ഓസ്ട്രേലിയൻ മണ്ണിലെ ഈ വിജയം വഴിത്തിരിവ്; ശശി തരൂർ എഴുതുന്നു

Virat-Kohli-with-Tim-Paine
SHARE

അസാധ്യമായ ടീം പ്രകടനം: ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ ഇന്ത്യ ആദ്യമായി നേടിയ ടെസ്റ്റ് പരമ്പര വിജയത്തെ അങ്ങനെ വിശേഷിപ്പിക്കാം. വിരാട് കോഹ്‌ലിയെന്ന നായകന്റെ മാത്രം വിജയമല്ലിത്. മൂന്നു സെഞ്ചുറികൾ പിറന്ന പൂജാരയുടെ മനോഹരമായ ബാറ്റിങ്, ബുമ്രയുടെ ഉജ്വലമായ ബോളിങ്, ഋഷഭ് പന്തിന്റെ മികവ്. ഇതെല്ലാം ചരിത്രനേട്ടത്തിൽ നിർണായകമായി. ടീം എന്ന നിലയിൽ എടുത്തുകാട്ടാൻ മികവിന്റെ ഘടങ്ങൾ വേറെയുമുണ്ട്. അവസാന ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത കുൽദീപ് യാദവിന്റെ സ്പിൻ മികവ്, പേസർ മുഹമ്മദ് ഷമിയുടെ സ്ഥിരതയാർന്ന പ്രകടനം, അരങ്ങേറ്റ പരമ്പരയിൽ രണ്ടുതവണ 70 റൺസിനു മുകളിൽ സ്കോർ ചെയ്ത മായങ്ക് അഗർവാളിന്റെ ബാറ്റിങ്, പിന്നെ, പൊതുവെ മികച്ച നിലവാരം പുലർത്തിയ ഫീൽഡിങ് എന്നിവയെല്ലാം ഇന്ത്യക്കു കരുത്തായി. 

ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിനൊരു വഴിത്തിരിവാണ്. ഒപ്പം, അതു ടീമിലുള്ള പ്രതീക്ഷകളും വർധിപ്പിക്കുന്നു. ഓരോ തവണയും ഇന്ത്യയുടെ വിജയമാണ് ആരാധകരുടെ പ്രതീക്ഷ. ഇനി ടെസ്റ്റ് ക്രിക്കറ്റ് ഒഴിഞ്ഞ മാസങ്ങളാണ്. അപ്പോഴും ഈ വിജയത്തുടർച്ച നഷ്ടപ്പെടാതിരിക്കുക എന്നതാണു നിർണായകം. പ്രത്യേകിച്ച് ടെസ്റ്റിൽനിന്ന് ഏകദിനത്തിലേക്കു വഴിമാറി, ലോകകപ്പ് ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്ന സാഹചര്യത്തിൽ. രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ഇംഗ്ലണ്ടിലെ ലോകകപ്പ് വേദികളിലും ഈ മികവു നമ്മൾ കാത്തുസൂക്ഷിക്കണം. 

മികവുറ്റ താരങ്ങൾ ടീമിലുണ്ട് എന്നതുപോലെ, ടീമിലെത്താൻ അവസരം കാത്തിരിക്കുന്നവരുടെ നിരയും ശക്തമാണെന്നത് ആശാവഹമാണ്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി അടിച്ച മലയാളി താരം കരുൺ നായർക്കു പോലും പിന്നീട് ടീമിൽ ഇടം നേടാനായിട്ടില്ല. ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, അഭിമന്യു ഈശ്വരൻ, സഞ്ജു സാംസൺ തുടങ്ങിയ മിടുക്കൻമാരും അവസരം കാത്തിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്നതാണിത്. 

കൂടുതൽ പണവും കാണികളുടെ പിന്തുണയും ടിവി കവറേജുമെല്ലാം ഇന്ത്യൻ കായികരംഗത്താകെ നവോത്ഥാനം സൃഷ്ടിച്ചിരിക്കുന്നു. ആ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ തെളിവാണ് ഏഷ്യൻ കപ്പ് ഫുട്ബോളിൽ കഴിഞ്ഞദിവസം തായ്‌ലൻഡിനെതിരെ ഇന്ത്യയുടെ ഉജ്വലവിജയം. അതിനു പിന്നാലെയാണ് ക്രിക്കറ്റിലെ ഈ ചരിത്രനേട്ടവും. നിലവിൽ ക്രിക്കറ്റിനു മാത്രം ലഭിക്കുന്ന പോലുള്ള മികച്ച അടിസ്ഥാനസൗകര്യവും പിന്തുണയും നൽകിയാൽ എല്ലാ കായിക ഇനങ്ങളിലും ഇന്ത്യക്ക് ഉന്നതനിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാനാവും; അവരിലൂടെ  മുന്നേറാനും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA