി നൽകിയാൽ കൊന്നുകളയും എന്നതുപോലുള്ള അപകടകരമായ അർഥമാണ് ഒരു നുള്ളിലുള്ളതെന്ന് ഇരകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏക സംഘടനയായ ‘വിശ്വാസി’ന്റെ സെക്രട്ടറി പി.പ്രേംനാഥ് പറയുന്നു.
ആശുപത്രിയിലും മനസ്സു തകർക്കും
അതിക്രമത്തിനിരയായവരെ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണു പരിശോധിക്കേണ്ടത്. പെൺകുട്ടിയാണെങ്കിൽ പരിശോധന നടത്തുന്നതു വനിതാ ഡോക്ടറായിരിക്കണം. കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലോ, കുട്ടിക്കു വിശ്വാസമുള്ള വ്യക്തിയുടെ സാന്നിധ്യത്തിലോ ആയിരിക്കണം വൈദ്യപരിശോധന നടത്തേണ്ടതെന്നും പോക്സോ നിയമത്തിൽ (വകുപ്പ് – 27) പറയുന്നു.
വൈദ്യപരിശോധന നടത്തുന്നതിനു കുട്ടിയുടെയോ, കുട്ടിക്കുവേണ്ടി സംസാരിക്കാൻ അധികാരപ്പെട്ട വ്യക്തിയുടെയോ അനുമതി ആവശ്യമാണ്. എന്നാൽ, വൈദ്യപരിശോധന പലപ്പോഴും അതിക്രമത്തിനിരയായവർക്കു ദുരിതമാകുകയാണ്. പരിശോധനയ്ക്കായി എത്തിക്കുന്നവരെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും അധിക്ഷേപിക്കുന്നതായി പരാതികളുണ്ട്. ഫിംഗർ ടെസ്റ്റിന്റെ പേരിലും പരാതികളുയർന്നിട്ടുണ്ട്.
ക്രോസ് വിസ്താരം എന്ന പീഡനം
മറ്റു ക്രിമിനൽ കേസുകളിലെന്നപോലെ പ്രതിഭാഗം അഭിഭാഷകൻ ഈ കേസിൽ കുട്ടിയെ കോടതിയിൽ ക്രോസ് വിസ്താരം ചെയ്യരുതെന്നാണു പോക്സോ വ്യവസ്ഥ. കുട്ടിയിൽനിന്നു പ്രതിഭാഗം അഭിഭാഷകനു ലഭിക്കേണ്ട വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ അദ്ദേഹം മജിസ്ട്രേട്ടിന് എഴുതിനൽകണം. ചോദ്യങ്ങളിൽ നിയമത്തിനു വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ന്യായാധിപനു മാറ്റം വരുത്താം. ഉത്തരങ്ങൾ എഴുതി, ഇതു പിന്നീടു പ്രതിഭാഗം അഭിഭാഷകനു തിരികെ നൽകണം.
എന്നാൽ, സ്പെഷൽ കോടതിയിൽ ഒഴികെ ഈ വ്യവസ്ഥ നടക്കുന്നില്ല. ഇരയെ ക്രോസ് ചെയ്യുന്നതു പലപ്പോഴും വലിയ പീഡനമായി മാറുന്നുണ്ട്. നിയമം കൃത്യമായി ഉണ്ടായിട്ടും ഇരയുടെ അവകാശം സംരക്ഷിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ്.
അൽപമൊന്നു പിഴച്ചാൽ കേസ് തോൽക്കും
സൂക്ഷ്മമായ തെളിവുകളിലും സാഹചര്യങ്ങളിലുമാണു പോക്സോ കേസുകളുടെ ഭാവി. പത്തനംതിട്ട പോക്സോ കോടതിയിൽ ഒരു പ്രതി രക്ഷപ്പെട്ടത് എഫ്ഐആറിലെ ചെറിയ പിഴവുമൂലമാണ്. മഹാരാഷ്ട്രയിൽനിന്നു നാട്ടിലേക്കു വന്ന കുടുംബം. അച്ഛനും അമ്മയും 2 പെൺമക്കളും. തിരുവല്ലയിൽ ട്രെയിനിറങ്ങി വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചു പോകുന്ന വഴി അവർ ബന്ധുവിന്റെ വീട്ടിൽ കയറുന്നു. അവിടെ ബന്ധുവും ഭാര്യയുമൊക്കെ മുറ്റത്തെ പ്ലാവിൽനിന്നു ചക്കയിടുകയായിരുന്നു.
മൂത്തമകൾ വീടിനു പിന്നിൽ കെട്ടിയിരുന്ന പശുക്കുട്ടിയുടെ അടുക്കൽ കളിക്കാനായി പോയി. ഇതിനിടെ ചക്ക പൊതിയാൻ വാഴയിലതപ്പിയെത്തിയ ഓട്ടോ ഡ്രൈവർ കുട്ടിയെ കടന്നുപിടിച്ചു. കുട്ടി ബഹളംവച്ചതോടെ ബന്ധുക്കളിടപെട്ടു. പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക്. പൊലീസ് ഓട്ടോഡ്രൈവറെ പിടികൂടി. കേസ് കോടതിയിലെത്തിയപ്പോൾ കോടതിയുടെ ചോദ്യങ്ങൾ പൊലീസിനെ കുഴക്കി.
എഫ്ഐആറിൽ ഓട്ടോഡ്രൈവറുടെ വ്യക്തിവിവരങ്ങൾ പലതും അപൂർണം. അറസ്റ്റിനു സാക്ഷികളുമില്ല. ഇതെല്ലാംകൂടി കണ്ടപ്പോൾ കേസ് കെട്ടിച്ചമച്ചതാണോയെന്നു കോടതിക്കു സംശയം. കേസ് തള്ളിക്കളയുന്നു. പോക്സോ നിയമം ചിലർ ദുരുപയോഗം ചെയ്യുന്നുവെന്നതിനാൽ ഓരോ തെളിവും സൂക്ഷ്മതയോടെയാണു കോടതികൾ പരിശോധിക്കുന്നത്. അതേസമയം, പൊലീസ് സ്റ്റേഷൻ മുതൽ കോടതി വരെ 10 പേരുടെ മുന്നിലെങ്കിലും സംഭവം വിവരിക്കേണ്ടിവന്ന കുട്ടിയുടെ മനസ്സ് പഴയപടിയാകാൻ ഇനി എത്ര സമയമെടുക്കും?
വിചാരണയുടെ വേഗം അതിദയനീയം
(771 കേസ്, വിചാരണ കഴിഞ്ഞത് വെറും 22)
കഴിഞ്ഞ 5 വർഷത്തിനിടെ തൃശൂരിൽ റജിസ്റ്റർ ചെയ്ത 771 പോക്സോ കേസുകളിൽ വിചാരണ പൂർത്തിയായത് 22 കേസു കളിൽ മാത്രം. അതിൽ 12 കേസുകളിലെ പ്രതികളെ കോടതി ശിക്ഷിച്ചു. 10 കേസുകളിൽ പ്രതികളെ വിട്ടയച്ചു. മറ്റ് 5 കേസിൽ കുറ്റപത്രംതന്നെ കോടതി റദ്ദാക്കി. വേറെ 6 കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കി. 3 മാസത്തിനകം കുറ്റപത്രം നൽകണമെന്നും ഉടൻ വിചാരണ നടത്തണമെന്നും നിയമത്തിൽ പറയുമ്പോഴാണ് ഈ താമസം.
നഷ്‌ടപരിഹാരമുണ്ട്
∙ ഇരയ്ക്കു നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിടാനുള്ള അധികാരം പ്രത്യേക കോടതിക്കാണുള്ളത്.
∙ കോടതിക്കോ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കോ അപേക്ഷ നൽകണം.
∙ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) റജിസ്‌റ്റർ ചെയ്‌ത ശേഷം ഏതു ഘട്ടത്തിലും കുട്ടിക്കു നഷ്‌ടപരിഹാരത്തിനായി അപേക്ഷ നൽകാം.
∙ കുട്ടിയുടെ ചികിൽസച്ചെലവ്, പുനരധിവാസം മുതലായ അടിയന്തര ആവശ്യങ്ങൾക്ക് ഇടക്കാല നഷ്‌ടപരിഹാരം നൽകും. സംസ്‌ഥാന സർക്കാരാണു നഷ്‌ടപരിഹാരം നൽകേണ്ടത്.
∙ കോടതിയുടെ ഉത്തരവു കിട്ടി 30 ദിവസത്തിനകം സർക്കാർ നഷ്‌ടപരിഹാരത്തുക നൽകണം.
∙ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്കു പണമെത്തും.
∙ അരലക്ഷം രൂപ മുതൽ മുകളിലോട്ടാണു നഷ്ടപരിഹാരത്തുക.
ശ്രദ്ധിക്കണം, വ്യക്തിത്വം രൂപപ്പെടുന്ന പ്രായമാണ്
ആൺകുട്ടിയായാലും പെൺകുട്ടിയായാലും, പീഡനത്തിന് ഇരയാകുന്നവരിൽ അധികവും 12നും 16നും മധ്യേ പ്രായമുള്ളവരാണെന്നു പൊലീസും ചൈൽഡ്‌ൈലൻ പ്രവർത്തകരും പറയുന്നു. കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്ന സുപ്രധാന കാലഘട്ടം കൂടിയാണിത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്ന ആൺകുട്ടികൾ മുതിർന്നശേഷം, അതേ കുറ്റകൃത്യത്തിൽ ഉൾപ്പെടാൻ സാധ്യത കൂടുതലാണ്. പെൺകുട്ടികളാകട്ടെ, തങ്ങളുടെ തെറ്റുകൊണ്ടാണു പീഡനത്തിന് ഇരയായതെന്ന മിഥ്യാധാരണയിൽ പിന്നീടുള്ള ജീവിതം ഒതുങ്ങിക്കൂടി കഴിച്ചുകൂട്ടും.
നാളെ: നമ്മുടെ കുഞ്ഞുങ്ങൾക്കു വേണം, സുരക്ഷിത ഇടങ്ങൾ
എഴുത്ത്: ജിജോ ജോൺ പുത്തേഴത്ത്, സാക്കിർ ഹുസൈൻ, ജയചന്ദ്രൻ ഇലങ്കത്ത്, ജി.വിനോദ്, എം.പി.സുകുമാരൻ, ആർ.കൃഷ്ണരാജ്, എസ്.വി.രാജേഷ്, എ.എസ്.ഉല്ലാസ്, ജോജി സൈമൺ, മുസ്തഫ കൂടല്ലൂർ, എസ്.പി.ശരത്, ബേസിൽ ആലങ്ങാടൻ.
സങ്കലനം: അജീഷ് മുരളീധരൻ