കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ സമീപകാലത്തൊന്നും ഇതുപോലെ സന്തോഷംകൊണ്ടു പൂത്തുലഞ്ഞിട്ടില്ല. ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ തേരോട്ട വാർത്തകൾ ചൊവ്വാഴ്ച രാവിലെ പുറത്തുവന്നപ്പോൾ പൊട്ടിയ ആഹ്ലാദത്തിന്റെ മാലപ്പടക്കത്തിൽ സമീപവാസികൾതന്നെ കിടുങ്ങിപ്പോയി. അവിടെ ഓരോ മുഖത്തും ചിരി നിറഞ്ഞിരുന്നു. അതിനു ഗ്രൂപ്പു വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. ആഘോഷം വൈകാതെ തെരുവിലേക്കായി. സി.എൻ. ബാലകൃഷ്ണന്റെ സംസ്കാരച്ചടങ്ങുകൾ നടന്ന തൃശൂരിലെ ബന്ധപ്പെട്ട പ്രദേശങ്ങൾ മാറ്റിവച്ചാൽ, കേരളമാകെ ആഹ്ലാദപ്രകടനങ്ങൾ പാർട്ടി സംഘടിപ്പിച്ചു.
സന്തോഷിക്കാൻ അടുത്തകാലത്തു കാര്യമായൊന്നും കിട്ടാതിരുന്നതിന്റെ കേടു തീർക്കുകയായിരുന്നു കോൺഗ്രസുകാർ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിളംബരമുയരുമ്പോൾ, ദേശീയതലത്തിൽ പാർട്ടി തിരിച്ചുവരുന്നുവെന്ന സൂചനകൾ ലഭിക്കുന്നത് ഏതൊരു കോൺഗ്രസുകാരനിലും വികാരങ്ങൾ ജനിപ്പിക്കും. രാഷ്ട്രീയസാഹചര്യങ്ങൾ തികച്ചും അനുകൂലമാകുന്നുവെന്ന വിലയിരുത്തലാണു കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിലുണ്ടായത്. എന്നാൽ സംഘടനയോ? അതൊരു ചോദ്യചിഹ്നമാണ്. ഇന്ദിരാഭവനിലെ ആൾക്കൂട്ടത്തിനിടയിലും മുല്ലപ്പള്ളി രാമചന്ദ്രൻ ഏതാണ്ട് ഏകനാണ്!
2009ന്റെ മാതൃക
ആകെ 20ൽ 16 സീറ്റും യുഡിഎഫ് നേടിയ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഗൃഹപാഠമാണ് പലരും ഗൃഹാതുരതയോടെ സ്മരിക്കുന്നത്. ഓരോ ബൂത്തിനുംവരെ ചാർജുകാരനെ കൃത്യമായി തീരുമാനിച്ചുള്ള കണിശമായ ആ തയാറെടുപ്പ് ഉദ്ദേശിച്ച ഫലം തന്നെ നൽകി. ശേഷം കിതപ്പിന്റെ കാലമായിരുന്നു. 2011ൽ അധികാരത്തിലേറി എന്നതു ശരി. പക്ഷേ, ആത്മവിശ്വാസം അതിരുകടന്നപ്പോൾ, സംഘടനാസംവിധാനത്തിന് ആരും ഊന്നൽ നൽകിയില്ല. നൂറിലേറെ സീറ്റു പ്രതീക്ഷിച്ചശേഷം 72 സീറ്റുമായി കഷ്ടിച്ചൊരു മന്ത്രിസഭ.
2016 ആയപ്പോൾ പാർട്ടിയും സർക്കാരും പൂർണമായും രണ്ടുതട്ടിലെന്ന സ്ഥിതിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആസൂത്രിതമായ സംഘടനാസംവിധാനം എന്നത് മിഥ്യയായി. ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എത്തിനോക്കാത്ത നിയമസഭാമണ്ഡലങ്ങൾ വരെയുണ്ടായി എന്നു പറഞ്ഞാൽ, കിട്ടിയ 22 സീറ്റ് തന്നെ അദ്ഭുതമാകാം.
മുല്ലപ്പള്ളി രാമചന്ദ്രന്റെ വരവ് അതിലൊരു മാറ്റമുണ്ടാക്കുമോ എന്നതാണ് 2019നെ സംബന്ധിച്ചിടത്തോളം നിർണായകം. കൃത്യമായ സംഘടനാ അജൻഡയുമായാണ് അദ്ദേഹം അമരത്തെത്തിയത്. പക്ഷേ, അതു നടപ്പാക്കാൻ കഴിയുന്ന പുതിയ ഭാരവാഹികളുടെ ടീമിനെ ഇനിയും ലഭിച്ചിട്ടില്ല. അക്കാര്യത്തിൽ സഹായിക്കേണ്ടത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. ആന്ധ്രയുടെ സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടിക്കു കേരളം മാത്രം ശ്രദ്ധിച്ചാൽ പോരാ. എന്നാൽ, 2019ലെ മികച്ച പ്രകടനം അനിവാര്യമായതിനാൽ സംഘടനയെ ചലിപ്പിക്കാൻപോന്ന ടീമിനെ സജ്ജമാക്കാൻ മുൻകയ്യെടുക്കേണ്ടതു ചെന്നിത്തലയാണ്. ഇരുനേതാക്കളുമായും നാലുതവണ മുല്ലപ്പള്ളി സംസാരിച്ചു.
പഴയ ടീമിൽ, കാര്യക്ഷമമായി പ്രവർത്തിക്കുന്ന ചിലരെ നിലനിർത്തണമോ, പൂർണമായും പുതിയ ടീം വേണമോ എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. പതിവുപോലെ ഇക്കാര്യത്തിലും ഡൽഹിയിൽനിന്നുള്ള നിർദേശമാണു കാക്കുന്നത്. അനിശ്ചിതത്വം തുടരുന്നതിനാൽ പഴയ ടീമിനെ വീണ്ടും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് കെപിസിസി പ്രസിഡന്റ്. നാളെ രാഷ്ട്രീയകാര്യസമിതിക്കു മുൻപായി വിളിച്ചുചേർത്തിരിക്കുന്നത് ഡിസിസി പ്രസിഡന്റുമാരുടെയും പഴയ കെപിസിസി ഭാരവാഹികളുടെയും യോഗം തന്നെ.
കെപിസിസി തൊട്ട് ബൂത്തുവരെയുള്ള സ്ഥിതി ഇതുതന്നെ. 80 % ബൂത്തുകൾ പുനസംഘടിപ്പിച്ചുവെന്നാണു നേതൃത്വം അവകാശപ്പെടുന്നതെങ്കിലും, സജീവമായി പ്രവർത്തിക്കുന്നത് ഏറിയാൽ 50% മാത്രം. മണ്ഡലം പ്രസിഡന്റുമാരുടെ മേഖല തിരിച്ചുള്ള യോഗത്തിൽ നേതൃത്വം അവരോടു പറഞ്ഞത് ഇതാണ്: ‘കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ഒരിക്കൽ ആ പ്രദേശത്തെ ഏതു പ്രശ്നത്തിലും ഇടപെട്ടു പരിഹാരമുണ്ടാക്കുന്ന പ്രമാണിയായിരുന്നു. ആ പദവി നിങ്ങളിലെത്രപേർക്ക് ഇന്ന് അവകാശപ്പെടാനാകും? പാർട്ടിയുടെ അംബാസഡർമാരാകുക. എങ്കിലേ, കോൺഗ്രസ് രക്ഷപ്പെടൂ’. ഭാരവാഹികളെ മുട്ടിയിട്ടു നടക്കാൻ പറ്റാത്ത സ്ഥിതിയായതോടെ മിക്ക ഡിസിസികളുടെയും പ്രവർത്തനം കുഴഞ്ഞു. കോൺഗ്രസിന്റെ ഏതു തലത്തിലുമുള്ള ഭാരവാഹികളാകട്ടെ, അതിൽ പകുതിയെങ്കിലും പ്രവർത്തനരംഗത്തു മൃതരാണ് എന്നതാണു യാഥാർഥ്യം.
ഗ്രൂപ്പിനുവേണ്ടിയാണെങ്കിൽ പക്ഷേ, ഈ ക്ഷീണമെല്ലാം മറക്കും, ജീവൻ കൊടുത്തും ജയിക്കാനുള്ള അധ്വാനത്തിലേർപ്പെടും. യൂത്ത് കോൺഗ്രസ് അംഗത്വവിതരണം സാക്ഷ്യപ്പെടുത്തുന്നതു മറ്റൊന്നുമല്ല. യൂത്ത് നേതൃത്വം പിടിക്കാനായി ഇരു ഗ്രൂപ്പുകളും ഓരോ ജില്ലയ്ക്കും ചാർജുകാരെ നിശ്ചയിച്ചു. ഓൺലൈൻ അംഗത്വരീതി പഠിപ്പിക്കാനായി ശിൽപശാലകൾ സംഘടിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു പോരാടുന്ന ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥനും എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുത്തു. ഇതെല്ലാം വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതടക്കമുള്ള ലോക്സഭാ തയാറെടുപ്പുകളെ വല്ലാതെ പിന്നോട്ടടിച്ചു.
പാർട്ടി തിരിച്ചുവന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുൻകാലങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സംഘടനാതിരഞ്ഞെടുപ്പ് ഭേദമായി നടന്നിരുന്നു. ശേഷം, കണ്ടാൽ പരസ്പരം മിണ്ടാത്ത ഉന്നതനേതാക്കളെ ഒരുമിച്ചിരുത്തിയ രാഹുൽ ഗാന്ധി സഹകരിച്ചുനീങ്ങിയേ തീരൂവെന്ന് അവരോടു തീർത്തുപറഞ്ഞു. കൈകോർത്തു സംഘടനയെ ചലിപ്പിക്കാൻ ആവശ്യപ്പെട്ടു. ആ വിജയപതാകയാണ് മൂന്നു സംസ്ഥാനങ്ങളിൽ ഉയരെപ്പറക്കുന്നത്.