വനിതാമതിലും അതിനാധാരമായ സ്ത്രീസമത്വ മുദ്രാവാക്യവും രാഷ്ട്രീയ കേന്ദ്രങ്ങളോട്, പ്രത്യേകിച്ചും അതിന്റെ സംഘാടകരായ ഇടതുമുന്നണിയോട് ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. തിരഞ്ഞെടുപ്പുകളിലും പാർട്ടി കമ്മിറ്റികളിലും സ്ത്രീകൾക്കു തുല്യത ഉറപ്പുവരുത്താൻ കൂടി ഇതു പ്രേരകമാകുമോ?
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സ്ത്രീശാക്തീകരണ മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം മറ്റൊന്നല്ല. 55 ലക്ഷം പേരെ മതിലിൽ അണിനിരത്തിയെന്നാണ് അവകാശമെങ്കിൽ, കേരളത്തിലെ വോട്ടുചെയ്യുന്ന സ്ത്രീകളിൽ ഒരു വലിയപങ്ക് തങ്ങളോടൊപ്പമാണെന്ന് ഇടതുമുന്നണിക്കു വിചാരിക്കാം. അതിന്റെ പ്രതിഫലനം സ്ഥാനാർഥിപ്പട്ടികയിലുമുണ്ടാകണ്ടേ? ഈ സ്ത്രീപക്ഷവികാരത്തിലേക്കു മൂന്നു മുന്നണികളും വന്നാൽ, ഒരിക്കലുമില്ലാത്ത വിധം പട്ടികയിൽ സ്ത്രീകൾ ഇടംപിടിക്കും. ഒരു വനിതാ ലോക്സഭാംഗം മാത്രമുള്ള കേരളം, 2019ൽ പുതിയ സ്ത്രീപക്ഷചരിത്രം കുറിക്കുമോ?
കണക്കിലെ വൈരുധ്യം
ലോകബാങ്കിന്റെ സാമൂഹികസൂചികാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു: ‘സ്ത്രീയുടെ പദവി, തുല്യത എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും മുന്നിലാണു കേരളം. വിദ്യാഭ്യാസ–സാമൂഹിക രംഗങ്ങളിൽ അവരുടെ മുന്നേറ്റം സവിശേഷമാണ്’. ഇത്തവണ എൽഡിഎഫിനെ അധികാരത്തിലെത്തിച്ചതിലും സ്ത്രീകൾക്കു കാര്യമായ പങ്കുണ്ട്. ആകെ വോട്ടർമാരിൽ 51.92% വനിതകളായിരുന്നു.
പക്ഷേ, നാണം കെടുത്തുന്ന മറ്റൊരു കണക്കാണു ശ്രദ്ധിക്കേണ്ടത്. നിയമസഭകളിലെ വനിതാപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 22–ാം സ്ഥാനത്താണു കേരളം. 140ൽ ആകെ എട്ടുപേർ മാത്രം (5.71%). കഴിഞ്ഞ അഞ്ചു നിയമസഭകളെടുത്താൽ ഒരിക്കൽപോലും അതു 10% കടന്നിട്ടില്ല. മൂന്നു മുന്നണികളും 2016ൽ മത്സരത്തിനിറക്കിയ 360പേരിൽ, സ്ത്രീകൾ വെറും 38. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ, മുന്നണികളിറക്കിയത് അഞ്ചുപേരെ!
ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ സ്ഥിതി പരിശോധിക്കാം. സിപിഎമ്മിന്റെ 87 അംഗ സംസ്ഥാന കമ്മിറ്റിയിലുള്ളത് 11 വനിതകൾ. 15 അംഗ സെക്രട്ടേറിയറ്റിൽ പി.കെ.ശ്രീമതി മാത്രം. സിപിഐയുടെ 97 അംഗ സംസ്ഥാന കൗൺസിലിലുള്ളത് 9 വനിതകൾ. സംസ്ഥാന നിർവാഹകസമിതിയിൽ ആകെ രണ്ട്. ജനതാദളിന്റെ (എസ്) സംസ്ഥാന ഭാരവാഹികളിൽ ഒറ്റ സ്ത്രീയില്ല. നിർവാഹകസമിതി – മൂന്ന് (ആകെ 65), സംസ്ഥാന കൗൺസിൽ – 18 (160). എൻസിപിക്കുള്ളത് ഒരേയൊരു സംസ്ഥാന ഭാരവാഹി. കോൺഗ്രസ് – എസിന് അതുമില്ല. പുതുതായി മുന്നണിയിൽ ഉൾപ്പെടുത്തിയ നാലു കക്ഷികളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല.
ഇടതുപക്ഷത്തിന്റെ സ്ഥിതി ഇതാണെങ്കിൽ, യുഡിഎഫിന്റെ കാര്യം പറയാനില്ല. നിയമസഭയിൽ അവർക്ക് ഒറ്റ വനിതാ അംഗം പോലുമില്ല. കോൺഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടികയാണ് ഇപ്പോൾ ചർച്ചയെങ്കിൽ, കരട് പട്ടികയിലെ സ്ത്രീപ്രാതിനിധ്യവും തഥൈവ.
വരുമോ സമത്വം?
‘കേരളമാകെ ഉയരുന്ന സ്ത്രീതുല്യതാവാദത്തിന്റെ പ്രതിഫലനം ഇനി ഇടതുമുന്നണിയിലെ ഓരോ കക്ഷിയുടെയും മുന്നോട്ടുള്ള തീരുമാനങ്ങളിൽ പ്രതിഫലിക്കും’– സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അംഗസംഖ്യയുടെ 25% സ്ത്രീകളാകണമെന്ന ലക്ഷ്യം വച്ചിരിക്കുന്നു പാർട്ടി. നിലവിൽ അത് 20%. പാർട്ടി കമ്മിറ്റികളിൽ 20% സംവരണത്തിനുള്ള ആഹ്വാനമുണ്ടെങ്കിലും പൂർണമായി നടപ്പായിട്ടില്ല. അംഗസംഖ്യയിൽ 20% എന്ന വ്യവസ്ഥ സിപിഐക്കുമുണ്ടെങ്കിലും കമ്മിറ്റികളിൽ സ്ത്രീകളുടെ എണ്ണമൊന്നും അവർ നിർദേശിച്ചിട്ടില്ല.
സ്ഥാനാർഥിത്വം, പാർട്ടിപദവി എന്നിവ തീരുമാനിക്കുമ്പോൾ സ്വാഭാവിക പരിഗണന പുരുഷന്മാർക്ക്, ശേഷം സംവരണം നിശ്ചയിക്കുന്നവർക്കൊപ്പം സ്ത്രീകളെ കൂട്ടി അവർക്കൊരു പരിഗണന എന്ന രീതിക്കാണു മാറ്റം വരേണ്ടതെന്നു കരുതുന്നവരുണ്ട്. സ്ത്രീ പ്രാതിനിധ്യം എന്നതിനപ്പുറം സ്ത്രീപക്ഷരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടതെന്നു വാദിക്കുന്നവരുമുണ്ട്.
അതെന്തായാലും, കേരളത്തിലെ പുതിയ അന്തരീക്ഷം അവരുടെ രാഷ്ട്രീയമുന്നേറ്റത്തിനു സഹായകരമാണ്. എസ്എഫ്ഐയുടെ ആകെ അംഗസംഖ്യയായ 14 ലക്ഷത്തിൽ 9 ലക്ഷവും പെൺകുട്ടികളാണെന്ന പുതിയ കണക്ക് സിപിഎം നേതൃത്വത്തെത്തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇതു മുകളിലേക്കും പടരുകയും മിടുക്കരായ പെൺകുട്ടികൾ രാഷ്ട്രീയത്തിലേക്കിറങ്ങുകകൂടി ചെയ്താൽ മതിൽ യഥാർഥ സ്ത്രീമുന്നേറ്റത്തിന്റെ അടിത്തറ കൂടിയാകും. ആദ്യ കാത്തിരിപ്പ് പൊതുതിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിലേക്കാണ്!