Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതിലും ജ്യോതിയും പറയുന്നത്

കേരളീയം ∙ സുജിത് നായർ
Author Details
keraleeyam-bdjs-sndp

പാർട്ടി സംസ്ഥാന കമ്മിറ്റി രേഖാമൂലം അംഗീകരിക്കുന്നതാണ് നയനിലപാടുകളായി സിപിഎം പിന്തുടരുന്നത്. 2002ൽ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ‘ജാതിസംഘടനകളും പാർട്ടിയും’ എന്ന രേഖ, കേരളത്തിലെ ജാതി–മത–സാമുദായിക സംഘടനകളോടുള്ള സിപിഎം സമീപനം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതിലെ ഒരുഭാഗം ഇപ്പോൾ ഏറെ പ്രസക്തം: ‘ജാതിരഹിതവും മതനിരപേക്ഷവുമായ സമൂഹമാണ് പാർട്ടിയുടെ ആദർശം. സാമുദായിക സംഘടനകൾക്ക് ഇന്നത്തെ കേരളത്തിൽ പുരോഗമനപരമായ ഒരു സാമൂഹികധർമവും നിർവഹിക്കാനില്ല.... തിരു–കൊച്ചി പ്രദേശങ്ങളിൽ എസ്എൻഡിപി യൂണിയന്റെ വഴിപിഴച്ച പോക്കിനെ തുറന്നുകാട്ടാൻ നടക്കുന്ന പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിക്കണം.’

എസ്എൻഡിപി യോഗം ഉൾപ്പെടെയുള്ള സംഘടനകളുടെ പുതിയ കാലത്തെ പ്രവർത്തനത്തെ നിശിതമായി വിമർശിക്കുന്ന, അകലം പാലിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ രേഖ നയനിലപാടായി തുടരുമ്പോഴാണ് ജനുവരി ഒന്നിലെ വനിതാമതിലിൽ അവരടക്കമുളള നൂറോളം സംഘടനകളെ സിപിഎം കൈചേർത്തുപിടിച്ചിരിക്കുന്നത്. ‘നവോത്ഥാന’മാണു പുതിയ മുദ്രാവാക്യമെങ്കിൽ, ഈ രേഖയിൽ ആ വാക്കില്ല. പകരം ‘സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങൾ’ എന്നാണു വിശേഷണം. സാമ്പത്തികശക്തികളും വിവിധ താൽപര്യക്കാരും കടന്നുവന്നതോടെ ആ കടമ നിർവഹിക്കാൻ കഴിയാത്തവരായി ഇക്കൂട്ടർ മാറിയെന്നും നിരീക്ഷിക്കുന്നുണ്ട്.

മതിലിന്റെ പിന്നിലെന്ത്?
ജാതിസംഘടനാവിരുദ്ധത നയനിലപാടായി തുടർന്നുവന്ന സിപിഎം അതിൽനിന്നു വ്യതിചലിച്ചു നീങ്ങുന്നുവെങ്കിൽ അതിനു കാരണം, സവിശേഷമായ സമകാലിക വെല്ലുവിളികൾ തന്നെയാകും. നവോത്ഥാന പാരമ്പര്യത്തിൽനിന്ന് അകന്നുപോയ ഈ സംഘടനകൾ അവിടേക്കു തിരിച്ചുവരാൻ തയാറാകുന്നുവെങ്കിൽ സമീപകാല ചെയ്തികളുടെ പേരിൽ മാറ്റിനിർത്തേണ്ടതില്ല എന്നതാണു പാർട്ടിയുടെ വിശദീകരണം. പക്ഷേ, ‘പുരോഗമനകേരളത്തിൽ ഒരു സാമൂഹികധർമവും നിർവഹിക്കാൻ’ കഴിയാത്തവരായി എഴുതിത്തള്ളിയവരെ കൂടെക്കൂട്ടുന്നതിന്റെ യഥാർഥ രാഷ്ട്രീയലക്ഷ്യമോ?

രണ്ടു കാരണങ്ങളാണ് എൽഡിഎഫിനെ ഇതിനു പ്രേരിപ്പിച്ചത്. ശബരിമല യുവതീപ്രവേശത്തിനെതിരായ നാമജപഘോഷയാത്രയാണ് ആദ്യത്തേത്. ശബരിമലയിൽ ‘മനിതി’കൾ വന്നതോ തിരിച്ചിറങ്ങിയതോ അല്ല സിപിഎമ്മിനെ അലട്ടിയത്. എൻഎസ്എസിന്റെ കൂടി പങ്കാളിത്തത്തോടെ കേരളമാകെ നടന്ന നാമജപഘോഷയാത്രകളിലെ അഭൂതപൂർവമായ സ്ത്രീപങ്കാളിത്തം പാർട്ടിയെ ഞെട്ടിക്കുകതന്നെ ചെയ്തു. അതിൽ വിശ്വാസികളായ എൽഡിഎഫ് പ്രവർത്തകരും പങ്കെടുത്തുവെന്നത് മനസ്സില്ലാമനസ്സോടെയെങ്കിലും ഉൾക്കൊള്ളേണ്ടിയുംവന്നു. പാർട്ടിക്കും സർക്കാരിനുമെതിരെ സ്ത്രീരോഷം അലയടിക്കുന്നുവെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ, അതിനു സ്ത്രീകളെത്തന്നെ അണിനിരത്തി മറുപടി നൽകുകയാണ് വനിതാമതിലിന്റെ ആദ്യ ലക്ഷ്യം.

ശബരിമലയെ മുൻനിർത്തിയുള്ള സംഘപരിവാറിന്റെ ഹൈന്ദവ ഏകീകരണത്തെ ചെറുക്കുകയാണു രണ്ടാമത്തേത്. അതിനു വേണ്ടിയാണ് അകലമിട്ടു നിർത്തിയ സാമുദായികസംഘടനകളെ മുഖ്യമന്ത്രി കൈകൊടുത്തു വരവേറ്റത്. മറിച്ചെങ്കിൽ, അവരിൽ കുറെപ്പേരെക്കൂടി ശബരിമല കർമസമിതി ചാക്കിലാക്കുമെന്നു പാർട്ടി ഭയപ്പെടുന്നു. ഭൂരിപക്ഷവിഭാഗങ്ങളാണ് അടിത്തറയെന്നു സമ്മതിക്കാൻ സിപിഎം നേതാക്കൾക്കു വൈമനസ്യമൊന്നുമില്ല. ആർഎസ്എസിന്റെ ഹൈന്ദവ ഏകീകരണത്തെ ചെറുക്കാനുള്ള ഉൽസാഹത്തിനിടെ, ന്യൂനപക്ഷങ്ങൾക്കിടയിലെ നവോത്ഥാന സംഘടനകളെ മറന്നതു വിവാദമായി. മതിലിലെ സർക്കാർ ഫണ്ട് വിനിയോഗത്തെക്കുറിച്ചും ആശയക്കുഴപ്പമുണ്ടായി. സർക്കാരിനെ സംബന്ധിച്ചിടത്തോളം നിയമസഭയിൽ മുഖ്യമന്ത്രി നൽകുന്ന വിശദീകരണവും കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്മൂലവും രണ്ട് ആധികാരിക രേഖകളാണ്. മതിൽഫണ്ട് വിവാദത്തിൽ ഇവ തമ്മിൽ വൈരുധ്യമുണ്ടാകുന്ന അസാധാരണ സാഹചര്യമുണ്ടായി.

ഇതൊക്കെയെങ്കിലും, മതിൽ വിജയമാകുമെന്നതിൽ ഇന്നലത്തെ ഇടതുമുന്നണി യോഗത്തിനും സന്ദേഹങ്ങളൊന്നുമില്ല. കേരളത്തിൽ പുരുഷനും സ്ത്രീയും കൂടി ചേർന്നുതന്നെ 30 ലക്ഷം പേർ അണിനിരന്ന ഒരു ക്യാംപെയ്ൻ ഇന്നോളമുണ്ടായിട്ടില്ല. അപ്പോൾ, 30 ലക്ഷം സ്ത്രീകൾ മാത്രമെന്നാൽ അതു ചരിത്രത്തിലിടം നേടുമെന്നു സിപിഎം കരുതുന്നു. മതിൽ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളെക്കുറിച്ചു പാർട്ടി അഭിമാനിക്കുന്നു.

‘ജ്യോതി’യുടെ ലക്ഷ്യമോ?
ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ട് മഞ്ചേശ്വരം മുതൽ പാറശാല വരെ സ്ത്രീകൾ ഒരൊറ്റ മനസ്സായി, ഒരൊറ്റ മതിലായി നിലകൊണ്ടുവെന്ന് പിന്നീട് സുപ്രീം കോടതിയിൽ സർക്കാർ വാദിക്കുമോ? ഇന്നലെ, കേരളമാകെ അയ്യപ്പനുവേണ്ടി ജ്യോതി തെളിച്ച ശബരിമല കർമസമിതി അങ്ങനെയൊരു സംശയത്തിലാണ്. അതുകൊണ്ടു തന്നെയാണ് മതിലിനു മുൻപ് അതിന്റെ പ്രസക്തി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ അവർ കേരളമാകെ ദീപം ജ്വലിപ്പിച്ചത്. കേരളത്തിൽ ക്ഷേത്രം അടിസ്ഥാനഘടകമായി പ്രവർത്തിക്കുന്ന ഏക സംഘടനയാണു ശബരിമല കർമസമിതി. സംസ്ഥാനം, ജില്ല, താലൂക്ക്, പഞ്ചായത്ത്, ക്ഷേത്രം എന്നിങ്ങനെയാണു കർമസമിതിയുടെ ശൃംഖല. രൂപീകരണയോഗത്തിൽ 48 സംഘടനകളാണു പങ്കെടുത്തതെങ്കിൽ ഇപ്പോൾ, നൂറ്റിയിരുപതോളം സംഘടനകളുടെ കോൺഫെഡറേഷനായി മാറി.

സുപ്രീംകോടതി വിധി വന്നപ്പോൾ പരിവാർസംഘടനകളെല്ലാം ആദ്യം ആശയക്കുഴപ്പത്തിലായെങ്കിൽ, അറച്ചുനിൽക്കാതെ പ്രതിഷേധിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റ് എസ്.ജെ.ആർ. കുമാറാണു കർമസമിതിയുടെ ജനറൽ കൺവീനർ. വിഎച്ച്പിയുടെ വനിതാസംഘടനകളായ ‘മാതൃശക്തി’യെയും ‘ദുർഗാവാഹിനി’യെയും സ്ത്രീകൂട്ടായ്മകൾക്ക് ഉപയോഗിച്ചുവരുന്നു. ആർഎസ്എസിന്റെ ക്ഷേത്രസംരക്ഷണ സംഘടനകളായ അയ്യപ്പസേവാസമാജം, ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, വിഎച്ച്പി എന്നിവയാണു കർമസമിതിയുടെ നാലുതൂണുകൾ. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ കേരളത്തിലെത്തിച്ച് ഈ ‘അയ്യപ്പപ്രസ്ഥാന’ത്തെ ബിജെപിയുമായി കൂടുതൽ വിളക്കിച്ചേർത്ത് രാഷ്ട്രീയാവശ്യം നിറവേറ്റണമെന്നതാണ് അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന മുറവിളിക്കു പിന്നിൽ.

മതിലും ജ്യോതിയുമായി രണ്ടുതട്ടിലായി കേരളം പുതുവർഷപ്പിറവിയിലേക്കു നീങ്ങുന്നു. ഇതിനിടെ, രണ്ടിനുമിടയിൽപെട്ടവരുമുണ്ട്. എസ്എൻഡിപി മതിലിനു ബലം പകരുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കിൽ, രാഷ്ട്രീയരൂപമായ ബിഡിജെഎസിന് അതിനെ ദുർബലമാക്കി അയ്യപ്പപ്രകാശം കൂട്ടുകയെന്ന ദൗത്യമാണുള്ളത്.