അഫ്ഗാനിസ്ഥാനിൽ താലിബാൻ അടക്കമുള്ള ഭീകരവാദസംഘടനകളോടു യുദ്ധം ചെയ്യാൻ ഇന്ത്യ സൈനികസഹായം നൽകാത്തതിലുള്ള ഡോണൾഡ് ട്രംപിന്റെ പ്രതിഷേധപ്രകടനം, യുഎസ് പ്രസിഡന്റ് ഒടുവിൽ ദക്ഷിണേഷ്യയിലേക്കു തിരിഞ്ഞതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. കുറച്ച് അകറ്റിനിർത്തിയിരുന്ന പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനെ ഇപ്പോൾ അദ്ദേഹം വൈറ്റ് ഹൗസിൽ സ്വീകരിക്കാനൊരുങ്ങുകയാണ്. ട്രംപിന്റെ പൊട്ടിത്തെറിയോട് ഇന്ത്യ സൗമ്യമായാണു പ്രതികരിച്ചത്. അഫ്‌ഗാനിസ്ഥാനിൽ ലൈബ്രറി നിർമിക്കാൻ മാത്രമേ ഇന്ത്യക്കു താൽപര്യമുള്ളു. ലൈബ്രറിക്കടക്കം ഇടമുള്ള കാബൂളിലെ പാർലമെന്റ് മന്ദിരം നിർമിക്കാൻ ഇന്ത്യ ഒരുപാടു പണിപ്പെട്ടിട്ടുണ്ട്. എന്നാൽ, അവിടേക്കു സൈന്യത്തെ അയയ്ക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.
ഈ വിഷയത്തിൽ ദീർഘകാലമായി ഇന്ത്യയുടെ നയമാണിത്. 2003ൽ എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ, അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ സഹായിക്കാൻ സൈനികരെ അയയ്ക്കണമെന്ന അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷിന്റെ അഭ്യർഥനയും ഇന്ത്യ സ്വീകരിച്ചില്ല. യുഎസിന്റെ ഭീകരവിരുദ്ധയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ വാജ്‌പേയിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ബുദ്ധിപരമായ നിലപാടാണു സ്വീകരിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങളിൽ മാത്രമേ ഇന്ത്യ പങ്കാളിയാകൂ എന്നൊരു പ്രമേയം പാർലമെന്റിൽ അദ്ദേഹത്തിനു പാസാക്കിയെടുക്കാൻ സാധിച്ചു. ഇറാഖിലെയും അഫ്ഗാനിലെയും സഖ്യസേനയുടെ ഇടപെടൽ യുഎന്നിന്റെ അനുമതിയോടെയല്ല എന്നതിനാൽ, അവിടേക്കു സൈന്യത്തെ അയയ്ക്കുന്നതു ശരിയല്ലെന്നു വാജ്‌പേയി കരുതി.
പക്ഷേ, വാഷിങ്ടനുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന എല്ലാ വലിയ രാജ്യങ്ങളും അമേരിക്കയുടെ ആഗോളയുദ്ധങ്ങളിൽ സഹായം നൽകണമെന്നു വാദിക്കുന്ന ലോബി യുഎസ് ഭരണകൂടത്തിൽ ശക്തമാണ്. വൻ സൈനികശക്തികളായ റഷ്യയും ചൈനയും യുഎസിന്റെ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് അവർക്കറിയാം. പക്ഷേ, മുന്തിയ സാങ്കേതികവിദ്യയും പുതിയ ആയുധങ്ങളും യുഎസിൽനിന്നു വേണമെങ്കിൽ ഇന്ത്യ പങ്കാളിയാകണമെന്ന് അവർ ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് ബുഷും ബറാക് ഒബാമയും വാജ്‌പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരെ പാട്ടിലാക്കാൻ നോക്കിയത്. കഴിഞ്ഞമാസം അവസാന വാരത്തിൽ, ഇന്ത്യ മുഖ്യ സൈനിക പങ്കാളിയാണെന്ന പ്രഖ്യാപനം യുഎസ് ആവർത്തിക്കുകയും ചെയ്തു.
യുഎൻ സമാധാനസേനയിൽ ഏറ്റവുമധികം സൈനികരെ സംഭാവന ചെയ്യുന്ന ഇന്ത്യക്ക് ഇനിയും സൈനികരെ അനുവദിക്കാനുള്ള ശേഷിയുണ്ടെന്നാണ് യുഎസ് വിദഗ്ധരുടെ നിലപാട്. പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തുന്നതിൽ വൈദഗ്ധ്യം പ്രകടിപ്പിച്ച ഇന്ത്യൻ സൈനികരെ അഫ്ഗാൻ – പാക്ക് അതിർത്തിയിലെ താലിബാൻ, ഹഖാനി നെറ്റ്‌വർക് ഭീകരത്താവളങ്ങളെ ആക്രമിക്കാൻ നിയോഗിക്കാമെന്നാണ് ട്രംപിനു ലഭിച്ച ഉപദേശം.
പക്ഷേ, യുഎൻ അനുമതിയില്ലാതെ ഇന്ത്യ സൈനികരെ വിന്യസിച്ചാൽ അത് പാക്കിസ്ഥാനുമായുള്ള സംഘർഷം ആളിക്കത്താനേ ഉപകരിക്കൂ. അഫ്ഗാനിൽ റോഡുകൾ, പാലങ്ങൾ, വൈദ്യുതിനിലയങ്ങൾ, വീടുകൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ ഒരുക്കുന്നതിനെയും പാക്ക് ജനറൽമാർ എതിർക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ പട്ടാളത്തിന്റെ സൗകര്യത്തിനു വേണ്ടിയാണ് ഈ നിർമാണങ്ങളെന്നാണ് പാക്ക് സൈനികമേധാവികളുടെ കണ്ടെത്തൽ. മറുവശത്ത്, അഫ്‌ഗാനിസ്ഥാൻ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തിയാണു വെല്ലുവിളികൾ നേരിടേണ്ടത് എന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്.
പാക്ക് സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാൻ, ട്രംപുമായി പുതിയ ബന്ധമുണ്ടാക്കുന്നതിൽ വിജയിക്കുമോയെന്നതാണു മോദിസർക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ അത് ഇസ്‌ലാമാബാദിനുള്ള യുഎസ് സൈനികസഹായങ്ങളുടെ പുനഃസ്ഥാപനത്തിനു വഴിതെളിക്കും. പാക്കിസ്ഥാനെതിരെ തന്ത്രപരമായ വിജയം നേടിയെന്ന് അവകാശപ്പെടാനാണു ട്രംപ് അവർക്കെതിരെ കടുത്തഭാഷ പ്രയോഗിച്ചിരുന്നത്. പാക്കിസ്ഥാനെ സഹായിക്കാൻ സൗദി അറേബ്യയും യുഎഇയും വൻവായ്പകൾ നൽകുന്നതിനെ യുഎസ് എതിർത്തിട്ടുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി സമീപത്തെത്തിയ സാഹചര്യത്തിൽ ട്രംപിന്റെ പ്രകോപനങ്ങളെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്നതു കരുതലോടെയാകും.