വനിതാമതിലും അതിലേക്ക് എത്തിച്ചേരാനുണ്ടായ സാഹചര്യങ്ങളും കേരള രാഷ്ട്രീയത്തെ ഉത്തരഭാരതവൽക്കരണത്തിലേക്കാ ണു നയിക്കുന്നതെന്നു തോന്നിപ്പിക്കുന്നു. ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാതി തിരിഞ്ഞുള്ള വിള്ളലുകൾക്കുപരിയായി ഒരു വിരാടഹിന്ദുസ്വത്വം വികസിപ്പിച്ചെടുക്കുന്നതിൽ വിജയിച്ചതോടെയാണ് ബിജെപിക്ക് ഇന്ത്യയുടെ ഭരണം സാധ്യമായത്. ഇതിന്റെ നിർമിതിയിൽ രാമജന്മഭൂമി, ന്യൂനപക്ഷമതങ്ങളിൽനിന്നു ഹിന്ദുമതം നേരിടുന്ന അപകടങ്ങൾ, ഭരണഘടന നിർദേശിക്കുന്ന മതേതരത്വം മഹാഭൂരിപക്ഷമായ ഹിന്ദുക്കളുടെ ഹിതത്തിനെതിരാണ് തുടങ്ങിയ വിജയകരമായ പല പ്രചാരണങ്ങളും പങ്കുവഹിച്ചു.
കേരളത്തിൽ 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ 1940കൾ വരെയുള്ള കാലത്ത്, മേൽ–കീഴ് എന്നു വ്യത്യാസമില്ലാതെ, ഒട്ടുമിക്ക ജാതികൾക്കുമുള്ളിൽ നടന്ന നവീകരണമാണു പിൽക്കാലത്ത് നവോത്ഥാന പ്രസ്ഥാനം എന്നറിയപ്പെട്ടത്. ഇവ കേവലം ജാതിപരിഷ്കരണ ശ്രമങ്ങൾ മാത്രമായിരുന്നില്ല. മറിച്ച് കേരളസമൂഹത്തിനു സമത്വഭാവനയും ലിംഗനീതിയെക്കുറിച്ചുള്ള ബോധവും വിദ്യാഭ്യാസം സാർവലൗകികമാകണമെന്ന ആവശ്യവും സംഭാവന ചെയ്ത ആധുനികീകരണത്തിനുള്ള ശ്രമം കൂടി ആയിരുന്നു. നവോത്ഥാനത്തെ രാഷ്ട്രീയമായി പിന്തുണച്ച ഗാന്ധിജിയുടെ കോൺഗ്രസിന്റെയും മാർക്സിന്റെ അനുയായികളായ സോഷ്യലിസ്റ്റുകളുടെയും പിൻതലമുറക്കാർ പിന്നീടുള്ള കാലത്ത് കേരളഭരണം മാറിമാറി കയ്യാളി.
ശബരിമല യുവതീപ്രവേശവിധിയെ തുടർന്നുണ്ടായ സമരങ്ങളിൽ പ്രകടമായത് ആ വിധി ഹിന്ദുമതാനുസൃതമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഹാനികരമാണെന്ന പ്രചാരണമാണ്. ജാതിവോട്ടുബാങ്കുകളെ അപ്രസക്തമാക്കും വിധം, വടക്കേ ഇന്ത്യയിൽ വിജയിച്ച രീതിയിൽ, വിശാലമായ ഹിന്ദുരാഷ്ട്രീയം വികസിപ്പിച്ചെടുക്കുക എന്നത് കേരളത്തിൽ വളരാൻ ബിജെപിക്ക് ആവശ്യമാണുതാനും. എന്നാൽ, വിധിക്കെതിരായ സമരങ്ങളിൽ മേൽജാതികളുടെ സംഘടനകൾക്കായിരുന്നു മുൻതൂക്കം. ഇതെല്ലാം കൊണ്ടായിരിക്കണം, കേരള പുലയർ മഹാസഭയുടെ നേതാവ് പുന്നല ശ്രീകുമാർ വനിതാമതിൽ എന്ന ആശയം മുന്നോട്ടുവച്ചതും കേരള സർക്കാർ അതേറ്റെടുത്തതും. ഇതും വടക്കേ ഇന്ത്യയിൽ പയറ്റുന്ന ഒരു രാഷ്ട്രീയതന്ത്രമാണ്. അവിടത്തെ പിന്നാക്ക ജാതിയിൽപെട്ട ലാലുപ്രസാദ് യാദവ്, മുലായം സിങ് യാദവ് തുടങ്ങിയ നേതാക്കൾ ഉരുവിട്ടിരുന്ന ഒരു മന്ത്രം ഇതായിരുന്നു: കമണ്ഡലുവിനെ (ഹിന്ദുത്വം) മണ്ഡൽ (മണ്ഡൽ കമ്മിഷൻ, ഇവിടെ അർഥം പിന്നാക്ക വിഭാഗക്കാർ) കൊണ്ടു തകർക്കുക.
വൈകിയെങ്കിലും നീതി വരുമ്പോൾ...
കോൺഗ്രസ് നേതാവായിരുന്ന സജ്ജൻ കുമാറിനെ, ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. സജ്ജൻ കുമാറിന്റെ കുറ്റം, ജനങ്ങളിൽ സിഖ്‌വിരുദ്ധ വികാരം ആളിക്കത്തിച്ച് അഞ്ചുപേരുടെ ഹത്യയ്‌ക്കു വഴിവച്ചുവെന്നതാണ്. 2013ൽ കീഴ്ക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.
ഈ ശിക്ഷ വരുന്നത് സംഭവം നടന്നു 34 വർഷം കഴിഞ്ഞാണ്. ഹൈക്കോടതി വിധി അനുസരിച്ച് ‘കണ്ണിൽച്ചോരയില്ലാത്ത വിധം മുൻകൂട്ടി പദ്ധതിയിട്ട ഈ കൊലപാതകങ്ങളിൽ പൊലീസിന്റെ പങ്കു നിർഭാഗ്യകരമാണ്.’ 1984ലെ സിഖ്‌വിരുദ്ധ കലാപം, അന്ന് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന്റെയും ഭരണയന്ത്രത്തിന്റെയും പ്രത്യേകിച്ച് പൊലീസിന്റെയും അറിവോടെയായിരുന്നു. പിൽക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് സിഖ്സമൂഹത്തോട് ഈ കലാപത്തിന്റെ പേരിൽ മാപ്പു ചോദിച്ചിരുന്നു.
ഈ കലാപത്തിന്റെ രാഷ്ട്രീയമായ അനന്തരഫലം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണം മൂലം, കലാപത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭൂതപൂർവമായ വിജയം നേടി. ഇത്തരം വംശഹത്യകൾ വോട്ടുനേടാൻ സഹായിക്കും എന്നൊരു തോന്നൽ രാഷ്ട്രീയകക്ഷികൾക്കുണ്ടായി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടർന്നു നടന്ന ഗുജറാത്തിലെയും മുസഫർനഗറിലെയും കലാപങ്ങൾ അതാണു ചൂണ്ടിക്കാണിക്കുന്നത്. വൈകിയാണെങ്കിലും, ഡൽഹി ഹൈക്കോടതിയുടെ ഈ വിധി ഇന്ത്യയുടെ ജനാധിപത്യത്തെ ശുദ്ധീകരിക്കുമെന്ന് ആശിക്കാം.
ജ്ഞാനപീഠം കയറുമ്പോൾ
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് 50 വർഷമായപ്പോൾ സൽമാൻ റുഷ്ദിയും അദ്ദേഹത്തിന്റെ മുൻ ഭാര്യയായിരുന്ന എലിസബത്ത് വെസ്റ്റും ചേർന്ന് ഒരു സമാഹരം പ്രസിദ്ധീകരിച്ചു: ‘50 വർഷത്തെ ഇന്ത്യയിലെ സാഹിത്യം 1947 - 1997’. ഇന്ത്യയിലെ സാഹിത്യം എന്നു പറഞ്ഞാൽ മനസ്സിലാക്കേണ്ടത് രാജ്യത്തെ വിവിധ ഭാഷകളിലെ സാഹിത്യം എന്നാണ്. എന്നാൽ, പുസ്തകത്തിന്റെ ആമുഖത്തിൽ റുഷ്ദി എഴുതി: ‘‘ഈ കാലഘട്ടത്തിലെ ഗദ്യസാഹിത്യം, ഇന്ത്യയിലെ 18 ‘അംഗീകൃത’ തദ്ദേശീയ ഭാഷകളിൽ എഴുതപ്പെട്ടതിനെക്കാൾ കൂടുതൽ ശക്തവും പ്രാധാന്യം അർഹിക്കുന്നതും ഇംഗ്ലിഷിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാരുടെ രചനകളിലാണ്.’
റുഷ്ദി ആ സമാഹാരത്തിൽ ഉൾപ്പെടുത്തിയ കൃതികളിൽ ഒരു കഥയൊഴിച്ച് ബാക്കിയെല്ലാം ഇംഗ്ലിഷിൽ രചിച്ചവയായിരുന്നു. സാദത്ത് ഹസൻ മന്റോയുടെ ഒരു ഉറുദു കഥയ്ക്കു മാത്രമേ, ഇതരഭാഷകളിൽനിന്നു പ്രാതിനിധ്യം ലഭിച്ചുള്ളൂ. സ്വാഭാവികമായിട്ടും റുഷ്ദിയുടെ പുസ്തകം വിവാദങ്ങൾ തുറന്നുവിട്ടു. അതൊടൊപ്പം തന്നെ പറയേണ്ട കാര്യം റുഷ്ദിയുടെ ‘മിഡ്നൈറ്റ് ചിൽഡ്രൻ’ എന്ന നോവലിനു ശേഷം, ഇംഗ്ലിഷിൽ എഴുതുന്ന വിക്രം സേത്ത്, അമിതാവ് ഘോഷ്, അരുന്ധതി റോയ് തുടങ്ങി ഒരു പറ്റം ഇന്ത്യൻ എഴുത്തുകാർ രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റി എന്നതാണ്.
ഇത്രയും പറഞ്ഞത് അമിതാവ് ഘോഷിന് ഈ വർഷത്തെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചുവെന്നതിന്റെ വെളിച്ചത്തിലാണ്. വലിയൊരു പുസ്തകവിപണി, പരന്നുകിടക്കുന്ന പ്രസാധകസാമ്രാജ്യം, നല്ല തുക മതിക്കുന്ന എണ്ണമറ്റ അവാർഡുകൾ ഇവയെല്ലാമാണ് ഇംഗ്ലിഷിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാരെ കാത്തിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഘോഷിന് ഈ പുരസ്കാരം നൽകിയതിന്റെ ഔചിത്യത്തെക്കുറിച്ചു ചിന്തിക്കേണ്ടിരിക്കുന്നു. ഇംഗ്ലിഷുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉള്ളടക്കം ഒഴിച്ചാൽ ബാക്കി കാര്യങ്ങളിൽ ഇന്ത്യയിലെ ഭാഷകൾ മിക്കവാറും അവികസിതമാണ്. ഈ പരമാർഥം കണ്ടുകൊണ്ടായിരിക്കാം ജ്ഞാനപീഠം പുരസ്കാരത്തിന്റെ നിയമാവലിയിൽ ഇംഗ്ലിഷിനും അവാർഡ് നൽകാമെന്ന വ്യവസ്ഥയുണ്ടെങ്കിലും കഴിഞ്ഞ 53 വർഷമായി അതു നൽകാതിരുന്നത്.
സ്കോർപ്പിയൺ കിക്ക്: പീഡനപരാതിയെ തുടർന്ന് കർണാടകയിലെ സിപിഎം സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു.
അവിടെ നടന്നത് മൃദുപീഡനം അല്ലായിരിക്കും.