ചെറുകിട സംരംഭകർക്ക് 59 മിനിറ്റിൽ ഓൺലൈൻ വായ്പ. ദീപാവലിക്കു ദിവസങ്ങൾ മുൻപു പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം. 45 ദിവസങ്ങൾക്കിപ്പുറം 59 മിനിറ്റിന്റെ ആ അദ്ഭുതം എവിടെ? മിക്ക അപേക്ഷകർക്കും വഞ്ചിക്കപ്പെടുന്നതിന്റെ രോഷവും നിരാശയും. അന്വേഷണ പരമ്പര ചുവടെ...
കൺഗ്രാജുലേഷൻസ്.... ബാങ്ക് തത്വത്തിൽ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു. വായ്പത്തുക– 1.8 ലക്ഷം രൂപ! ബാങ്കിന്റെയും ബ്രാഞ്ചിന്റെയും വിലാസവും ചില ഔദ്യോഗിക വിവരങ്ങളും കഴിഞ്ഞ് അവസാനം ഒരു ചോദ്യം – പ്രൊസീഡ്? മാസങ്ങൾ കയറിയിറങ്ങിയിട്ടും ബ്രാഞ്ചുകൾ മാറിക്കയറിയിട്ടും ചോദിക്കാത്ത ആ ചോദ്യം ഞൊടിയിടയിൽ കേട്ടാൽ ആരാണ് പ്രൊസീഡ് ചെയ്യാത്തത്? 59 മിനിറ്റിൽ എല്ലാം ശരിയാവുമെന്ന പ്രധാനമന്ത്രിയുടെ വാക്കു വിശ്വസിച്ച ഡൽഹിക്കാരി ചൈതന്യയോടു ബാങ്കുകാർ ഈ ചോദ്യം ചോദിച്ചത് 47–ാം മിനിറ്റിൽ. 1180 രൂപ അടച്ച് പ്രൊസീഡ് ചെയ്യാൻ അവർക്കു മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല.
തത്വത്തിൽ അംഗീകാരം നൽകിയ ബാങ്കിന്റെ കടലാസ് ഡൗൺലോഡ് ചെയ്തിരുന്ന ചൈതന്യ ആദ്യമാദ്യം കാത്തു, ബാങ്കുകാർ വിളിക്കുമെന്നു കരുതി. ഒടുവിൽ ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോൾ 15 ദിവസം കഴിഞ്ഞു ചെല്ലാൻ മറുപടി. പിന്നെയും ചെന്നപ്പോൾ അറിയിക്കാമെന്നൊരു മറുപടി. ചൈതന്യ ഒറ്റപ്പെട്ടൊരു ഉദാഹരണമല്ല. അപേക്ഷിച്ചവർക്ക് എന്താണു സംഭവിച്ചതെന്ന അന്വേഷണത്തിനിടെ കണ്ടവരെല്ലാം, വായ‌്പ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ. അപേക്ഷ നൽകി മിനിറ്റുകൾക്കുള്ളിൽ ലഭിച്ച ‘ഇൻ പ്രിൻസിപ്പൽ അപൂവ്രൽ’ അഥവാ ‘തത്വത്തിൽ അംഗീകാര’ത്തിന്റെ ഡൗൺലോഡ് ചെയ്‌ത കടലാസാണ് ഇവരുടെ ആത്മധൈര്യം.
തത്വത്തിൽ അംഗീകാരം
ഈ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ബാങ്ക് ഇങ്ങോട്ടു വിളിക്കുമെന്നാണ് 59 മിനിറ്റ് വായ്പാപദ്ധതിയുടെ നടത്തിപ്പുകാർ പറയുന്നത്. ഇനി അഥവാ വിളിച്ചില്ലെങ്കിൽ അങ്ങോട്ടു ചെല്ലണമെന്നു കൂടിയുണ്ട്. തത്വത്തിൽ അംഗീകാരം ലഭിച്ചെന്നു കരുതി വായ‌്‌പ നൽകണമെന്നില്ല. അക്കാര്യം വായ്‌പയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന വെബ്സൈറ്റിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ, ‘‘ഓൺലൈൻ അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തത്വത്തിൽ അംഗീകാരം. ശേഷം, ബാങ്ക് സൂക്ഷ്മപരിശോധന നടത്തി വായ്പ അനുവദിക്കണോ എന്നു തീരുമാനിക്കും. വായ‌്‌പ അനുവദിക്കുന്നതു ബാങ്കിന്റെ വിവേചനാധികാരമായിരിക്കും.’’
വായ്പയ്ക്കു തത്വത്തിൽ അനുമതി നൽകിക്കൊണ്ടുള്ള ഇമെയിൽ സന്ദേശംപോലും ഏതെങ്കിലും ബാങ്കിന്റേതല്ല. അതു ‘ക്യാപിറ്റവേൾഡ്’ നൽകുന്ന ഓട്ടോ ജനറേറ്റഡ് മെയിൽ.
ആരാണ് ക്യാപിറ്റവേൾഡ് ?
വായ്പയ്ക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതും 59 മിനിറ്റു കൊണ്ടു തത്വത്തിൽ അംഗീകാരം നൽകുന്നതും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ ക്യാപിറ്റവേൾഡ് ആണ്. ഇടനിലക്കാരുടെ റോൾ വഹിക്കുന്നുണ്ടെങ്കിലും വായ്പയുടെ കാര്യത്തിൽ ഉറപ്പുനൽകാൻ ഇവർക്കു കഴിയില്ല. അതേസമയം, അപേക്ഷച്ചെലവിനത്തിൽ കോടികൾ അവരുടെ കീശയിലെത്തുന്നു.
ചെറുകിട വ്യവസായ സംരംഭകർക്കുള്ള വായ്പാപദ്ധതിക്കായി ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി) ആണ് ഈ വർഷം ജനുവരിയിൽ ആദ്യമായി ടെൻഡർ ക്ഷണിച്ചത്. പദ്ധതിക്കു കൺസൽറ്റൻസിയെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡറിൽ ഇതിനാവശ്യമായ യോഗ്യതകളും വ്യക്തമാക്കിയിരുന്നു. ബാങ്കുകൾക്കു കൺസൽറ്റൻസി നൽകിയതിന്റെ മുൻപരിചയം, 2015 മുതൽ നേടിയ സാമ്പത്തികലാഭം എന്നിവ വെളിപ്പെടുത്തേണ്ടിയിരുന്നു.
കൺസൽറ്റൻസി സർവീസിൽനിന്നു മൂന്നു വർഷംകൊണ്ടു കുറഞ്ഞത് 50 കോടി രൂപയെങ്കിലും വരുമാനമുണ്ടാക്കിയിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. അതീവ ഗൗരവമുള്ള പല രേഖകളും കൈകാര്യം ചെയ്യേണ്ട ചുമതലയും ഏജൻസിക്കുണ്ടാവുമെന്നും സിഡ്ബി വ്യക്തമാക്കിയിരുന്നു. 2015ൽ വിനോദ് മോദ, ജിനാദ് ഷാ, അവിരൂക് ചക്രബർത്തി എന്നിവർ ചേർന്നു തുടക്കമിട്ട ക്യാപിറ്റവേൾഡ്, രേഖകളനുസരിച്ച്, 2016വരെ ഒരു വരുമാനവുമുണ്ടാക്കിയിരുന്നില്ല. 2017ൽ കമ്പനിക്കുണ്ടായ ലാഭം 15,680 രൂപ! ഈ സ്ഥാപനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ വായ‌്പാപദ്ധതിയുടെ നടത്തിപ്പു ചുമതല ലഭിച്ചത്.
പൊടിക്കൈകൾ
യോഗ്യത തികഞ്ഞില്ലെങ്കിലും കരാർ ലഭിക്കാൻ ക്യാപിറ്റവേൾഡ് ചില പൊടിക്കൈകൾ പ്രയോഗിച്ചു. കമ്പനിയുടെ ഉടമസ്ഥതയിൽ വരുത്തിയ ചില്ലറ മാറ്റങ്ങളായിരുന്നു ഇത്. ഇതോടെ ക്യാപിറ്റവേൾഡ് ഗ്ലോബൽ എന്നൊരു കമ്പനിയുടെ ഉപകമ്പനിയായി, ക്യാപിറ്റവേൾഡ്. ഇതേസമയം, കമ്പനി ഡയറക‌്ടർമാരിൽ കാര്യമായ മാറ്റമുണ്ടായില്ല. സുപ്രധാനമായൊരു വായ്പാപദ്ധതിയുടെ നടത്തിപ്പിനു വേണ്ടി ടെൻഡർ ക്ഷണിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ഈ നിർണായക മാറ്റങ്ങൾ.
പറയാതെ പറഞ്ഞ്
പ്രതിസന്ധിയുടെ കയത്തിൽ വീണ രാജ്യത്തെ ചെറുകിട വ്യവസായ സംരംഭകരെ കൈപിടിച്ചെഴുന്നേൽപിക്കാനാണ് സർക്കാർ 59 മിനിറ്റിൽ വായ്പ എന്ന പദ്ധതിക്കു രൂപം നൽകിയത്. തെളിച്ചു പറയുന്നില്ലെങ്കിലും, ഇതിലൂടെ സർക്കാർതന്നെ അംഗീകരിക്കുന്നൊരു വസ്തുതയുണ്ട് – നോട്ടുനിരോധനവും ചരക്ക്, സേവന നികുതിയുമെല്ലാം (ജിഎസ്ടി) ചേർന്ന് ചെറുകിട വ്യവസായമേഖലയെ തളർത്തിയിരിക്കുന്നു.
ആ 1180 രൂപ ?
‘59 മിനിറ്റ്’ വായ്പയ്ക്കായി അപേക്ഷയുമായി ചെന്നവരോടെല്ലാം ‘കൊലാറ്ററൽ ഡോക്യുമെന്റ്സ്’ (വായ്പയ്ക്ക് ഈടായി നൽകേണ്ട രേഖകൾ) വേണമെന്ന ആവശ്യമാണു ബാങ്കുകൾ മുന്നോട്ടുവയ്ക്കുന്നത്. ഇതുതന്നെയല്ലേ, ബാങ്കുകളുടെ സാധാരണ നടപടി? നേരിട്ടുചെന്ന് അപേക്ഷിച്ചാലും വായ്പ തരണമോ എന്നത് ബാങ്കുകളുടെ വിവേചനാധികാരമാണ്. തിരിച്ചടവ് ഉറപ്പുനൽകുന്ന ഈടാണ് ബാങ്കുകളുടെ മാനദണ്ഡം. അതില്ലാതെ വായ്പ ലഭിക്കില്ല. ഇവിടെയാണ് വെബ്സൈറ്റ് വഴിയുള്ള അപേക്ഷയും 59 മിനിറ്റിന്റെ തത്വത്തിൽ അംഗീകാരവും വെറുതെയാകുന്നത്. രേഖകൾ പരിശോധിച്ചിട്ടാണല്ലോ തത്വത്തിൽ അംഗീകാരം നൽകുന്നത്. അങ്ങനെയെങ്കിൽ ആർക്കാണു നേട്ടം? ആർക്കാണു നഷ്ടം ?
ഈ കണക്കു കൂടിയറിയുക, 59 മിനിറ്റിൽ വായ്പ ‘ലഭിക്കാൻ’ (കിട്ടുമെന്നുറപ്പില്ല) 1180 രൂപ അപേക്ഷച്ചെലവുണ്ട്. ഒരു കോടി രൂപവരെ വായ്പയ്ക്കുള്ള സാധ്യത തെളിയുമ്പോൾ ഈ തുച്ഛമായ തുകയെക്കുറിച്ച് ആരു ചിന്തിക്കാൻ? ലക്ഷക്കണക്കിനു പേരാകും അപേക്ഷിക്കുക. 59 മിനിറ്റ് വായ്പാ പദ്ധതിയുടെ പ്രധാനനേട്ടം ചെറുകിട സംരംഭകർക്കല്ലെന്ന് പദ്ധതി പ്രഖ്യാപനം വന്നു 45 ദിവസം പിന്നിടുമ്പോൾ പകൽപോലെ വ്യക്തമാകുന്നു.
നാളെ: ഉത്തരമില്ലാത്ത ചോദ്യങ്ങൾ