2019ന്റെ ഭാഗ്യം ആർക്കൊപ്പം?

keraleeyam-03-01-19
SHARE

പുതുവർഷത്തിലെ ആദ്യ രണ്ടു ദിനങ്ങൾ എത്രത്തോളം സംഭവബഹുലമാണ്! 2019 എന്ന തിരഞ്ഞെടുപ്പു വർഷത്തിന് ഇതൊരു പൊടിപാറിയ തുടക്കമാണ്. വരാനിരിക്കുന്ന നാളുകളുടെ തീവ്രതയും സംഘർഷവും പോരാട്ടസ്വഭാവവുമെല്ലാം കൺമുന്നിൽ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. മുൻപൊരിക്കലുമില്ലാത്ത തരത്തിൽ ഒരു വൈകാരിക വിഷയമാണു പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന കേരളത്തെ തിളപ്പിക്കുന്നത്. ശബരിമല അത്രമേൽ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നു. 

സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും 2019 പോലെ ഒരു നിർണായക വർഷം അടുത്തെങ്ങും കേരളത്തിലുണ്ടായിട്ടില്ല. വിധിയെഴുത്ത് മേയിൽ ആയിരിക്കുമെങ്കിലും നേരത്തേയും വരാമെന്ന സംശയം രാഷ്ട്രീയനേതാക്കൾക്കുണ്ട്. പ്രതിപക്ഷ കക്ഷികൾക്കിടയിൽ ദേശീയ ഐക്യം വളരുന്നതിനു മുൻപു തിരഞ്ഞെടുപ്പു പ്രഖ്യാപനമെന്ന സാധ്യത തള്ളിക്കളയാനാകില്ല.

മതിലായി മുഖ്യമന്ത്രി 

ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടതോടെ, ഏക തുരുത്തായ കേരളത്തിൽ മാത്രമാണ് സിപിഎമ്മിനു സീറ്റ് പ്രതീക്ഷിക്കാവുന്നത്. സിപിഐക്കു രാജ്യത്താകെയുള്ളത് നമ്മുടെ തൃശൂരും. നിലനിൽപിനായുള്ള ഈ പോരാട്ടത്തിനിടയിലാണു ശബരിമലയുടെ പേരിലെ ചൂതാട്ടത്തിനു കൂടി ഇരുകക്ഷികളും തയാറായിരിക്കുന്നത്. ഇതാദ്യമായി എസ്എൻഡിപി അടക്കം ഒരു വിഭാഗം സാമുദായസംഘടനകളെക്കൂടി കൂട്ടിയാകും തിരഞ്ഞെടുപ്പിലേക്കു സിപിഎം നീങ്ങുകയെന്ന പ്രഖ്യാപനംകൂടി വനിതാമതിലിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നു. 

സമീപകാല തിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ പ്രീണനത്തിനാണു സിപിഎം ശ്രമിച്ചതെങ്കിൽ അതുമാറ്റി ഹൈന്ദവവികാരത്തെ, അതേ ശക്തികളെ അണിനിരത്തി നേരിടുകയെന്ന പുതിയ അടവ് വനിതാമതിലിലൂടെ നടപ്പാക്കിയിരിക്കുന്നു. സമാന്തരമായി ഐഎൻഎൽ, കേരള കോൺഗ്രസ് തുടങ്ങി ന്യൂനപക്ഷ വോട്ട് സമാഹരിക്കാവുന്ന പാർട്ടികൾക്ക് ഇടതുമുന്നണി അംഗത്വം നൽകുകയും ചെയ്തിരിക്കുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ഇലക്‌ഷൻ മാനേജ്മെന്റ് ചേരുവയുടെ ഒരു വികസിത രൂപമായിരിക്കും പൊതുതിരഞ്ഞെടുപ്പിലെന്ന വ്യക്തമായ സൂചനകൾ  ഇതെല്ലാം നൽകുന്നു. വർഗരാഷ്ട്രീയത്തെക്കാൾ, വോട്ടുരാഷ്ട്രീയത്തിനാണു പ്രാധാന്യം. നീക്കം തിരിച്ചടിച്ചാൽ പിണറായിയുടെ നേതൃത്വത്തിനും സർക്കാരിനുമായിരിക്കും ക്ഷീണം. കരകയറിയാൽ വൻമതിലായി മുഖ്യമന്ത്രി നിലയുറപ്പിക്കുന്നതും 2019ൽ കാണാം. 

എതിരാളികൾ രണ്ട് 

ഇടതുമുന്നണിക്കു രണ്ടു പ്രതിപക്ഷങ്ങളെയാണു കേരളത്തിൽ നേരിടേണ്ടതെങ്കിൽ യുഡിഎഫിന് ഒരു ഭരണപക്ഷത്തെയും ബിജെപി എന്ന രണ്ടാം പ്രതിപക്ഷത്തെയുമാണു നേരിടാനുള്ളത്. ഭരണമുന്നണിയും ഒരു പ്രതിപക്ഷവും എന്ന ഇതുവരെയുള്ള ചിത്രം മാറുന്നതിന്റെ വ്യക്തമായ സൂചനകൾ, നാടെങ്ങും പടരുന്ന സംഘർഷത്തിലും പ്രതിഫലിക്കുന്നു. എങ്കിലും, കഴിഞ്ഞ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി പ്രതീക്ഷ ഒട്ടും വിട്ടിട്ടില്ല. വിശ്വാസിസമൂഹത്തിലുള്ളതു കടുത്ത സർക്കാർവിരുദ്ധ വികാരമാണെന്നു പാർട്ടി കണക്കുകൂട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ വികാരം ഫലപ്രദമായി വിനിയോഗിക്കണമെങ്കിൽ, കൂടുതൽ ജയസാധ്യതയുള്ള യുഡിഎഫിനു വോട്ടു ചെയ്യണമെന്ന നിലപാടിലേക്ക് അവരെത്തുമെന്ന ആത്മവിശ്വാസമാണു യോഗം പങ്കുവച്ചത്. 

അവശേഷിക്കുന്ന വെല്ലുവിളി സംഘടനാദൗർബല്യങ്ങളാണ്. അതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് ആദ്യംവരെ ഇടവേളകളില്ലാതെ പാർട്ടി പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്. മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയം ഇവിടെ കോൺഗ്രസിനു നൽകിയിരിക്കുന്ന ഊർജവും പ്രതീക്ഷയും ചെറുതല്ല. പക്ഷേ, കേന്ദ്രത്തിലും ഇവിടെയും തോൽവി പിണഞ്ഞാൽ കോൺഗ്രസ് കേരളത്തിൽ വലിയ അപകടത്തിലാകുന്നതിനും 2019 വേദിയാകും. അധികാരത്തിലെത്താൻ കഴിയാത്ത മുന്നണിയെന്ന വിലയിരുത്തൽ വന്നാൽ മുസ്‌ലിം ലീഗ് അടക്കം മാറിച്ചിന്തിക്കാം. എസ്എൻഡിപി അടക്കം പലരും വനിതാമതിലിന്റെ ഭാഗമായെങ്കിലും, അവരിൽ ഒരാളെപ്പോലും ശത്രുപക്ഷത്തേക്കു തള്ളില്ല. കൂടെ നിർത്താൻ എന്താണു വഴിയെന്ന് ഇനിയും നോക്കും. 

മോദി തന്നെ രംഗത്ത് 

ശബരിമല യുവതീപ്രവേശത്തെ അനുകൂലിക്കുന്നില്ലെന്ന വ്യക്തമായ സൂചന നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്ത സമയം ശ്രദ്ധിക്കേണ്ടതാണ്. പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കാനെത്തുന്നതിനു മുൻപാണ് അദ്ദേഹം വിശ്വാസിസമൂഹത്തെ സാന്ത്വനിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ രണ്ടുതവണ കേരളം സന്ദർശിക്കാനുള്ള തീരുമാനമെടുത്തതും വെറുതെയാവില്ല. ജനുവരി അവസാനം രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നുവെന്നതു കണക്കിലെടുക്കുമ്പോൾ, പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനും വർഷാദ്യപോരിനുള്ള വേദിയായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായാൽ ഇവിടെ പിടിച്ചുനിൽക്കാമെന്നു ബിജെപിക്കു പ്രതീക്ഷിക്കാം. നിരാശരാകേണ്ടി വന്നാൽപിന്നെ, കേന്ദ്രത്തിൽ അധികാരം നിലനിർത്താൻ കഴിയുമോ എന്നതാണു നിർണായകം. അതുമുണ്ടായില്ലെങ്കിൽ, 2019 കേരളത്തിലെ ബിജെപിക്കു വെല്ലുവിളികളുടേതായിരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA