ഇക്കുറി ‘വൺമാൻ ഷോ’അല്ല

ബിജെപി മാറിയിട്ടുണ്ട്. ഈ വർഷം ആദ്യപാതിയിൽ നടന്ന ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം ആശ്രയിച്ചായിരുന്നു പാർട്ടിയുടെ പ്രചാരണം. എന്നാൽ, 5 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രചാരണങ്ങളിൽ ബിജെപി തന്ത്രം മാറ്റി. ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒട്ടേറെ റാലികളിൽ മോദി പ്രസംഗിച്ചുവെങ്കിലും, മുൻ തിരഞ്ഞെടുപ്പുകളിലേതു പോലെ മോദിയും എതിരാളികളും എന്ന സ്ഥിതി സൃഷ്ടിക്കാൻ ഇത്തവണ പാർട്ടി മുതിർന്നില്ല. 150 സീറ്റുകൾ ലക്ഷ്യമിട്ടു പോരാട്ടത്തിനിറങ്ങിയ ബിജെപിയെ ഗുജറാത്തിൽ കരകയറ്റിയതു മോദി ഇറങ്ങിയാണ്. 99 സീറ്റുകളാണു ബിജെപിക്കു ലഭിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പു നടന്ന മണ്ഡലങ്ങളിൽ 10 ദിവസം മോദി പ്രചാരണരംഗത്തുണ്ടായിരുന്നു. എന്നിട്ടും കേവല ഭൂരിപക്ഷത്തിലേക്കു ബിജെപിക്ക് 7 സീറ്റിന്റെ കുറവുണ്ടായി.

കർണാടക ഫലം വന്നശേഷം പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ നരേന്ദ്ര മോദി പറഞ്ഞത്, സംഘടനയ്ക്ക് എല്ലാം തനിക്കുമേൽ വയ്ക്കാനാവില്ല എന്നാണ്. പ്രധാനമന്ത്രിയുടെ ഭരണമികവു വിലയിരുത്തുന്ന ഹിതപരിശോധനകളായി നിയമസഭാ തിരഞ്ഞെടുപ്പുകൾ വിശകലനം ചെയ്യപ്പെടാൻ അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന നേതാക്കൾ വേണം പ്രചാരണം ഊർജസ്വലമായി നടത്താനെന്നും മോദി ആവശ്യപ്പെട്ടു. എന്നാൽ, ദേശീയ എക്സിക്യൂട്ടീവിലെ അമിത് ഷാ അടക്കമുള്ള നേതാക്കളും മുതിർന്ന മന്ത്രിമാരും ഇതിനോടു പൂർണമായി യോജിച്ചില്ല. പക്ഷേ, പ്രചാരണങ്ങളിൽ കൂടുതൽ നേതാക്കളെ പങ്കെടുപ്പിക്കാം എന്നവർ സമ്മതിച്ചു.

മുഖ്യപ്രചാരകരുടെ അന്തിമപട്ടിക തിര‍ഞ്ഞെടുത്തത് അമിത് ഷാ തനിച്ചായിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രിമാർ അടക്കം 2 ഡസൻ മുഖ്യപ്രസംഗകരുടെ പട്ടികയാണു നേതൃത്വം തയാറാക്കിയത്. മുതിർന്ന നേതാക്കളായ അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, ഉമ ഭാരതി തുടങ്ങിയവരെ ഒഴിവാക്കി. അതേസമയം, ഹൈദരാബാദിലടക്കം റാലികളിൽ പ്രസംഗിക്കാൻ നിർമല സീതാരാമൻ തിരഞ്ഞെടുക്കപ്പെട്ടു. ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രസംഗപാടവം ഉണ്ടെങ്കിലും, മോദിയുടെ കരിമ്പട്ടികയിലുള്ള ശത്രുഘ്നൻ സിൻഹ എംപി പുറത്തായി. ബിജെപി ഭരണത്തിലുള്ള മൂന്നു സംസ്ഥാനങ്ങളിലാകട്ടെ, പാർട്ടി മുഖ്യമന്ത്രിമാർക്കു പുറമേ മൂന്നു പേരുകളാണു പ്രധാനമായും സ്ഥാനാർഥികൾ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദി ആദ്യം. രണ്ടാമതു യോഗി ആദിത്യനാഥ്. മൂന്നാമത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

ശക്തമായ ഹിന്ദുത്വപ്രഭാവമുള്ള നേതാവാണ് ആദിത്യനാഥ്. രാജസ്ഥാനിൽ രജപുത്രരുമായി മുഖ്യമന്ത്രി വസുന്ധര രാജെ നല്ല ബന്ധത്തിലല്ല. അതിനാൽ, ആ സമുദായത്തിൽനിന്നുള്ള ഏറ്റവും മുതിർന്ന നേതാവായ രാജ്നാഥ് സിങ്ങിന് അവിടെ പ്രചാരണത്തിനു പ്രത്യേക ക്ഷണമുണ്ടായിരുന്നു. അതേസമയം, തീപ്പൊരി പ്രസംഗകൻ കൂടിയായ അമിത് ഷായ്ക്കുവേണ്ടി ഇക്കുറി സ്ഥാനാർഥികൾ വലിയ ആവശ്യമുയർത്തിയില്ല. നഗരമേഖലകളിൽ റോഡ് ഷോ നടത്താനാണു ഷായ്ക്ക് താൽപര്യം. എന്നാൽ, ഭോപാൽ, ഇൻഡോർ, ജയ്‌പുർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാനാർഥികൾക്ക് ഇതു ഭാരിച്ച ദൗത്യമായി തോന്നി, വിശേഷിച്ചും പ്രവൃത്തിദിനങ്ങളിൽ.

മുൻ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയെ മാത്രം ആശ്രയിച്ചിരുന്ന കോൺഗ്രസാകട്ടെ, ഇത്തവണ 5 സംസ്ഥാനങ്ങളിലെ പ്രബലരായ നേതാക്കളെ പ്രചാരണത്തിനു മുന്നിൽനിർത്തി. മധ്യപ്രദേശിലെ ദൗത്യം കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ഏറ്റെടുത്തു. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. മിസോറമിൽ മുഖ്യമന്ത്രി ലാൽതൻഹവ്‌ല തന്നെയായിരുന്നു മുഖ്യ പ്രചാരകൻ. തെലങ്കാനയിൽ ഒരിടത്തു മാത്രം സോണിയ ഗാന്ധി പ്രത്യക്ഷപ്പെട്ടു. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മോദിയും രാഹുലും തമ്മിലുള്ള സെമി ഫൈനൽ മൽസരമായാണ് തിരഞ്ഞെടുപ്പു പണ്ഡിറ്റുകൾ ഉറ്റുനോക്കുന്നതെങ്കിലും, ബിജെപിക്കും കോൺഗ്രസിനും വേണ്ടി ഒട്ടേറെ നേതാക്കളാണു പ്രചാരണത്തിനു കളത്തിലിറങ്ങിയത്.