ആഴ്ചകൾ കഴിഞ്ഞിട്ടും ആർക്കും കിട്ടാത്ത ‘ഒരു മണിക്കൂർ വായ്പ’; സംശയനിഴലിൽ ഗുജറാത്ത്?

സുപ്രധാനമായൊരു  വായ്പ പദ്ധതി‌യും അതിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങളും ക്യാപിറ്റവേൾഡിന്റെ കുത്തകയാണ്. വായ്പ പ‌ദ്ധതിക്കായി രൂപീകരിച്ച കൺസോർഷ്യം കീഴ്മേൽമറിഞ്ഞു. കൺസൽറ്റൻസിയായി വന്ന ക്യാപിറ്റവേൾഡ്, കൺസോർഷ്യത്തിന്റെ അമരക്കാരനായി. വിവിധ പൊതുമേഖലാ ബാങ്കുകളുടെ ‌കൂട്ടുപിടിച്ച് സിഡ്ബി (ചെറുകിട വ്യവസായ വികസന ബാങ്ക്), ക്യാപിറ്റവേൾഡിൽ ഓഹരിവാങ്ങി. ഒന്നും രണ്ടുമല്ല, 22.5 കോടി രൂപയുടെ ഓഹരി! ചോദ്യങ്ങൾ ഇവിടെ തുടങ്ങുന്നു. വൻ സാമ്പത്തികവിജയം നേടിയ ചരിത്രമില്ലാത്ത, മുൻവർഷങ്ങളിൽ കാ‌ര്യമായ നേട്ടം കൊയ്യാത്ത ഒരു കമ്പനിയിൽ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപം നടത്തിയതെന്തിന്? 

ഒന്നുമല്ലാത്ത ഒരു കമ്പനിയിലേക്കു വെറുതെ ഓഹരി നിക്ഷേപിച്ചിടത്തു തീ‌രുന്നില്ല കാര്യങ്ങൾ. വായ്പയ്ക്കുള്ള രേഖകൾ പരിശോധിച്ചു തത്വത്തിൽ അംഗീ‌കാരം നൽകാനും അഥവാ, അപേക്ഷയ്ക്ക് 1180 രൂപ വാങ്ങാനുള്ള അവകാശവും കമ്പനിക്കു നൽകി. ഇവിടെയുമുണ്ട് ചോദ്യം. സാധാരണ ബാങ്ക് വായ്പകൾക്ക് അപേക്ഷാ ഫീസില്ലല്ലോ. അപ്പോൾ, ഈ 1180 രൂപ? 

ദുരൂഹതകളുടെ ഗുജറാത്ത് കരം

വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയെത്തന്നെ കരാറേൽപിച്ചത് എന്തിന് എന്നതും പ്രസക്തമായ ചോദ്യം. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടികൾക്കു ചുക്കാൻപിടിച്ചവരിൽ ഒരാളായ അഖിൽ ഹൻഡ, വായ്‌പ പദ്ധതിക്കുള്ള കൺസോർഷ്യത്തിന്റെ ഡയറക്ടർ പദവിയിലുള്ളപ്പോൾ സംശയത്തിന്റെ നിഴലിനു കട്ടികൂടുന്നു. സിഡ്ബി, സ്വകാര്യ സ്ഥാപനത്തെയും പൊതുമേഖലാ ബാങ്കുകളെയും കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ കൺസോർഷ്യത്തിന്റെ തലപ്പത്ത് ബാങ്ക് ഓഫ് ബറോഡയുടെ നോമിനിയായാണ് അഖിൽ ഹൻഡ എത്തിപ്പെട്ടത്. ഹൻഡയുടെ രംഗപ്രവേശം പിൻവാതിലിലൂടെ ആണെന്ന് ആക്ഷേപമുയരുന്നു. മറുപടി വേണ്ടേ? 

എല്ലാം സ്വകാര്യം

പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി, വിമാനനിർമാണരംഗത്ത് ഒരു പരിചയവുമില്ലാത്ത കമ്പനിയെ എന്തുകൊണ്ടു തിരഞ്ഞെടുത്തു എന്നതാണ് റഫാൽ ‌യുദ്ധവിമാന ഇടപാടിലെ ‌പ്രധാന ‌ചോദ്യം. 59 മിനിറ്റ് വായ്പയുടെ കാര്യത്തിലും ഇതു പ്രസ‌ക്തം. 

പൊതുമേഖലാ ബാങ്കുകളിൽനിന്നു വായ്പ അനുവദിക്കുന്നതിന് ക്യാപിറ്റവേൾഡ് എന്ന സ്വകാര്യ കമ്പനിയെ ചു‌മതലയേൽപിക്കാൻ എന്താണു കാരണം? അപേക്ഷകന്റെ അതീവഗൗരവമുള്ള സാമ്പത്തിക വിവരങ്ങൾ സ്വകാര്യ കമ്പനിക്കു നൽകു‌മ്പോൾ എ‌‌ന്തു സുരക്ഷിതത്വം? 

അപേക്ഷകരുടെ ക്രെഡിറ്റ് പരിശോധന നടത്തുന്നതിന് ഉൾപ്പെടെയുള്ള സാങ്കേതികവി‌ദ്യ ക്യാപിറ്റവേൾഡിന്റെ കൈവശമുണ്ടെന്നാണ് സിഡ്ബിയുടെ ‌ന്യായീകരണം. ഇതിലും മെച്ചപ്പെട്ട സേവനം നൽകു‌ന്ന, കൺസൽറ്റൻസി പശ്ചാത്തലമുള്ള കമ്പനികൾ സർക്കാരിനുതന്നെയുണ്ട്. ആദായനികുതി വെബ്‌സൈറ്റുകൾ കൈകാര്യം ചെ‌‌യ്തു വിശ്വാസ്യത നേടിയവരോ സർക്കാരിന്റെതന്നെ വമ്പൻ പ‌ദ്ധതികൾ കൈകാര്യം ചെയ്യുന്ന ഏജൻസികളോ പരിഗണിക്കപ്പെട്ടി‌ല്ല. ഒരു മണിക്കൂറിനുള്ളിൽ ലഭിക്കുമെന്നറിയിച്ച വായ്പ, ആഴ്ചകൾ കഴിഞ്ഞിട്ടും കിട്ടാത്തത് എന്തുകൊണ്ടെന്ന ഏറെ പ്രധാനപ്പെട്ട ചോദ്യത്തിനും ഉത്തരമില്ല.  

ഇങ്ങനെയല്ല സർ രക്ഷപ്പെടുത്തേണ്ടത് !

59 മിനിറ്റിനുള്ളിൽ വായ്പ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ വിശ്വസിച്ചു കാത്തിരുന്ന ചെറുകിടക്കാർക്കുവേണ്ടി കേരള സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ഇടുക്കി ജില്ലാ ഘടകം പ്രസി‍ഡന്റ് ബി. ജയകൃഷ്ണൻ പ്രധാനമന്ത്രിക്കൊരു കത്തയച്ചു. ജിഎസ്ടിയും പ്രളയവും അടക്കമുള്ള ദുരിതക്കയത്തിൽ വീണുപോയവരുടെ സങ്കടവും ഈ വായ്പ പദ്ധതിയിലെ പോരായ്മകളും ചൂണ്ടിക്കാട്ടുന്നതായിരുന്നു കത്ത്. 

കേന്ദ്ര സർക്കാരിന്റെ 59 മിനിറ്റ് പദ്ധതിക്ക് ഇടുക്കിയിൽ ‘തത്വത്തിൽ അംഗീകാരം’ ലഭിച്ചതു 2 പേർക്ക്്. ‘തത്വത്തിൽ അംഗീകാര’വുമായി  ബാങ്കിലെത്തിയപ്പോൾ അധികൃതർ കൈമലർത്തി. പ്രഖ്യാപനം പൊലിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്് ഇടുക്കി ജില്ലയിൽ മാത്രം ഏഴു ക്യാംപുകളാണു കേന്ദ്ര സർക്കാർ നടത്തിയത്.അവർക്കും ഇവരെ സഹായിക്കാനായില്ല. 

ചെറുകിട സംരംഭകർക്കായി സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന വിവിധ പദ്ധതികൾ പരിചയപ്പെടുത്തുന്നത് നല്ലതുതന്നെയെന്നു സമ്മതിക്കുമ്പോഴും ഇവയൊന്നും പ്രയോജനപ്പെടുന്നില്ലെന്ന പരിഭവമാണ് ഇവർക്ക്. ക്ലാസുകൾ പോരാ, കാര്യം നടക്കണം. അതിന് അവർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളിൽ ചിലത്: 

ചെറുകിട, ഇടത്തരം സംരംഭകർക്കായി (എം‌എസ്എംഇ) ഒരു ഹെൽപ് ഡെസ്ക് താലൂക്ക് തലത്തിലെങ്കിലും തുടങ്ങണം. വായ്പ ന‌ൽകാനാവാതെ ബാങ്കുകൾ ഇതിനകം കൈമലർത്തിക്കഴിഞ്ഞു. 

പ്രളയവും ജിഎസ്ടിയും നോട്ട് നിരോധനവും ഉൾ‌പ്പെടെ ഒട്ടേറെ പ്രശ്നങ്ങ‌ളുടെ പിടിയിലായ ചെറുകിട സംരംഭകരുടെ വാർഷിക വിറ്റുവരവു മാനദണ്ഡമാക്കി, വായ്പ അനുവദിക്കുന്നതിലെ കടുംപിടിത്തങ്ങൾ ഒഴിവാക്കണം. കൊലാറ്ററൽ സെക്യൂരിറ്റി ഒഴിവാക്കുന്നില്ലെങ്കിൽ ചെറുകിട വ്യവസായമേഖല ദാരിദ്ര്യത്തിൽ തുടരും.

പ്രധാനമന്ത്രി പ്രഖ്യാപിച്ചത് അടിസ്ഥാനനിരക്കിനെക്കാൾ 2% കുറഞ്ഞ പലിശയാണ്. എന്നാൽ, പലർക്കും ലഭിച്ച ‘ഇൻ‌ പ്രിൻസിപ്പി‌ൾ അപ്രൂവൽ’ പ്രകാരം 10.75 ശതമാനമാണു പലിശ. 

ചെറുകിടക്കാരെ രക്ഷിക്കുകയാണു ലക്ഷ്യമെങ്കിൽ പലിശനിരക്കു കുറയ്ക്കണം. നിരക്കു കുറഞ്ഞാൽ, കൊലാറ്ററൽ സെക്യൂരിറ്റി നൽകാൻപോലും തയാറുള്ളവർ ധാരാളം.

പരമ്പര അവസാനിച്ചു