‘പോക്സോ’ എന്ന സുശക്തമായ നിയമം പൂർണതയിലേക്ക് എത്താൻ കടമ്പകളേറെ. സർക്കാരും ജുഡീഷ്യറിയും സമൂഹവും ഒത്തൊരുമിച്ച് എത്രയും വേഗം ഈ പ്രതിബന്ധങ്ങൾ മറികടന്നാലേ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായ ഭാവിയിലേക്ക് വളരുകയുള്ളു.
പൊലീസിന് ടാക്സിക്കൂലി കിട്ടും
പോക്സോ കേസന്വേഷണത്തിൽ പരിമിതി പറയുന്ന പൊലീസുകാരിൽ പലർക്കും അവർക്കു പ്രയോജനപ്പെടുത്താവുന്ന കാര്യങ്ങളെപ്പറ്റിപ്പോലും അറിവില്ല. കേസ് നടപടികളുടെ ഭാഗമായി കുട്ടികളെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ലെന്നാണ്. പക്ഷേ, ടാക്സി വിളിച്ചാൽ ആരു പണം കൊടുക്കും? സന്മനസ്സുള്ള ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽനിന്നു കൊടുക്കും. അല്ലാത്തവർ സ്റ്റേഷനിലെ ദൈനംദിന ചെലവിൽ ഉൾപ്പെടുത്തി പണം കണ്ടെത്തും. അതിനുവേണ്ടി വകയിരുത്തിയ തുക ജില്ലാ ബാലസംരക്ഷണ യൂണിറ്റിന്റെ പക്കലുണ്ടെന്നു പലർക്കും അറിയില്ല. ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്‌ഷൻ സ്കീം ഫണ്ടിൽനിന്ന് ഈ തുക അനുവദിക്കാം. സിഡബ്ല്യുസി വഴി അപേക്ഷിച്ചാൽ പൊലീസിനു പണം ലഭിക്കും.
കേസുകൾ ക്രൈംബ്രാഞ്ചിന്
പോക്സോ കേസുകൾ സംബന്ധിച്ച മുഴുവൻ അന്വേഷണവും തുടർനടപടികളും ഇനി ക്രൈംബ്രാഞ്ച് നടത്തും. 4 വർഷമായി ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്ന നടപടികളാണ് അന്വേഷണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ടു പോക്സോ സംസ്ഥാന അവലോകനയോഗത്തിന്റെ തീരുമാനപ്രകാരം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഈ വേഗം പോരാ
പോക്സോ അനുസരിച്ച്, പൊലീസ് എഫ്ഐആർ തയാറാക്കിയാൽ ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം നൽകി വിചാരണ പൂർത്തിയാക്കണം. എന്നാൽ, 6 വർഷം കഴിഞ്ഞിട്ടും
പൂർത്തിയാകാത്ത കേസുകളുണ്ട്. പോക്സോ കേസുകൾ കൈകാര്യം ചെയ്യാനായി തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലുള്ള സ്പെഷൽ കോടതികളിൽപോലും കേസുകൾ ഇഴയുകയാണ്. മറ്റു ജില്ലകളിൽ സെഷൻസ് കോടതികൾക്കാണു പോക്സോയുടെ ചുമതല എന്നതിനാൽ, വിവിധ കേസുകളുടെ കൂമ്പാരത്തിലേക്കാണ് ഈ കേസുകളും എത്തുക.
അങ്ങേയറ്റത്തെ സഹാനുഭൂതി കാട്ടുക
അതിക്രമത്തെ അതിജീവിച്ചവരോട് അങ്ങേയറ്റം സഹാനുഭൂതിയോടെ വേണം പൊ ലീസും ഡോക്ടർമാരും പെരുമാറാൻ. ഇളകിമറിയുന്ന മനസ്സോടെയും പേടിയോടെയുമാണ് അമ്മ, അല്ലെങ്കിൽ അച്ഛൻ കുട്ടിയുമായി വൈദ്യപരിശോധനയ്ക്കെത്തുക. കാത്തിരിക്കാൻ ഇടനൽകാതെ പെട്ടെന്നു പരിശോധന പൂർത്തിയാക്കണം. ഇത്തരം കുട്ടികൾക്കു സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ചികിത്സ പൂർണമായും സൗജന്യമാണ്.
വെള്ളത്തിനു മുകളിൽ കാണുന്ന മഞ്ഞുമലയുടെ അറ്റംപോലെയാണു ചില കേസുകൾ. അന്വേഷിക്കുമ്പോഴാണ് അതിന്റെ ഭീകരാവസ്ഥ പുറത്തുവരിക എന്നതിന് ഉദാഹരണമാണു പാലക്കാട് വാളയാറിൽ സഹോദരിമാർ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് ഒടുവിൽ ആത്മഹത്യ ചെയ്ത കേസ്.
ഡോ. പി.ബി.ഗുജറാൾ (ഫൊറൻസിക് വിദഗ്ധനും പാലക്കാട് ജില്ലാ പൊലീസ് സർജനും)
കൗൺസലിങ്ങിന് അധ്യാപകർ
ചെറുപ്രായത്തിലേ ഇത്തരത്തിൽ നോവിക്കപ്പെടുന്ന കുട്ടികളെ സമീപിക്കേണ്ടത് വളരെ അനുതാപത്തോടെയാണ്. പക്ഷേ, കേരളത്തിലെ ഉദ്യോഗസ്ഥ സംവിധാനങ്ങൾക്ക് അതിനു കഴിയുന്നതായി തോന്നുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരോ പ്രഫഷനൽ മനഃശാസ്ത്ര വിദഗ്ധരോ ഇത്തരം കുട്ടികളെ സമീപിക്കുന്നതിനേക്കാൾ നല്ലത് കുട്ടികൾക്കു പരിചയവും സ്നേഹവും ബഹുമാനവുമുള്ള അവരുടെ അധ്യാപകർതന്നെ കൗൺസലിങ് ചെയ്യുന്നതാണ്. ഓരോ സ്കൂളിലും അതിനു പ്രാപ്തരായ അധ്യാപകരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി നിയോഗിക്കാൻ വിദ്യാഭ്യാസവകുപ്പ് പരിശ്രമിക്കണം.
ഡോ. രാജൻ മത്തായി, (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൊച്ചി)
പ്രത്യേക പൊലീസ് വേണം
പോക്സോ കേസുകളുടെ അന്വേഷണത്തിനു മാത്രമായി പ്രത്യേക പൊലീസ് വിഭാഗം രൂപീകരിക്കണം. ലാത്തിച്ചാർജ് കഴിഞ്ഞുവരുന്ന പൊലീസ് ഉദ്യോഗസ്ഥനും വിഐപിക്ക് അകമ്പടിയായി ദീർഘദൂരയാത്ര കഴിഞ്ഞുവരുന്ന ഉദ്യോഗസ്ഥനുമൊക്കെയാണ് ഇന്നു പോക്സോ കേസ് അന്വേഷിക്കുന്നത്. നിയമപരമായി അറിവുള്ള, പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥൻ വേണം അന്വേഷണം നടത്തേണ്ടത്. ഈ കുറ്റകൃത്യത്തിന്റെ ഗുരുതര ഭവിഷ്യത്തുകൾ സമൂഹത്തെ അറിയിക്കണം.
ടി. ആസഫലി (മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്)
നമ്മൾ എന്ത് ചെയ്യണം
ശിശുസൗഹൃദ കോടതികൾ
മൂന്നു ജില്ലകളിലേ പോക്സോ കോടതികളുള്ളൂ. കുട്ടികൾ പ്രതിയുമായി കണ്ടുമുട്ടാൻ ഇടവരാത്ത, കോടതിയിലേക്കുള്ള വന്നുപോക്ക് മാനക്കേടിന്റെ മറ്റൊരു അധ്യായമാകാത്ത, വിശ്രമമുറിയിൽനിന്ന് നേരിട്ട് കോടതിമുറിയിലേക്കു കയറാവുന്ന ശിശുസൗഹൃദ കോടതികൾ വേണം.
അവധിദിനത്തിൽ കോടതി
കോടതിയിലെ പതിവു തിരക്കിൽ പ്രതികളും ബന്ധുക്കളും സ്വാധീനിക്കാനും ശല്യപ്പെടുത്താനും അവസരങ്ങളേറെ. സ്കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്നത് മറ്റൊരു പ്രശ്നം. തിരക്കൊഴിഞ്ഞ കോടതി പരിസരം ഉറപ്പാക്കാൻ ശനി ഉൾപ്പെടെ അവധിദിനങ്ങളിലെ വിചാരണ പരിഗണിക്കാം.
ജില്ലാതല നിരീക്ഷണം
സിഡബ്ല്യുസിയുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ സൈക്കോളജിസ്റ്റ്, സാമൂഹികപ്രവർത്തക, ചൈൽഡ് ലൈൻ, ഡിസിപിയു, പോക്സോ ജില്ലാ നോഡൽ ഓഫിസർ, മെഡിക്കൽ ഓഫിസർ എന്നിവരടങ്ങുന്ന മൾട്ടിഡിസിപ്ലിനറി ടീം രൂപവൽക്കരിക്കണം. കേസുകൾ നിരീക്ഷിക്കാനും മൊഴിയെടുപ്പ്, വൈദ്യപരിശോധന തുടങ്ങിയവ സുഗമമാക്കാനും അതുവഴി സാധിക്കും.
മൊഴിയെടുപ്പിന് റിക്കോർഡിങ്
സംഭവത്തെക്കുറിച്ചു പലതവണ വിവരിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ, വിവിധ ഏജൻസികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുടെ മേൽനോട്ടത്തിൽ, അവരുടെ സാന്നിധ്യം കുട്ടിയെ അസ്വസ്ഥപ്പെടുത്താതെ പൊലീസ് മൊഴിയെടുക്കുകയും അത് റിക്കോർഡ് ചെയ്യുകയും േവണം.
കൂടുതൽ ശിശുമന്ദിരങ്ങൾ
സംരക്ഷണകേന്ദ്രങ്ങൾ നിറയുന്ന സ്ഥിതി ഒഴിവാക്കാൻ കുട്ടികളുടെ ശാരീരിക, മാനസിക ഉല്ലാസം ഉറപ്പാക്കുന്ന മാതൃകാ ശിശുസൗഹൃദകേന്ദ്രങ്ങൾ സ്ഥാപിക്കണം.
ബാലപീഡകരുടെ പട്ടിക പ്രസിദ്ധീകരിക്കണം
സ്ഥിരം ബാലപീഡകരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ചില രാജ്യങ്ങളുണ്ട്. ഇന്ത്യയിലും അതിന്റെ സാധ്യത ആരായണം. പിടികിട്ടാപ്പുള്ളികളുടെ പട്ടിക നമ്മുടെ രാജ്യത്തുമുണ്ട്.
(കടപ്പാട്: ടീം ചൈൽഡ് ലൈൻ മലപ്പുറം)
പരമ്പര അവസാനിച്ചു