ഇനിയുമെന്തിന് ഈ ചങ്ങല?

tony-thomas-nissan
SHARE

തിരുവനന്തപുരം ടെക്നോപാർക്കിൽ നിസാൻ ഡിജിറ്റൽ ഹബ് തുടങ്ങിയതിൽപിന്നെ, ഒരു ശീലം കൂടി തുടങ്ങിയിട്ടുണ്ട്. ജപ്പാനിൽ പുലർച്ചെ മൂന്നിന് എഴുന്നേറ്റ് മലയാളം ടിവി ചാനലുകള്‍ ഓൺലൈനായി ഓടിച്ചു കാണും. (നമ്മുടെ നാട്ടിലപ്പോൾ സമയം രാത്രി 11.30 കഴിഞ്ഞിട്ടുണ്ടാകും) നാട്ടിൽ ഹർത്താൽ പ്രഖ്യാപനമോ അക്രമങ്ങളോ ഉണ്ടോയെന്ന് ശ്രദ്ധിക്കും. ഉണ്ടെങ്കിൽ, ആദ്യത്തെ പണി, ജപ്പാനിൽനിന്നു കേരളത്തിലേക്കു പറക്കാനൊരുങ്ങുന്നവരെ തടയലാണ്. രണ്ടാമത്, നാട്ടിൽ എന്നെ വിശ്വസിച്ച് പല നാടുകളിൽ നിന്നെത്തി തിരുവനന്തപുരത്തു ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം. 

ടെക്നോപാർ‌ക്ക് പോലുള്ള സ്ഥലങ്ങളിൽ ഹർത്താലുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായില്ലെങ്കിലും, അവിടേക്ക് എത്തുന്ന ജീവനക്കാരുടെ സുരക്ഷ എല്ലാ സംരംഭകരുടെയും ആവലാതിയാണ്. ടെക്നോപാർക്ക് ജീവനക്കാർക്ക് പൊലീസ് സുരക്ഷയിൽ വാഹനസൗകര്യം ഉണ്ടാകാം; പക്ഷേ, അവരുടെ ജീവിതപങ്കാളിക്കോ കുട്ടികൾക്കോ സുരക്ഷയില്ലെന്ന കാര്യം നാം ചിന്തിച്ചിട്ടുണ്ടോ? നമുക്കിതൊന്നും വലിയ പ്രശ്നമായിരിക്കില്ല. പക്ഷേ, പുറത്തുനിന്നെത്തുന്നവർക്ക് അങ്ങനെയാണോ? ഹർത്താൽദിനത്തിൽ നഗരത്തിലെത്തിയ വിദേശ ഇടപാടുകാരോട് ഹർത്താലിന്റെ കാര്യം മറച്ചുവച്ച്, നിരത്തുകളിൽ ഗതാഗതക്കുരുക്കില്ലെന്നു പറയേണ്ട ഗതികേടുണ്ടായ സംരംഭകരും നമ്മുടെ നാട്ടിലുണ്ടെന്നോർക്കണം. ഒരുവശത്ത് നാം നിക്ഷേപ സൗഹൃദമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നുമൊക്കെ പറയുമ്പോൾ മറുവശത്ത് റോഡിൽ വടിയുമായി നിൽക്കുന്ന അരാജകത്വമല്ലേ കാണുന്നത്?

ഒരു നാടിന് ലോകരാജ്യങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കിയെടുക്കുക പ്രയാസകരമാണ്; അതില്ലാതാക്കാൻ വളരെ എളുപ്പവും. നിർഭാഗ്യവശാൽ, കേരളം ഇതിൽ എളുപ്പമാർഗമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ഹർത്താലുകൾ വിജയിക്കുന്നത് അതുണ്ടാക്കുന്ന അകാരണമായ ഭയത്തിലൂടെയാണ്. ആ ഭയം ഇല്ലാതാക്കിയാൽ ഹർത്താലിനും അന്ത്യമാകും. കഴിഞ്ഞവർഷം നടന്ന 97 ഹർത്താലുകൾ‌ കൊണ്ട് ഒരാവശ്യമെങ്കിലും സാധിച്ചിട്ടുണ്ടോ? 

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. പക്ഷേ, അത് മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതല്ല. നിങ്ങൾ രണ്ടു കക്ഷികൾ‌ തമ്മിലുള്ള പ്രശ്നത്തിലേക്ക് എന്നെ എന്തിനു വലിച്ചിഴയ്ക്കുന്നു എന്ന ചോദ്യം ന്യായമല്ലേ?കുട്ടിക്കു സ്വന്തം വീട്ടിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരുന്നു പ്രതിഷേധിക്കാം; പക്ഷേ, ഞാൻ കഴിക്കില്ല, നിങ്ങളെ കഴിപ്പിക്കുകയുമില്ല എന്ന മട്ടിൽ മറ്റുള്ളവരുടെ പ്ലേറ്റ് അടിച്ചുപൊട്ടിച്ചാൽ എന്തു ചെയ്യും! 

ഹർത്താൽദിവസം കള്ളും കോഴിയും വാങ്ങി ആഘോഷമാക്കി മാറ്റുന്ന ‘പെയ്ഡ് ഹോളിഡേ’ രീതി മാറണം. അതിന് ഹർത്താൽ ദിവസം ശമ്പളം നഷ്ടപ്പെടുന്ന അവസ്ഥ നിയമംമൂലം ഉറപ്പാക്കണം. ആഘോഷിക്കുന്നവരാരെങ്കിലും, ഒരു ദിവസത്തെ അന്നം മുടങ്ങിയ ദിവസവേതനക്കാരുടെയും അസംഘടിത മേഖലയിലെ ജീവനക്കാരുടെയും വേദന കാണാറുണ്ടോ? 

ഹർത്താലിന്റെ മറവിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് കാര്യക്ഷമമായി നടപ്പാക്കിയാൽ, ഹർത്താലിന്റെ പല്ലു കൊഴിയുമെന്നുറപ്പ്. സമരക്കാർക്ക് ബാക്കിയുള്ളവരെ തൊടാൻ കഴിയില്ലെന്നു വന്നാൽ ജനത്തിന്റെ ഭയം മാറും. ഹൈക്കോടതിയുടെ പുതിയ നിർദേശം വലിയ പ്രതീക്ഷയാണു നൽകുന്നത്.

ഹർത്താലുകൾക്കു പകരം സർഗാത്മകമായ സമരമാർഗങ്ങൾ ഉണ്ടാകട്ടെ. ഇന്ധന വിലവർധനയ്ക്കെതിരെ നാളെ എല്ലാവരും കറുത്ത ബാഡ്ജ് ധരിക്കണമെന്നു പറഞ്ഞാൽ, ഹർത്താലിനോട് എതിർപ്പുള്ള വലിയൊരു ശതമാനവും അതിന്റെ ഭാഗമായേക്കും. കാരണം നിസ്സാരം; ഹർത്താൽ നിങ്ങൾക്കുമേൽ അടിച്ചേൽപിക്കുന്നതാണ്, മറ്റേതാകട്ടെ നിങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതും. 

നിങ്ങൾ ആർക്കെതിരെ പ്രതിഷേധിക്കുന്നുവോ, അവരെല്ലാം പൊലീസ് അകമ്പടിയിൽ കാറിൽ കുതിച്ചുപായുന്നു. നിങ്ങളാകട്ടെ, സ്വന്തം കാലിൽ ചങ്ങലകെട്ടി വീടിനുള്ളിലിരുന്നു വിഷമിക്കുന്നു. ഹർത്താലുകളുടെ ഏറ്റവും വലിയ വിജയമായി പലരും ചൂണ്ടിക്കാട്ടുന്നത് അവരെ ചർച്ചയ്ക്കു വിളിച്ചുവെന്നതാണ്! ഹർത്താൽ നടത്താതെയും ഈ ചർച്ച ആകാമല്ലോ.

അറബ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണനയം മുറുകുമ്പോൾ, കേരളത്തിന്റെ ആകെയുള്ള അത്താണി ടൂറിസവും ഐടിയുമാണെന്ന് ഓർക്കണം. കേരളത്തിലെ ഐടി ഇപ്പോഴും കടലിലെ ഒരു ചെറുതുള്ളി മാത്രമാണ്. സിറിയയിൽ ആരെങ്കിലും നിക്ഷേപം നടത്തുമോ എന്നു ചോദിക്കുന്ന അവസ്ഥ നാളെ കേരളത്തിനുണ്ടാകരുത്. ഇന്ത്യയിൽ നിക്ഷേപങ്ങൾ വരുമെന്ന കാര്യത്തിൽ സംശയമില്ല; പക്ഷേ, കേരളം ആ ജൈത്രയാത്രയുടെ ഭാഗമാകുമോ എന്നതാണു ചോദ്യം. മറുനാട്ടിലിരുന്ന് ഗൂഗിളിൽ കേരളത്തെക്കുറിച്ചു തിരയുമ്പോൾ, അക്രമങ്ങളുടെ വാർത്തകൾക്കു പകരം നല്ല വാർത്തകൾ വന്നു നിറയട്ടെ.

(നിസാൻ മോട്ടോർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫിസറാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA