കടൽ കടന്ന ചരിത്രവിജയം

SHARE

ഉപഭൂഖണ്ഡത്തിനു പുറത്ത്, കടൽ കടന്നുള്ള വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് എന്നും വലിയ ആഘോഷങ്ങളാണ് – ഒപ്പം, അപൂർവതയും. ലോക ക്രിക്കറ്റിലെ പ്രതാപശാലികളായ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിലാകുമ്പോൾ വിജയത്തിനു തിളക്കം കൂടും. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ നേടിയ ടെസ്റ്റ് പരമ്പര ജയത്തോടെ ആധുനിക ക്രിക്കറ്റിലെ മേൽക്കോയ്മ ടീം ഇന്ത്യ ഉറപ്പിച്ചിരിക്കുന്നു. 

ഏഴു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യൻ ടീം ഓസ്ട്രേലിയൻ മണ്ണിൽ പരമ്പര വിജയം നേടുന്നത്. 1947–48 സീസണിൽ ലാല അമർനാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഡോൺ ബ്രാഡ്മാന്റെ ഓസീസ് ടീമിനെതിരെ കളിക്കാൻ ചെന്നതു മുതൽ തുടങ്ങിയ കാത്തിരിപ്പിന് ഇതോടെ സുന്ദര വിരാമചിഹ്നം വീഴുന്നു. 

മെൽബണിലെ മൂന്നാം ടെസ്റ്റ് ജയിച്ചതോടെതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരയിലെ വിജയികൾക്കു നൽകുന്ന ബോർഡർ – ഗാവസ്കർ ട്രോഫി ഇന്ത്യ നിലനിർത്തിയിരുന്നു. സിഡ്നിയിലെ അവസാന ടെസ്റ്റിൽ ഫോളോഓൺ വഴങ്ങേണ്ടിവന്ന ഓസ്ട്രേലിയയെ അവരുടെ കളിക്കാരല്ല, മഴയാണു രക്ഷിച്ചത്. പെർത്തിലെ രണ്ടാം ടെസ്റ്റിലൊഴികെ മറ്റു മൂന്നു ടെസ്റ്റുകളിലും ഓസ്ട്രേലിയയെ സമസ്തമേഖലകളിലും പിന്നിലാക്കിയ പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതും. 

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ പന്തുചുരണ്ടൽ വിവാദത്തെത്തുടർന്നു വിലക്കിലായ പ്രധാനതാരങ്ങൾ, സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലാത്ത ഓസീസ് ടീമിനെതിരെയാണ് ഇന്ത്യയുടെ വിജയം എന്നത് ഈ ചരിത്രനേട്ടത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല. ടീം ഇന്ത്യയുടെ മികവും ആസൂത്രണവും വിജയതൃഷ്ണയും എതിരാളികളെക്കാൾ എത്രയോ മുകളിലായിരുന്നു എന്നത് ഓസ്ട്രേലിയയുടെ മുൻ താരങ്ങൾവരെ സമ്മതിച്ച കാര്യം. 

എം.എസ്. ധോണി ടെസ്റ്റിൽനിന്നു വിരമിച്ചശേഷം വിരാട് കോഹ്‌ലി എന്ന നായകനു കീഴിൽ ടീം ഇന്ത്യയുടെ പൂർണമായ പാകപ്പെടൽകൂടിയായി ഈ വിജയം. കോഹ്‌ലി എന്ന പോരാട്ടവീര്യമുള്ള ക്യാപ്റ്റനു കീഴിൽ അതിശാന്തനായി റൺസടിച്ചു കൂട്ടിയ ചേതശ്വർ പൂജാരയായിരുന്നു പരമ്പരയിലുടനീളം ഇന്ത്യയുടെ ആണിക്കല്ല്. നാലു ടെസ്റ്റുകളിൽ നിന്ന്, മൂന്നു സെഞ്ചുറികൾ സഹിതം 521 റൺസ് നേടിയ പൂജാര, അർഹിച്ച ‘മാൻ ഓഫ് ദ് സീരീസ്’ പുരസ്കാരവും സ്വന്തമാക്കി. ഓസ്ട്രേലിയൻ നിരയിൽ ഒരാൾപോലും സെഞ്ചുറി നേടിയില്ല എന്നതും ഇതിനോടു ചേർത്തുവയ്ക്കാം.

ബാറ്റിങ്ങിൽ പൂജാര മുന്നേ നടന്നപ്പോൾ ബോളിങ്ങിൽ എല്ലാവരും ഒന്നിച്ചാണു നടന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ത്രയം എന്നു പേരെടുത്താണ് ജസ്പ്രീത് ബുമ്ര – മുഹമ്മദ് ഷമി – ഇഷാന്ത് ശർമ കൂട്ടുകെട്ട് ഓസ്ട്രേലിയയിൽനിന്നു മടങ്ങുന്നത്. 48 വിക്കറ്റുകളാണ് ഇവരൊന്നിച്ചു നേടിയത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും തങ്ങളുടെ റോൾ ഭംഗിയാക്കി. വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാൻ സ്ഥാനത്തേക്ക് ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടാൻ ഉചിതനാണു താനെന്ന് ഋഷഭ് പന്ത് ഈ പരമ്പരയോടെ തെളിയിക്കുകയും ചെയ്തു.

ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നെ ഇരുത്തിക്കളഞ്ഞ പന്തിന്റെ വാക്‌മികവ് പലപ്പോഴും ഇന്ത്യക്കു മാനസികാധിപത്യം നൽകി. മാന്യതയുടെ അതിർവരമ്പുകൾ കടക്കാതെ തന്റെ വാക്കുകളെ കാക്കാനും പന്തിനു കഴിഞ്ഞു. രണ്ട് അർധസെഞ്ചുറികളോടെ മായങ്ക് അഗർവാളും അപ്രതീക്ഷിതമായി കിട്ടിയ അവസരം മുതലാക്കിയിട്ടുണ്ട്.

ചരിത്രനേട്ടത്തോടെ പുതുവർഷം തുടങ്ങിയ ഇന്ത്യയെ ഈ വർഷം ഇനി കാത്തിരിക്കുന്നത് മറ്റൊരു അവസരമാണ് – മേയ് അവസാനം ഇംഗ്ലണ്ടിൽ തുടങ്ങുന്ന ഏകദിന ലോകകപ്പ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോഴുള്ള ഈ ആധിപത്യം ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്കും പകർത്തുക എന്നതാകും ലോകകപ്പിനു മുൻപ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്ന മുന്നൊരുക്കം. അങ്ങനെയായാൽ, ഓസ്ട്രേലിയയിലെ ഈ ചരിത്രവിജയം ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് വിജയമായി ആവർത്തിക്കപ്പെടുമെന്ന് ആത്മവിശ്വാസത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും സ്വപ്നം കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA