പഴങ്കഞ്ഞിയാണ്, പണിപറ്റിക്കരുത്

unesco-pazhankanji-fake
SHARE

നമ്മുടെ സ്വന്തം പഴങ്കഞ്ഞിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി യുനെസ്കോ തിരഞ്ഞെടുത്തു എന്ന വിവരം ഇക്കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞുകാണുമല്ലോ! നമ്മളിൽ മിക്കവരുടെയും വാട്സാപ്പിൽ യുനെസ്കോയുടെ സർട്ടിഫിക്കറ്റ് സഹിതമാണ് ഈ വിവരം ഫോർവേഡ് ചെയ്തു വന്നത്. 

സംഗതി സന്തോഷമുള്ള കാര്യംതന്നെ. പഴങ്കഞ്ഞി, കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആണെന്ന കാര്യത്തിലും സംശയമില്ല, കുറച്ചു തൈരൊഴിച്ച് പച്ചമുളകും ഞെരടിച്ചേർത്തു കഴിച്ചാൽ..ആഹാ! ഇതൊക്കെയോർത്ത് യുനെസ്കോയുടെ ആ സർട്ടിഫിക്കറ്റ് കിട്ടിയപാടെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്യും മുൻപ് ഒരു നിമിഷമൊന്നു നിൽക്കണം. 

കാരണം, യുനെസ്കോയുടെ ഈ സർട്ടിഫിക്കറ്റ് ശുദ്ധതട്ടിപ്പാണ്. ലോകത്ത് ഒരു ഭക്ഷണപദാർഥത്തിനും യുനെസ്കോ ഇത്തരമൊരു സർട്ടിഫിക്കറ്റോ ബഹുമതിയോ നൽകുന്നില്ല. കഴിഞ്ഞവർഷം ഇതേ സർട്ടിഫിക്കറ്റ് വേറൊരു രൂപത്തിൽ നമുക്കു കിട്ടിയിരുന്ന കാര്യവും ഓർക്കണം. അന്ന്, മസാലദോശയായിരുന്നു ലോകത്തിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി യുനെസ്കോ തിരഞ്ഞെടുത്തത്! 

പഴങ്കഞ്ഞിയുടെ സർട്ടിഫിക്കറ്റിലെ മറ്റൊരു കാര്യംകൂടി പ്രത്യേകം ശ്രദ്ധിക്കുക: 2018 നവംബറിലേതാണ് ഈ സർട്ടിഫിക്കറ്റ്. ഒപ്പിട്ടിരിക്കുന്നത്, യുനെസ്കോ ഡയറക്ടർ ജനറൽ ഇറിന ബോകോവ. വെറുതെ ഗൂഗിളിലൊന്നു പരതിയാൽ മനസ്സിലാകും ഇറിന ബോകോവ 2017 നവംബറിൽത്തന്നെ സ്ഥാനമൊഴിഞ്ഞതാണ്.

സമൂഹമാധ്യമങ്ങളിലും വാട്സാപ് പോലുള്ള ആപ്പുകളിലും നമുക്കു പ്രയോജനകരമായ ഒരുപാടു വിവരങ്ങൾ കിട്ടുന്നുണ്ടെങ്കിലും ഒപ്പംതന്നെ, അപകടകരമായതും വ്യാജമായി സൃഷ്ടിച്ചതുമായ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും വ്യാപകമായി വിനിമയം ചെയ്യപ്പെടുന്നുമുണ്ട്. അവ തിരിച്ചറിയാൻ, സാമാന്യയുക്തിയും അൽപം നിരീക്ഷണവും മാത്രം മതി; ഒറ്റ ഗൂഗിൾ സെർച്ചിൽ ചില വ്യാജന്മാരെ തിരിച്ചറിയാം. യുനെസ്കോയുടെ പല പല സർട്ടിഫിക്കറ്റുകൾ ഇനിയും നമ്മുടെ ഫോണിലെത്തും. അപ്പോൾ, ഇതോർക്കാം!   

Google reverse Image search - ഗൂഗിളിൽ ചിത്രങ്ങൾ ഉപയോഗിച്ചു തിരച്ചിൽ നടത്താനുള്ള ലളിതമായ സംവിധാനം. സാധാരണ നമ്മൾ വാക്കുകൾ ഉപയോഗിച്ചു സെർച് ചെയ്യുന്നതിനു പകരം ചിത്രങ്ങൾ ഉപയോഗിക്കുന്നു.

കടിക്കുന്ന തട്ടിപ്പ് !

online-fake-laira

ചിത്രത്തിലെ ഈ വിചിത്രജീവിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? വാട്സാപ്പിലെങ്കിലും കണ്ടിട്ടുണ്ടാകും. കേരളത്തിലെ ചിലഭാഗങ്ങളിൽ കണ്ട ഈ ജീവി ആളുകളെ കടിച്ചു പരുക്കേൽപിക്കുന്നു എന്ന വോയ്സ് മെസേജിന്റെ കൂടെയാണ് ഈയിടെ ഇതു പ്രചരിച്ചത്. കടിയേറ്റ് ചോരയൊലിപ്പിക്കുന്ന ചില ആളുകളുടെ ചിത്രവും ഒപ്പമുണ്ടായിരുന്നു. 

എന്നാൽ, ഇത് ശരിക്കുള്ള ജീവിയേയല്ല. ലൈറ മകാനുകോ എന്ന ഇറ്റാലിയൻ കലാകാരി തയാറാക്കിയ സിലിക്കൺ പാവകളാണിത്. മനുഷ്യനും മാർജാരവംശത്തിൽപെട്ട ജീവിയും ചേർന്നുണ്ടായ വിചിത്രജീവി എന്ന പേരിൽ ഈ പാവകൾ ലോകത്തു പലയിടത്തും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഭീതിപടർത്തുകയും ചെയ്തിരുന്നു. പലവട്ടം കറങ്ങിത്തിരിഞ്ഞ് വീണ്ടും കേരളത്തിലെത്തിയിരിക്കുകയാണ്!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA